Wednesday, October 25, 2006

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം എത്രമാത്രം ശ്രദ്ധിക്കണം? ഇങ്ങനെയൊരു ചിന്ത വരാന്‍ കാരണം ഈയടുത്ത് സഹപ്രവര്‍ത്തകയുടെ മകള്‍ക്ക് വാങ്ങി കൊടുത്ത ബാര്‍ബി പാവയോടുള്ള സഹപ്രവര്‍ത്തകയുടെ പ്രതികരണമാണ്.

അവള്‍ പറഞ്ഞതിങ്ങനെ:

“ഞാന്‍ ഒരിക്കലും ബാര്‍ബികളേയൊ, ദേവതകളേയൊ വാങ്ങി കൊടുക്കാറില്ല. സൌന്ദര്യവും, അഴകുമാണ് എല്ലാത്തിന്റേയും അളവു കോലെന്ന് കുട്ടികള്‍ തെറ്റായി ആദ്യം ചിന്തിച്ചു തുടങ്ങുന്നത് ഇത്തരം പാവകളില്‍ കൂടിയാണ്. എന്റെ സുഹൃത്തിന്റെ മകള്‍ക്കിപ്പോള്‍ ഇത്തരം പാവകള്‍ മാത്രം മതി. തന്നെയുമല്ല അവള്‍ എപ്പോഴും സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ സൌന്ദര്യം മാത്രമല്ലല്ലോ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്റെ മകള്‍ക്ക് സൌന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ ജീവിതം ഒരു ദുരന്തമായി അവള്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല.”

വല്ലാത്തൊരു ഇളിംഭ്യത ആയി പോയി എനിക്ക്. ഇന്നേവരെ ഒരു കുട്ടിയ്ക്കും ബാര്‍ബി പാവ വാങ്ങി കൊടുത്തീട്ടില്ല. കുട്ടികള്‍ക്ക് ചേരുന്നതല്ല അതെന്ന തോന്നലില്‍ ടെഡി ബിയറുകളോ വേരെന്തെങ്കിലും കളിപ്പാട്ടങ്ങളോ ആണ് തിരഞ്ഞെടുക്കാറ്. എന്നാലും ബാര്‍ബിയുടെ ക്രൂരമായ ഈ മുഖം ഞാന്‍ ശ്രദ്ധിച്ചീട്ടേ ഇല്ലായിരുന്നു. യൂറോപ്പില്‍ ജനിച്ചു വളര്‍ന്ന, യൂറോപ്പിനെ അന്ധമായി അനുകരിക്കുന്ന ഈ രാജ്യത്തു ജീവിക്കുന്ന സഹപ്രവര്‍ത്തകയില്‍ നിന്നും ഉണ്ടായ ഈ പ്രതികരണം എന്നെ കുറച്ചേറെ ചിന്തിപ്പിച്ചു.

തോക്കുകളും മറ്റും വാങ്ങി കൊടുക്കില്ല എന്ന് നിന്‍ബന്ധം പിടിക്കുന്ന മാതാപിതാക്കളെ കണ്ടീട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ശരാശരി മലയാളി ഒരുപാടൊന്നും ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.

ഞാന്‍ ബാക്ഗ്രൌന്‍ണ്ടില്‍ കേള്‍ക്കുന്ന പാട്ട്: “ ഐ ആം ബാര്‍ബി ഗേള്‍……”

ഇല്ല ഇനിയും ഞാന്‍ ഒരു ബാര്‍ബി പാവ വാങ്ങില്ലായിരിക്കാം.

നോട്ട്: ഇതു ഞാന്‍ തന്നെ വേറെ ഒരു സ്ഥലത്ത് എഴുതിയ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളാണ്.

23 comments:

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു ഡാലീ ഈ പോസ്റ്റ്. തീര്‍ത്തും പ്രസക്തമായ ഒരു ആ‍ശയത്തെയാണിത് പങ്കുവെയ്ക്കുന്നത്.

കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളും ഇത്തരം വ്യാജ യാഥാര്‍ത്ഥ്യങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു.നന്മയുടെയും തിന്മയുടെയും സ്ഥിരം പ്രധിനിധികളായി അവതരിപ്പിക്കപ്പെടുന്ന അവിടത്തെ കഥാപാത്രങ്ങള്‍ ജീവിതത്തെക്കുറിച്ച് /മനുഷ്യരെക്കുറിച്ച് അനാശാസ്യമായ മുന്‍വിധികള്‍ ഉണ്ടായിരിക്കാന്‍ പ്രേരിപ്പിക്കുന്നു.

അഭിനന്ദനങ്ങള്‍..കനമുള്ള ഒരു ആശയത്തെ പങ്കുവെച്ചതിന്...

സുല്‍ |Sul said...

നല്ല ആശയമാണല്ലോ. ആരും അത്രക്കു ചിന്തിച്ചുപോകില്ല ഇക്കാര്യങ്ങള്‍ പ്രത്യേകിച്ച് മലയാളികള്‍.
ഇപ്പൊഴുള്ള ടി വി പരസ്യങ്ങളും മറ്റും ഈ ആശയത്തിന്റെ മറ്റൊരു മുഖം മാത്രം.

ഡാലി said...

ലാപുട: വനിതാലോകത്തില്‍ വന്നതിനു നന്ദി. പലപ്പോഴും കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന പലതിനെപറ്റിയും നാം വേണ്ടത്ര ഓര്‍ക്കാറില്ല എന്ന് ശ്രദ്ധിച്ചീട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രസദ്ധീകരണങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ കുട്ടികള്‍ പെട്ടെന്ന് അടിമപെട്ട് പോകുന്ന കാര്‍ട്ടൂണുകളും പ്രത്യേകം ശ്രദ്ധിക്കണം എന്ന് തോന്നിയിട്ടുണ്ട്. ടോം & ജെറി പോലെ നിര്‍ദോഷമായ കാര്‍ട്ടൂണുകള്‍ കുറഞ്ഞ് വരുന്നു.

സുല്‍: നന്ദീട്ടൊ. ടി. വി പരസ്യം! 3 മാസം മുതലുള്ള കുട്ടികള്‍ അതീന്നു കണ്ണെടുക്കില്ല എന്നതിന് എന്തു പഠനം ആണൊ നടത്തേണ്ടത്?

വല്യമ്മായി said...

നല്ല ഉദ്യമം.ഒരു മെംബഷിപ് കിട്ടുമോ

ഡാലി said...

വല്യാമ്മായി അവിടെ ഇന്‍‌വിറ്റേഷന്‍ വന്നിലേ?
ഉടനടി അയക്കുന്നതയിരിക്കും.

മുല്ലപ്പൂ said...

ഇതു ഒന്നാം തരം.
എനിക്കു ഒരു അഗത്വം.

Kumar Neelakandan © (Kumar NM) said...

പോസ്റ്റൊക്കെ പിന്നെ വായിക്കാം ഡാലീ...
ഇങ്ങനെ ഒരു സംരംഭം ഇവിടെ കണ്ടതുകൊണ്ടു വന്നതാണ്.

ഇതിനോട് ചേര്‍ന്ന് ഒരു അടുക്കളകൂടി അറ്റാച്ച് ചെയ്യാമോ? ഇടയ്ക്കൊക്കെ വന്നു വല്ലതും കഴിച്ചിട്ടുപോകാമായിരുന്നു. (എവട! വല്ലതും കഴിക്കണമെങ്കില്‍ അനിച്ചേട്ടന്റെ അടുത്തോ, ബിരിയാണിക്കുട്ടന്റെ അടുത്തോ, കല്യാണരാമന്റെ അടുത്തോ, നമ്മുടെ സുഹൃത്ത് ഡാലന്റെ അടുത്തോ പോണം.!)

ലിഡിയ said...

കഴിഞ്ഞ ദിവസം ഞാനും വല്ലത്ത ഒരു ഷോക്കില്‍ പെട്ട് പോയി. കൂട്ടുകാരിയുടെ രണ്ടര വയസ്സുകാരന്‍ കാര്‍ട്ടൂണ്‍ ചാനല്‍ ഓഫ് ചെയ്തതിന് പാത്രം വലിച്ചെറിയുന്നു, തിരക്കില്‍ അത് കാണാന്‍ നില്‍ക്കാതെ അത് വച്ചു കൊടുക്കാന്‍ മേയ്ഡിനോട് പറഞ്ഞിട്ട് അവള്‍ ജോലിക്കിറങ്ങുന്നു.

ഞാന്‍ കണ്ണുരുട്ടി പേടിപ്പിച്ചതില്‍ പിന്നെ അവന്‍ ഇപ്പോ എന്നോട് അടുക്കുന്നില്ല.

ഈ താള്‍ ചിന്തനീയം തന്നെ.

എന്നെയും ക്ഷണിച്ചോളൂ, parvathyme@gmail.com

-പാര്‍വതി.

ഏറനാടന്‍ said...

ഇതിന്റെ അണിയറ ശില്‍പികള്‍ക്കെന്റെ അഭിനന്ദനങ്ങള്‍. വനിതാലോകരേ ജാഗ്രതൈ! ഒരു രഹസ്യം പറയട്ടെ (ആരും കേള്‍ക്കേണ്ട ഹി..ഹീ) പലരും ഇവിടെ വനിതാനാമങ്ങളില്‍ കേറിപറ്റാന്‍ സാധ്യതയുണ്ട്‌. വനിതാമാസികകളും വനിതാപംക്തികളും വായിക്കുന്നതില്‍ പുരുഷന്മാരാണല്ലോ കൂടുതല്‍ (സര്‍വേ കണക്കാണേ). പണ്ട്‌ ഞങ്ങളുടെയവിടെ വനിതകള്‍ മാത്രം നടത്തുന്ന ഹോട്ടലും മീന്‍മാര്‍ക്കറ്റും ഉണ്ടായിരുന്നു. കച്ചവടത്തിന്റെ പൊടിപൂരമായിരുന്നു അവിടം.

-B- said...

ഉവ്വ ഉവ്വേ... കുമാറേട്ടോ... എറണാകുളത്തൊരു അടുക്കളയില്‍ കലാസംവിധാനം നടക്കുന്ന വിവരം ഇവിടെ എല്ലാവര്‍ക്കും അറിയാമേ... എന്നു വെച്ച് എല്ലാ വീട്ടിലും അങ്ങനെയാ എന്നാ വിചാരം?

വാളൂരാന്‍ said...

നല്ല പോസ്റ്റാണേ... കുട്ടികളുടെ മനശ്ശാസ്ത്രം കുറച്ചു പഠിക്കേണ്ടതുതന്നെ. ഡാലി പറഞ്ഞപോലെ ഞാന്‍ കഴിഞ്ഞ ദിവസം മോന്‌ കളിപ്പാട്ടം വാങ്ങാന്‍ കറങ്ങിയപ്പോള്‍ തോക്കുകളുടെ സെക്ഷന്‍ ഒഴിവാക്കുകയായിരുന്നു. ഇങ്ങനെയുള്ള നല്ല നല്ല പോസ്റ്റുകള്‍ ഇനിയും പോരട്ടേ....സപ്പോര്‍ട്ടുണ്ടാവുംട്ടോ....
പിന്നെ റെസിപ്പികള്‍ എന്നാ തുടങ്ങുന്നേ....

സുധ said...

ഡാലീ, ഇതൊരു നല്ല തുടക്കം ആകട്ടെ. നല്ല പോസ്റ്റ്‌. എനിയ്ക്‌ ബാര്‍ബിയെ ഇഷ്ടമാണ്. ആര്‍ക്കും വങ്ങിക്കൊടുത്തിട്ടില്ല. പൊതുവെ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുക പതിവില്ല. പകരം പ്രായത്തിനനുസരിച്ച് പുസ്തകങ്ങള്‍. അതുകിട്ടുമ്പോള്‍ ആദ്യം അവര്‍ക്കു സന്തോഷം കുറയുമെങ്കിലും ക്രമേണ അതു മാറിയതായി അറിഞ്ഞ്‌ സന്തോഷിച്ചിട്ടുണ്ട്‌. കണ്ണന്‍ സ്കൂളില്‍ പോയിത്തുടങ്ങിയതു മുതല്‍ പുസ്തകങ്ങളുടെ കളക്ഷനാണ്. ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ പുസ്തകങ്ങളും. മാറുന്നവ പോലും കളയാന്‍ മനസ്സുവരുന്നില്ല.

Kumar Neelakandan © (Kumar NM) said...

ബിരിയാണിയേയ്, വെറുതെ എന്നെ പ്രകോപിപ്പിക്കണ്ട. ഞാനിപ്പോ മൌനവൃതത്തിലാ..

ഞാന്‍ കുറച്ചുകാലമായി ‘മഹാമുനി‘ക്ക് പഠിക്കുകയാണ്. ഇനി രണ്ടു സെമസ്റ്റര്‍കൂടി. പഠനം കാരണമാവും ക്ഷമ ഇപ്പോള്‍ വേണ്ടുവോളം ഉണ്ട്.

ബിരിയാണിയുടേയും നെയ്ച്ചോറിന്റേയും രൂപത്തില്‍ എന്നെ പ്രകോപിപ്പിക്കാന്‍ എന്റെ ഈ തപസ്യ മുടക്കാന്‍ ഗന്ധര്‍വ്വന്‍ മാരും കിന്നരന്മാരും ആശ്രമകവാടത്തില്‍ വരും എന്ന് ഇന്നുരാവിലേയും സ്വപ്നത്തില്‍ എന്റെ ഗുരുപറഞ്ഞു.
ആ മഹാഗുരുവിന്റെ കബറില്‍ ഒരുപിടി പച്ചമണ്ണ്‌ വാരിയിട്ട് ഞാന്‍ പറയുന്നു, (കമണ്ഡലുവില്‍ നിന്നും അല്പം ജലം എടുത്ത്) ബിരിയാണീ നിനക്കുത്തരമില്ല. ആശ്രമവാടത്തില്‍ നില്‍ക്കുന്ന ചമതമുറിച്ചു കടിച്ചു തിന്നുകൊണ്ട് കടന്നു പോ...
നീ പോ മോളേ, ബിരിയാണീ...

ഡാലി ഈ മഹിളാസമാജത്തില്‍ വന്ന് ഓഫടിച്ചതിനു മാപ്പ്. ഓം ശാന്തി:

sreeni sreedharan said...

കുമാറേട്ടാ, ശാന്തിയെ അറിയുമോ?

:)

സു | Su said...

പച്ചൂ :) ഡിസ്കോ ശാന്തി ആണോ? ;)


ഓഫിന് മാപ്പ്.

ദേവന്‍ said...

ബാര്‍ബിക്കുറിപ്പ്‌ നന്നായി ഡാലി. കുട്ടികളുടെ പാവകള്‍ മിക്കതും കുട്ടികള്‍ തന്നെയായിരുന്ന കാലത്താണ്‌ മുതിര്‍ന്ന പെണ്ണായ ബാര്‍ബി ഒരു കളിക്കോപ്പാകുന്നത്‌. പാല്‍ക്കുപ്പി കൊടുക്കുമ്പോള്‍ കുടിക്കുകയും നിലത്തു കിടത്തിയാല്‍ കരയുകയും ചെയ്യുന്ന പാവയെക്കാള്‍ മുതിര്‍ന്നവളാണ്‌ ബാര്‍ബി. കളിക്കുമ്പോള്‍ ബാര്‍ബിയുടെ അമ്മയോ ചേച്ചിയോ ആകുകയല്ല, അവള്‍ക്ക്‌ മേക്കപ്പിട്ടും ബോയ്‌ ഫ്രണ്ടിനെ കാണാന്‍ കൊണ്ടുപോയും അടുക്കളപ്പണി ചെയ്തും കുട്ടി ബാര്‍ബിയായി ജീവിക്കുകയാണ്‌.

ബാര്‍ബിക്ക്‌ വ്യക്തമായ രാഷ്ട്രീയവും സാമൂഹ്യമൂല്യങ്ങളുമുണ്ട്‌. ഒരു കറുത്ത വര്‍ഗ്ഗക്കാരി ആദ്യമായി അമേരിക്കന്‍ സൌന്ദര്യറാണിയാകുന്നതിനു തൊട്ടു മുന്നേ കറുമ്പി ബാര്‍ബി വിപണിയിലിറങ്ങി എന്നും യു എസ്‌ ഭരണകൂടത്തിലേക്ക്‌ ആദ്യമായി സ്ത്രീകളുടെ ശക്തമായൊരു കയറ്റം ഉണ്ടാകുന്നതിനു തൊട്ടുമുന്നേയാണ്‌ എക്സിക്യൂട്ടീവ്‌ ബാര്‍ബി ഇറങ്ങിയതെന്നും ഇന്റര്‍നെറ്റിലെവിടെയോ വായിച്ചിരുന്നു. ഇതെല്ലാം ചെയ്യുമ്പോഴും ബാര്‍ബിക്ക്‌ പ്രാധാന്യം മേക്ക്‌ അപ്‌ കിറ്റും അടുക്കളയും കാമുകനുമായിരുന്നു എന്നതാണ്‌ അതിന്റെ കെണി.

സുധച്ചേച്ചിയെപ്പോലെ ഞാനും വളരെ വര്‍ഷങ്ങളായി സമ്മാനമായി പുസ്തകമേ നല്‍കൂ എന്ന വാശിയിലാണ്‌.

കുട്ടികള്‍ക്ക്‌ കളിപ്പാട്ടം കുട്ടിക്കളിയല്ല എന്ന് ഈയിടെ എന്റെ ഒന്നാം ക്ലാസ്സുകാരന്‍ അനന്തിരവന്‍ മനസ്സിലാക്കി തന്നു.

മൂപ്പരിങ്ങനെ ഇരുന്ന് ഗാഢമായി ആലോചിക്കുമ്പോഴാണ്‌
ഞാന്‍ കയറി ചെന്നത്‌.
"അമ്മാവാ, നമുക്കൊരു ലോറി വാങ്ങിക്കാം?"
"അതിന്‌ ഒരുപാടു പൈസ വേണ്ടേ മോനേ?"
"ബാങ്കില്‍ നിന്നും ലോണ്‍ കിട്ടുമല്ലോ?"
"ലോണ്‍ എടുത്താല്‍ തിരിച്ചെങ്ങനെ കൊടുക്കും, അപ്പോഴും പൈസ വേണ്ടേ?"
"ഓ അത്‌ ലോറി ഓടുന്ന പൈസ ബാങ്കില്‍ കൊടുത്താല്‍ മതിയല്ലോ?"

അവന്‍ വെറുതെ കളിക്കുകയല്ല. അവന്റെ അറിവിന്റെയും ബുദ്ധിയുടെയും പരമാവധി ഉപയോഗിച്ച്‌ ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ ഇവാല്യുവേഷന്‍ നടത്തുകയാണ്‌.

ഓഫടിച്ചില്ലേല്‍ എനിക്കു കമന്റാന്‍ പറ്റില്ല, ക്ഷമീര്‌.
കുമാറേ, ഭര്‍ത്താക്കന്മാര്‍ ഈ സമയത്തു ദീക്ഷ വളര്‍ത്തുന്ന ഒരാചാരം ചില സമുദായത്തിലുണ്ടെന്ന് കേട്ടിട്ടുണ്ട്‌. പക്ഷേ കെ. ഏ. മണ്ഡലുവും ചമതാ പാര്‍ട്ടിയും കക്ഷത്തു ബൂമറാങ്ങുമടക്കം ഫുള്‍ താടി ആകുന്ന പരിപാടി ആദ്യമായി കേള്‍ക്കുകയാ. ഇതിനെക്കുറിച്ച്‌ സമകാലികത്തിലോ മറ്റോ ഒരു ലേഖനം, പ്ലീസ്‌?

ഡാലി said...

വല്യമ്മായി, മുല്ലപ്പൂ, പാര്‍വതി, ഏറനാടന്‍, ബി.കുട്ടി, മുരളി, പച്ചാളം, സു ,പിന്നെ പോസ്റ്റ് വായിച്ച എല്ലാവര്‍‍ക്കും നന്ദി.

സുധേച്ചി, ദേവേട്ടാ, സ്കൂളില്‍ പോയി തുടങ്ങിയ കുട്ടികള്‍ക്ക് ഞാനും പുസ്തകങ്ങളൊ, പഠന സാമഗ്രഹികളോ ആണ് വാങ്ങാറ്‌. മൂന്നു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വസ്ത്രങ്ങളും പാവകളും. പാവകളോട് ഇപ്പോഴും എനിക്ക് വലിയ താത്പര്യമാണ്. ചെറിയ കുട്ടിയായിരിന്നപ്പോള്‍ അമ്മ മുറിച്ചിട്ട വെട്ട് തുണികഷ്ണങ്ങള്‍ കൊണ്ടുണ്ടാക്കിയ പലതരം പാവകള്‍. അമ്മ പാവ, അച്ഛന്‍ പാവ, മകള്‍ പാവ ഇങ്ങനെ. ടെഡി ബിയറുകളും, കുരങ്ങന്മാരും ഒക്കെ എനികിഷ്ടാണ്. കുട്ടികള്‍ അതോണ്ട് കളിക്കുന്ന കാണുന്നതും. എന്നാല്‍ ബാര്‍ബിയെ എനിക്കിഷ്ടമല്ല. ശരിക്കും ഞാന്‍ വാങ്ങി കൊടുത്തത് ബാര്‍ബിയുടെ പടമുള്ള പന്തായിരുന്നു. അതിനോട് പോലും ഇങ്ങനെ പ്രതികരിച്ച എന്റെ റഷ്യന്‍ സുഹൃത്തിന്റെ മാനസികവസ്ഥ എനിക്കു മനസ്സിലാവും.

കുമാരേട്ടാ: ആ ചമത ഫ്രൈ ഉണ്ടാക്കണ പാചകവിധി ഒന്നുഎഴുതിയിടണെ പ്ലീസ്. നാളെ ഒന്നു ഉണ്ടാക്കി നോക്കാനാ

വിനോദ്, വൈക്കം said...

നല്ല പോസ്റ്റ്, ഈ ഉദ്യമത്തില്‍ ഭൂലോകത്തിലെ
പെങ്ങാമ്മാര്‍ക്കെല്ലാ ഭാവുകങ്ങളും നേരുന്നു...

പരാജിതന്‍ said...

വളരെ നല്ല പോസ്റ്റ്‌. ദേവണ്റ്റെ കമണ്റ്റ്‌ പതിവു പോലെ ഉചിതമായ അനുബന്ധം തന്നെ. മക്കള്‍ ബാര്‍ബിപ്പാവകളെപ്പോലെയിരിക്കാത്തതില്‍ ആത്മാര്‍ത്ഥമായി വ്യസനിക്കുന്ന ധാരാളം അമ്മമാരുണ്ട്‌. ആ സ്ഥിതിക്ക്‌ കുട്ടികളുടെ കാര്യം പറയണോ? ഡാലിക്കും വനിതാലോകത്തിനും ആശംസകള്‍.

Santhosh said...

ഇതില്‍ അഭിപ്രായം പറയാന്‍ തക്കവണ്ണം അറിവൊന്നുമില്ല. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് സിലക്റ്റീവായി ചിലതൊക്കെ നിഷേധിക്കുന്നതില്‍ എന്തുമാത്രം ശാസ്ത്രീയതയുണ്ട് എന്നൊരു സംശയം.

രണ്ടുവയസ്സുകാരന്‍ കാര്‍ കൊണ്ട് കളിച്ചാല്‍ അതിനര്‍ഥം അവന്‍ കാറോട്ടക്കാരനോ കാര്‍ നന്നാക്കുന്നവ്വനോ ആകുമെന്ന് (അല്ലെങ്കില്‍ ആകാനുള്ള സാധ്യത കൂടുതലാണെന്ന്) ഏതെങ്കിലും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടോ?

ഡാലിയുടെ സുഹൃത്തിന്‍റെ ഈ അനുമാനത്തോട്

ബാര്‍ബികളേയൊ, ദേവതകളേയൊ വാങ്ങി കൊടുക്കാറില്ല. സൌന്ദര്യവും, അഴകുമാണ് എല്ലാത്തിന്റേയും അളവു കോലെന്ന് കുട്ടികള്‍ തെറ്റായി ആദ്യം ചിന്തിച്ചു തുടങ്ങുന്നത് ഇത്തരം പാവകളില്‍ കൂടിയാണ്.

ഇവിടെ കമന്‍റിട്ട എല്ലാവരും യോജിക്കുന്നതില്‍ അത്ഭുതം തോന്നുന്നു.

ഡാലി said...

വൈക്കന്‍, പരാജിതന്‍, സന്തോഷ് ചേട്ടന്‍: പോസ്റ്റ് വായിച്ചതിന് നന്ദി.
സന്തോഷ് ചേട്ടാ, “നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് സിലക്റ്റീവായി ചിലതൊക്കെ നിഷേധിക്കുന്നതില്‍ എന്തുമാത്രം ശാസ്ത്രീയതയുണ്ട് എന്നൊരു സംശയം“

അതില്‍ ഒരു ശാസ്ത്രീയതയുമില്ല. കുട്ടികളെ നന്നാക്കുന്നതെന്ത് ചീത്തയാക്കുന്നതെന്ത് എന്ന് അവര്‍ക്കറിവില്ലാത്ത കാലത്ത് തീരുമാനിക്കേണ്ടത് മാതാപിതക്കളാണല്ലോ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളേക്കാള്‍ അവരുടെ നന്മയ്ക്കാണ് പ്രാധാന്യം. അത്തരത്തിലൊന്ന് ചിന്തിച്ചതാവും എന്റെ സുഹൃത്ത്. യന്ത്രതോക്കുകള്‍ 17 വയസ്സില്‍ നിര്‍ബന്ധമായി കൈയില്‍ കൊടുക്കുന്ന ഈ രാജ്യത്ത്, റഷ്യയിലെ വീര്‍പ്പുമുട്ടലില്‍ നിന്നും വന്ന ഒരു ജൂതസ്ത്രീ ഇങ്ങനെയൊക്കെ അവളുടെ മകള്‍ക്ക് വേണ്ടി ചിന്തിക്കും എന്ന് കുറച്ചാലോചിച്ചപ്പോള്‍ എനിക്കു മനസ്സിലായി.

“രണ്ടുവയസ്സുകാരന്‍ കാര്‍ കൊണ്ട് കളിച്ചാല്‍ അതിനര്‍ഥം അവന്‍ കാറോട്ടക്കാരനോ കാര്‍ നന്നാക്കുന്നവ്വനോ ആകുമെന്ന് (അല്ലെങ്കില്‍ ആകാനുള്ള സാധ്യത കൂടുതലാണെന്ന്) ഏതെങ്കിലും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടോ?“
പഠനങ്ങളുടെ കാര്യം അറിയില്ല. പക്ഷേ തോക്ക് കളിപ്പാട്ടമായി വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും അതിലെ കളിയുണ്ട ഉപയോഗിച്ച് ആരേയും വെടിവയ്ക്കുന്ന ആശാസ്യമല്ലാത്ത സ്വഭാവം കാണിക്കുകയും ചെയ്യുന്ന കുട്ടികളെ ഞാന്‍ കണ്ടീട്ടുണ്ട്.

പിന്നെ, ബാര്‍ബി തന്നെ വേണം എന്ന് പറഞ്ഞ് വല്ലാതെ വാശി പിടിക്കുന്ന ഒരു കൊച്ച് കുഞ്ഞിന് ഞാന്‍ ഇനിയും അതുപോലെ ഒന്ന് വാങ്ങി കൊടുത്തേക്കാം, അവരുടെ മാതപിതാക്കള്‍ക്ക് വിരോധമില്ലെങ്കില്‍. പക്ഷെ സ്വയം ഒരു കളിപ്പാട്ടം ഒരു കുട്ടിയ്ക്ക് തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ബാര്‍ബിയും, തോക്കും ഒഴിവാക്കാനാവും ഞാന്‍ ശ്രമിക്കുക.

Unknown said...

ഞാന്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് ആണ് വാങ്ങാറ്. അതും ഈവന്‍ നമ്പേഴ്സായിട്ട്. എങ്ങനെ കഴിയ്കണം എന്നതിന്റെ ഡെമോ ഞാന്‍ തന്നെ കൊടുക്കും.അല്ലെങ്കില്‍ കുട്ടി വളര്‍ന്ന് വലുതായാല്‍ വല്ല ചോക്ലേറ്റ് നായകന്മാരുമായാലോ? ഈ ചെറിയ ചെറിയ കാര്യങ്ങള്‍ കുട്ടിയിലുണ്ടാക്കുന്ന ഇമ്പ്ലിക്കേഷനാണ് വലുതായാല്‍ പിന്നെ കോമ്പ്ലിക്കേഷനാവുന്നത് എന്നല്ലേ?

(ഞാന്‍ മണ്ടിയിരിക്കുന്നു. :-)

പരാജിതന്‍ said...

ഡാലി പറഞ്ഞത്‌ സത്യം. ഇതിനൊക്കെ അന്തിമമായ വാക്ക്‌ എന്നൊന്നില്ല. നല്ല ഒരു ലൈബ്രറിയുള്ള വീട്ടില്‍ വളരുന്ന ഒരു കുട്ടി, പറമ്പും വൃക്ഷങ്ങളുമൊക്കെ ധാരാളമുള്ള ഒരന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍... ഇവര്‍ക്കൊക്കെ മാനസികോന്നമനം കൂടൂതലായിരിക്കുമെന്നത്‌ ഊഹിക്കാവുന്നതല്ലേയുള്ളു. സയന്‍സ്‌ പറയുന്നതും അങ്ങനെയൊക്കെ തന്നെയാണെന്ന് തോന്നുന്നു. അപവാദങ്ങള്‍ ഉണ്ടാകാം. പക്ഷേ അതിന്‌ തക്കതായ കാരണവും ഉണ്ടാകും. എന്തായാലും ഈ പോസ്റ്റ്‌ വായിക്കുന്നവരെ ചിന്തിപ്പിക്കുമെന്നതിന്‌ സംശയമില്ല.