Wednesday, February 13, 2008

കന്യകാമറിയത്തില്‍ നിന്നും കാളിയിലേയ്ക്കുള്ള ഹരിനാരായണന്മാരുടെ യാത്ര

ഗുപ്തന്‍ എല്യാസ് മനുവിന്റെ കഥ ഇതിന് മുന്‍‌പ് ഈ പംക്തിയില്‍ പരാമര്‍ശിച്ചിരുന്നത് ആണെഴുത്തിന്റെ സുന്ദരന്‍ ഉദാഹരണമായാണ്. ആണ്‍മനസ്സിന്റെ ആ ഒരു ഏറില്‍ നിന്നും തിരുസ്വരൂപങ്ങളിലെത്തുമ്പോള്‍ മനുവിന്റെ വീക്ഷണത്തിലെ മാറ്റം ഏറെ ശ്രദ്ധേയമാണു. സാക്ഷി എന്നകഥയിലെ പ്രധാന കഥാപാത്രത്തിനു ഒറ്റജാലകത്തിലൂടെയുള്ള ഒരു കാഴ്ച മാത്രമായിരുന്നു സ്ത്രീയെങ്കില്‍, നിഴലുകളില്‍ അവള്‍ നിഴലുകള്‍ മാത്രമായൊതുങ്ങി. ‘ഏറു‘കളിലെ ഉണ്ണിയുടെ മനസ്സില്‍ ഷിബുവിന്റെ ‘ഏറു‘ വരച്ചിടുന്ന വികലമായ പെണ്‍ചിത്രം ഉന്നം പിഴക്കാത്ത ഏറുകളില്‍ വീഴുന്ന, കാക്കചിരികളാല്‍ അവതരിപ്പിക്കപ്പെടുന്ന വിശ്വസിക്കാന്‍ കൊള്ളാത്ത സ്തീകളാണു. അപവാദം സ്വന്തം അമ്മയെ തൊടുമ്പോള്‍ മാത്രം അപവര്‍ത്തനം തിരിച്ചറിയപ്പെടുന്ന ഉണ്ണിയെന്ന മുഖ്യകഥാപാത്രത്തില്‍ നിന്നും അന്യയും വേശ്യയും ആയിരുന്നൊരു സ്ത്രീയെ, സ്ത്രീയായി തന്നെ കാണാന്‍ ശ്രമിക്കുന്ന ഹരിനാരായണനിലേക്കെത്തുമ്പോള്‍ എഴുത്തുകാരന്റെ എഴുതുന്നതിനെ കുറിച്ചുള്ള ചിന്തയിലും തിരഞ്ഞെടുക്കേണ്ട വിഷയങ്ങള്‍ക്കുള്ള മുന്‍‌ഗണനയിലും വന്ന മാറ്റങ്ങള്‍ തിരിച്ചറിയാതിരുന്നു കൂ‍ടാ.

ജീവിക്കുന്നുണ്ടോ എന്നറിയാനായി ഹൃദയം തൊട്ടുനോക്കുന്ന, ഹൃദയം കളഞ്ഞ് പോയി എന്ന് വിശ്വസിക്കുന്ന അനിത. മുന്‍ലൈഗീക തൊഴിലാളിയും ഇപ്പോള്‍ എച് ഐ വി ബാധിതയുമായ അവളെ,അവളായി തന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഹരിനാ‍രയണന്‍. അയാള്‍ ഓര്‍ത്തെടുക്കുന്ന കഥ പ്രതിരോധങ്ങള്‍ നഷ്ടപ്പെട്ട, മൌനിയായ,സാരിത്തലപ്പുകൊണ്ട് ശിരസ്സുമൂടിയ വിശുദ്ധകന്യകയുടെ മുഖമുള്ള ഒരുവളില്‍ നിന്നും കിലുകിലാരവത്തോടെ ആര്‍പ്പോടും ഘോഷത്തോടും കൂടെ ഉലയുന്നമാറില്‍ രക്തശോഭയണിഞ്ഞ് മൌനത്തിന്റെ കുടമുടച്ച് ഇരുളിന്റെ കടയറുത്ത് ഒരുവളിലേയ്ക്കുള്ള പുരുഷവീഷണമാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയ കാര്യം അപ്പന്റെ വൃത്തിക്കേടുകള്‍ക്കെതിരെ പ്രതികരിക്കാതെ മൌനിയായിരുന്നു വിതുമ്പിയ അമ്മയ്ക്ക് അനിത മാപ്പ് കൊടുക്കുമ്പോള്‍ തന്റെ ജീവിതാവസ്ഥയ്ക്ക് കാരണക്കാരനായ അപ്പനു മാപ്പ് കൊടുക്കുന്നില്ലെന്നതാണ്.

“ക്ഷമിക്കാനാവുമോ അനിതയ്ക്ക് അപ്പനോട്?'
പിന്‍‌കൈകൊണ്ട് കവിള്‍ത്തടം അമര്‍ത്തിത്തുടച്ച് അനിത ചീറി. ‘അപ്പനോടോ? ആ മനുഷ്യനെക്കുറിച്ച് എന്നെ ഇപ്പോള്‍ ഓര്‍മിപ്പിക്കരുത്..’“


“നിന്റെ ജീവിതത്തിനുമീതേ തൂവിപ്പോയ മൌനത്തിന്റെ കറയ്ക്ക് നീ അവര്‍ക്ക് മാപ്പുകൊടുത്തുവോ? ഹരി ഉള്ളില്‍ കരഞ്ഞു. നിന്റെ, നിന്റെ മാത്രമെങ്കിലും ദയവ് അവര്‍ക്ക് ശാന്തിയാവട്ടെ.“

സ്ത്രീപക്ഷ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ക്രൂരമായൊരു വാദമാണ് സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ എന്നത്. പലപ്പോഴും ഈ ചതികുഴിയില്‍ സ്ത്രീവാദികള്‍ അടക്കം വീണുപോകുന്നത് കാണാറുണ്ട്. എന്തുകൊണ്ട് അനിതയെ അമ്മ രക്ഷപ്പെടുത്തിയില്ല, അമ്മയുടെ മൌനം സമ്മതമായിരുന്നു എന്ന് തുടങ്ങി പെണ്‍‌വാണിഭസംഘങ്ങളില്‍ സ്ത്രീകള്‍ ഉണ്ട് എന്നത് വരെയായി രൂപപ്പെടുന്ന ഇത്തരം വാദങ്ങളില്‍ നിന്നും മാറ്റമുണ്ടാകുന്നു എന്നത് ഗണനീയമായൊരു കാര്യമാണു.

യേശുവിന്റെ മുഖത്തെ സ്ത്രീഭാവം അനിതയുടെ തെറ്റിദ്ധാരണ മാത്രമായി തിരിച്ചെറിയുന്ന ഹരി വിശുദ്ധകന്യകയില്‍ ഒരാണ് കൊത്തിവച്ച അവന്റെ സ്ത്രീരൂപം മാത്രമാണുള്ളതെന്ന് മനസ്സിലാക്കുന്നതില്‍ പുരുഷവീക്ഷണത്തിനു വരുന്ന മാറ്റം ശുഭപ്രതീക്ഷയാണു തരുന്നത്.

“യേശുരൂപങ്ങളില്‍ എവിടെയും ആരും ഒരു പെണ്മുഖം ഒളിച്ചുവച്ചിട്ടില്ല. ഇവിടെ മറിയാമിന്റെ വിളറിയ മുഖത്ത്, കന്യത്വത്തിന്റെ പര്യായമെന്നോണം കൊത്തിയെടുത്ത മെലിഞ്ഞുണങ്ങിയ ഉടലില്‍, ഏതോ പുരുഷന്‍ അവന്റെ ഉള്ളിലെ പെണ്ണിനെ കൊത്തിവച്ചിരിക്കുന്നു.
പ്രതിരോധങ്ങള്‍ നഷ്ടപ്പെട്ട മൌനിയായ പെണ്ണിന്റെ രൂപം.“


എന്നാല്‍ കന്യാകമാറിയത്തിനു പകരം പുരുഷന്‍ തന്നെ മെനഞ്ഞുണ്ടാക്കിയ കാളിയെ പ്രതിഷ്ഠിക്കുന്നിടത്ത് പുരുഷഭാവന ദയനീയമായി പരാജയപ്പെടുന്നു.

പ്രതിരോധങ്ങള്‍ നഷ്ടപ്പെട്ട് തകര്‍ന്നു പോകുന്ന സ്ത്രീ ഒരു തീവ്രവാദിനി ആയേ മതിയാവൂ എന്ന തോന്നലുണ്ടാക്കുന്ന കാളിബിംബപ്രതിഷ്ഠ സ്ത്രീയെകുറിച്ചുള്ള പുരുഷസങ്കല്‍പ്പത്തിന്റെ പരാജയം എന്ന നിലക്കണെങ്കില്‍ അംഗീകരിക്കവുന്നതാണ്. അല്ലാത്തപക്ഷം അതൊരു തെറ്റായ രാഷ്ട്രീയമാവും പ്രചരിപ്പിക്കുക.

പ്രതികരിച്ചുകൂടാത്ത ഒരു സ്ത്രീ സങ്കല്‍പ്പത്തില്‍ നിന്നും പ്രതികരണശേഷിയുള്ള ഒരു സ്ത്രീ സങ്കല്‍പ്പത്തിലേയ്ക്കുള്ള ഹരിനാരയണന്മാരുടെ യാത്ര സന്തോഷം തരുന്നതാണ്. എങ്കിലും സ്ത്രീയുടെ പ്രതിച്ഛായ തീരുമാനിക്കേണ്ടത് അവള്‍ തന്നെയാ‍ണെന്ന ബോധ്യം ബലപ്പെടുത്തുന്നു ഈ കഥ.

യേശുവിലെ ആരോപിക്കപ്പെടുന്ന സ്ത്രീരൂപം ഒരു ക്ലീഷേയാണെങ്കിലും അത് തെറ്റിദ്ധാരണയാണ് എന്നും കന്യാമറിയത്തിന്റെ പ്രതിച്ഛായയിലാണ് കൂടുതല്‍ അപകടമെന്നും തിരിച്ചറിയുന്നിടത്ത് കഥ പ്രസക്തമാകുന്നു.

കുറിപ്പ്:
1. കഥാകാരന്റെ വ്യക്തിത്വത്തിനു് പുറത്തു് എഴുത്തില്‍ എന്തു് എന്നു് മാത്രമെ ഈ പോസ്റ്റില്‍ സൂചിപ്പിക്കുന്നുള്ളൂ. കഥാകാരന്റെ നിലപാടും കഥകളുടെ നിലയും രണ്ടായി കാണേണ്ടതാണു്.
2.ഏകദേശം പത്താളുകളില്‍ നിന്നും ഈ കഥയ്ക്ക് കിട്ടിയ പ്രതികരണം സമ്മിശ്രമായിരുന്നു. ക്രാഫ്റ്റ് നല്ലത് കഥ ക്ലീഷേ, കഥ നല്ലത് ക്രാഫ്റ്റ് പോരാ എന്നിങ്ങനെ. അത്തരം ഒരു കഥയെ കുറിച്ച് ഒരു കുറിപ്പെഴുതുക എന്നത് ഒരു സ്ത്രീപക്ഷരാഷ്ട്രീയമാണ്.

Monday, February 04, 2008

പ്രസവരക്ഷ-ആയുര്‍‌വേദത്തില്‍

പ്രസവം ആശുപത്രിയിലേക്ക് മാറിയിങ്കിലും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പ്രസവ രക്ഷ്യ്ക്ക് ആയുര്‍‌വേദ/നാട്ടു മരുന്നുകളാണ് കഴിക്കുന്നത്. പ്രദേശിക കാല വ്യത്യാസങ്ങള്‍ ഈ മരുന്നുകളിലുണ്ടാകാം.കൂടുതല്‍ അറിവുകള്‍ കമന്റുകളിലൂടെ പങ്ക് വെക്കുമല്ലോ.ഇവയുടെ ശാസ്ത്രീയ അടിസ്ഥാനം ബ്ലോഗിലെ ആര്യോഗ വിദഗ്ദര്‍ക്ക് വിടുന്നു.

ആദ്യ ആഴ്ച

1.പഞ്ചകോലാസവം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം.
2.ധാന്വന്ത്വരം കഷായം-15ml കഷായം 45ml തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് രണ്ട് നേരം ഭക്ഷണത്തിന് മുമ്പ് കഴിക്കുക.
3.ധാന്വന്തരം കുഴമ്പ്-ദേഹമാസകലം പുരട്ടി കുളിക്കുക.

രണ്ടാമത്തെ ആഴ്ച
1.ദശമൂലാരിഷ്ടം+ജീരകാരിഷ്ടം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം

2.ധാന്വന്ത്വരം കഷായം-15ml കഷായം 45ml തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് രണ്ട് നേരം ഭക്ഷണത്തിന് മുമ്പ് കഴിക്കുക.

3.ധാന്വന്തരം കുഴമ്പ്-ദേഹമാസകലം പുരട്ടി കുളിക്കുക.

4.ഉള്ളി ലേഹ്യം-ഒരു ടീസ്പൂണ്‍ വീതം ഭക്ഷണശേഷം രണ്ടു നേരം.

മൂന്നാമത്തെ ആഴ്ച

1.ദശമൂലാരിഷ്ടം+ജീരകാരിഷ്ടം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം

2.രാത്രി ഒരു പിടി ഉലുവ ഒരു ഗ്ലാസ് വേള്ളത്തില്‍ തിളപ്പിച്ച് ,രാവിലെ പിഴിഞ്ഞെടുക്കുക.അല്പ്പം നെയ്യില്‍ ചുവന്ന ഉള്ളീ മൂപ്പിച്ച് ഉലുവനീരും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത് ചൂടാക്കി രാവിലെ കഴിക്കുക.

3.ധാന്വന്തരം കുഴമ്പ്-ദേഹമാസകലം പുരട്ടി കുളിക്കുക.

നാലാമത്തെ ആഴ്ച

1.ധാന്വന്തരാരിഷ്ടം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം

2.തെങ്ങിന്‍ പൂക്കുലാമൃതം-ഒരു ടീസ്പൂണ്‍ വീതം രണ്ട് നേരം.

സിസേറിയന്‍ കഴിഞ്ഞവര്‍ ഉള്ളിലേഹ്യവും തൈലവും ഉള്ളിലും പുറത്തുമുള്ള മുറിവ് ഉണ‍ങ്ങുന്നത് വരെ ഉപയോഗിക്കരുത്.