Monday, August 20, 2007

പെണ്ണെഴുത്ത് -ഒരു പുരുഷവീക്ഷണം

സ്ത്രീയെ സംബന്ധിക്കുന്ന വിഷയങ്ങളിലും, സമകാലീന രാഷ്ട്രീയത്തിലും തന്റെ ശക്തമായ ഇടപെടലുകള്‍ എഴുത്തിലൂടെ നടത്തുന്ന ബ്ലോഗനാണു കല്ലേച്ചി. കല്ലേച്ചിയുടെ ഫെമിനിസത്തിന് ഉപോല്‍‌ബലകമാകുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കുറവു കൊണ്ടാണ് ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ മാത്രം പ്രതിസ്ഥാനത്തായി പോകുന്നത്‌ എന്ന വീക്ഷണമാണ്. കല്ലേച്ചിയുടെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി തുടങ്ങിയ പോസ്റ്റുകളോട് ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല എന്ന കഥ സ്ത്രീപക്ഷപരമായി വായിക്കപ്പെടേണ്ടത് തന്നെയാണ്. കല്ലേച്ചിയുടെ ശ്രദ്ധേയമായ രണ്ട് സ്ത്രീപക്ഷ രചനകള്‍ ആണ് പെണ്ണെഴുത്തുകള്‍ ഒന്നും രണ്ടും. ആമുഖ പോസ്റ്റില്‍ സ്ത്രീപക്ഷരചനകളും പെണ്ണെഴുത്തും തമ്മില്‍ ഒരു തെറ്റിദ്ധാരണ വായനക്കാര്‍ക്കുണ്ടായോ എന്ന സംശയത്തില്‍ എന്താണ് പെണ്ണെഴുത്ത്, എന്താണ് പ്രത്സാഹിപ്പിക്കപ്പെടെണ്ട സ്ത്രീസ്വാതന്ത്ര്യം എന്നെല്ലാം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്ന കല്ലേച്ചിയുടെ പോസ്റ്റുകള്‍ പരിചയപ്പെടുത്താമെന്ന് കരുതുന്നു ഇത്തവണ.

സ്ത്രീപക്ഷരാഷ്ട്രീയം പോലെ തന്നെ സ്ത്രീപക്ഷ രചനകളും സ്ത്രീപക്ഷത്തിനു വേണ്ടിയുള്ള ആണിന്റേയും പെണ്ണിന്റേയും ഒച്ചപ്പെടലിന്റെ രചനകള്‍ എന്നാണെന്നിരിക്കെ, പെണ്ണെഴുത്തുകള്‍ സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നവയാണ്. മലയാള സാഹിത്യത്തില്‍ വലിയൊരോളം ഉണ്ടാക്കിയ ഒന്നാണ് പെണ്ണെഴുത്ത്. മലയാള സാഹിത്യത്തില്‍ ആണ്‍-പെണ്‍ ധ്രുവീകരണത്തിനു വഴിത്തെളിച്ചു എന്നതാണ് പെണ്ണെഴുത്തിനെ കുറിച്ചുള്ള ഏറ്റവും വലിയ ആരോപണം. പെണ്ണെഴുത്ത് എന്നത് ഒരു സംവരണ ലേബല്‍ പോലെ ഉപയോഗിക്കുക വഴി സ്ത്രീയുടെ യഥാര്‍ത്ഥ കഴിവുകളെ മാറ്റുരച്ചു നോക്കാന്‍ അവള്‍ക്ക് അവസരം കിട്ടുന്നില്ല എന്നു തുടങ്ങി യുക്തി ഭദ്രമായതും കണക്കിലെടുക്കപ്പെടേണ്ടതുമായ ഒട്ടനവധി എതിര്‍പ്പുകള്‍ ഇക്കഴിഞ്ഞ കാലയളവില്‍ പെണ്ണെഴുത്ത് അഭിമുഖീകരിക്കേണ്ടി വന്നീട്ടുണ്ട്. എന്നാല്‍ പെണ്ണെഴുത്ത് എന്തെന്ന് മനസ്സിലാക്കുന്നതില്‍ ഒരു ഉള്‍ത്തുറവ് കാണിക്കാന്‍ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണ് ഇത്തരം എതിര്‍പ്പുകളുടെ ഹേതുവെന്ന് കല്ലേച്ചിയുടെ ഈ രണ്ട് ലേഖനങ്ങള്‍ വ്യക്തമാക്കുന്നു.

“പെണ്ണെഴുത്ത് എന്നത്‌ പെണ്ണുങ്ങള്‍ എഴുതുന്നതു തന്നെയാണ്‌. അത്‌ പുരുഷന്മാര്‍ക്ക്‌ എഴുതാന്‍ പറ്റാത്തതുമാണ്‌.“ എന്ന് വ്യക്തമാക്കുന്ന കല്ലേച്ചി, പെണ്ണെഴുത്ത് എന്നത് ഫെമിനിസം എന്ന സ്ത്രീപക്ഷ രാഷ്ട്രീയം അഥവാ സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയേ ചര്‍ച്ച ചെയ്യാനാവൂ എന്നും നിരീക്ഷിക്കുന്നു. ഫെമിനിസം എന്ന സ്ത്രീപക്ഷ രാഷ്ട്രീയം സ്ത്രീകളുടെ മാത്രം രാഷ്ട്രീയം എന്ന് അടിച്ചേല്‍പ്പിച്ച് പരിഹസിക്കുന്നതിനെതിരെയുള്ള പുരുഷസ്വരമാണ് കല്ലേച്ചിയുടെ ചില പോസ്റ്റുകളെങ്കിലും. സ്ത്രീദുര്‍ബലതയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉയരുന്ന ഒരോ ഒച്ചപ്പെടലും അത് പുരുഷനില്‍ നിന്നായാലും സ്ത്രീയില്‍ നിന്നായാലും ഫെമിനിസമാണ്. പെണ്ണെഴുത്ത് എന്ന പോസ്റ്റില്‍ ഫെമിനസത്തിന്റെ തെറ്റായ രീതികളെ ചൂണ്ടി കാണിക്കുകയും ഒപ്പം ശരിയുടെ മാര്‍ഗ്ഗം എന്തെന്ന് പറയാനുള്ള ആര്‍ജ്ജവവും കല്ലേച്ചി കാണിക്കുന്നു.

“മൂന്നാമത്തേതും ശരിയായതും എന്നാല്‍ വളരെ നേര്‍ത്തതുമായ ധാരയായി യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത്‌ സ്ത്രീ എന്ന മനുഷ്യദ്വയത്തെ തിരിച്ചറിയുകയും തുല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്‌. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ആത്യന്തികമായുണ്ടാകേണ്ടതു മനുഷ്യന്റെ പൊതുഭാഷയാണെന്ന്‌.“


സ്ത്രീപുരുഷ വര്‍ഗ്ഗീകരണം എന്നത് പ്രകൃത്യാ തന്നെ നിശ്ചയിക്കപ്പെട്ടീട്ടുള്ള വര്‍ഗ്ഗീകരണം ആണ്. മനുഷ്യനാല്‍ നിര്‍മ്മിതമായ മറ്റ് വര്‍ഗ്ഗീകരണങ്ങളെ പോലെ, ഉദാഹരണമായി അടിമ, ഉടമ, അവര്‍ണ്ണന്‍, സവര്‍ണ്ണന്‍, വേണമെന്ന് വച്ചാല്‍ മാറ്റിയെടുക്കാനാവുന്നതല്ല സ്ത്രീപുരുഷ വര്‍ഗ്ഗീകരണം. ഒന്നിനെ മറ്റൊന്നില്‍ ലയിപ്പിക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുക. അതായത് സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍(identical)അല്ല. അതുകൊണ്ട് തന്നെ തന്റേതായ ഒരു ഭാഷ സ്ത്രീയ്ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. കല്ലേച്ചിയുടെ വരികളില്‍ നിന്ന്
“ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്‍കോയ്മയില്‍ വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത്‌ ഇന്നത്തെ ഭാഷപുരുഷനുവേണ്ടി അവന്‍ വളര്‍ത്തിയെടുത്തതാണ്‌. ഭാഷയിലേ ഏതണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്‍പനകളും പുരുഷ രൂപമാര്‍ന്നാണ്‌ അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്‌. ഒരുപാടു പൊതു പദങ്ങള്‍ക്ക്‌ പുരുഷ വേഷമാണുള്ളത്‌. സൌന്ദര്യ വര്‍ണ്ണനകള്‍ക്ക്‌ സ്ത്രൈണ പദങ്ങളും. ഉഡുരാജമുഖി, മൃഗരാജകടി എന്നാരഭിക്കുന്നവയാണധികവും. അവയില്‍ ‍നിന്നു തന്നേയാണു സ്ത്രീകള്‍ക്കും വര്‍ണ്ണനകള്‍ എടുക്കേണ്ടി വരുന്നത്‌. ഉഡുരാജമുഖാ, മൃഗരാജകടാ എന്നപോലെ.അതൊക്കെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാവേണ്ടതുണ്ട്‌. കടല്‍ക്കരയില്‍ കടല്‍ മണം പോലെ, ബ്രസീലില്‍ ഫുഡ്‌ബോള്‍ പോലെ.“

ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ഭാഷ ഉപയോഗിച്ച് പെണ്ണെഴുതിയാലും, ആണെഴുതിയാലും “അവനവന്‍ അവനവനുള്ളത് എടുക്കട്ടെ “ എന്നേ എഴുതാനാവൂ. അവിടെ അവളവള്‍ എന്നൊരു പ്രയോഗം ഉണ്ടാകേണ്ടിയിരിക്കുന്നു. അവനവനില്‍ അവന്‍ ഒരു മനുഷ്യകുലത്തെ സംബോധന ചെയ്യുമ്പോള്‍ അതിന്റെ ഭാഷയില്‍, വ്യാകരണത്തില്‍ പ്രകൃതിയാല്‍ നിശ്ചയിക്കപ്പെട്ട സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ പോകുന്നു.

കല്ലേച്ചി ചുരുക്കത്തില്‍ പറഞ്ഞു വയ്ക്കുന്നത്
“മനുഷ്യനാണ്‌ ഭാഷയില്ലാത്തത്‌ എന്ന് നമുക്ക്‌ ബോധ്യമാകും. മനുഷ്യന്‍ എന്ന പൊതു സംജ്ജയില്‍ എല്ലാവരേയും ഉള്‍കൊള്ളാവുന്ന ഭാഷയും സംസ്കാരവും രൂപം കൊള്ളുന്ന കാലം വരെ പെണ്ണെഴുത്ത് സ്ത്രീ വാദം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ എല്ലാം പ്രസക്തമായിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കുറവു കൊണ്ടണ്‌ ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ മാത്രം പ്രതിസ്ഥാനത്തായിപോകുന്നത്‌. കാരണം സ്വാതന്ത്ര്യമില്ലായ്മയില്‍ ചില സുരക്ഷിതത്വങ്ങളുണ്ട്‌. വലക്കുള്ളിലെ കിളികള്‍ക്ക്‌ മാനത്തുപറക്കുന്ന കിളികളുടെ അത്ര അരക്ഷിതത്വമില്ല.“


പെണ്ണുങ്ങള്‍ മാത്രം ഉപയോഗിക്കുന്ന നുഷു എന്ന ഒരു ചൈനിസ് ലിപിയെ കുറിച്ച് വാക്കുകള്‍ പങ്കുവച്ചുകൊണ്ട് ബ്ലോഗിംഗിങ്ങ് സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറന്നിടുന്ന അചിന്ത്യയേയും ഇവിടെ കാണാം.

പെണ്ണിനു മാത്രം എഴുതാന്‍ കഴിയുന്നതാണ് പെണ്ണെഴുത്ത് എന്ന് നിരീക്ഷിക്കുന്ന ഈ ലേഖിക, പെണ്ണെഴുത്തിനെ കുറിച്ചുള്ള പരിഹാസങ്ങളെ അവഗണിച്ച് പെണ്ണുങ്ങള്‍ തങ്ങളെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഭാഷ പെണ്ണെഴുത്തിലൂടെ ഉരുത്തിരിച്ചെടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.സാറാജോസഫും കെ.ആര്‍. മീരയും, പ്രിയ ഏ.ഏസും അവരുടെ കൂടെ ബ്ലോഗിണികളും തങ്ങളുടെ മൂശയില്‍ പെണ്‍‌വാക്കുകള്‍ വാര്‍ത്തെടുക്കുന്ന തട്ടാത്തികളാകട്ടെ.

വാല്‍കഷ്ണം: എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിചെക്കനൊരു സംശയം അപ്പോള്‍ ഈ പെണ്ണെഴുത്ത് പോലെ ആണെഴുത്തും ഉണ്ടോ?
കുഞ്ഞിപ്പെണ്ണ്: ഉണ്ടല്ല. ആണുങ്ങള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന എത്ര ഭാവങ്ങള്‍ ഉണ്ട്. ബ്ലോഗില്‍ നിന്ന് ഒരു ഉദാഹരണത്തിന് മനുവിന്റെ ഷിബു എറിഞ്ഞ ഈ ഏറ്. ഇതു പോലൊരു മൂളിപറക്കുന്ന കരിങ്കല്‍ ചീളിന്റെ ഏറ് എഴുതാന്‍ ഏത് പെണ്ണിനു പറ്റും?
കുഞ്ഞിച്ചെക്കന്‍: ഓഹ്, അത് പെണ്ണുങ്ങള്‍ക്ക് പൊതുവേ കഴിവു കുറവായത് കൊണ്ട് തോന്നുന്നതാണ്. ആണുങ്ങളുടെ ഭാവങ്ങള്‍ മനസ്സിലാക്കാന്‍ പെണ്ണുങ്ങള്‍ക്കായില്ലെങ്കിലും പെണ്ണുങ്ങളുടെ എല്ലാ ഭാവങ്ങളും മനസ്സിലാക്കാന്‍ ആണുങ്ങള്‍ക്കാവും.
കുഞ്ഞിപ്പെണ്ണ്: ഓഹ്, അപ്പോള്‍ സ്ത്രീയുടെ മനസ്സ് മരീചികയാണ്, അത് സൃഷിച്ച ദൈവത്തിനു പോലും മനസ്സിലാക്കാന്‍ പറ്റില്ല എന്ന് കവികള്‍ പാടുന്നത് വെറും പുളുവടിയാണല്ലേ!

സമര്‍പ്പണം: കല്ലേച്ചിയുടെ പോസ്റ്റിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ച സുനിലേട്ടന്.

കല്ലേച്ചിയുടെ പോസ്റ്റിനുള്ള മറുപടി അവിടേയും ഈ എഴിത്തിനെ കുറിച്ചു എന്തെങ്കിലും ഉണ്ടെങ്കില്‍ ഇവിടേയും എഴുതുമല്ലോ.

No comments: