Thursday, October 26, 2006

ബക്കറ്റില്‍ വിരിയിക്കാനാവുന്ന മഴവില്ല്

വര്‍ത്തമാന കാലഘട്ടത്തിന്റെ ഒരു പ്രവണതയാണ് ഭൂതകാലത്തിന്റെ നന്മകള്‍ മാത്രം വര്‍ണ്ണിച്ച് കൊണ്ട് അതിനെ പറ്റി ദുഃഖിക്കുകയും ആ നഷ്ടബോധം മറ്റുള്ളവരില്‍ പകര്‍ത്തുകയും ചെയ്യുക എന്നത്, ഇത് പ്രധാനമായും സംഭവിക്കുന്നത് കുട്ടിക്കാലത്തെ പറ്റിയുള്ള ഓര്‍മ്മകളിലും.

ഒരു പക്ഷേ അത് സത്യമായിരുന്നിരിക്കാം, ഓടികളിക്കാന്‍ അളവറിയാത്ത വിധം സ്ഥലവും, വാരികളിക്കാന്‍ മാലിന്യം നിറയാത്ത മണ്ണും ഒക്കെ. പക്ഷേ ലഭ്യമല്ലാത്ത ഒന്നിനെ ഓര്‍മ്മിപ്പിച്ച് നമ്മുടെ കുരുന്നുകളെ, അവരറിയാതെ തന്നെ നാം നിരാശയിലേയ്ക്ക് നയിക്കുന്നുണ്ടോ എന്നെനിക്ക് സംശയം തോന്നുന്നു, മറ്റൊരു വശം, കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തവരാണ് മാതാപിതാക്കള്‍ എന്ന ചിന്തയുടെ വിത്ത് അവരുടെ മനസ്സിലിടാനും ഈ ഭൂതകാലത്തിലേയ്ക്കുള്ള ഊളിയിടല്‍ ഇടയാക്കുന്നു.

ഈയിടെ പുറത്തു വന്ന ഒരു പഠനത്തില്‍ സ്വതവേയുള്ള ധാരണയ്ക്ക് വിപരീതമായി ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ മക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു എന്ന് പറയുന്നു.

ഇതിന് ഉദാഹരണങ്ങള്‍ നമുക്ക് തന്നെ പറയാനാവില്ലേ, പണ്ട് അമ്മയെന്ന വ്യക്തി നമ്മുടെ അക്ഷയ പാത്രത്തിന്റെ റോളും അച്ഛന്‍ വീടിന്റെ നെടുതൂണ്‍, സുപ്രീം കോര്‍ട്ട് എന്ന രീതിയില്‍ നിന്നും മാറി ഇന്ന് അച്ഛനും അമ്മയും കുട്ടികളും അതില്‍ നിന്നേറെ സ്വാതന്ത്രമുള്ള ഒരു കാലത്തിലെയ്ക്ക് വന്നിരിക്കുന്നു

എന്റെയീ എഴുത്തിന്റെ ഉദ്ദേശ്യം തന്നെ, നമുക്ക് മാറ്റങ്ങളെ അംഗീകരിച്ചു കൂടെ, അംഗീകരിച്ചാല്‍ മാത്രം പോരാ അവയുടെ നല്ല വശങ്ങള്‍ കണ്ടെത്താന്‍ നാമവര്‍ക്ക് കൂട്ട് ചെല്ലുകയും വേണം, അപ്പോള്‍ മാത്രമേ അവയുടെ പൊരുള്‍ നമുക്കും കുട്ടികള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ..

ഒരു കൂട്ടുകാരിയോടെന്ന പോലെ അമ്മയോട് സംസാരിക്കാന്‍ പറ്റുകയും ഒരു സുഹൃത്തിനൊടെന്ന പോലെ തുറന്ന സംവാദങ്ങള്‍ അച്ഛനുമായി നടത്താനാവുന്നതും ഇന്നത്തെ തലമുറയുടെ ഭാഗ്യമാണ്, ഇതിന്റെ 100% പ്രയോജനം അവര്‍ക്ക് നേടി കൊടുക്കേണ്ടത് മാതാപിതാക്കളാണെന്ന് മാത്രം.

ഉദാഹരണമായി ടി. വി അഡിക്റ്റാണ് കുട്ടികള്‍ എന്ന് പറയുമ്പോള്‍ തന്നെ ഓഫീസില്‍ നിന്നെത്തി ചൂടാറാന്‍ ഇരിക്കുന്ന ഇരുപ്പ് അപ്പോഴോടുന്ന സിനിമ തീരുന്നത് വരെയാകുന്നതും രാത്രി അല്പം ഉറക്കമിളച്ചാലും ഈ പടം കൂടി കാണാം എന്നും നാം പലപ്പോഴും കരുതാറില്ലെ.

ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ വെള്ളവും മണ്ണും ലഭിക്കുന്നില്ലെന്ന് സങ്കടപ്പെടുമ്പോഴും നമ്മിലെത്ര പേര്‍ അവര്‍ക്ക് പൈപ്പിലെ വെള്ളം തെറിപ്പിച്ച് മഴവില്ല് കാട്ടികൊടുത്തിട്ടുണ്ട്, പാര്‍ക്കിലെ ക്യാക്റ്റസിന്റെ ഇലകള്‍ക്ക് ആ ആകൃതിയുടെ കാരണവും പകല്‍ കാണുന്ന നക്ഷത്രത്തേയും കാട്ടികൊടുത്തിട്ടുണ്ട്? ഇതൊക്കെ ആ ലഭിക്കുന്ന അവരുടേയും നമ്മുടേയും തിരക്കെറിയ ജീവിതത്തിന്റെ ഇടവേളകളില്‍ തന്നെ ആവാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

വളരെ വേഗം മാറുന്ന ഈ കാലഘട്ടത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ച് നില്ക്കാനാവാതെ വരുന്നത് ഒരു പക്ഷേ ഈ തിരിഞ്ഞു നോക്കലിനിടയില്‍ നാം മുന്‍പിലുള്ളതിനായി കരുതി നില്ക്കാന്‍ മറക്കുന്നു എന്നത് കൊണ്ട് തന്നെയാണ്.

ഈയൊരു ചെറിയ ലേഖനം കൊണ്ട് ഈ വിഷയം മുഴുവനാകും എന്ന് ഞാന്‍ കരുതുന്നില്ല, എന്നിരിക്കലും തിരക്കുകളില്‍ കിട്ടുന്ന വളരെ കുറഞ്ഞ സമയങ്ങളില്‍ എങ്ങനെ അച്ഛനമ്മമാര്‍ക്ക് കൂടുതല്‍ സ്നേഹവും വഴിവെളിച്ചവും കൊടുക്കാനാവും എന്നത് മറുപടികളായി വരുമെന്ന് ഞാന്‍ കരുതുന്നു.

-പാര്‍വതി.

Wednesday, October 25, 2006

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം എത്രമാത്രം ശ്രദ്ധിക്കണം? ഇങ്ങനെയൊരു ചിന്ത വരാന്‍ കാരണം ഈയടുത്ത് സഹപ്രവര്‍ത്തകയുടെ മകള്‍ക്ക് വാങ്ങി കൊടുത്ത ബാര്‍ബി പാവയോടുള്ള സഹപ്രവര്‍ത്തകയുടെ പ്രതികരണമാണ്.

അവള്‍ പറഞ്ഞതിങ്ങനെ:

“ഞാന്‍ ഒരിക്കലും ബാര്‍ബികളേയൊ, ദേവതകളേയൊ വാങ്ങി കൊടുക്കാറില്ല. സൌന്ദര്യവും, അഴകുമാണ് എല്ലാത്തിന്റേയും അളവു കോലെന്ന് കുട്ടികള്‍ തെറ്റായി ആദ്യം ചിന്തിച്ചു തുടങ്ങുന്നത് ഇത്തരം പാവകളില്‍ കൂടിയാണ്. എന്റെ സുഹൃത്തിന്റെ മകള്‍ക്കിപ്പോള്‍ ഇത്തരം പാവകള്‍ മാത്രം മതി. തന്നെയുമല്ല അവള്‍ എപ്പോഴും സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ സൌന്ദര്യം മാത്രമല്ലല്ലോ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്റെ മകള്‍ക്ക് സൌന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ ജീവിതം ഒരു ദുരന്തമായി അവള്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല.”

വല്ലാത്തൊരു ഇളിംഭ്യത ആയി പോയി എനിക്ക്. ഇന്നേവരെ ഒരു കുട്ടിയ്ക്കും ബാര്‍ബി പാവ വാങ്ങി കൊടുത്തീട്ടില്ല. കുട്ടികള്‍ക്ക് ചേരുന്നതല്ല അതെന്ന തോന്നലില്‍ ടെഡി ബിയറുകളോ വേരെന്തെങ്കിലും കളിപ്പാട്ടങ്ങളോ ആണ് തിരഞ്ഞെടുക്കാറ്. എന്നാലും ബാര്‍ബിയുടെ ക്രൂരമായ ഈ മുഖം ഞാന്‍ ശ്രദ്ധിച്ചീട്ടേ ഇല്ലായിരുന്നു. യൂറോപ്പില്‍ ജനിച്ചു വളര്‍ന്ന, യൂറോപ്പിനെ അന്ധമായി അനുകരിക്കുന്ന ഈ രാജ്യത്തു ജീവിക്കുന്ന സഹപ്രവര്‍ത്തകയില്‍ നിന്നും ഉണ്ടായ ഈ പ്രതികരണം എന്നെ കുറച്ചേറെ ചിന്തിപ്പിച്ചു.

തോക്കുകളും മറ്റും വാങ്ങി കൊടുക്കില്ല എന്ന് നിന്‍ബന്ധം പിടിക്കുന്ന മാതാപിതാക്കളെ കണ്ടീട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ശരാശരി മലയാളി ഒരുപാടൊന്നും ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.

ഞാന്‍ ബാക്ഗ്രൌന്‍ണ്ടില്‍ കേള്‍ക്കുന്ന പാട്ട്: “ ഐ ആം ബാര്‍ബി ഗേള്‍……”

ഇല്ല ഇനിയും ഞാന്‍ ഒരു ബാര്‍ബി പാവ വാങ്ങില്ലായിരിക്കാം.

നോട്ട്: ഇതു ഞാന്‍ തന്നെ വേറെ ഒരു സ്ഥലത്ത് എഴുതിയ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളാണ്.

Sunday, October 22, 2006

പങ്കുവയ്ക്കാം

ബല്യകാലഓര്‍മ്മകള്‍, വിദ്യാലയജീവിതം, കുസൃതികള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിദ്യാലയങ്ങളിലെ വിഭിന്ന വിദ്യാഭ്യാസരീതി, വളര്‍ന്നുവരുന്ന തലമുറയും അവര്‍ക്ക് അനുഭവങ്ങളിലൂടെ കിട്ടാത്ത അറിവും, വീട്ടുകാര്യം, നാട്ടുകാര്യം, യാത്രാവിവരണം, കുട്ടികള്‍ക്ക്‌ അറിവു പകരുന്നതെന്തും ഇവയൊക്കെ ഇതിലുള്‍പ്പെടുത്താന്‍ താത്പര്യപ്പെടുന്നു.

Saturday, October 21, 2006

ബൂലോഗവനിതകള്‍ക്ക് ഒരു വേദി

ബൂലോഗത്തിലെ വനിതകള്‍ക്കായി മാത്രമുള്ള വേദിയിലേയ്ക്ക് സ്വാഗതം.