Tuesday, May 22, 2007

‘അത്തള പിത്തള തവളാച്ചി‘ കളികള്‍

കുട്ടികളികള്‍ പോസ്റ്റില്‍ കമന്റായി കിട്ടിയ അത്തള പിത്തള തവളാച്ചികള്‍ ഒന്നിച്ച് ഒരു പോസ്റ്റായി ഇടുന്നു.അത് കമന്റായി ഇട്ട ആളുടെ പേര് ബ്രാക്കറ്റില്‍ ചേര്‍ക്കുന്നു. ഈ പാട്ടുകള്‍ ഉള്ള പ്രദേശം കൂടെ അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഇനിയും പാട്ടുകള്‍ ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം. ഈ പാട്ടുകള്‍ ആരെങ്കിലും കൊച്ച് കുട്ടികളെ കൊണ്ട് പാടിച്ച് തന്ന്നിരുന്നെങ്കില്‍ അതും ചേര്‍ക്കാമായിരുന്നു.

1.
അത്തള പിത്തള തവളാ‍ച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുന്നു
(ഡാലി)

2.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
(പൊന്നപ്പന്‍)

3.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
(ഡാലി)

4.
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
(ഡാലി)

5.
നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടി വരുന്ന
<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ
(ഡിങ്കന്‍, വല്യമ്മായി)

6.
കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം
(ഡിങ്കന്‍)

7.
അത്തിള്‍ ഇത്തിള്‍ ബെന്തിപ്പൂ
സ്വര്‍ഗ രാജാ പിച്ചിപ്പൂ
ബ്ലാം ബ്ലീം ബ്ലൂം
(സാരംഗി)

8.
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന്‍ എങട്ട് പോയി?
ചാത്ത്ണ്ണാന്‍ പോയി
നെയ്യില് വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.
(-സു-സുനില്‍)

9.
പിന്‍ പിന്‍ ദെസറപ്പിന്‍
കൊച്ചിലോ ദെ അല്‍മാസിന്‍
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്‍
(തമനു)

10.
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.
(അപ്പൂസ്)

11.
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍ നിര്‍ത്തി.. വാഴ കുലച്ചു.. കുല കള്ളന്‍ കൊണ്ടു പോയി.. കള്ളന്‍ പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..
(സിജു)

12.
അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാ‍ലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
(പ്രമോദ്)

13.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള്‍ ഒരു പേരു പറയുന്നു - ‘പ്രമോദ്‘ പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)
പ്ര
മോ
ദ്

ന്നാ
കു
ന്നു.
അവസാനം വന്ന ആള്‍ പുറത്ത്.
(-സുല്‍)


14.
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാ‍ട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
(ഡിങ്കന്‍)

15.
ഒന്നാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

ഒന്നാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം

രണ്ടാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

രണ്ടാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം.
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍ പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്
(പ്രമോദ്)

16.
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ
(ഇഞ്ഛി, പ്രമോദ്)

17.
ഡും ഡും ഡും
ആരാത്?
ഞാനാണ്

എന്തിനു വന്നു?
പന്തിനു വന്നു.

എന്ത് പന്ത്?
മഞ്ഞപ്പന്ത്

എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ

എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി

എന്ത് പീലി?
കണ്‍പീലി

എന്ത് കണ്ണ്?
ആനക്കണ്ണ്

എന്ത് ആന?
കാട്ടാന

എന്ത് കാട്?
പട്ടിക്കാട്.

എന്ത് പട്ടി?
പേപ്പട്ടി.

എന്ത് പേ?
പെപ്പരപേ!!
(പീലികുട്ടി, വിശാലമനസ്കന്‍)

18.
അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍ ഓണത്തിനു പോമ്പം
*ആ‍ട കല്ല്
*ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍ ഇക്കിളികൂട്ടും.
* ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.
(പ്രമോദ്)

19.
ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില് പൂട്ടാം
(ഡിങ്കന്‍)

20.
കള്ളും കുടിച്ച് കാട്ടില്‍ പോകാ?
ഉം.
കള്ളനെ കണ്ടാല്‍ പേടിക്ക്വ?
ഇല്ല.
ഫൂ’ എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍.
കണ്ണു പൂട്ടിയാല്‍ പേടിച്ചു എന്നര്‍ത്ഥം

(പ്രമോദ്)

21.
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പട്ടണങ്ക് പോ
(ഡിങ്കന്‍, ഡാലി)

22.
ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്
ഏതാമോളേ ചെക്കന്‍
എക്സ്പ്രസ് ദിനകരന്‍
(ഡിങ്കന്‍, വിശാലമനശ്കന്‍, ഡാലി)

23.
ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ
(ഡിങ്കന്‍)

24.
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍ കൊള്ളാം.
ആരെ എറിയാന്‍...........
എല്ലാവരേം എറിയാന്‍ ......എന്നാ പിടിച്ചോ.....
(കൂറുമാന്‍)

25.
ഉപ്പിനു പോകണവഴിയേതു ..
കായം കുളത്തിനു തെക്കെതു
(ഇതു മുഴുവന്‍ ഇല്ല എന്ന് തോന്നുന്നു)
(പ്രിയംവദ)

26.
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
(പുള്ളി)

27.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്‌?
തെങ്ങിണ്റ്റെ ആര്‌
എന്തു തെങ്ങ്‌?
കൊന്നത്തെങ്ങ്‌
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
(വനജ)

28.
പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം
കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ
(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്‌ക്കാര്‍ വലിച്ച് കൊണ്ട് പോകുന്നു)
(ഡാലി)

29.
തങ്കപ്പന്‍ തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍
തങ്കമ്മ പെറ്റത്
തവളക്കുട്ടി

ആന വിരണ്ടത്
ആലില്‍ തളച്ചപ്പോള്‍
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ
(ഡിങ്കന്‍)

30
അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ
മലത്തിങ്ക്ലാ കൈപ്പത്തി മലര്‍ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്
(-സു-സുനില്‍)

31.
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്‌
നാഴിയുരി ചോറുണ്ട്‌
അമ്മാമന്‍ വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
..
“ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്‍.

“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “
എന്ന്‌ ചോദിച്ച് മടക്കിയ വിരലുകള്‍ക്‌ മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
(-സു-സുനില്‍)

32.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്.
കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.
(-സു-സുനില്‍)

Tuesday, May 08, 2007

കുട്ടികളികള്‍

കേരളത്തില്‍ വേനലവധിയാണ്. കുട്ടികള്‍ കളിച്ച് ആഘോഷിക്കുകയാണ്. ടി.വി യും കമ്പ്യൂട്ടറും ഒരു വലിയ വിഭാഗം കുട്ടികളെ ആകര്‍ഷിചിരുത്തിയേക്കാമെങ്കിലും ഒരു വിഭാഗം കുട്ടികള്‍ ഇതിലൊന്നും ആകൃഷ്ടരാകാതെ കളിച്ച് തിമര്‍ക്കുന്നുണ്ട്. ക്രിക്കറ്റും, പന്തുകളിയും, സൈക്കിള്‍ അഭ്യാസങ്ങളുമായി അവരെ നാട്ടില്‍ കാണാന്‍ കഴിഞ്ഞിരുന്നു.

ക്ലാസ്സിക് കളികളായ അമ്പസ്താനി (സാറ്റ്), രണ്ട് പെട്ടി, കിളിമാസ്, കുട്ടീം കോലും, കവിടി കളി, പളുങ്ക് കളി, പമ്പരം കൊത്ത് എന്നിവ എതാണ്ടന്യം നിന്ന പോലെയാണെങ്കിലും, അച്ഛനും- അമ്മയും- കുട്ടിയും കളി, സ്കൂള്‍-ടീച്ചര്‍, വീട്-കട, ചീട്ടുകളി എന്നിങ്ങനെ ഇന്നും നിത്യജീവിതത്തില്‍ കണ്ടു മുട്ടുന്ന സന്ദര്‍ഭങ്ങള്‍ കളികളായി ചെറിയ ചെറിയ വ്യത്യാസങ്ങളോടെ പുനാരാഖ്യാനം ചെയ്ത് തുടരുന്നത് തന്നെയാണ് കാണാന്‍ കഴിയുന്നത്.

വേനലവധി കാലത്തെ ഏറ്റവും പ്രധാന കളിയായ പമ്പരം കൊത്ത് കീ കൊടുത്ത് തിരിയുന്ന പമ്പരങ്ങളുടെ വരവോടെ ഏതാണ്ടില്ലാതെയായി. വേനല്‍ എന്ന തമിഴ് സിനിമയിലെ ഒരു സീന്‍ ഈ പമ്പരം കൊത്ത് കളിയെ വളരെ നന്നായി ചിത്രീകരിച്ചത് ഒരു നൊസ്റ്റള്‍ജിക് ഫീലിംങ് തന്നു. പളുങ്കു കളിയും, കല്ലു സോഡ പോലും ഇല്ലാതായതോടെ പളുങ്കും ഓര്‍മ്മകളില്‍ മാത്രമായി. പകരം ബ്രിട്ടാനിയ തരുന്ന സചിന്‍‌ന്റേയും ദ്രാവിഡീന്റേയും മുഖ ചിത്രമുള്ള പളുങ്കുകള്‍ കുട്ടികളുടേ ശേഖരങ്ങളെ സമ്പന്നമാക്കി. ചെമ്പരത്തി താളി വെളിച്ചെണ്ണയായും, ചെമ്പരത്തി മൊട്ട് പച്ചമുളകായും, ഇഷ്ടിക മുളക പൊടിയായും, വൃത്തിയായി കീറീയ കടലാസ് രൂപയാക്കിയതുമൊക്കെ ഇനിയുമൊരു തലമുറയ്ക്ക് മനസ്സിലാകില്ലായിരിക്കും. പ്ലാവില ഈര്‍ക്കില്‍ കൊണ്ട് കുത്തിയുണ്ട്ക്കിയ കലവും, മച്ചിങ്ങയുരച്ചുണ്ടാക്കിയ കറിയും, വെട്ട് തുണിയുപയോഗിച്ചുണ്ടാക്കിയ പാവയും മുന്‍ തലമുറയുടെ മനസ്സിലെ മ്യൂസിയങ്ങളില്‍ വല്ലപ്പോഴും മാത്രം വെളിച്ചമേറ്റ് കിടന്നേക്കാം. എന്നിരുന്നാലും കാശ് കൊടുത്ത് വാങ്ങിയ കുട്ടി വീട്ടുപകരണങ്ങളും, പ്ലാസ്റ്റിക് പാവകളും, ബാര്‍ബിയെന്ന അവരുടേ പ്രിയപ്പെട്ടവളും കൂടേ രംഗം മറ്റൊരു രീതിയില്‍ പുനരാവിഷ്കരിക്കുക തന്നെ ചെയ്യുന്നു. തൊമ്മികുഞ്ഞിന്റെ ഡിവിഡീ-ഹിപ്പോ കൊണ്ടാട്ടം നോക്കൂ. തീപ്പെട്ടി പടങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവച്ച് കളിച്ച ബാല്യത്തിനു പകരം ഫ്രീ കിട്ടുന്ന ട്രം കാര്‍ഡുകള്‍ ശേഖരിക്കുന്ന ബാല്യം. എല്ലാം ഒരു ശൈലി മാറ്റം മാത്രം. കാരണമന്വേഷിച്ചാല്‍ ചെന്നെത്തുക ഇന്നിന്റേയും ഇന്നലയുടേയും ജീവിത രീതികളില്‍ തന്നെയാവും.മുതിര്‍ന്നവര്‍ ചെയ്യുന്നത് അനുകരിക്കുക എന്നത് കുഞ്ഞു മനസ്സിന്റെ പ്രവണതയാണ്. കൂടുതല്‍ സമയം കപ്യൂട്ടറിലും ടി.വിയ്ക്ക് മുന്നിലും ഇരിക്കുന്ന മുതിര്‍ന്നവരെ കാണുന്ന കുട്ടി ടി.വിയിലും കപ്യൂട്ടര്‍ കളികളിലും ഉള്‍പ്പെട്ട് പോകുന്നതില്‍ അസ്വഭാവികത കാണാനാവില്ല.

എന്നാല്‍ ഇത്തരം ശൈലീ മാറ്റങ്ങള്‍ക്കിടയില്‍ മാറാതെ നില്‍ക്കുന്ന ഒരു കളീയാണ് അത്തള പിത്തള തവളാച്ചി.കളി സാധങ്ങള്‍ കൊണ്ട് പോകാനാകാത്ത സ്കൂളുകളിലില്‍ ആണ് ഈ കളികള്‍ എന്നും നിറഞ്ഞാടിയിരുന്നത്. ദീഘദൂര യാത്രകളിലും നേരം കൊല്ലാന്‍ ഇത്തരം കളികള്‍ കുട്ടികള്‍ക്ക് കൂട്ടായി. എല്‍.പി സ്കൂളുകളില്‍ കൊത്തം കല്ല് കളി നിരോധിച്ച കന്യാസ്ത്രീകളും തൊട്ട് കളിയും അച്ചാബോളും നിരോധിച്ച അച്ചന്മാരും ഈ കളിയെ കുറിച്ച് അഞ്ജരായിരുന്നോ ആവോ? ഇന്റെര്‍വെല്‍ സമയത്ത് കൈകള്‍ നിരത്തി വച്ച് അവര്‍ എണ്ണി തുടങ്ങുന്നു,

അത്തള പിത്തള തവളാ‍ച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.

ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുകയായി പിന്നേയുമവര്‍. ഇതിന്റെ നിരവധി വകഭേദങ്ങള്‍ കേട്ടീട്ടുണ്ട്. പൊന്നപ്പന്‍ പാടിയത് നോക്കൂ.

അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്”..

ഇതിന്റെയൊന്നും അര്‍ഥം ഒരു കാലത്തും മനസ്സിലായിട്ടില്ല.

പിന്നെയൊന്നുള്ളതാണ്.

ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)

ഇത്തരം കളിയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണെന്ന് തോന്നുന്നു (ആണോ?)

ഇങ്കി പിങ്കി പോങ്കി
അങ്കില്‍ ഹാസ് എ ഡോങ്കി...

അമ്പസ്താനി കളിക്കാന്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ധാരാളം പാട്ടുകള്‍ ഉണ്ടായിരുന്നെന്ന് ഓര്‍ക്കുന്നു. അതെല്ലാം ആദ്യത്തെ പ്രാന്തിയെ (ആദ്യം എണ്ണുന്ന ആളെ) കണ്ട്പിടിക്കാനുള്ളതായിരുന്നു.

അതിലൊന്ന്,

ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.

ഈ അത്തള പിത്തള തവളാ‍ച്ചി കളി ലോകത്തിന്റെ എല്ലാ കോണിലും ഏതാണ്ട് ഒരു പോലെയാണെന്ന് തോന്നുന്നു. അത്തള പിത്തളയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണത്രേ Rock, Paper, Scissors (അമേരിക്കയിലോ, ഗള്‍ഫിലോ, ജപ്പാനിലോ,, നൈജീരിയയിലോ, സൌത്താഫ്രിക്കയിലോ ആരെങ്കിലും ഇത് ശ്രദ്ധിച്ചീട്ടുണ്ടോ?)

ഈ പടത്തില്‍ കാണുന്നത് റഷ്യന്‍ ജൂത കുട്ടികള്‍ കളിക്കുന്ന അത്തള പിത്തള തവളാച്ചിയാണ്.



അവര്‍ പാടിയിരുന്നത് ഏതാണ്ടിങ്ങനെ,

അസ്തന കുസ്തന അസീസേ വ്
ഇസ്തന വസ്തന അസീസേ

ഇതെന്ത് ഭാഷയാണെന്ന് എനിക്ക് മനസ്സിലായില്ല. റഷ്യനോ, ഹീബ്രുവോ, അറബിയോ അല്ലായിരുന്നു. അല്ലെങ്കിലും കുട്ടികളിക്കെന്തിന്നാ അര്‍ഥസമ്പുഷ്ടംമ‍ായ ഒരു പരിഷ്കൃത ഭാഷ!