പുതിയതായി ശ്രദ്ധയില്‍ പെട്ട ബ്ലോഗുകളില്‍ പതിവായി പോസ്റ്റിടുന്ന ബ്ലോഗറാണ് ചിലമ്പ്. എഴുതി തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകള്‍ ചിലമ്പിന്റെ പോസ്റ്റുകളില്‍ നിറയെ കാണാമെങ്കിലും ഒരോ പോസ്റ്റിലും പങ്ക് വയ്ക്കപ്പെടുന്ന ചിന്തകള്‍ കനമേറിയവയാണ്. ദയാവധം കാത്തുകിടക്കുന്ന സ്ത്രീയുടെ മനോവ്യാപാരങ്ങളെ പകര്‍ത്തുന്ന യുത്തനേഷ്യയും ചങ്കൂറ്റമുള്ള പെണ്‍കുട്ടികളിലൂടെ നാടിന്റെ ഭാവി സ്വപ്നം കാണുന്ന ഡ്രീംസും കുറച്ചുകൂടെ സമയമെടുത്ത് എഴുതിയിരുന്നെങ്കില്‍ വളരെ നന്നാകുമായിരുന്ന കഥാ-കവിതാ സന്ദര്‍ഭങ്ങളായിരുന്നു. കഥപരമായി ഉയര്‍ന്ന് നില്‍ക്കുന്നില്ലെങ്കിലും കുരുക്കുകള്‍ എന്ന കഥയിലൂടെ സംവേദിക്കപ്പെടുന്ന ആശയം ഇന്നത്തെ ഇന്റര്‍നെറ്റ് സംസ്കാരത്തില്‍ പരിചയപ്പെടുത്തിയിരിക്കേണ്ട ഒന്നാണ്.
പരദൂഷണം അഥവാ ഗോസ്സിപ്പ് ഇന്ന് മലയാളി സമൂഹത്തിന്റെ മാത്രമല്ല ലോകജനതയുടെ തന്നെ സംസ്കാരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും പൊതുജീവിതത്തിന്റേയും വ്യക്തിജീവിതത്തിന്റേയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി മാധ്യമ രംഗത്തും സ്വകാര്യ ജീവിതത്തിലും ഗ്ലോറിഫൈഡ് സ്ഥാനം നേടി വിരാജിക്കുന്നതും ആണ്. ചിലര്‍ ഗോസ്സിപ്പിലൂടെ പ്രസിദ്ധിയുണ്ടാക്കുമ്പോള്‍ ചിലര്‍ക്ക് അതിലൂടെ ജീവിതം തന്നെ നഷ്ടപ്പെടുന്നു. ഗോസ്സിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞ് നിന്ന് തിളങ്ങുന്ന ലൈംഗീക ഗോസ്സിപ്പിനാല്‍ സമൂഹത്തീലെ സദാചാര പോലീസിന്റെ വിചരാണ നേരിട്ട് ജീവിതം കുട്ടിച്ചോറായവരില്‍ രാഷ്ട്രീയക്കാര്‍, ശാസ്ത്രഞ്ജര്‍, സിവില്‍ സര്‍വീസ് മേഖലയില്‍ ഉള്ളവര്‍ തുടങ്ങി അതിസാധാരണക്കാര്‍ വരെ ഇരയാവുന്നത് ഇന്നത്തെ ലോക്കല്‍ ചാനലുകളുടെ ബഹളത്തിനിടെ ഒട്ടും പ്രാധാന്യം ഇല്ലാത്ത സംഗതിയായിരിക്കുന്നു. സദാചാര വിചാരണയുടെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ ഇരകള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസം തെല്ലും ഇല്ലെന്ന് കാണാം.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാളി സമൂഹം,(ഒരു സാമാന്യവത്കരണത്തില്‍ ഇന്ത്യന്‍ സമൂഹം എന്ന് പറയമോ ആവോ) വളര്‍ത്തിയെടുത്ത ഒരു പരദൂഷണ മുറയാണ്, എട്ടുകാലി മമ്മൂഞ്ഞ് മുറ. ഈ മുറയില്‍ സ്ത്രീത്വത്തിന്റെ നിര്‍വചനം ഒരു നോട്ടത്തില്‍ വീണുപോകാവുന്ന പെണ്ണുങ്ങള്‍. അവര്‍ സംസാരിക്കുന്നതും, സഹായം സ്വീകരിക്കുന്നതും, പരിചയം ഭാവിച്ച് ചിരിക്കുന്നതും, സഹായം നല്‍കുന്നതും, എന്തിന് ബുദ്ധിപരമായി സംസാരിക്കുന്നത് പോലും ഇന്നല്ലെങ്കില്‍ നാളെ “അത് ഞമളാ” എന്ന് എട്ടുകാലി മമ്മൂഞ്ഞ്‌മാര്‍ക്ക് പറയാന്‍ ഒരവസരം ഉണ്ടാക്കുവാനാണെന്ന് ഈ മുറ അഭ്യസിക്കുന്നവര്‍ വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു സ്ത്രീയോട് സംസാരിച്ച ശേഷം ആ സംസാരത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ‘സംഗതിയറിഞ്ഞോ’എന്ന ആമുഖത്തോടെ കവലകളിലും, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലും പ്രസംഗിക്കുന്നവരെ മലയാളിയ്ക്ക് വളരെ പരിചിതമാണ്. നമ്മുടെ സിനിമയില്‍ ഇത്തരം കഥാപാത്രങ്ങളുടെ തമാശകള്‍ കേട്ട് നാം എത്രയോ ചിരിച്ചിരിക്കുന്നു. പൊതുവെ അത്ര ദോഷം ചെയ്യാത്ത എട്ടുകാലി മമ്മൂഞ്ഞ് കൂട്ടങ്ങളില്‍ ഒരു നീരാളി ഉണ്ടായാല്‍ ആ കൂട്ടം പിന്നെ ആ നാടിനു തന്നെ ശാപമായി തീരും.
മലയാള ഇന്റെര്‍നെന്റിന്റെ മൂലകളിലും ഇത്തരം എട്ടുകാലി മമ്മൂഞ്ഞ് കൂട്ടങ്ങളും, അവരുടെ നീരാളി നേതാക്കളും വളര്‍ന്നു വരുന്നുണ്ടെന്ന ആശങ്കയാണ് ചിലമ്പിന്റെ കുരുക്കുകള്‍ എന്ന കഥ പങ്കുവെയ്ക്കുന്നത്. കഥയെഴുതാന്‍ എന്തെങ്കിലും തരത്തിലുള്ള ബാഹ്യഉദ്ദീപനം വേണം എന്ന് ധരിച്ചിരുന്ന ഒരു കൂട്ടം കടന്ന് പോയി എന്നാണ് കരുതിയിരുന്നത്. മദ്യം, മദിരാക്ഷി, കഞ്ചാവ് എന്നിവയുടെ പുറത്തേ എഴുത്ത് വരൂ, ബുദ്ധിജീവിയാകൂ എന്നൊക്കെ കരുതിയിരുന്ന ഒരു തലമുറ തിരിച്ചു വരില്ലെന്നും കരുതി. എന്നാല്‍ പരദൂഷണം, കൃത്യമായി പറഞ്ഞാല്‍ മമ്മൂഞ്ഞ് മുറ ലഹരിയാക്കി എഴുത്ത് നിര്‍വഹിച്ച് വരുന്ന പുതിയൊരു കൂട്ടത്തിന്റെ കഥയാണ് കുരുക്കുകള്‍.
തന്റെ പുകഴ്ത്തലുകള്‍ കേട്ട് മയങ്ങുന്നവരാണ് തനിക്ക് മറുമെയിലയക്കുന്നതെന്നും, തന്റെ ഉദ്ദീപനത്തിനുപയോഗിക്കാവുന്ന ഇരകളായി അവരെ തിരഞ്ഞെടുക്കാന്‍ എളുപ്പമാണെന്നും കരുതുന്ന, കാശുകൊടുത്ത് തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്ന, പ്രസിദ്ധിയ്ക്കു വേണ്ടി കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്ന എഴുത്തുകാരന്റെ വലയ്ക്കുള്ളില്‍ നിന്നും രക്ഷപ്പെടുന്ന സ്ത്രീയുടെ ആത്മഭാഷണം ആണ് കുരുക്കുകളില്‍. ഇരയായി കൊളുത്തിയ സ്ത്രീയെ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനയുക, കൂട്ടുകാരുടെ ഇടയില്‍ അത് പറഞ്ഞാഘോഷിക്കുക എന്നിവയാണ് എഴുത്തുകാരന് ഉദ്ദീപനം നല്‍കുന്നത്. കഥയിലെ സ്ത്രീ ചില നല്ല സുഹൃത്തുകളുടെ സഹായത്താല്‍ രക്ഷപ്പെടുന്നെങ്കിലും അയാള്‍ തന്റെ അടുത്ത ഇരയെ തേടി ഇറങ്ങുകയാണ്.
ഇന്റര്‍നെറ്റിലെ വിര്‍ച്യുല്‍ സൌഹൃദങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കയറി വന്ന് എങ്ങനെ അപകടകാരിയാവുന്നു എന്ന് കൂടി ഈ കഥ പറഞ്ഞു വയ്ക്കുന്നു. ഇരയ്ക്കുവേണ്ടി കാത്ത് കിടക്കുന്നവരുടെ മുന്നില്‍ അറിയാതെ അകപ്പെട്ട് പോയാലും താനൊരു ഇരയാണല്ലോ എനിക്കിനി ഒന്നും ചെയ്യാനില്ല എന്ന വിക്ടിം കോപ്ലെക്സില്‍ കുടുങ്ങി ജീവിതം തീര്‍ക്കാതെ, സധൈര്യം അത്തരം എട്ടുകാലി മമ്മൂഞ്ഞ്‌മാരുടെ സൊഹൃദ വലയുടെ കുരുക്ക് തകര്‍ത്തെറിഞ്ഞ് വരാന്‍ ആര്‍ജ്ജവം കാണിച്ച കഥാനായികയെ വരച്ചിട്ട ബ്ലോഗറുടെ പോസറ്റീവ് മനസ്സ് അഭിനന്ദിക്കേണ്ടതാണ്. പക്ഷേ ഇത്തരം കുരുക്കളില്‍ നിന്നും വിവേക ബുദ്ധിയോടെ അകന്നിരിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
പൈങ്കിളി ആയി പോയോ എന്ന് എഴുതിയ ആള്‍ തന്നെ സംശയിക്കുന്ന ഈ കഥയില്‍, കഥയുടെ മനോഹാരിത അധികമൊന്നും ഇല്ലാത്ത തരം ആഖ്യാനമാണെങ്കിലും എഴുതി തുടങ്ങുന്ന ഒരാളുടെ കഥ എന്ന നിലയ്ക്കും ഇന്നത്തെ നെറ്റിസണ്‍ സമൂഹത്തില്‍ വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നതിനാലും വെട്ടത്തിരുത്തേണ്ട ഒരു സ്ത്രീപക്ഷ ബ്ലോഗ് കഥയാണ്
കുരുക്കുകള്‍ വായിക്കുന്നവര്‍ അതിനെ കുറിച്ചുള്ള കമന്റ് അവിടേയും ഈ പോസ്റ്റിനെ കുറിച്ച് എന്തെങ്കിലും പറയാനുള്ളത് ഇവിടേയും പറയുമല്ലോ.
Thursday, August 23, 2007
Subscribe to:
Post Comments (Atom)
2 comments:
മദ്യം, മദിരാക്ഷി, കഞ്ചാവ് എന്നിവയുടെ പുറത്തേ എഴുത്ത് വരൂ, ബുദ്ധിജീവിയാകൂ എന്നൊക്കെ കരുതിയിരുന്ന ഒരു തലമുറ തിരിച്ചു വരില്ലെന്നും കരുതി. എന്നാല്‍ പരദൂഷണം, കൃത്യമായി പറഞ്ഞാല്‍ മമ്മൂഞ്ഞ് മുറ ലഹരിയാക്കി എഴുത്ത് നിര്‍വഹിച്ച് വരുന്ന പുതിയൊരു കൂട്ടത്തിന്റെ കഥയാണ് കുരുക്കുകള്‍.
മലയാളം ബ്ലോഗുകളെ കുറിച്ചു സമീപകാലത്തുണ്ടായ ഏറ്റവും കൃത്യവും സൂക്ഷ്മവുമായ വിമര്‍ശനം. കുഡോസ് ഡാലി.
ചിലമ്പിലെ കഥകള്‍ വായിക്കമ്പിള്‍ അല്ലായിരുന്നു, വായനയ്ക്കു ശേഷമല്ലേ ഏത് പക്ഷത്തെ കുറിച്ചാണെന്ന് മനസ്സിലാവൂ, ഈ പോസ്റ്റ് അതിനുപകരിച്ചു.
പരദൂഷണം എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ടായിരുന്നു.അതിന്‍റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. പക്ഷെ അത് നേരിട്ട് അനുഭവിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് അതേക്കുറിച്ച് ബോധവാന്‍(വതി)ആകുക. പുരുഷന്‍മാര്‍ സ്ത്രീകളെക്കുറിച്ചാകും പരദൂഷണം ഏറിയപങ്കും പറയുക. സ്ത്രീകളും സ്ത്രീകക്കുറിച്ച് തന്നെയാണ് പറയുക. നാട്ടിന്‍പുറത്താണെങ്കില്‍ ഒരാണ്‍കുട്ടി പെണ്‍കുട്ടിയോട് സംസാരിക്കുന്നത് പോലും സംശയത്തോടെ വീക്ഷിക്കപ്പെടും.നഗരത്തിലാണെങ്കില്‍ അത് ബൈക്കിന്‍റെ പുറകില്‍ കയറിയിരുന്ന് പോയാലുണ്ടാകും. ഇത് ഓരോയിടങ്ങളില്‍ ഓരോ കാലങ്ങളില്‍ വ്യത്യസ്തമായി അവതരിക്കും.
ഇപ്പോഴുള്ള ലേറ്റസ്റ്റ് അവതാരം ബ്ളോഗായിരിക്കാം. ഇതില്‍ പക്ഷെ എട്ടുകാലി മമ്മൂഞ്ഞ് പുരുഷനാണോ സ്ത്രീയാണൊയെന്ന് തിരിച്ചറിയാനാകില്ല എന്നൊരു "സൌകര്യം" കൂടിയുണ്ട്,
Post a Comment