Wednesday, February 13, 2008

കന്യകാമറിയത്തില്‍ നിന്നും കാളിയിലേയ്ക്കുള്ള ഹരിനാരായണന്മാരുടെ യാത്ര

ഗുപ്തന്‍ എല്യാസ് മനുവിന്റെ കഥ ഇതിന് മുന്‍‌പ് ഈ പംക്തിയില്‍ പരാമര്‍ശിച്ചിരുന്നത് ആണെഴുത്തിന്റെ സുന്ദരന്‍ ഉദാഹരണമായാണ്. ആണ്‍മനസ്സിന്റെ ആ ഒരു ഏറില്‍ നിന്നും തിരുസ്വരൂപങ്ങളിലെത്തുമ്പോള്‍ മനുവിന്റെ വീക്ഷണത്തിലെ മാറ്റം ഏറെ ശ്രദ്ധേയമാണു. സാക്ഷി എന്നകഥയിലെ പ്രധാന കഥാപാത്രത്തിനു ഒറ്റജാലകത്തിലൂടെയുള്ള ഒരു കാഴ്ച മാത്രമായിരുന്നു സ്ത്രീയെങ്കില്‍, നിഴലുകളില്‍ അവള്‍ നിഴലുകള്‍ മാത്രമായൊതുങ്ങി. ‘ഏറു‘കളിലെ ഉണ്ണിയുടെ മനസ്സില്‍ ഷിബുവിന്റെ ‘ഏറു‘ വരച്ചിടുന്ന വികലമായ പെണ്‍ചിത്രം ഉന്നം പിഴക്കാത്ത ഏറുകളില്‍ വീഴുന്ന, കാക്കചിരികളാല്‍ അവതരിപ്പിക്കപ്പെടുന്ന വിശ്വസിക്കാന്‍ കൊള്ളാത്ത സ്തീകളാണു. അപവാദം സ്വന്തം അമ്മയെ തൊടുമ്പോള്‍ മാത്രം അപവര്‍ത്തനം തിരിച്ചറിയപ്പെടുന്ന ഉണ്ണിയെന്ന മുഖ്യകഥാപാത്രത്തില്‍ നിന്നും അന്യയും വേശ്യയും ആയിരുന്നൊരു സ്ത്രീയെ, സ്ത്രീയായി തന്നെ കാണാന്‍ ശ്രമിക്കുന്ന ഹരിനാരായണനിലേക്കെത്തുമ്പോള്‍ എഴുത്തുകാരന്റെ എഴുതുന്നതിനെ കുറിച്ചുള്ള ചിന്തയിലും തിരഞ്ഞെടുക്കേണ്ട വിഷയങ്ങള്‍ക്കുള്ള മുന്‍‌ഗണനയിലും വന്ന മാറ്റങ്ങള്‍ തിരിച്ചറിയാതിരുന്നു കൂ‍ടാ.

ജീവിക്കുന്നുണ്ടോ എന്നറിയാനായി ഹൃദയം തൊട്ടുനോക്കുന്ന, ഹൃദയം കളഞ്ഞ് പോയി എന്ന് വിശ്വസിക്കുന്ന അനിത. മുന്‍ലൈഗീക തൊഴിലാളിയും ഇപ്പോള്‍ എച് ഐ വി ബാധിതയുമായ അവളെ,അവളായി തന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഹരിനാ‍രയണന്‍. അയാള്‍ ഓര്‍ത്തെടുക്കുന്ന കഥ പ്രതിരോധങ്ങള്‍ നഷ്ടപ്പെട്ട, മൌനിയായ,സാരിത്തലപ്പുകൊണ്ട് ശിരസ്സുമൂടിയ വിശുദ്ധകന്യകയുടെ മുഖമുള്ള ഒരുവളില്‍ നിന്നും കിലുകിലാരവത്തോടെ ആര്‍പ്പോടും ഘോഷത്തോടും കൂടെ ഉലയുന്നമാറില്‍ രക്തശോഭയണിഞ്ഞ് മൌനത്തിന്റെ കുടമുടച്ച് ഇരുളിന്റെ കടയറുത്ത് ഒരുവളിലേയ്ക്കുള്ള പുരുഷവീഷണമാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയ കാര്യം അപ്പന്റെ വൃത്തിക്കേടുകള്‍ക്കെതിരെ പ്രതികരിക്കാതെ മൌനിയായിരുന്നു വിതുമ്പിയ അമ്മയ്ക്ക് അനിത മാപ്പ് കൊടുക്കുമ്പോള്‍ തന്റെ ജീവിതാവസ്ഥയ്ക്ക് കാരണക്കാരനായ അപ്പനു മാപ്പ് കൊടുക്കുന്നില്ലെന്നതാണ്.

“ക്ഷമിക്കാനാവുമോ അനിതയ്ക്ക് അപ്പനോട്?'
പിന്‍‌കൈകൊണ്ട് കവിള്‍ത്തടം അമര്‍ത്തിത്തുടച്ച് അനിത ചീറി. ‘അപ്പനോടോ? ആ മനുഷ്യനെക്കുറിച്ച് എന്നെ ഇപ്പോള്‍ ഓര്‍മിപ്പിക്കരുത്..’“


“നിന്റെ ജീവിതത്തിനുമീതേ തൂവിപ്പോയ മൌനത്തിന്റെ കറയ്ക്ക് നീ അവര്‍ക്ക് മാപ്പുകൊടുത്തുവോ? ഹരി ഉള്ളില്‍ കരഞ്ഞു. നിന്റെ, നിന്റെ മാത്രമെങ്കിലും ദയവ് അവര്‍ക്ക് ശാന്തിയാവട്ടെ.“

സ്ത്രീപക്ഷ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ക്രൂരമായൊരു വാദമാണ് സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ എന്നത്. പലപ്പോഴും ഈ ചതികുഴിയില്‍ സ്ത്രീവാദികള്‍ അടക്കം വീണുപോകുന്നത് കാണാറുണ്ട്. എന്തുകൊണ്ട് അനിതയെ അമ്മ രക്ഷപ്പെടുത്തിയില്ല, അമ്മയുടെ മൌനം സമ്മതമായിരുന്നു എന്ന് തുടങ്ങി പെണ്‍‌വാണിഭസംഘങ്ങളില്‍ സ്ത്രീകള്‍ ഉണ്ട് എന്നത് വരെയായി രൂപപ്പെടുന്ന ഇത്തരം വാദങ്ങളില്‍ നിന്നും മാറ്റമുണ്ടാകുന്നു എന്നത് ഗണനീയമായൊരു കാര്യമാണു.

യേശുവിന്റെ മുഖത്തെ സ്ത്രീഭാവം അനിതയുടെ തെറ്റിദ്ധാരണ മാത്രമായി തിരിച്ചെറിയുന്ന ഹരി വിശുദ്ധകന്യകയില്‍ ഒരാണ് കൊത്തിവച്ച അവന്റെ സ്ത്രീരൂപം മാത്രമാണുള്ളതെന്ന് മനസ്സിലാക്കുന്നതില്‍ പുരുഷവീക്ഷണത്തിനു വരുന്ന മാറ്റം ശുഭപ്രതീക്ഷയാണു തരുന്നത്.

“യേശുരൂപങ്ങളില്‍ എവിടെയും ആരും ഒരു പെണ്മുഖം ഒളിച്ചുവച്ചിട്ടില്ല. ഇവിടെ മറിയാമിന്റെ വിളറിയ മുഖത്ത്, കന്യത്വത്തിന്റെ പര്യായമെന്നോണം കൊത്തിയെടുത്ത മെലിഞ്ഞുണങ്ങിയ ഉടലില്‍, ഏതോ പുരുഷന്‍ അവന്റെ ഉള്ളിലെ പെണ്ണിനെ കൊത്തിവച്ചിരിക്കുന്നു.
പ്രതിരോധങ്ങള്‍ നഷ്ടപ്പെട്ട മൌനിയായ പെണ്ണിന്റെ രൂപം.“


എന്നാല്‍ കന്യാകമാറിയത്തിനു പകരം പുരുഷന്‍ തന്നെ മെനഞ്ഞുണ്ടാക്കിയ കാളിയെ പ്രതിഷ്ഠിക്കുന്നിടത്ത് പുരുഷഭാവന ദയനീയമായി പരാജയപ്പെടുന്നു.

പ്രതിരോധങ്ങള്‍ നഷ്ടപ്പെട്ട് തകര്‍ന്നു പോകുന്ന സ്ത്രീ ഒരു തീവ്രവാദിനി ആയേ മതിയാവൂ എന്ന തോന്നലുണ്ടാക്കുന്ന കാളിബിംബപ്രതിഷ്ഠ സ്ത്രീയെകുറിച്ചുള്ള പുരുഷസങ്കല്‍പ്പത്തിന്റെ പരാജയം എന്ന നിലക്കണെങ്കില്‍ അംഗീകരിക്കവുന്നതാണ്. അല്ലാത്തപക്ഷം അതൊരു തെറ്റായ രാഷ്ട്രീയമാവും പ്രചരിപ്പിക്കുക.

പ്രതികരിച്ചുകൂടാത്ത ഒരു സ്ത്രീ സങ്കല്‍പ്പത്തില്‍ നിന്നും പ്രതികരണശേഷിയുള്ള ഒരു സ്ത്രീ സങ്കല്‍പ്പത്തിലേയ്ക്കുള്ള ഹരിനാരയണന്മാരുടെ യാത്ര സന്തോഷം തരുന്നതാണ്. എങ്കിലും സ്ത്രീയുടെ പ്രതിച്ഛായ തീരുമാനിക്കേണ്ടത് അവള്‍ തന്നെയാ‍ണെന്ന ബോധ്യം ബലപ്പെടുത്തുന്നു ഈ കഥ.

യേശുവിലെ ആരോപിക്കപ്പെടുന്ന സ്ത്രീരൂപം ഒരു ക്ലീഷേയാണെങ്കിലും അത് തെറ്റിദ്ധാരണയാണ് എന്നും കന്യാമറിയത്തിന്റെ പ്രതിച്ഛായയിലാണ് കൂടുതല്‍ അപകടമെന്നും തിരിച്ചറിയുന്നിടത്ത് കഥ പ്രസക്തമാകുന്നു.

കുറിപ്പ്:
1. കഥാകാരന്റെ വ്യക്തിത്വത്തിനു് പുറത്തു് എഴുത്തില്‍ എന്തു് എന്നു് മാത്രമെ ഈ പോസ്റ്റില്‍ സൂചിപ്പിക്കുന്നുള്ളൂ. കഥാകാരന്റെ നിലപാടും കഥകളുടെ നിലയും രണ്ടായി കാണേണ്ടതാണു്.
2.ഏകദേശം പത്താളുകളില്‍ നിന്നും ഈ കഥയ്ക്ക് കിട്ടിയ പ്രതികരണം സമ്മിശ്രമായിരുന്നു. ക്രാഫ്റ്റ് നല്ലത് കഥ ക്ലീഷേ, കഥ നല്ലത് ക്രാഫ്റ്റ് പോരാ എന്നിങ്ങനെ. അത്തരം ഒരു കഥയെ കുറിച്ച് ഒരു കുറിപ്പെഴുതുക എന്നത് ഒരു സ്ത്രീപക്ഷരാഷ്ട്രീയമാണ്.

36 comments:

simy nazareth said...

good work!

un said...

ഇതു വായിച്ച ശേഷം ഗുപ്തന്റെ കഥ വീണ്ടും വായിച്ചു. നന്ദി

ഉപാസന || Upasana said...

അവസാനത്തെ അത്താഴം എന്ന ഡാവിഞ്ചിയുടെ പടത്തീലെ ഒരു വ്യക്തി സ്ത്രീയാണെന്ന് എവിടെയോ വായിച്ചതോര്‍മ്മ വന്നു ഇത് വാ‍ായിച്ചപ്പോള്‍

നല്ല പഠനം
:)
ഉപാസന

അപ്പു ആദ്യാക്ഷരി said...

ഡാലിച്ചേച്ചീ...നല്ലൊരു അവലോകനം. ഇതുവായിച്ചിട്ട് മനുവിന്റെ കഥകള്‍ നോക്കിയപ്പോള്‍ കുറേക്കൂടി ഉള്‍ക്കാഴ്ച്ച കിട്ടി.

ഗുപ്തന്‍ said...

“അപവാദം സ്വന്തം അമ്മയെ തൊടുമ്പോള്‍ മാത്രം അപവര്‍ത്തനം തിരിച്ചറിയപ്പെടുന്ന ഉണ്ണിയെന്ന മുഖ്യകഥാപാത്രത്തില്‍ നിന്നും അന്യയും വേശ്യയും ആയിരുന്നൊരു സ്ത്രീയെ, സ്ത്രീയായി തന്നെ കാണാന്‍ ശ്രമിക്കുന്ന ഹരിനാരായണനിലേക്കെത്തുമ്പോള്‍ എഴുത്തുകാരന്റെ ചിന്തയിലും തിരഞ്ഞെടുക്കേണ്ട വിഷയങ്ങള്‍ക്കുള്ള മുന്‍‌ഗണനയിലും വന്ന മാറ്റങ്ങള്‍ ...”

ഹഹഹഹ ഡാലിയേ ചിരിപ്പിച്ചു. കഥകള്‍ തമ്മില്‍ കണക്റ്റ് ചെയതപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇപ്പോഴെങ്കിലും ഏറ് എന്നോടൊപ്പം നിന്ന് വായിച്ചൂന്നാണ്.. തെറ്റി.


രണ്ടിലും ഞാന്‍ ചോദിച്ച ചോദ്യം ഒന്നു തന്നെയാണ്. നമതുവിന്റെ വിലപനച്ചരക്ക് പോസ്റ്റിലെ കമന്റില്‍ ചോദിച്ച ചോദ്യം: സ്ത്രീയുടെ ചരിത്രം ആരുണ്ടാക്കുന്നു..സ്ത്രീയെ ആരുണ്ടാക്കുന്നു എന്ന്.

ഏറിലെ ഉത്തരം ഷോവനിസ്റ്റ് മെയിലിന്റെ വിടുവായത്തരം ആണ് (അതു ന്യൂസ് ആയാലും മള്‍ടിമീഡിയ ആണെങ്കിലും സ്റ്റഡീസ് ആണെങ്കിലും സുവിശേഷം ആണെങ്കിലും) സ്ത്രീയെ ഉണ്ടാക്കുകയും ഉടയ്ക്കുകയും ചെയ്യുന്നത് എന്നതാണ്.

തിരുസ്വരൂപങ്ങളിലെ ഉത്തരം അപ്പന്റെ കൈ തന്നയാണ് കന്യകയെയും വേശ്യയെയും ഉണ്ടാക്കുന്നതെന്നും (ഇത് പറയാന്‍ വേണ്ടിയാണ് ആ ക്ലീഷേക്ക് കഥയില്‍ ഇടം കൊടുത്തത്; അതെന്റെ പരിമിതി) ഇരയാകുന്ന സ്ത്രീയുടെ മൌനം ആ ചരിത്രത്തെ പൊതുദൃഷ്ടിയില്‍ സാധൂകരിക്കുന്നു എന്നും ആണ്.

എന്റെ കാഴ്ചയില്‍ ഇത് രണ്ടും ഒരേ ഉത്തരം തന്നെയാണ്. രണ്ടുവശം. കഴിഞ്ഞ എട്ടു മാസത്തിനകം എന്റെ ജാലകച്ചോട്ടില്‍ വേറേ സ്ത്രീകളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. പഴയ നിഴലുകള്‍ തന്നെ. പഴയ കാഴ്ചകളും.

കഥയുടെ അവസാന നില കഥാകാരന്റെ നിലപാടായി ധരിക്കുന്നതിനെതിരെ ഞാന്‍ പുതിയ പൊസ്റ്റില്‍ കുറിപ്പിട്ടിരുന്നത് ശ്രദ്ധിക്കുമല്ലോ. (രേഷ്മക്കും വഡവോസ്കിക്കും കൊടുത്ത മറുപടികള്‍). ഉണ്ണിയുടെയോ ഷിബുവിന്റെയോ ഹരിയുടെയോ മനോനില എന്റെ നിലപാടായിട്ടു തെറ്റിദ്ധരിച്ചെങ്കില്‍ ഞാന്‍ എന്തു പറയാന്‍!

(ഹരി എനിക്കിഷ്ടമുള്ള കാര്യം ചെയ്യുന്നുണ്ട്: ഒരുപാട് ചോദ്യം ചോദിക്കാതെ ഒപ്പം നടന്ന് ആവശ്യമുള്ളപ്പോള്‍ തോളില്‍ കയ്യിട്ടു ചേര്‍ത്തുനിര്‍ത്താന്‍ ധൈര്യം കാണിക്കുന്നത്. അങ്ങനെ ആകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിലപ്പുറം ഹരിയേ എനിക്കും നിനക്കും തമ്മില്‍ എന്ത്?!)

[തുടരും..ഉടനെ]

ഡാലി said...

ഗുപ്തന്‍, “ഏറു‘കളിലെ ഉണ്ണിയുടെ മനസ്സില്‍ ഷിബുവിന്റെ ‘ഏറു‘ വരച്ചിടുന്ന വികലമായ പെണ്‍ചിത്രം“ എന്നതു് “സ്ത്രീയുടെ ചരിത്രം ആരുണ്ടാക്കുന്നു..സ്ത്രീയെ ആരുണ്ടാക്കുന്നു എന്ന ചോദ്യത്തെ ന്യായീകരിക്കും. ഇല്ലേ.

എഴുത്തുകാരന്റെ വ്യക്തിത്വം വിട്ടു് എഴുത്തു് മാത്രമേ എടുത്തീട്ടുള്ളൂ. അതില്‍ കണ്ട മാറ്റം ആണു് സൂചിപ്പിച്ചതു് പ്രത്യേകിച്ചും പ്രിഫെറന്‍സസില്‍ അല്ലാതെ പണ്ടു് കഥാകാരന്‍ ഒരു സ്ത്രീവിരോധി ആയിരുന്നു എന്ന സൂചനയില്ല :) കഥയുടെ നില കഥാകാരന്റെ നിലപാടായി തെറ്റിദ്ധരിച്ചു എന്നു് പറയുന്നത് തെറ്റിദ്ധാരണയാണു് :). എന്തായാലും വ്യക്തായി തിരുത്തിയിട്ടുണ്ടു്

ഗുപ്തന്‍ said...

ഏതായാലും കഥ അനിതയുടെ കഥ അല്ല ഹരിനാരായണന്റെ കഥ ആണെന്നെങ്കിലും കണ്ടതില്‍ ഒരുപാട് സന്തോഷം.

പലരും ഏറ് വായിച്ചത് ഉണ്ണിയുടെ അമ്മയുടെ കഥയായിട്ടാണ്. അതേസമയം ഉണ്ണിയുടെ അമ്മയെക്കുറിച്ച് കഥാകൃത്തിന് ഒന്നും പറയാനില്ല എന്ന് ആരും ശ്രദ്ധിച്ചില്ല. കഥ ഉണ്ണിയെക്കുറിച്ചും ഉണ്ണികേള്‍ക്കുന്ന കാര്യങ്ങളേക്കുറിച്ചും ആണ്. അതിന്റെ ശരിയും തെറ്റും കഥയില്‍ പറഞ്ഞിട്ടേയില്ല. വായിച്ചവര്‍ക്ക് ഷിബു ആ സ്ത്രീയെക്കുറിച്ച് കൊടുക്കുന്ന സൂചനയില്‍, ഉണ്ണിയുടെ ഉള്ളില്‍ ഉടഞ്ഞുപോകുന്ന ചില്ലില്‍, ആ സ്ത്രീയുടെ ചരിത്രം വായിക്കാനാവുന്നത് ആണ്മൊഴിയെ അതിരുകവിഞ്ഞു സ്നേഹിക്കുന്നതുകൊണ്ടാണ്. എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് ആരും ചോദിക്കാത്തത് എന്റെ കുറ്റം അല്ല.

അതുപോലെ തിരുസ്വരൂപങ്ങള്‍ എഴുതുമ്പോള്‍ അത് ഹരിയുടെയും ഹരി കേള്‍‍ക്കുന്ന വാക്കുകളുടെയും കഥ ആയിട്ടേ ഉദ്ദേശിച്ചുള്ളൂ. അനിതയ്ക്ക് ഒരു നിഴലിനപ്പുറം പ്രാധാന്യം കിട്ടി എന്നത് മുകളില്‍ സ്സുചിപ്പിച്ച അപ്പന്‍ കഥക്ക് കൊടുത്ത സ്ഥലം കൊണ്ടാണ്.

പിന്നെ വ്യക്തിപരമായ ഒരു വിയോജിപ്പ്. ഒരു കഥയെക്കുറിച്ച് തന്റെ മനസ്സില്‍ തോന്നിയ അഭിപ്രായം പറയുന്നതിനു പകരം പലരോട് ചോദിച്ച് അഭിപ്രായം ക്വോട്ട് ചെയ്യുന്നത് എന്തിനെന്ന് മനസ്സിലായില്ല. അത്ഭുതം ഇല്ല. ഗ്രൂപ് ഐഡന്റിറ്റിക്ക് സ്വന്തം തല പണയംവച്ചാല്‍ പൊതുവേ സംഭവിക്കാവുന്ന കാര്യം. അതാണ് നിങ്ങളുടെ രാഷ്ട്രീയതയുടെ പ്രശ്നവും.


ഏറിനെ സംബന്ധിച്ച വിലയിരുത്തലൊഴിച്ചാല്‍ കഥയെക്കുറിച്ച് നല്ലൊരു വായന സമ്മാനിച്ചതിനു ഹൃദയപൂര്‍വം നന്ദി. സഹിക്കുന്നതിനും ;).

ഡാലി said...

തെറ്റി വായനയ്ക്കു് ആരും മോശം അല്ല എന്നു് മനസ്സിലായി :) ഏറു‘കളിലെ ഉണ്ണിയുടെ മനസ്സില്‍ ഷിബുവിന്റെ ‘ഏറു‘ വരച്ചിടുന്ന വികലമായ പെണ്‍ചിത്രം“ എന്നതു് ഈ ഒറ്റ വാചകത്തില്‍ പോസ്റ്റില്‍ പറഞ്ഞതല്ലേ മുകളിലെ കമന്റില്‍ ഒരു പാരഗ്രാഫില്‍ ഗുപ്തന്‍ പറയുന്നതു്? അല്ലേ അല്ലേ? :)
വ്യക്തിപരമായ വിയോജിപ്പിനു് ഉത്തരം പറയണോ? ആ.. പറഞ്ഞു് കളയാം. പലരുടേയും അഭിപ്രായം കേട്ടു എന്നതു് കൊണ്ട് അതാണു് പോസ്റ്റില്‍ എഴുതിയിരിക്കുന്നതു് എന്നു് എങ്ങനെ ഊഹിച്ചു? വ്യക്തിപരമായ ഒരു സത്യസന്ധത ഇങ്ങനെ ചോദ്യം ചെയ്യരുതു്.

സജീവ് കടവനാട് said...

ശൊ, ഞാനൊരു പാതി തയ്യാറാക്കി വച്ചതാരുന്നല്ലോ....

Anonymous said...

Daly abhipraayam quote cheythu ennehuthiyath aa last itta adikkurippinte kaaryam aanu ;)

ivide itta kurippine patti alla

സുനീഷ് said...

ഹ ഹ ഹ ഡാലിയേ... അവസാനം ഇട്ട ഡിസ്ക്ലൈമറ് എനിക്കിഷ്ടപ്പെട്ടു.

Inji Pennu said...

ഡാലിയുടെ പഠനം സ്ത്രീപക്ഷ രാഷ്ട്രീയത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ തിരുസ്വരൂപങ്ങള്‍ എന്ന കഥയേക്കാള്‍ നല്ലതായി തോന്നുന്നു.

എന്റെ വിയോജിപ്പുകള്‍:

തിരുസ്വരൂപങ്ങള്‍ എന്ന കഥ എന്നെ വളരെ നിരാശപ്പെടുത്തിയിരുന്നു. ഞാനതില്‍ ഒരു പ്രത്യേകതയും കണ്ടില്ല. ഒരുപാട് ആകാംക്ഷയോടെ വായിച്ചതാണ്. പിന്നീട് കമന്റുകള്‍ കണ്ടപ്പോള്‍ അത് ഇഷ്ടപ്പെടാന്‍ ഒരുപാട് നോക്കി. യേശുവിന്റെ സ്ത്രീരൂപം, പുരുഷനാല്‍ തിരിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങള്‍ ഒക്കെ പഴകിപറഞ്ഞ ക്ലീഷേകളാണെങ്കിലും പുതിയ ഒരു കഥയില്‍ അതു തന്നെ വീണ്ടും യാതൊരു പുതുമയുമില്ലാതെ ആവര്‍ത്തിച്ചത് വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. കാളിയെക്കാണുന്നത് ഒരു പുരുഷനും :(.

ഞാനിത് ഹരിനാരായണന്റെ കഥ മാത്രമായാണ് വായിച്ചത്. സ്ത്രീകള്‍ക്ക് അതില്‍ യാതൊരു പ്രാധാന്യവുമില്ല. ഡാലി എന്ത് പ്രാധാന്യം കണ്ടു എന്ന് മനസ്സിലാവുന്നു പോലുമില്ല. അവര്‍ എന്തു ചെയ്തു? ഒന്നും ചെയ്തില്ല എന്നുള്ളത് വളരെ പഴയ കഥയാക്കി എനിക്ക്. അതൊക്കെ കഴിഞ്ഞില്ലേ? ആ കാലമൊക്കെ പോയില്ലേ എന്ന തോന്നലായിരുന്നു എനിക്ക്.

ഇതൊരു സ്ത്രീപക്ഷ കഥയായി ഡാലി വ്യാഖ്യാനിച്ചതും മനസ്സിലാവുന്നില്ല. ഇതില്‍ എവിടെ ഡാലി സ്ത്രീപക്ഷം? അതിലും സ്ത്രീപക്ഷം ഗുപ്തന്റെ ഏറ് എന്ന കഥയില്‍ എനിക്ക് തോന്നിയിരുന്നു. ഈ കഥ വായിച്ച വിഷമം തീര്‍ക്കാന്‍ ഞാന്‍ ഓടിച്ചെന്ന് ആ കഥ വായിച്ചു. അതില്‍ ആ കല്ലിന്റെ മൂളല്‍ ഒരു ഡോള്‍ബൈ സൌണ്ട് എഫറ്റ്ക് പൊലെ ഇപ്പോഴും കാതില്‍.

ഡാലി said...

സിമി, വിന്‍സ്, വായനയ്ക്കു നന്ദി.
പേരയ്ക്ക , അപ്പു കഥയുടെ വായനയ്ക്ക് ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നതില്‍ സന്തോഷം
ഉപാസന, ഡാവിഞ്ചി കോഡിലാണോ അങ്ങനെ വായിച്ചെ?
കിനാവെ, തയ്യറാക്കിയത് മുഴുവനാക്കി പോസ്റ്റ് ചെയ്യൂ. ഒരു കഥയുടെ വിവിധ വായനകള്‍ വരുന്നത് ആസ്വാദനത്തിനു തീര്‍ച്ചയായും നല്ലതാണു.
സുനീഷേ, ഡിസ്ക്ലൈമറില്‍ എന്താണു ചിരിക്കാന്‍ :( ഞാന്‍ ‘ഭയങ്കര’ സീരിയസ് ആയി ഇട്ടതാര്‍ന്നു ;)
ഗുപ്താ, ഗ്രൂപ്പ്, ചാരപ്രവര്‍ത്തനം ഒക്കെയുണ്ട്. മൊസാദ് നമ്മടെ സ്വന്തം ആളാണു. പിടിച്ചു നിക്കണ്ടെ? ;)

ഡാലി said...

ഇഞ്ചീ,
സ്ത്രീപക്ഷം എന്നത് എന്താണെന്നു തെറ്റിദ്ധരിച്ചീട്ടുണ്ടോ? എനിക്ക് സ്തീപക്ഷം എന്നതൊരിക്കലും സ്ത്രീകള്‍ മാത്രം ചെയ്യുന്ന കാര്യങ്ങള്‍ അല്ല. പാട്രിയാര്‍ക്കല്‍ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞു ചിന്ത പോലും സ്ത്രീപക്ഷമാണു. ഒരു കഥയിലോ, കവിതയിലോ, എഴുത്തിലോ സ്ത്രീ ഇല്ലെങ്കില്‍ പോലും സ്ത്രീപക്ഷമാവും. ഈ പംക്തിയില്‍ ആദ്യം വന്ന പോസ്റ്റ് നോക്കൂ. അത് ഭ്രാന്തിയായൊരു അനുരാധയെ കുറിച്ചാണ്. അതില്‍ ഏതെങ്കിലും സ്ത്രീ എന്തെങ്കിലും ചെയ്യുന്നുണ്ടോ ഒരു ഭ്രാന്തിയെ രക്ഷിക്കാന്‍? ആ ഭ്രാന്തിയ്ക്ക് വേണ്ടി നിലകൊള്ളുന്ന കഥയുടെ നിലപാടാണ് അതിനെ സ്ത്രീപക്ഷമാക്കുന്നത്. അങ്ങനെ സ്ത്രീ മുഖ്യധാരയില്‍ വരാത്ത എത്രയെങ്കിലും ഉദാഹരണങ്ങള്‍ തരാം. സ്ത്രീയെ സ്ത്രീയായും, പുരുഷനെ പുരുഷനായും കാണുക എന്നതാണ് എന്റെ സ്ത്രീപക്ഷ നിലപാട്.

അതെങ്ങനെ ഒരു സ്ത്രീപക്ഷ കഥയാകുന്നു എന്ന് ഞാന്‍ നന്നായി തന്നെ വിവരിച്ചിരിക്കുന്നുണ്ട് എന്നാണ് വിശ്വാസം. എന്നാലും പോയന്റായി
1അന്യയും വേശ്യയും ആയിരുന്നൊരു സ്ത്രീയെ, സ്ത്രീയായി തന്നെ കാണാന്‍ ശ്രമിക്കുന്ന ഹരിനാരായണന്‍
2അപ്പന്റെ വൃത്തിക്കേടുകള്‍ക്കെതിരെ പ്രതികരിക്കാതെ മൌനിയായിരുന്നു വിതുമ്പിയ അമ്മയ്ക്ക് മാപ്പ് കൊടുക്കുമ്പോള്‍ തന്റെ ജീവിതാവസ്ഥയ്ക്ക് കാരണക്കാരനായ അപ്പനു മാപ്പ് കൊടുക്കാത്ത അനിത.
3.മൌനിയായ ഒരു സ്ത്രീ സങ്കല്‍പ്പത്തില്‍ നിന്നും പ്രതികരണശേഷിയുള്ള ഒരു സ്ത്രീ സങ്കല്‍പ്പത്തിലേക്കെത്തുന്ന കഥ
4.ഹരി ഒരിക്കലും ഒരു രക്ഷക സ്ഥാനം ഏറ്റെടുക്കുന്നില്ല എന്നത് ഏറ്റവും പ്രധാനവും ഞാന്‍ മന്‍:പൂര്‍വ്വം പറയാതെ വിട്ടുകളഞ്ഞുതുമാണ്. സ്ത്രീയെ രക്ഷിക്കാന്‍ സ്ത്രീ തന്നെ, സ്ത്രീയുടെ പ്രതിച്ഛായ അവള്‍ തന്നെ സൃഷിക്കണം എന്നത് സ്ത്രീപക്ഷ കാഴ്ചപാടില്‍ ഏറ്റവും പ്രധാനമാണ്.

ഇതൊക്കെ പോരെ ഒരു കഥയെ സ്ത്രീപക്ഷമായി കാണാന്‍?

കാളിയെക്കാണുന്നത് ഒരു പുരുഷനും :( അതു ഇഞ്ചി പറഞ്ഞത് ശരിയ്ക്കു ഷോക്കിംങ്! പിന്നെ കാളിയെ സങ്കല്‍പ്പിക്കുന്നത് സ്ത്രീയാവണമായീരുന്നോ? അങ്ങനെ ആ കഥയില്‍ എഴുതിയിരുന്നെങ്കില്‍ പ്രതിലോമകരം എന്നാവും ഈ പോസ്റ്റിന്റെ തലവാചകം.പുരൂഷമൂല്യങ്ങളുടെ അധികാര വാഴ്ച മൂലം സെക്കന്റ് സിറ്റിസണ്‍ ആയി പോകുന്ന പെണ്ണ് പിന്നെ ഒരു ആക്റ്റിവിസ്റ്റ് ആകും എന്ന് ഒരു സ്ത്രീ തന്നെ ചിന്തിക്കുന്നത് ഫെമിനിസത്തിനെതിരെ ഉള്ളൊരു നിലപാടായാണു ഞാന്‍ കാണുക. മനുവിന്റെ യക്ഷി എന്ന കഥയില്‍ ഏതാണ്ട് ഇതിനു സമാനമായ ഒരു ചിന്താഗതിയുണ്ട്. ആ കഥ പരാമര്‍ശിക്കാതെ വിട്ടുകളഞ്ഞത് അതുകൊണ്ടാണ്. ആക്റ്റിവിസം എന്റെ രാഷ്ട്രീയമല്ല.
ഒരു ഓഫ്: നീയെന്താ ബ്ലോഗ് പൂട്ടി താക്കോല്‍ കിണറ്റിലിട്ടാ?

Anonymous said...

"മനുവിന്റെ യക്ഷി എന്ന കഥയില്‍ ഏതാണ്ട് ഇതിനു സമാനമായ ഒരു ചിന്താഗതിയുണ്ട്."

Correct. !!!
athinu akkaalatthe chila blog sambhavangalude pazchaththalamumdaayirunnu enn njaan pranjittum und. mazhanilavu blog poottaan itta kurippil. Orkkumallo? :)

Inji Pennu said...

ഡാലി, ഞാനെഴുതിയത് തെറ്റിവായിക്കുന്നു.
സ്ത്രീയുണ്ടാവണമെന്നില്ല സ്ത്രീപക്ഷ നിലപാടില്‍ എന്നുള്ളത് തന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത്. പക്ഷെ ആ കഥയില്‍ പഴ്യ കാല ഫെമിനിസ്റ്റിക്ക് ചിന്താഗതികള്‍ ആണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലത്തെ കഥകളും സിനിമകളും പോലെയാണ് എനിക്ക് തോന്നിയത്. അതില്‍ നിന്നെല്ലാം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. വേശ്യയെ സുഹൃത്തായും ഭാര്യയായും കാമുകിയായും സ്വീകരിക്കുന്നതൊക്കെ പഴയ ഏതോ സത്യന്‍ പടത്തില്‍ കണ്ട ഓര്‍മ്മ.

അപ്പന്‍ നശിപ്പിച്ചതുകൊണ്ട് കന്യാസ്ത്രീയും വേശ്യയും ആവേണ്ടി വന്നത് തന്നെ എനിക്ക് കയ്പ്പടിച്ചു ഡാലി. അതല്ല എനിക്ക് വേണ്ടുന്ന സ്ത്രീപക്ഷം. അത് വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ട പഴയകാല കഥയായിപ്പോയി എനിക്ക്.

സ്ത്രീപക്ഷം എവിടെ എന്ന ചോദ്യത്തിനു ഇതാണൊ ഇപ്പോഴും സ്ത്രീ പക്ഷം എന്നാണ് എന്റെ ചോദ്യം വായിക്കപ്പെടേണ്ടത്.

കഥയില്‍ ഏതോ കലാകാരന്റെ മനസ്സിലുള്ള സ്ത്രീരൂപം മറിയമായത് മാറ്റി കാളിയായി സ്ത്രീയെ പ്രതിഷ്ടിക്കുന്നത് പിന്നേയും ആവര്‍ത്തനം തന്നെയായി എനിക്ക് തോന്നി. ഒരു സ്ത്രീയ്ക്ക് അതില്‍ നിന്ന് മോചനമില്ലാത്ത ആവര്‍ത്തനം.

1. ഡാലി ഈ ഹരിനാരയാണന്‍ സ്ത്രീയെ അങ്ങിനെ കണ്ടേ തീരൂ. അതൊരു ഔദാര്യമല്ല. ഔദാര്യമായി കാണുന്നതിന്റെ കാലം കഴിഞ്ഞു എന്നാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ അങ്ങിനെയൊരു ചിന്താഗതി പോലും ഇപ്പോഴും വെച്ചു പുലര്‍ത്തുന്നതിന്റെ.

2. - അയ്യോ! അമ്മേ ക്ലീഷേ! അപ്പനു മാപ്പ് കൊടുത്താല്‍ അത് സ്ത്രീപക്ഷമാവില്ലേ?

3. എവിടെ ഡാലി ഇത്? ഇതാണ് എന്റെ ചോദ്യവും? എവിടെ ഡാലി പ്രതികരണശേഷി വന്നത്? അനിത മാപ്പ് കൊടുക്കില്ല എന്ന് പറഞ്ഞതാണോ പ്രതികരണശേഷി! കഷ്ടം.

4. ഹരി ഒരു സിമ്പതൈസറുടെ സ്ഥാനം ഏറ്റെടുക്കുന്നു. അത് രക്ഷകന്റെ സ്ഥാനത്തേക്കാളും ദയനീയവും.


“സ്ത്രീയെ രക്ഷിക്കാന്‍ സ്ത്രീ തന്നെ, സ്ത്രീയുടെ പ്രതിച്ഛായ അവള്‍ തന്നെ സൃഷിക്കണം എന്നത് സ്ത്രീപക്ഷ കാഴ്ചപാടില്‍ ഏറ്റവും പ്രധാനമാണ്.”
- ഇത് ഡാലി പറഞ്ഞത് തന്നെയേ എനിക്കും
പറയാനുള്ളൂ.

സ്ത്രീയെ സ്ത്രീയായി തന്നെ കാണണമെന്നു തന്നെയായിരുനു എപ്പോഴത്തേയും എന്റെ സ്ത്രീപക്ഷ നിലപാടും.

ഓഫ്:
ബ്ലോഗ് താക്കോല്‍ നഷ്ടപ്പെട്ടിട്ടില്ല. ഞാനും നോക്കാറില്ല. എഴുതിക്കൊണ്ടിരുന്ന ഒരു സ്ലേറ്റ് മന:പൂര്‍വ്വം സ്കൂളില്‍ വെച്ച് മറന്ന് പോയ പോലെ ഒരു അനുഭവം. അത്രേയുള്ളൂ. ആ അനുഭവത്തിന്റെ രസം തീരുമ്പോള്‍ വീണ്ടും ഞാന്‍ എന്റെ സ്ലേറ്റ് തേടിപ്പിടിക്കും എന്ന് കരുതുന്നു :)
മനുഷ്യരെ വീണ്ടും ദ്രോഹം തുടങ്ങുമെന്നും. :)

Inji Pennu said...

കൊടിപിടിക്കുന്നതു മാത്രമാണോ അക്റ്റിവിസം? ചിലപ്പോള്‍ ഒട്ടും കൂ‍സാതെ തല ഉയര്‍ത്തിപ്പിടിച്ച് മറ്റുള്ളവരെപ്പോലെ ജീവിക്കുന്നതുപോലും
ആക്റ്റിവസം ആണെനിക്ക്. അങ്ങിനെയെങ്കില്‍ ആക്റ്റിവിസം എപ്പോഴും എന്റെ രാഷ്ട്രീയമാണ്.

Anonymous said...

കഥയെക്കുറിച്ച് ഇഞ്ചിയുടെ അഭിപ്രായം എന്തും ആകട്ടെ - കഥയിലെ നായകനെക്കുറിച്ച് ഉപയോഗിച്ച സിമ്പതൈസര്‍ എന്ന വാക്കിന് കഥയില്‍ നിന്ന് എന്തെങ്കിലും ന്യായീകരണം ഉണ്ടോ എന്നറിയാന്‍ ആഗ്രഹമുണ്ട്. :)

സജീവ് കടവനാട് said...

ഈ കഥയിലതിന് സ്ത്രീയുടെ സ്ഥാനം ഉയരുന്നൊന്നുമില്ലല്ലോ, പകരം ഹരിനാരായണന്‍ എന്ന പുരുഷനെ താഴേക്കൊ കൊണ്ടുവരികയല്ലേ ചെയ്യുന്നത്. അതായത് ഹരിനാരായണന്‍ എന്നൊരു ‘പേരി’ലെ പുരുഷത്വം മാത്രമേ ആ കഥാപാത്രത്തിനുള്ളൂ എന്ന് സാരം. വേണമെങ്കില്‍ ആ ഹരിനാരായണന്‍ എന്ന പേരുപയോഗിച്ചിരുന്നിടത്ത് വല്ല മായയെന്നോ സീമയെന്നോ ഉപയോഗിച്ചിരുന്നെങ്കിലും കഥയിങ്ങനെയൊക്കെ തന്നെയായേനെ. കുറച്ചുകൂടി സ്ത്രീപക്ഷമാകുകയും ചെയ്തേനെ. ക്ന്യാസ്ത്രീക്കുപകരം കാളിയെ വെക്കാന്‍ പറഞ്ഞതു തന്നെയാണല്ലോ യക്ഷിയില്‍ അപലയായ പെണ്ണിനെ യക്ഷിയാക്കി മാറ്റുന്നതിലൂടെ ചെയ്തിരിക്കുന്നത്. ആ യക്ഷി ചെറിയച്ചെനെ കൊല്ലുന്ന ക്ലൈമാക്സായിരുന്നു കുറച്ചുകൂടി സ്ത്രീ പക്ഷം , എന്നാല്‍ ആണ്വര്‍ഗ്ഗത്തെ തന്നെ ശത്രുവായി കാണുന്ന ആധുനിക ഫെമിനിസത്തോട് കൂട്ടികെട്ടാനാണ് ആ കഥയില്‍ മനു ശ്രമിച്ചിട്ടുള്ളത്. സ്ത്രീപക്ഷമെന്നതിനേക്കാള്‍ പുരുഷകല്പിതമായ മത ചട്ടക്കൂടുകളെയും ദൈവങ്ങളെയും കൂടുതല്‍ എടുത്തുകാട്ടുന്നതാണ് ഈ കഥയെന്നാണ് എനിക്ക് തോന്നുന്നത്.

പ്രിയംവദ-priyamvada said...

എന്നാലും ഇത്ര വേഗം തൊഴുത്തുമാറ്റി കെട്ടണ്ടായിരുന്നു ഡാല്യേ...കുറെ കൂടി നിരീക്ഷിച്ചിട്ടു മതിയായിരുന്നൂ...::))


(അല്ലെങ്കിലും ചില സ്വയം പ്രഖ്യാപിത MC കളും so called ആണെഴുത്തുകാരും അവര്‍ മറച്ചുവയ്ക്കാന്‍ പണിപ്പെടുന്ന ഈ സ്ത്രീപക്ഷ കാരുണ്യം ചിലപ്പൊ ഹരിനരായണന്‍മാരെ ഏല്‍പ്പിക്കും ;) )

ഗുപ്തന്‍ said...

കരുണാമയീ.... എനിക്കിട്ടു തന്നെ പണിയണം !:)) വരവു വച്ചേക്കണൂ! എന്റെ കയ്യില്‍ കിട്ടും ...


കിനാവേ.. എന്റെ കഥകള്‍ മൊത്തത്തില്‍ ശ്രദ്ധിച്ചിട്ടുള്ള ആളെന്ന നിലയില്‍ താങ്കള്‍ക്ക് ഞാന്‍ മറുപടി പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു.

യക്ഷിയിലെ കഥ നീങ്ങുന്നതും ഇവിടെ കഥ നീങ്ങുന്നതും ഒരേ വഴിക്കാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. യക്ഷിയുടെ ഉദ്ദേശം ഫെമിനിസ്റ്റ് ആക്റ്റിവിസത്തിന്റെ തകരാറ് തുറന്നുകാട്ടുകയായിരുന്നു. ഇര -ഇരപിടിക്കുന്നയാള്‍ എന്നീ സങ്കല്‍പ്പങ്ങള്‍ വര്‍ഗീകരിക്കപ്പെടുമ്പോള്‍ നിര്‍ദോഷരായ ഉണ്ണികള്‍ പോലും ഇരപിടിയന്മാരായി ചിത്രീ‍കരിക്കപ്പെടുന്നു എന്ന ആശയമായിരുന്നു അതിന് മുന്നോട്ട് വയ്ക്കാന്‍ ഉണ്ടായിരുന്നത്. അതിന് അക്കാലത്തെ ഒരു ബ്ലോഗ് സംഭവത്തിന്റെ പശ്ചാത്തലം ഉണ്ടായിരുന്നു എന്നത് ഓര്‍മ ശരിച്ചു ചികഞ്ഞുനോക്കിയാല്‍ അറിയാം.

തിരുസ്വരൂപങ്ങള്‍ ഏത് ആംഗിളില്‍ നിന്ന് നോക്കിയാലും (പഴമയും പുതുമയും ഒക്കെ പോകട്ടെ) ഇര ആകുന്ന പെണ്ണിന്റെ അനുഭവത്തിലൂടെ സഹയാത്ര ചെയ്യുന്ന പുരുഷന്റെ കഥയാണ്. കന്യകമറിയത്തില്‍ നിന്ന് യക്ഷിയിലേക്ക് (=ഫെമിനിസ്റ്റ് ആക്റ്റിവിസം)നീങ്ങുന്നത് ഇരയായ അനിതയല്ല. സഹയാത്രികനായ ഹരിയാണ്.

ആക്റ്റിവിസം എന്ന ഐഡിയയെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും എതിര്‍ക്കുന്ന ഒരാളാ‍ണ് ഞാന്‍ എന്ന് കഥകള്‍ വായിച്ചിട്ട് മനസ്സിലായില്ലെങ്കില്‍ അത് എന്റെ എഴുത്തിന്റെ ദോഷമായി ഏറ്റെടുക്കുന്നു. (മിനിമം അഹം ബ്ലോഗില്‍ ഞാന്‍ എഴുതിയ ആദ്യകുറിപ്പെങ്കിലും ഓര്‍ത്തുകൂടായിരുന്നോ കിനാവേ..)അതായത് ഹരി എത്തുന്നത് ഐഡിയല്‍ സൊല്യൂഷനില്‍ അല്ല എന്ന് ആരെക്കാളും നിശ്ചയമുണ്ട് എനിക്ക്.

എന്റെ കഥകളിലെ പരാ‍ജയപ്പെടുന്ന നായികമാരെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ നായകന്മാര്‍ അതിലേറെ പരാജയം ആണെന്ന് ആരും കാണുന്നില്ലേ? സാക്ഷിയിലെ മുത്തു പോലീസ് വാന്‍ ഭയന്ന് ജനലടക്കുമ്പോഴേക്കും അവന്റെ നായികയെ നഷ്ടപ്പെടുന്നു. ഏറിലെ ഉണ്ണിയെക്കുറിച്ച് ഇനിയും പറയുന്നില്ല. ജഡത്തിലെ മാത്തപ്പന്‍.. പരാജിതരിലെ നായകന്‍ (അതെന്റെ പതിവ് നായകന്‍ ഹരി തന്നെയാണ്; പേര് പറയുന്നില്ല എങ്കിലും): ഇതെല്ലാം പുരുഷവര്‍ഗത്തിന്റെ പരാജയത്തിന്റെ കഥകളാണ്. (മറിച്ചൊരു പൊളിറ്റിക്സ് ഉണ്ടായിരുന്നത് തുടക്കം യക്ഷി എന്നീരണ്ട് കഥകളില്‍ ആണ്)

ഹരിക്കു പകരം ഒരു മായയോ സീമയോ ആയിരുന്നെങ്കില്‍ ഈ കഥയും യക്ഷിയും തമ്മില്‍ കഥ പുരോഗമിക്കുന്ന രീതിയില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ലായിരുന്നു. എങ്കില്‍ പോലും പോളിറ്റിക്സിനു വ്യത്യാസം ഉണ്ട്. ആ കഥയില്‍ നിര്‍ദോഷിയായ ഒരാള്‍ ആക്റ്റിവിസത്തിന് ഇരയാകുന്നതെങ്ങനെ എന്നാണ് പറയുന്നത്. ഇവിടെ നിര്‍ദോഷിയായ മറ്റൊരു പുരുഷന്‍ ആക്റ്റീവിസത്തെക്കുറിച്ച് സ്വപ്നം കണ്ടുതുടങ്ങുകയാണ്. ആക്റ്റിവിസത്തെ തള്ളിപ്പറയാന്‍ കഥാകാരന്‍ ശ്രദ്ധിച്ചിട്ടില്ല. കാരണം അത് മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുള്ളതുപോലെ വ്യക്തിപരമാ‍യ ചില സാഹചര്യങ്ങളില്‍ ആക്റ്റിവിസം അനുവദനീയവും അഭിലഷണീയവും ആണെന്ന് ഞാന്‍ വിചാരിക്കുന്നതുകൊണ്ടാണ്.

ഈ കഥയുടെ സ്പിരിറ്റില്‍ എന്നോടൊപ്പം യാത്രചെയ്തത് ഡാ‍ലി തന്നെയാണ്. അതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് മറ്റുള്ളവര്‍ക്ക് കിട്ടിയതെങ്കില്‍ അത് എന്റെ എഴുത്തിന്റെ ദോഷം. :)

ഡാലി said...

ഇഞ്ചിയിത് ഹരിനാരയണന്റെ കഥയായി വായിച്ചു എന്നു പറഞ്ഞതല്ലാതെ അങ്ങനെ വായിച്ചില്ല എന്ന് തോന്നുന്നു . അങ്ങനെ വായിച്ചിരുന്നെങ്കില്‍ താഴെ ഖോട്ട് ചെയ്യുന്ന വരികളൊന്നും പ്രസക്തമായി തോന്നിലായിരുന്നു.

അപ്പന്‍ നശിപ്പിച്ചതുകൊണ്ട് കന്യാസ്ത്രീയും വേശ്യയും ആവേണ്ടി വന്നത് തന്നെ എനിക്ക് കയ്പ്പടിച്ചു ഡാലി. അതല്ല എനിക്ക് വേണ്ടുന്ന സ്ത്രീപക്ഷം. അത് വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ട പഴയകാല കഥയായിപ്പോയി എനിക്ക്.
ആര്‍ക്കും വേണ്ടുന്ന സ്ത്രീപക്ഷം അതല്ല. അതല്ല ഈ കഥ തന്നെയും എന്ന് പറഞ്ഞീട്ടുണ്ട്. ഹരിനാരായനന്റെ ചിന്താഗതികള്‍ മാറുന്ന ഒരു ആമ്പിയന്‍സ് മാത്രമാണു അനിതയുടെ കഥ. ഹരിനാരായണന്മാര്‍ മാറുന്നത് എനിക്കു വളരെ വളരെ പ്രാധാന്യമാണ്. (അനിതമാരുടെ പെണ്‍അഭിമാനം കൂടുന്നതിനേക്കാള്‍ ഹരിനാരാണയന്മാരുടെ ഫെമിനിസ്റ്റിക് ചിന്തകള്‍ കൂടുന്നതാണ് പ്രധാനം. ഒരു സ്ത്രീയ്ക്കു ഫെമിനിസ്റ്റ് അല്ലങ്കില്‍ മസോകിസ്റ്റ് മാത്രമെ ആകാന്‍ കഴിയൂ എന്നതും ഉള്ളില്‍ വച്ച് വായിക്കുമ്പോള്‍ എന്തുകൊണ്ട് ഹരിനാരായണന്മാരുടെ മാറ്റം പ്രധാനമാകുന്നു എന്നത് മനസ്സിലാവും)


സ്ത്രീപക്ഷം എവിടെ എന്ന ചോദ്യത്തിനു ഇതാണൊ ഇപ്പോഴും സ്ത്രീ പക്ഷം എന്നാണ് എന്റെ ചോദ്യം വായിക്കപ്പെടേണ്ടത്.
ഖേദകരമെന്ന് പറയട്ടെ ഇപ്പോഴും ഇതാണു. ധാരാളം ഹരിനാരായണന്മാര്‍ ഇനിയും മാറേണ്ടിയിരിക്കുന്നു. അവരുടെ മനസ്സ് മാറാത്തിടത്തോളം അവര്‍ സ്ത്രീയെ, സ്ത്രീയായി അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം (അതു നിര്‍ബന്ധിതമാവട്ടെ, മനസ്സിലാക്കി കൊണ്ടാകട്ടെ) ഫെമിനിസം നിലനില്‍ക്കും. അത് നിര്‍ബന്ധിതമാകുന്ന പക്ഷം ഫെമിനിസം അവസാനിക്കുന്ന അന്ന് മസ്കുലിനിസം വരും. അതും എന്റെ വഴിയല്ല.

കഥയില്‍ ഏതോ കലാകാരന്റെ മനസ്സിലുള്ള സ്ത്രീരൂപം മറിയമായത് മാറ്റി കാളിയായി സ്ത്രീയെ പ്രതിഷ്ടിക്കുന്നത്
വീണ്ടും എതോ കലാകാരന്‍- ഏതോ കലകാരന്‍ അല്ല ഇഞ്ചി പ്രോട്ടൊഗോനിസ്റ്റ് ഹരിനാരായണന്‍ ആണു ഈ ചിന്താഗതിയിലൂടെ കടന്ന് പോകുന്നത്.
1. അതൊരു ഔദാര്യമാണെന്ന് ആരു പറഞ്ഞു? അവകാശം തന്നെയാണ്. പക്ഷേ ആ അവകാശം ആദ്യമായി അനിതയ്ക്ക് കിട്ടുന്നത് ഹരിനാരായണിലൂടെ എന്നതാണ് വ്യതാസം. ഹരിനാരായണന്‍ ഫെമിനിസ്റ്റ് ആവുന്നതും അങ്ങനെയാണ്. ഒരു സ്ത്രീയ്ക്ക് അര്‍ഹമായ അവകാശം റിയല്‍ ഡൈമന്‍ഷനില്‍ നല്‍ക്കപ്പെടുന്നിടത്ത് പുരുഷനിലെ ഫെമിനിസമല്ലാതെ വേറെന്ത്‌?
2. ഇഞ്ചി പോസ്റ്റ് ശരിയ്ക്കും വായിച്ചില്ലാന്ന് തോന്നുന്നു. ഞാന്‍ ഈ കഥയില്‍ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല പോയിന്റ് അതാണ്. അപ്പനു മാപ്പു കൊടുക്കാതെ അമ്മയ്ക്കു മാപ്പ് കൊടുക്കുന്ന അനിത
സ്ത്രീപക്ഷ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ക്രൂരമായൊരു വാദമാണ് സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ എന്നത്. പലപ്പോഴും ഈ ചതികുഴിയില്‍ സ്ത്രീവാദികള്‍ അടക്കം വീണുപോകുന്നത് കാണാറുണ്ട്. എന്തുകൊണ്ട് അനിതയെ അമ്മ രക്ഷപ്പെടുത്തിയില്ല, അമ്മയുടെ മൌനം സമ്മതമായിരുന്നു എന്ന് തുടങ്ങി പെണ്‍‌വാണിഭസംഘങ്ങളില്‍ സ്ത്രീകള്‍ ഉണ്ട് എന്നത് വരെയായി രൂപപ്പെടുന്ന ഇത്തരം വാദങ്ങളില്‍ നിന്നും മാറ്റമുണ്ടാകുന്നു എന്നത് ഗണനീയമായൊരു കാര്യമാണു.
ഇനി എന്തുകൊണ്ടങ്ങനെ? അമ്മ ഒരു തെറ്റുകാരിയല്ല. അമ്മ അപ്പന്റെ (ചൂഷകന്റെ) ഒരു ഇര (വിക്റ്റിം) മാത്രമാണ്. അത് തിരിച്ചറിയുന്നിടത്താണ് ഈ കഥയിലെ ഫെമിനിസം വിജയിക്കുന്നത്. സ്ത്രീവാദ ചര്‍ച്ചകളില്‍, പെണ്‍-വാണിഭകേസില്‍ സ്ത്രീകളും ഉണ്ടല്ലോ എന്ന വാദം കേള്‍ക്കുമ്പോള്‍ ഒരു ഭയങ്കര വേദന തോന്നാറൂണ്ടോ? എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഇവരെ എന്ന്? അവര്‍ക്കുള്ള ഉത്തരമാണിത്. പുരുഷമൂല്യങ്ങളുടെ അധികാരവാഴ്ച ഒരു ഇരയെ (സ്ത്രീയെ) എങ്ങനെ മറ്റൊരു ഇരയെ പിടിക്കാന്‍ ഉപയോഗിക്കാം എന്ന കണ്ടെത്തല്‍. മനുവിന്റെ ഇര എന്ന കഥയില്‍ മണ്ണിര എന്ന ഇരയെ കോര്‍ത്ത് മീന്‍ എന്ന വലിയ ഇരയെ പിടിക്കുന്നത് ഓര്‍ക്കുക. ഇതില്‍ ഇര ആരു,ചൂഷകന്‍ ആരു എന്ന് ശരിയായി അറിയാന്‍ കഴിയുന്നിടത്താണ് യഥാര്‍ത്ഥ ഫെമിനിസം വിജയിക്കുക. അതിനെ അങ്ങനെ ക്ലീഷേ എന്ന് പറഞ്ഞ് തള്ളികളയാന്‍ ഒരു ഫെമിനിസ്റ്റിനാവില്ല. വേറെ എത്ര കഥകളില്‍ ഈ ഒരു ആശയം കണ്ട്റ്റീട്ടുണ്ട്?
3. ദേ പിന്നെം കഥ അനിതയുടെയായി വായിക്കുന്നു. ഇഞ്ചി ഹരിനാരായണന്മാരുടെ മനസ്സിലാണു മാറ്റം. അല്ലാതെ അനിതമാരില്ലല്ല. തെറ്റു ചെയ്യാത്ത അനിതമാര്‍ എന്തിനു വല്ലാതെയങ്ങ് മാറണം?
4. ഹരി ഒരു സിമ്പതൈസര്‍! എനിക്കു വയ്യ ഇഞ്ചി. അവസാനം അനിതയ്ക്കെന്തു പറ്റി എന്ന് പോലും ഹരി വ്യാകുലപ്പെടൂന്നില്ല. ഹരി അനിതയെ മനസ്സിലാക്കാന്‍ ശ്രമിച്ച ഐ റിപ്പിറ്റ് ശ്രമിച്ച അവളുടെ കൂടെ നടക്കാന്‍ ആഗ്രഹിച്ച സുഹൃത്താണ്. സുഹൃത്തിന്റെ അര്‍ത്ഥം സിമ്പതൈസറില്‍ എത്താന്‍ ഒരുപാട് ദൂരമുണ്ട്.

തലയുയര്‍ത്തി പിടിച്ച് നടക്കുന്നത് ആക്റ്റിവിസം അല്ല എനിക്ക്.:) ആക്റ്റിവിസം എന്നാല്‍ The word "activism" is often used synonymously with protest or dissent എന്നു വിക്കി. പിന്നെ വേറെ പല നിര്‍വചനങ്ങളും ഉപയോഗിക്കാമെന്നും. ഞാന്‍ ഉപയോഗിച്ചത് ഈ കോമണ്‍ ഡെഫിനിഷന്‍ ആണു.

ഓഫ്: സ്ലേറ്റ് മറന്ന് വച്ചതില്‍ പ്രതിഷേധിക്കുന്നു. സ്ലേറ്റ് കൊണ്ട് നടക്കുമ്പോള്‍ അറിയാതെ ചില ഉത്തരവാദിത്വം വന്നു ചേരും എന്ന് മറക്കരുത്. :)

ഡാലി said...

കിനാവിനു ഗുപ്തന്‍ മറുപടി പറഞ്ഞതു കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു.

പ്രിയംവദചേച്ചി, ഇതല്ലേ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം നീട്ടി എറിയാ എന്ന് പറയുന്നത്. നാളെ യക്ഷി പോലൊരു കഥയെഴുതിയാല്‍ നമ്മള്‍ അപലപിക്കില്ലേ. അപ്പോള്‍ ഫെമിനിസ്റ്റുകള്‍ സ്നാപകയോഹനാനന്റെ തല കിട്ടിയാല്‍ തൃപ്തിപ്പെടുന്നവരാണെന്ന പ്രഖ്യാപിത എം.സി നയം പൊളിയില്ലേ. സോ കോള്‍ഡ് ആണെഴുത്തുകാര്‍ക്ക് എം.സി ആവുക എന്നതിനേക്കാള്‍ ലക്ഷ്യം ഫെമിനിസം തകര്‍ക്കുക എന്നതാണ് എന്നറിയാത്തവരല്ലോ നാം ;)
(കൈമള്‍: പ്രിയംവദ ചേച്ചിയ്ക്ക് കൊടുത്ത മറുപടി ജീവിച്ചിരിക്കുന്നതോ, മരിച്ചവരോ ആയ ആരേയും ഉദ്ദേശിച്ചതല്ല. സാമ്യം വന്നീട്ടുണ്ടെങ്കില്‍ അത് യാദ്ദൃച്ഛികമാണു്.;) )

ഗുപ്താ, കഥ മനസ്സിലാക്കി എന്ന് പറഞ്ഞല്ലോ. തെറ്റിവായനയ്ക്ക് പേരുകേട്ട എനിക്ക് സമാധാനായി. :)

എനിവേ, ഞാന്‍ ഈ പോസ്റ്റ് ശരിയ്ക്കും ആസ്വദിച്ചു. ഫെമിന്‍സത്തെ കുറിച്ച് കുറേ കൂടെ ഞാന്‍ തന്നെ ആഴത്തില്‍ ചിന്തിച്ചു. ജിഞ്ചറിനും, ഗുപ്തനും മെനി താങ്ക്സ്

ഗുപ്തന്‍ said...

മനുവിന്റെ ഇര എന്ന കഥയില്‍ മണ്ണിര എന്ന ഇരയെ കോര്‍ത്ത് മീന്‍ എന്ന വലിയ ഇരയെ പിടിക്കുന്നത് ഓര്‍ക്കുക

കഥ മാറിപ്പോയോ സഖാവേ.. ‘ജഡം‘ ആണ്.


കൈമളിനെ എനിക്ക് നല്ല പരിചയം ;) വെച്ചിട്ടുണ്ട് ട്ടാ....

ഡാലി said...

അതെ ജഡം എന്ന കഥയാണുദ്ദേശിച്ചെ. ഓര്‍മ്മയില്‍ നിന്നും എഴുതിയപ്പോ തെറ്റി പോയതാണു. ക്ഷമിക്കണം.

സഖാവല്ല, സ’ഗാ’ത്തി ;)

സജീവ് കടവനാട് said...

അരാഷ്ട്രീയക്കാരാ, മനു സഖാവേ വ്യത്യസ്ഥ വായനകളുണ്ടാകുന്നത് എഴുത്തിന്റെ ദോഷം എന്നൊക്കെ പറയുന്നത് മറ്റുള്ളവരുടെ വായനയെ കുറച്ചുകാട്ടുന്നതിന് തുല്ല്യമാണ്. യക്ഷിയുടെ മറ്റൊരു പതിപ്പാണ് തിരുസ്വരൂപങ്ങളെന്ന് ഞാന്‍ പറഞ്ഞില്ല. മായയോ സീമയോ ആയിരുന്നു ഹരികുമാറിനു പകരമെങ്കില്‍ ഒഴുക്ക് തുല്ല്യമായേനെ എന്ന് താങ്കള്‍ തന്നെയാണ് സമ്മതിക്കുന്നത്.(ഈ മായേം സീമേം എന്റെ വീക്നെസ്സായാ‍ാ?) യക്ഷിയില്‍ ഉണ്ടാകുന്നത് കഥാകാരന്റെ ഇടപെടലാണ്. വായനക്കിടയിലേക്ക് എഴുത്തുകാരന്‍ കയറിവന്ന് കഥയെ മറ്റൊരു വഴിക്ക് തിരിച്ചുവിടുക തന്നെ ചെയ്യുന്നു. എന്നാല്‍ തിരുസ്വരൂപങ്ങളില്‍ കഥാകാരന്‍ ഹരിയെക്കൊണ്ട് അത്രയും പറയിക്കുന്നു. യക്ഷിയോളം അപകടമില്ലാത്ത മറ്റൊരു രീതി. ഞാനീ ഹരിയെ ഹരിതയെന്ന് വായിച്ചു. നാരായണനെ വിട്ടുകളഞ്ഞു. അപ്പോഴാണ് വായന ഒന്നുകൂടി ഹൃദ്യം.
ദാ പ്രിയം വദയാണ് ശരിക്കും പറഞ്ഞത്.

Anonymous said...

നിര്‍മലേടത്യേ.. ‘നിങ്ങളെന്നെ എം സി ആക്കി..’എന്ന റ്റൈറ്റില്‍ ഞാന്‍ ബുക്ക് ചെയ്തിരിക്കുന്നു. പ്രശ്നോല്ലല്ലാ?? :-))

Inji Pennu said...

ഹമ്മേ! സിമ്പതി എന്ന് പറഞ്ഞാല്‍ എഴുതിവെക്കുന്ന സിമ്പതി എന്ന് തന്നെ വേണോ? ആ കഥയിലുടനീളം സിമ്പതിറ്റിക്ക് റ്റുവേര്‍സ് അങ്ങിനെയുള്ള സ്ത്രീകളാ‍ണ് കാണിക്കുന്നത്. കിനാവ് ഒറ്റവരിയില്‍ പറഞ്ഞത് ഞാന്‍ പാരയാണം എഴുതിപ്പോയി എന്നേയുള്ളൂ. ഇതില്‍ സ്ത്രീ രക്ഷപ്പെടുന്നില്ല, നെഗറ്റീവ് പോര്‍ടേയല്‍ ആണ് എനിക്കിവയൊക്കെ. അറ്റ്ലീസ്റ്റ് ഒരു ഗുഡ് ഫൈറ്റ് പൊലുമില്ല ലൈഫിനോട്. അതുകൊണ്ട് ഇവയൊന്നും
എനിക്ക് സ്ത്രീപക്ഷമേയല്ല.

പിന്നെ എം.സി.പിയൊക്കെ ഈ കുട്ട്യോളുടെ അടവല്ലേ ഡാലീസേ? ഒക്കെ അമ്മേലൊട്ടിയും മറ്റും ആയിരിക്കും, എന്നിട്ട് അതല്ലാന്ന് കാണിക്കാനുള്ള ഷോ..അത്രന്നേ ;) ഇതൊക്കെ നമുക്ക് അറിഞ്ഞൂടാത്തതാണോ? :)

ഓഫ്:
ബ്ലോഗ് ശരിക്കും പൂട്ടിയത് പെന്‍‌ഗ്വിന്‍ ഇന്ത്യേടെ ഒരു ബുക് ഡീല്‍ വന്നു. അതിനെക്കുറിച്ച് അവരുടെ ഓഫര്‍ സ്വീകരിക്കണോ എന്ന് കന്റമ്പളേറ്റ് ചെയ്തോണ്ടിരിക്കാണ്. അപ്പൊ ബ്ലോഗ് കണ്ടാല്‍ ശരിയാവില്ല എന്ന് തോന്നി. അങ്ങിന്യാണ് സംഭവിച്ചത്... ഉത്തരവാദിത്വമില്ലായ്മ അല്ല, ഇതുപോലെ ഒരു ഓഫര്‍ എനിക്ക് ഗുണം ചെയ്യില്ലേ? എനിക്ക് ഗുണം ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ബ്ലോഗിനേക്കാളും മുഖ്യം :)

ഡാലി said...

പിന്നേയും ലൈഫിനോട് ഫൈറ്റ് ചെയ്യുന്ന (സ്ത്രീ) മാത്രേ സ്ത്രീപക്ഷമാകൂ എന്നൊക്കെ പറഞ്ഞാ എന്താ പറയാ. ലൈഫിനോട് ഫൈറ്റ് ചെയ്യലൊക്കെ ഒരു ക്ലീഷേയല്ലേ ജിഞ്ചര്‍. സിമ്പതി എന്താന്നു ഇനി പഠിക്കണ്ടി വരും. കിനാവ് പറഞ്ഞത് തന്നെയാണോ ഇഞ്ചീ പറയണെ? കണ്‍ഫ്യൂഷന്ന് കണ്‍ഫ്യൂഷന്‍.
ഓഫ്:
ഓ ശരിയാ, ആ പെന്‍ഗ്വിന്‍ ഇന്ത്യാക്കരു ഇന്നാളു ചോദിക്കണ കേട്ടാര്‍ന്നു ഗൂഗ്ലീന്ന് കാശൊക്കെ കിട്ടിയ ഇഞ്ചിമാങ്ങേടെ ബ്ലോഗിന്റെ യു.ആര്‍.എല്‍ എന്താന്നു. അര്‍ദ്ധരാത്രിയ്ക്കു കുടപിടിച്ചാല്‍ ഉപകാരമൊക്കെയുണ്ടല്ലേ. അപ്പൊ നടക്കട്ടെ നടക്കട്ടെ. :)) (സ്മൈലി, സ്മൈലി )

Inji Pennu said...

ഡാലീ
നീ റ്റൂ ബുക്കിഷ് ഡിഫനിഷന്‍ ഓഫ് ആക്റ്റിവിസം കാണുന്നു.
Philosophy Dictionary: activism
The doctrine that action rather than theory is needed at some political juncture; an activist is therefore one who works to make change happen.

ഞാന്‍ കഥ വായിച്ചതും ഇങ്ങിനെയാണ്. അവിടെയാണ് ഞാനും നീയും രണ്ട് തരത്തില്‍ വായിച്ചത്.

ഡാലി said...

ഹോ ഇഞ്ചീ, നിനക്കു മനസ്സിലായില്ല എന്താണു ആ‍ക്റ്റിവിസം എന്നു കരുതിയാണു എന്ന് വച്ചാണ് വിക്കി പകര്‍ത്തിയത്. അതു പുലിവാലായാ?
കന്യാമറിയം കാളിയാകുന്നത് “തീവ്രവാദ“മാണ് എന്നാണുദ്ദേശിച്ചത്. ഫെമിനിസ്റ്റുകള്‍ തീവ്രവാദിയാണു എന്നു പറയുന്നത് പ്രതിലോമകരവും. തലയുയര്‍ത്തി പിടിച്ച് നടക്കുന്നതിലൊക്കെ എന്തു തീവ്രവാദം?ഇത്രെംകുഞ്ഞു അര്‍ത്ഥം ഒക്കെ ഇപ്പോ ആക്റ്റിവിസത്തിണ്ടോ? (തിയറി&)പ്രാക്റ്റീസ് എന്ന അര്‍ത്ഥമേ ഇതിനുള്ളൂ? ഞാനാണൊ നീയാണൊ ബുക്കിഷ് ആയി ചിന്തിക്കണെ? ‘ഭയങ്കര‘ത്തിനെ ഒക്കെ അര്‍ത്ഥം മാറിയ കൂട്ടത്തില്‍ ആക്റ്റിവിസത്തിന്റെ അര്‍ത്ഥം മാറിയെന്നാണു ഞാന്‍ കരുതിയെ.
എന്തായാലും “തീവ്രവാദി“ എന്ന മലയാളപദമാനുദ്ദേശിച്ചേ. (എക്സ്രീമിസ്റ്റ്?)

Inji Pennu said...

ഹ്ഹിഹി! പോയി ചപ്പാത്തിയും ചിക്കനും ഉണ്ടാക്കടീ. കാലത്തെ ഒരുത്തി ഇറങ്ങിക്കോളും പ്രതിലോമകരം എന്ന് പറഞ്ഞ്. അതെന്തുട്ടാ കിസ്സാന്റെ പുതിയ ജാ‍മാ? :)

ഡാലി said...

ങേ! പെന്‍‌ഗ്വിന്‍ ഇന്ത്യയുടെ ഓഫര്‍ കിട്ടിയാല്‍ വട്ടാവുമോ? :)

ചപ്പാത്തിം ചിക്കനും അല്ലിസ്റ്റേ പാസ്തേം സൂപ്പും :) :)

SunilKumar Elamkulam Muthukurussi said...

ഈ പാറഞ്ഞ ഫെമിനിസം എന്താന്ന് കൊറെ കാലായി അന്വേഷിക്ക്ണൂ. അപ്പോഴാ മാതൃഭൂമിയില്‍ പത്മാ മേനോനുമായി ഒരു അഭിമുഖം കണ്ടത്. ബഹുമാനായി. വായിച്ചിരുന്നോ?
സ്നേഹപൂര്‍വ്വം,
-സു-

SunilKumar Elamkulam Muthukurussi said...

kamant follow

ഡാലി said...

സുനിലേട്ടാ, ഞാന്‍ ലേഖനം കണ്ടില്ല. എന്നാല്‍ അതിനെപറ്റി നമത് ഇട്ട പോസ്റ്റ് കണ്ടിരുന്നു. പദ്മ മേനോന്റെ പുതിയ ചിന്തകളല്ല എന്നു പറയട്ടെ. പലപ്പോഴും ഇവിടെയും പറയാന്‍ ശ്രമിച്ചീട്ടുണ്ട്. മൂ‍ന്നാം തലമുറ ഫെമിനിസ്റ്റ് ഈ പാതയിലൂടെ ആണ് മുന്നോട്ട് പോകുന്നത്. സ്ത്രീയുടെ സ്പേസ് അവള്‍ തന്നെ സൃഷ്ടിക്കണമന്നും, പുരുഷനല്ല, പുരുഷമൂല്യങ്ങളാല്‍ നിയന്ത്രിതമായായ സമൂഹമാണു ആ സ്പേസ് നേരിടേണ്ടുന്ന പ്രധാന പ്രതിസന്ധി എന്നും തിരിച്ചറിയുന്നവരാണു ഈ മൂന്നാം തലമുറ ഫെമിനിസ്റ്റുകള്‍.പക്ഷേ ഒന്നാം തലമുറയും രണ്ടാം തലമൂറയും ഉണ്ടാക്കി കൊടൂത്ത ഒരു സ്പേസിലാണു അവര്‍ നില്‍ക്കുന്നതെന്നും ബോധ്യമുണ്ട്.
പുരുഷനെ പോലെ വസ്ത്രം ധരിക്കുന്നതോ? പ്രസവിക്കാതിരിക്കുന്നതോ അല്ല ഫെമിന്‍സം ഇവര്‍ക്കു. പുരുഷ്യമൂല്യങ്ങലില്‍ നിന്ന് സ്വയം മോചിപ്പിക്കലാണു. മാതൃത്വം മറ്റ് സ്ത്രൈണതകള്‍ എന്നിവയെ ഒക്കെ സ്വാംശീകരിച്ചു കൊണ്ട് തന്നെ തങ്ങളുടെ സ്പേസ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ഇവര്‍. നമ്മുടെ ബൂലോകത്ത് തന്നെ സ്ത്രീ എഴുത്ത്കാരെ ശ്രദ്ധിച്ച് നോക്കിക്കോളൂ. സിജി, രേഷ്മ, ഇഞ്ചി, കൊച്ചുത്രേസ്യ. ഇവരുടെ ഒക്കെ പോസ്റ്റുകള്‍ ശ്രദ്ധിച്ചാലറ്രിയാം ബോധപൂര്‍വമായൊരു പെണ്‍സ്ഥലം സൃഷിക്കപ്പെടുന്നുണ്ട് അവരുടെ കഥകളില്‍. ശരീരത്തിലെ ലിബറലാക്കുന്നതിലൂടെ ഫെമിനി‍സം വരുമെന്നത് ഇന്ദുമേനോന്‍‌ന്റെ തലമുറയോടെ തീരും എന്നാണു പ്രതീക്ഷ. ലിംഗഭേദത്തെ കുറിച്ച്, സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍(identical)അല്ല എന്നതു പണ്ട് കല്ലേച്ചീടെ പെണ്ണെഴുത്ത് വനിതലോകത്തില്‍ റീവ്യൂ ഇട്ടപ്പോ എഴുതീരുന്നല്ലോ. വളരെ മുന്‍‌വിധിയോടെ ഫെമിനിസത്തെ നോക്കികാണുന്ന ഒരു സമൂഹമാണു ഇപ്പോള്‍ മലയാളീ. (അതിനു ഒരു പരിധി വരെ ഒന്നും രണ്ടുംതലമുറ ഫെമിനിസ്റ്റ് കാരണക്കാരായിരുന്നു എന്ന് പറയാം. എന്നല്‍ അന്ന് ഒരു സ്പേസ് ക്രിയേറ്റ് ചെയ്യാന്‍ അത് വേണമായിരുന്നു താനും)അതുകൊണ്ട് തന്നെ മൂന്നാം തലമുറയുടെ പതിയെ ഉള്ള, സ്ഥിരമായ ഇടാപ്പെടലുകള്‍ , പദ്മ മേനോനീപോലെയുള്ളവ, അത്യാവശ്യമാണ് എന്നറിഞ്ഞുകൊണ്ടാണ് ഈ ഗ്രൂപ്പ് ബ്ലോഗിന്റെ നിലനില്‍പ്പു തന്നെ. അയ്യടാ ഒരു ഫെമിനിസ്റ്റ്! എന്ന പുച്ഛം ഒരാള്‍ക്കെങ്കിലും ഇല്ലാതാക്കാനായാല്‍ അതൊരു സന്തോഷമാണു.

വിശദമായ ഒരു പോസ്റ്റ് ഇടണം എന്നു കരുതും. പിന്നെ പല കാരണങ്ങളാല്‍ പിന്നേയ്ക്കു വയ്ക്കും.