Monday, July 21, 2008

ലോകഫെമിനിസത്തിന്റെ നാള്‍വഴികളിലൂടെ

ഫെമിനിസം അഥവാ സ്ത്രീവാദം ശക്തിപ്രാപിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌. രാഷ്ട്രീയപരമായും സാമൂഹികപരമായും സ്ത്രീയ്ക്ക്‌ സ്വന്തമായ ഒരിടം കണ്ടെത്തുന്നതിന്‌ ഇന്ന് സാധ്യതകള്‍ ഏറെയുണ്ട്‌ എന്ന് നിസ്സംശയം പറയാനൊക്കും. ഈ സാധ്യതകളെ തനിക്കും തനിക്കു ചുറ്റുമുള്ള കഷ്ടതയനുഭവിക്കുന്ന മറ്റനേകം സ്ത്രീകള്‍ക്കും അനുകൂലമായി ഉപയോഗപ്പെടുത്തി പ്രായോഗികമായ രീതികളിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തുന്നതുവരെ ഒരു സ്ത്രീക്കും വിശ്രമിക്കാന്‍ അവകാശമില്ല എന്ന് ഫെമിനിസത്തിന്റെ ശക്തമായ സ്വരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്‌ ബൗദ്ധികമായ തലങ്ങളില്‍ മാത്രമല്ല കേന്ദ്രീകരിക്കപ്പെടേണ്ടത്‌. സാധ്യമായ എല്ലാ മാധ്യങ്ങളും വഴി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഒരുപോലെ ആരംഭിച്ച്‌ ശക്തമായൊരു മുന്നേറ്റമായി വളരാന്‍ അതിനു കഴിയണം. എങ്കില്‍മാത്രമേ ലിംഗപരമായ അസമത്വങ്ങള്‍ക്കും അതുമൂലം പലവിധത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സ്വാതന്ത്ര്യമില്ലായ്മയ്ക്കും എതിരെ ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കാന്‍ സ്ത്രീക്കു കഴിയൂ. സ്ത്രീവാദം എന്നാല്‍ പുരുഷനെതിരെയുള്ള സമരം എന്നു തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകള്‍ ഇന്നത്തെ സമൂഹത്തിലുമുണ്ട്‌. ഇത്‌ ഒരിക്കലും പുരുഷനെതിരെയുള്ളതല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുരുഷന്‍ ഈ ചിത്രത്തിലേ വരുന്നില്ല. സ്ത്രീകള്‍ക്ക്‌ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അഭിപ്രായ സ്വാതന്ത്ര്യവും സാമൂഹ്യ നീതിയും തുല്യ അളവില്‍ ലഭിക്കുന്ന ഒരു സമൂഹത്തിന്റെ നിര്‍മ്മാണമാണ്‌ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. പുരുഷമൂല്യങ്ങളാല്‍ കെട്ടിയുയര്‍ത്തപ്പെട്ടതും സ്ത്രീക്കെതിരെ നിലനില്‍ക്കുന്നതുമായ സാമൂഹ്യ അനീതികള്‍ക്കെതിരെയുള്ള പോരാട്ടം.

ഫെമിനിസത്തിന്റെ ചരിത്രം തുടങ്ങുന്നത്‌ 19 ാ‍ം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ്‌. അമേരിക്കയിലും യൂറോപ്പിലും മുളപൊട്ടിയ പ്രസ്തുത വീക്ഷണങ്ങള്‍ ഫെമിനിസത്തിന്റെ ആദ്യതരംഗം അഥവാ ഫസ്റ്റ്‌ വേവ്‌ എന്നപേരില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ലോകശ്രദ്ധയാകര്‍ഷിക്കുകയും, പ്രധാനമായും സ്ത്രീകള്‍ക്ക്‌ പുരുഷന്മാര്‍ക്കൊപ്പം തന്നെ വോട്ടവകാശം ലഭിക്കുന്നതിനു വേണ്ടി മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ലിംഗവ്യത്യാസത്തില്‍ മാത്രം കേന്ദ്രീകൃതമായ വോട്ടവകാശ നിയമത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങള്‍ അമേരിക്കയില്‍ ഭരണഘടനയുടെ 19 ാ‍ം അമെന്‍ഡ്‌മന്റ്‌ വഴി ഫലപ്രാപ്തിയിലെത്തി. 1920 ആഗസ്റ്റ്‌ മാസത്തില്‍ അമേരിക്കന്‍ ഭരണഘടന സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പടുത്തുകവഴി ഈ നിയമം പ്രാബല്യത്തില്‍ വന്നു. സ്ത്രീസമരങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ വിജയം. അമേരിക്കയില്‍ ഈ സമരം നടക്കുന്ന കാലയളവില്‍ യൂറോപ്പിലും സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 1865 ഇല്‍ ജെര്‍മനിയില്‍ 'ജെനറല്‍ ജെര്‍മന്‍ വിമന്‍സ്‌ അസോസിയേഷന്‍', 1866 ല്‍ ഫ്രാന്‍സില്‍ 'സൊസൈറ്റി ഫോര്‍ ദ ഡിമാന്‍ഡ്‌ ഫോര്‍ വിമന്‍സ്‌ റൈറ്റ്‌സ്‌', 1867 ല്‍ ബ്രിട്ടനില്‍ സ്ത്രീകളുടെ വോട്ടവകാശ സമരങ്ങള്‍, സ്വീഡനില്‍ 1873 ല്‍ 'അസോസിയേഷന്‍ ഓഫ്‌ മാരീഡ്‌ വിമന്‍സ്‌ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്‌' എന്നിങ്ങനെ പല സംഘടകളും സമരങ്ങളും അക്കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌. ഇതേ സമയം തന്നെ ഇന്‍ഡ്യയിലും ചൈനയിലും കൂടാതെ പലസ്തീന്‍ അര്‍ജെന്റീന എന്നിവങ്ങളിലും സ്ത്രീവാദത്തിന്റെ പല സംഘടനകളും നിലവില്‍ വന്നിരുന്നു. ഇതിന്റെയെല്ലാം ശ്രമഫലമായി 1888 ഇല്‍ സ്ത്രീകളുടെ അന്താരാഷ്ട്ര കൗണ്‍സിലും രൂപീകൃതമായി. ഫെമിനിസത്തിന്റെ ആദ്യതരംഗം വിവിധ രാജ്യങ്ങളില്‍ സ്ത്രീ സംഘടനകള്‍ക്ക്‌ രൂപം നല്‍കിയെങ്കില്‍ക്കൂടി അവയ്ക്ക്‌ ഘടനാപരമായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഓരോ രാജ്യങ്ങളിലെയും രാഷ്ട്രീയവും സാമൂഹികവുമായ വ്യത്യാസങ്ങള്‍ അതാത്‌ സ്ഥലങ്ങളിലെ സ്ത്രീ സംഘടനകളിലും പ്രകടമായി എന്നു മാത്രം. സമൂഹത്തിലെ മധ്യവര്‍ഗക്കാരായ സ്ത്രീകളാണ്‌ അധികവും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നത്‌. തൊഴിലാളികളായ സ്ത്രീകളാവട്ടെ തൊഴിലുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന സംഘടനകളില്‍ അവകാശങ്ങള്‍ക്കുവേണ്ടി സജീവമാകുകയും ചെയ്തു. യൂറോപ്പിലെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളും ബൗദ്ധികതലത്തിലും സാഹിത്യ മേഖലയിലും പ്രചരിക്കപ്പെട്ട ധാരാളം പുസ്തകങ്ങളും സ്ത്രീകളുടെ സംഘടിതമായ മുന്നേറ്റങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നു. സ്ത്രീവാദത്തിന്റെ ആദ്യതരംഗത്തിലെ പ്രധാനികളില്‍ ചിലര്‍, യൂറോപ്പില്‍ ക്ലാര സെത്‌കിന്‍, എലിസബത്‌ ആള്‍ട്‌മന്‍ (ജെര്‍മനി), വെര്‍ജീനിയ വൂള്‍ഫ്‌, ബാര്‍ബറ ലെയ്‌ സ്മിത്‌, മേരി ആസ്റ്റല്‍ (ഇംഗ്ലണ്ട്‌), സിമണ്‍ ദെ ബൂവ, ഹ്യൂബെര്‍ടൈന്‍ ഓക്ലെര്‍ട്ട്‌ (ഫ്രാന്‍സ്‌), മരിയ കൊണ്‍സ്റ്റാന്റിനൊവ്‌ ന (യുക്രെയിന്‍), ലൂസി സ്റ്റോണ്‍, സൂസന്‍ ബി ആന്തണി, ലോറ ജെയ്‌ന്‍ ആഡംസ്‌, റേച്ചല്‍ ഫോസ്റ്റര്‍ എന്നിവരാണ്‌.


ഇതിനു തുടര്‍ച്ചയായി 1960 മുതല്‍ ഫെമിനിസത്തിന്റെ രണ്ടാം തരംഗം (സെകന്‍ഡ്‌ വേവ്‌) ആരംഭിച്ചു. ഒന്നാം തരംഗം വോട്ടവകാശം, സ്ത്രീകളുടെ സ്വത്തവകാശം എന്നിവയ്ക്കാണ്‌ മുന്തൂക്കം നല്‍കിയിരുന്നതെങ്കില്‍, രണ്ടാം തരംഗം രാഷ്ട്രീയവും സാംസ്കാരികവുമായ എല്ലാ വിവേചനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുകയും അതേസമയം സ്ത്രീകളുടെ സാമ്പത്തികമായ ഭദ്രതയ്ക്ക്‌ ഊന്നല്‍ കൊടുത്തുകൊണ്ട്‌ തൊഴിലിന്റെയും തദ്വാര വരുമാനത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കൂടുതല്‍ സ്ത്രീകള്‍ പഠനത്തിനും തൊഴിലിനും പ്രാധാന്യം കൊടുക്കുകയും വീട്ടുജോലികളില്‍ ഒതുങ്ങിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നുവരികയുമുണ്ടായി. പുരുഷനുമായുള്ള ലിംഗഭേദത്തിനു പ്രാധാന്യം നല്‍കി ആ വ്യത്യസ്തതയെ അംഗീകരിച്ചുകൊണ്ട്‌ സ്വാശ്രയത്തിലൂന്നിയ ഒരു നവോത്ഥാനത്തിനു രണ്ടാംതരംഗം സാക്ഷ്യം വഹിച്ചു. അമേരിക്കയില്‍ ബെറ്റി ഫ്രീഡന്റെ 'ദ ഫെമിനൈന്‍ മിസ്റ്റിക്‌' (1963) എന്ന പുസ്തകത്തിനു അവിടുത്തെ വീട്ടമാര്‍ക്കിടയില്‍ ലഭിച്ച വന്‍ പ്രചാരം രണ്ടാം തരംഗത്തെ വളരെയധികം സഹായിച്ചു എന്നതില്‍ സംശയമില്ല. കോളജ്‌ വിദ്യാര്‍ത്ഥിനിയായിരിക്കെ ബെറ്റി ഫ്രീഡന്‍ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും വളരെ ചെറുപ്പത്തിലേ വിവാഹബന്ധത്തിലേര്‍പ്പെട്ടതില്‍ അത്യന്തം ഖേദിക്കുന്നവരും സാമ്പത്തികമായി കുടുംബത്തില്‍ വളരെ അസംതൃപ്തരുമായിരുന്നു. തൊഴില്‍ മേഖലകളിലേക്ക്‌ കടന്നുവന്ന് സ്വന്തമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കുന്നതിനും സ്ത്രീയെന്ന അവസ്ഥയില്‍ അഭിമാനം കൊള്ളാനും ധാരാളം അമേരിക്കന്‍ വീട്ടമ്മമാരെ 'ദ ഫെമിനൈന്‍ മിസ്റ്റിക്‌' പ്രേരിപ്പിച്ചിട്ടുണ്ട്‌ എന്നത്‌ ഒട്ടും അതിശയോക്തിയല്ല. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമന്‍ സ്ഥാപിതമായതും രണ്ടാം തരംഗത്തിന്റെ ഒരു പ്രധാന സംഭാവനയായി കരുതാം. അമേരിക്കയിലെ നിലവിലുള്ള ഏറ്റവും വലിയ സ്ത്രീ സംഘടനയാണത്‌. 60 കളുടെ അവസാനത്തോടെ വിഖ്യാതമായ 'ബ്രാ ഉപേക്ഷിക്കല്‍' സമരങ്ങള്‍ക്കും അമേരിക്ക വേദിയായി. സ്ത്രീയെ കേവലമൊരു ലൈംഗിക ഉപഭോഗവസ്തുവായി കാണുന്നതിനെതിരെ ശക്തിയായി പ്രതികരിച്ച അമേരിക്കന്‍ സ്ത്രീത്വം അറ്റ്‌ലാന്റിക്‌ സിറ്റിയില്‍ അരങ്ങേറിയ മിസ്‌ അമേരിക്ക മത്സരത്തിനെതിരെ, സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടാനുപയോഗിക്കുന്ന ബ്രായുള്‍പ്പെടെയുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ (ഹൈഹീല്‍ഡ്‌ ചെരിപ്പുകള്‍, കൃത്രിമ കണ്‍പീലികള്‍, തലമുടി ചുരുട്ടാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, മെയ്ക്‌ അപ്‌ സെറ്റുകള്‍, ഹെയര്‍ സ്പ്രെ) ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചുകൊണ്ട്‌ പ്രതീകാത്മകമായ ഒരു സമരം നടത്തുകയായിരുന്നു. ഈ പ്രവൃത്തിക്ക്‌ അനുകൂലമായി ധാരാളം പത്രങ്ങളും മറ്റും രംഗത്തു വരികയും വളരെയധികം ചര്‍ച്ചകള്‍ക്ക്‌ തുടക്കമിടുകയും ചെയ്തു. എന്നാല്‍ ആന്റി ഫെമിനിസ്റ്റുകള്‍ ഈ സംഭവത്തെ നിസ്സാരമായിക്കണ്ട്‌ 'ബ്രാ കത്തിക്കല്‍' , 'ബ്രാ ലെസ്സ്‌' എന്നപ്രയോഗങ്ങളിലൂടെ അതിന്റെ പ്രശസ്തിയെ പരമാവധി ചൂഷണം ചെയ്യുകയാണുണ്ടായത്‌.

ഇതിനെത്തുടര്‍ന്ന് 1990 കളില്‍ സ്ത്രീവാദത്തിന്റെ മൂന്നാം തരംഗം ആരംഭിക്കുകയും രണ്ടാം തരംഗത്തില്‍ നിന്നു ഭിന്നമായി അത്‌ സ്ത്രീത്വത്തിന്റെ അതുവരെ നിലനിന്നിരുന്ന നിര്‍വചനങ്ങള്‍ക്കതീതമായി സ്വതന്തന്ത്രമായ ഒരു കാഴ്ചപ്പാട്‌ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ശ്രദ്ധേയമായൊരു തുടക്കമായിരുന്നു 91 ല്‍ പ്രകാശിതമായ 'ബാക്‌ ലാഷ്‌: ദ അണ്‍ ഡിക്ലയേര്‍ഡ്‌ വാര്‍ എഗൈന്‍സ്റ്റ്‌ അമേരിക്കന്‍ വിമെന്‍' എന്ന, സൂസന്‍ ഫലൂദി എഴുതിയ പുസ്തകം. 70 കളിലെ സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായി യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ മാധ്യമങ്ങള്‍ നടത്തിയ കടന്നുകയറ്റത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്‌ ഈ പുസ്തകം. അതുപോലെതന്നെ സംഘടിതമായ മുന്നേറ്റങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്ത അവകാശങ്ങളെ വിലകുറച്ചുകാണിക്കുന്ന പ്രവണതകള്‍ക്കെതിരെ ഫലൂദിയുടെ ശക്തമായ പ്രതികരണങ്ങളും ഇതിലുണ്ട്‌. രണ്ടാം തരംഗത്തിന്റെ പ്രധാന പോരായ്‌മകളിലൊന്നായി കണക്കാക്കപ്പെടുന്ന മധ്യവര്‍ഗ വെള്ളക്കാരികളുടെ അധീശത്വം പൊളിച്ചടുക്കിക്കൊണ്ടാണ്‌ മൂന്നാം തരംഗം ആരംഭിക്കുന്നതുതന്നെ. എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കൂടുതല്‍ വൈയക്തികമായ ഇടപെടലുകള്‍ സാധ്യമാക്കുന്ന ഒന്നാണിത്‌. നിറത്തിന്റെയും ലിംഗഭേദങ്ങളുടെയും എല്ലാ ചട്ടക്കൂടുകളും തിരുത്തിക്കൊണ്ട്‌ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ കൂടി ഇതിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നത്‌ ഇതിന്റെ നേട്ടമാണ്‌. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, സെക്‍സ്‌ വര്‍ക്കേര്‍സ്‌, പോപ്‌ ഗായകര്‍, ആര്‍ട്ടിസ്റ്റുകള്‍, എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ള സ്ത്രീകളുടെ പങ്കാളിത്തം മൂന്നാം തരംഗം സ്വാഗതം ചെയ്യുന്നു. ഒപ്പംതന്നെ രണ്ടാം തരംഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെമിനിസ്റ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ചര്‍ച്ചകളും മൂന്നാംതരംഗത്തിന്റെ മുതല്‍ക്കൂട്ടാണ്‌. ഒരു സംഘടനയിലും അംഗമാകാതെ ഒറ്റയ്ക്ക്‌ സാമൂഹികമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ധാരാളം പേരെയും ഈ അവസരത്തില്‍ ഓര്‍മ്മിക്കാതെവയ്യ. സ്ത്രീസാഹിത്യത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്‌ ഈ ഘട്ടത്തിലാണ്‌. കഥകളിലൂടെയും കവിതകളിലൂടെയും മാധ്യമങ്ങള്‍ വഴി അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പൊഴും ഈ സന്ദേശങ്ങള്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരുകയും പ്രതികരണങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഓരോ സ്ത്രീയ്ക്കും സമൂഹത്തില്‍ തനതായ വ്യക്തിത്വം സൃഷ്ടിച്ചെടുക്കാനും പ്രവര്‍ത്തനമണ്ഡലങ്ങള്‍ വിപുലീകരിക്കാനും മൂന്നാംതരംഗം ശ്രമിയ്ക്കുന്നു. കൂടാതെ ടെലിവിഷന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും നീതിനിഷേധവുമെല്ലാം ലോകത്തിനുമുന്നില്‍ കൊണ്ടുവരാനും തേര്‍ഡ്‌ വേവ്‌ ആക്റ്റിവിസ്റ്റുകള്‍ മുന്നിട്ടിറങ്ങുന്നു. എന്നുമാത്രമല്ല സ്ത്രീ ലൈംഗികതയെ അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകരിക്കുന്നതിനും തേര്‍ഡ്‌ വേവ്‌ മടിക്കുന്നില്ല.

ആഗോളമായ ഒരു വീക്ഷണകോണിലൂടെ നോക്കിയാല്‍ ലോകമെമ്പാടും ഫെമിനിസത്തിന്റെ സാന്നിദ്ധ്യം പ്രകടമാണെങ്കിലും ദേശഭേദമനുസരിച്ച്‌ ഇതിന്റെ ലക്ഷ്യങ്ങളും സമരരീതികളും വിഭിന്നമാണ്‌. ഓരോ രാജ്യത്തിന്റെയും ഭരണഘടനയുടെ വ്യത്യസ്തത തന്നെയാണ്‌ ഇതിനു കാരണവും. ഏകീകൃതമായൊരു ഘടനയോ പ്രവര്‍ത്തനങ്ങളോ ഇല്ലാതിരുന്നിട്ടുകൂടി ഇത്രമേല്‍ പ്രചാരം കൈവരിക്കാന്‍ കഴിഞ്ഞത്‌ തീര്‍ച്ചയയും അഭിനന്ദനാര്‍ഹമണ്‌. ഫെമിനിസത്തിന്റെ വിവിധ രീതികള്‍ നിലനില്‍ക്കുന്നുണ്ട്‌. ആദ്യമേ പറഞ്ഞതുപോലെ പല സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തെടുക്കപ്പെട്ടവ. ഇതില്‍ പ്രധാനം റാഡിയ്ക്കല്‍ , ലിബറല്‍, മാര്‍ക്‍സിസ്റ്റ്‌, അനാര്‍കിസ്റ്റ്‌, ബ്ലാക്‌ ഫെമിനിസം എന്നിവയാണ്‌.

റാഡിയ്ക്കല്‍ ഫെമിനിസ്റ്റുകള്‍ എതിര്‍ത്തിരുന്നത്‌ കുടുംബത്തിലും സമൂഹത്തിലുമുള്ള പുരുഷ കേന്ദ്രീകൃതമായ നിയമങ്ങളെയും അധികാരത്തെയുമാണ്‌. സ്ത്രീയെ രണ്ടാംകിട സ്ഥാനത്തുനിര്‍ത്തി 'ഭരിക്കപ്പെടുന്നവള്‍' എന്ന അവസ്ഥ അവസാനിപ്പിക്കുന്നതിന്‌ റാഡിയ്ക്കല്‍ ഫെമിനിസ്റ്റുകള്‍ മുന്നിട്ടിറങ്ങി. ശാരീരികമായി ഉപദ്രവിച്ചും സാമൂഹ്യ നീതി നിഷേധിച്ചും സ്ത്രീയ്ക്കുമേല്‍ ആധിപത്യം ഉറപ്പിക്കുന്ന പ്രവണതകള്‍ ഇല്ലായ്മ ചെയ്യുന്നതിന്‌ സമൂഹത്തിന്റെ ഒരു പുനര്‍നിര്‍മ്മാണമാണ്‌ അവര്‍ നിര്‍ദ്ദേശിച്ചത്‌. അമേരിക്കയിലും ബ്രിട്ടനിലും ആസ്ട്രേലിയയിലും റാഡിയ്ക്കല്‍ ഫെമിനിസം ശക്തമായി വേരോടിയിരുന്നു. ഇതില്‍നിന്നും ഭിന്നമായി ലിബറല്‍ ഫെമിനിസം സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളുള്ള ഒരു സമൂഹമാണ്‌ വിഭാവനം ചെയ്തത്‌. അവിടെ വ്യക്തികള്‍ക്കാണ്‌ പ്രാധാന്യം. സ്വന്തം കഴിവുതെളിയിക്കാനുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കപ്പെടുന്നു. സ്ത്രീകളുടെ ഉയര്‍ച്ചയ്ക്ക്‌ ഏറ്റവും നല്ല രീതി, ഇങ്ങനെ ലഭ്യമാകുന്ന അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയെന്ന് അവര്‍ പ്രചരിപ്പിക്കുകയുണ്ടായി. ഒരേ ജോലിയില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീയ്ക്കും ലഭിക്കുന്ന വേതനവും ഒരുപോലെയായിരിക്കണമെന്ന ലളിതമായ തത്വം. ഇത്തരം ഒരു അവസ്ഥയ്ക്കെതിരായുള്ള രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഫലവത്താകുകയും ചെയ്തു. ലിബറല്‍ ഫെമിനിസ്റ്റുകളില്‍ പ്രധാനമായും ബെറ്റി ഫ്രീഡന്‍, ഗ്ലോറിയ സ്റ്റീനം, റെബേക്ക വാക്കര്‍, നയോമി വൂള്‍ഫ്‌ തുടങ്ങി ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും പ്രവര്‍ത്തിച്ചിരുന്നവര്‍ അംഗങ്ങളായിട്ടുണ്ട്‌.

മാര്‍ക്സിസ്റ്റ്‌ ഫെമിനിസം പ്രധാനമായും സമൂഹത്തിലെ വര്‍ഗ്ഗവല്‍ക്കരണത്തിനും ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ നിലകൊള്ളുന്നു. കമ്മ്യൂണിസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ആശയങ്ങളില്‍ അധിഷ്ഠിതം. വ്യക്തികളെ പ്രധാനമായും സ്വാധീനിക്കുന്നത്‌ അവര്‍ നിവസിക്കുന്ന സമൂഹത്തിന്റെ സ്വഭാവമാണെന്നിരിക്കെ, മുതലാളിത്ത വ്യവസ്ഥിതിയുടെ ഉന്മൂലനമാണ്‌ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അനാര്‍ക്കിസ്റ്റുകള്‍ സ്റ്റേറ്റിന്റെ അധികാരപര്‍വ്വങ്ങള്‍ക്കെതിരെയാണ്‌ ഒറ്റയ്ക്കും കൂട്ടായും സമരം ചെയ്യുന്നത്‌. 19 ാ‍ം നൂറ്റാണ്ടിന്റെ ഒടുവിലും 20 ാ‍ം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി രൂപംകൊണ്ട പ്രസ്തുത അനാര്‍ക്കിസ്റ്റ്‌ സ്ത്രീവാദത്തിന്റെ പ്രധാനികള്‍ എമ്മ ഗോള്‍ഡ്‌മാന്‍, ലൂസി പാര്‍സണ്‍സ്‌ എന്നിവരായിരുന്നു. കുടുംബം, വിദ്യാഭ്യാസം, സ്ത്രീക്കും പുരുഷനും സമൂഹത്തിലുള്ള സ്ഥാനങ്ങള്‍ എന്നിവയിലെ പരമ്പരാഗതമായ രീതികള്‍ക്കെതിരെ അനാര്‍ക്കിസ്റ്റുകള്‍ പ്രതികരിക്കുന്നു.

അമേരിക്കയില്‍ 1960 കളില്‍ ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തില്‍ പങ്കെടുത്തിരുന്ന കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക്‌ മധ്യവര്‍ഗ്ഗ സമൂഹത്തിലെ വെള്ളക്കാരായ സ്ത്രീകളില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന വംശീയമായ വിവേചനത്തിന്റെ അഥവാ റേഷ്യല്‍ ഡിസ്ക്രിമിനേഷനെതിരെ രൂപംകൊണ്ടതാണ്‌ ബ്ലാക്ക്‌ ഫെമിനിസം. അന്നത്തെ മീറ്റിംഗുകളിലും സ്റ്റഡിക്ലാസുകളിലും കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. ആഗോളതലത്തില്‍ അവതരിക്കപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങള്‍ മുഴുവനും വെള്ളക്കാരായ സ്ത്രീകളുടേതു മാത്രമായിച്ചുരുങ്ങി. കറുത്തവംശജരാകട്ടെ വംശീയതയുടേയും ലിംഗഭേദത്തിന്റെയും ചൂഷണങ്ങള്‍ ഒരേസമയം അനുഭവിച്ച്‌ ഏറ്റവും കഷ്ടപ്പെടുന്ന അവസ്ഥയിലുമായിരുന്നു. ഇതേത്തുടര്‍ന്ന് 73 ഇല്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി ആദ്യമായി കറുത്തവംശജരായ സ്ത്രീകളുടെ സംഘടന നിലവില്‍ വരികയും പിന്നീട്‌ പലസ്റ്റേറ്റുകളിലേക്കും ഇതു വ്യാപിക്കുകയും ചെയ്തു. ഏന്‍ജല ഡേവിസ്‌ ഇതിന്റെ ശക്തയായ വക്താവാണ്‌.

പ്രകൃതിവാദവും ഫെമിനിസവും തമ്മിലുള്ള ഐക്യം ഇക്കോഫെമിനിസ്റ്റുകള്‍ വിഭാവനം ചെയ്യുന്നു. പ്രകൃതിയ്ക്കും സ്ത്രീയ്ക്കും മേലെയുള്ള പുരുഷന്റെ ആധിപത്യത്തിനെതിരെയാണ്‌ ഇത്‌ നിലകൊള്ളുന്നത്‌. പ്രകൃതിയെ സ്ഥാപിത താത്പര്യങ്ങള്‍ക്കനുസരിച്ച്‌ നശിപ്പിക്കുന്നതു തടയുന്നതിന്‌ ഇക്കോഫെമിനിസം ആഹ്വാനം ചെയ്യുന്നു. ഇന്‍ഡ്യയില്‍ വന്ദന ശിവ അറിയപ്പെടുന്നൊരു ഇക്കൊ ഫെമിനിസ്റ്റാണ്‌.

പാശ്ചാത്യരുടേതില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു ഇന്‍ഡ്യയിലെ സ്ത്രീകളുടെ സ്ഥിതി. ബാല്യവിവാഹം, സതി അനുഷ്ഠാനം, സ്ത്രീധനം തുടങ്ങി വളരെയധികം പ്രശ്നങ്ങള്‍ക്ക്‌ ഇന്‍ഡ്യന്‍ സ്ത്രീത്വം ഇരയായിട്ടുണ്ട്‌. സ്ത്രീധനത്തിന്റെ പേരില്‍ ഇപ്പോഴും ധാരാളം ചൂഷണങ്ങള്‍ നടക്കുന്നുമുണ്ട്‌. എങ്കിലും ഫെമിനിസത്തിന്റെ പുതിയതരംഗം ഇവിടെയും അതിന്റേതായ എല്ലാ അര്‍ത്ഥങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുകഴിഞ്ഞു. മേധാ പട്‌കര്‍, ബ്രിന്ദാ കാരാട്ട്‌, കിരണ്‍ ബേദി എന്നിവരെല്ലാം തന്നെ ഇന്‍ഡ്യന്‍ സ്ത്രീത്വത്തിന്‌ മാതൃകയാവുന്നു. സാഹിത്യ രംഗത്ത്‌ കരുത്തു തെളിയിച്ച അമൃതാ പ്രീതം, സരോജിനി സാഹൂ, കുസും അന്‍സാല്‍, അരുന്ധതി റോയ്‌ എന്നിവരൊക്കെ എഴുത്തിലൂടെ സ്ത്രീവാദത്തിന്റെ കരുത്തു തെളിയിച്ചവരാണ്‌.കേരളത്തിലും സജീവമായ ഫെമിനിസ്റ്റു ഗ്രൂപ്പുകളുണ്ട്‌. എഴുത്തുകാരടക്കം ധാരാളം പേര്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അത്‌ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിനും മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ തിരുവിതാംകൂറില്‍ നടന്ന മേല്‍മുണ്ടുസമരങ്ങള്‍ മുതല്‍ സമീപകാലത്ത്‌ ലൈംഗികചൂഷണങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ വരെയുണ്ട്‌. രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കുന്ന ധാരാളം സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനു സഹായിക്കുന്നു. സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലുമുള്ള തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും അതില്ലാതെ വരുന്ന അവസരത്തില്‍ സ്ത്രീകളുടെ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക്‌ ആവശ്യമായ സഹകരണം നല്‍കുകയും ചെയ്യുന്ന ധാരാളം പ്രവര്‍ത്തകരുണ്ട്‌. കുടുംബത്തിലും തൊഴില്‍ രംഗത്തും പൊതുരംഗത്തും സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ തടസ്സങ്ങളെയും പൂര്‍ണ്ണമായും അതിജീവിച്ചുകൊണ്ട്‌ മുന്നേറാന്‍ സ്ത്രീയ്ക്ക്‌ സമീപഭാവിയില്‍ സാധ്യമാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്‌ ഫെമിനിസത്തിന്റെ മൂന്നാം തരംഗത്തിനു ആവേശപൂര്‍വ്വം പിന്തുണ നല്‍കാം.

Thursday, July 10, 2008

ഡീക്കണും കുട്ടികളും കുറേ വ്യാകുലതകളും

മലയാള പുസ്തകത്തില് ചുംബന വിവാദമാരോപിച്ചു കൊണ്ടുള്ള ഡീക്കന്റെ പോസ്റ്റ് ഇവിടെ വായിക്കൂ.
ഈ പോസ്റ്റ് നമ്മുടെ കുട്ടികളുടെ സാമൂഹ്യ സുരക്ഷിതത്വത്തെപ്പറ്റി ഗൗരവത്തോടെ ചിന്തിക്കുവാന് പ്രേരിപ്പിക്കുന്നു. മനോശാരീരിക വൈകലയമുള്ള ഒരു ആണ്കുട്ടിയ ഒരു പെണ്കുട്ടി ചുംബിച്ചു എന്നതാണ് ഡീക്കണ് വലിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചിരിക്കുന്നത്. കരയുന്ന ഒരു കുട്ടിയെ സമാശ്വസിപ്പിച്ച് അവനു ആത്മവിശ്വാസം നല്കി മുന്നോട്ട് നടത്തുന്നതിലെ മാനുഷികവശം കാണാതെ അതിനെ അശ്ളീലമായി ചിത്രീകരിക്കുന്നവരുടെ ഈ സമൂഹത്തില് നമ്മുടെ കുട്ടികള് സുരക്ഷിതരാണോ? ഒരു മത്സരത്തില് കൂടെ മത്സരിക്കുന്നവന് പിന്നില് വീണ് കിടന്നു കരയുംപോള് തനിക്കു ജയിക്കണമെന്ന ബോധം മറന്ന് അവനെ സഹായിക്കാനുള്ള നിഷ്കളങ്കത് കുട്ടികള്ക്കേ ഉണ്ടാവൂ. ആ നിഷ്കളങ്കതയെ ചവിട്ടിയരക്കുകയാണ് ഈ ഭാവി പുരോഹിത്നെപ്പോലുള്ളവര് ചെയ്യുന്നത്. നാലാം ക്ലാസ്സുകാരിയായ ഒരു പെണ്കുഞ്ഞിനെ കഴിഞ്ഞ ദിവസം ബലാത്സംഗശ്രമത്തിനിടയില് കൊന്ന കാര്യവും കൂടി ഇതോടൊപ്പം ചേര്ത്തു വായിച്ചാലേ ചിത്രം പൂര്ണ്ണമാവൂ. പൂവ് പോലെ വിശുദ്ധയായ ആ കുഞ്ഞിന്റെ ചിത്രത്തില് ഞാന് നമ്മുടെയെല്ലാവരുടെയും കുഞ്ഞുങ്ങളുടെ മുഖങ്ങള് കാണുന്നു. കുട്ടികളുടെ നിഷ്കളങ്കത്യെ പിച്ചിച്ചീന്താനും അതിനെ ഭോഗതത്പരതയോടു കൂടി അവതരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളെ നമ്മള് എതിര്ക്കണ്ടേ? പ്രതികരിക്കൂ...