എഴുത്തിന്റെ ലോകത്തു് കവിത കൊണ്ടു് തന്റെ സ്ഥാനം അടയാളപ്പെടുത്തി കഴിഞ്ഞ കവയിത്രിയാണു് ഭൂമിപുത്രി. മനസ്സിനെ തൊട്ടതിനെ കവിതയാക്കുമ്പോഴും സ്ത്രീയുടെ സ്വത്വബോധത്തെ കുറിച്ചു് തികച്ചും ബോധവതിയാണു് ഭൂമിപുത്രിയെന്നതിനു് തെളിവാണു് പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ടു് കവിത വഴി നടക്കുമ്പോഴും "വിധവകള്‍ നാടുഭരിച്ചാല്‍ ഗുണം പിടിക്കില്ല" എന്ന വല്യേട്ടന്റെ പഴിയെ കുറിച്ചിപ്പോഴും ശേഷിക്കുന്ന അസ്വസ്ഥത.
ഭൂമിപുത്രിയുടെ വളരെ ചെറിയൊരു കവിതയാണു് പരിത്യക്ത. കുറച്ചു് വാക്കുകള്‍ക്കു് എത്ര കൂടുതല്‍ ശക്തമാവാം എന്നു് കാണിക്കുന്ന കവിത. ഒരു വാചകത്തിലൂടെ ഭൂമി ഉയര്‍ത്തുന്നതു് അനേകം ചോദ്യങ്ങളാണു്. ചിരപുരാതനം കാലം മുതലേ അര്‍ദ്ധനാരീശ്വര ‘സങ്കല്‍പ്പത്തില്‍‘ അധിഷ്ഠിതമായൊരു വ്യവസ്ഥിതിയില്‍ എന്നു മുതാലാണു് നാരീപാതിയെ പിടിച്ചെടുക്കാന്‍ തുടങ്ങിയതു്? അര്‍ദ്ധനാരീശ്വരത്തില്‍ നിന്നു് പൂര്‍ണ്ണത്രയീശനിലേക്കു് സഞ്ചരിച്ച ദൂരത്തിനിടയ്ക്കു് നഷ്ടപ്പെടുത്തിയതെന്തൊക്കെ? സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന ‘പൂര്‍ണ്ണത്രയീശനു’വാതിലിനപ്പുറം ഉയര്‍ന്നു കേള്‍ക്കുന്ന ഒച്ചകള്‍ വെറും രോദനങ്ങളായി മാത്രം തോന്നുവോ?
മുപ്പത്തിമൂന്നു ശതമാനത്തിനുള്ള ഒച്ചപ്പെടലുകളെ യാചനകളായെങ്കിലും കാണാതിരിക്കാന്‍ മാത്രം സുഖിച്ചുപോയൊരു സിംഹാസനത്തിനു പുറത്തു് പരിത്യക്തയായ ദേവി യാചിക്കുമ്പോള്‍ അതുകേള്‍ക്കുന്നവര്‍ നടത്തുന്ന പ്രതികരണങ്ങള്‍ കവിതയുടെ പ്രസക്തി പിന്നെയും ഉയര്‍ത്തുന്നു. യാചനയ്ക്കില്ല ഇനിയെല്ലാം പിടിച്ചെടുക്കലുകള്‍ എന്നു് പറയുന്ന വലിയൊരു വിഭാഗം തരുന്ന മുന്നറിയിപ്പുകള്‍ സിംഹാസനത്തിനടുത്തേയ്ക്കിതുവരെ എത്തിയിട്ടില്ല. അതേ സമയം സ്ത്രീസംവരണം എന്തിനാണു് എന്ന് ചോദിക്കുന്ന ഒരു വിഭാഗവും ഉണ്ടെന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കേണ്ട സംഗതിയാണു്.
സ്ത്രീത്വത്തെ കുറിച്ച് വ്യക്തമായ അവബോധമുള്ള കവയിത്രി “വരുവിന്‍ കൂട്ടുകാരെ നമുക്കു യാചിക്കാം” എന്നു തന്റെ കവിതയിലൂടെ വിളിച്ചു പറയില്ല. അങ്ങിനെയെങ്കില്‍ എന്താണു് കവിതയിലെ യാചന? അര്‍ദ്ധനാരിയും കഴിഞ്ഞു് രണ്ടാം പൌരയില്‍ നിന്നും വെറുമൊരു യാചകയുടെ അവസ്ഥയില്‍ എത്തി ഗതിമുട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ തുറന്നു കാട്ടല്‍, അധികാരത്തിന്റെ ഒരു തുള്ളി പിച്ചയായിപ്പോലും വീണുപോകാതെ പിടിച്ചു വച്ചിരിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള പരിഹാസം, ചിലപ്പോഴെങ്കിലും ചിരിയ്ക്കു മാത്രമല്ല കരച്ചിലിനു പോലും പരിഹസിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍. അതു് കരച്ചിലോ യാചനയോ മാത്രമായി വായിക്കപ്പെടുനിടത്തു് വായന തികച്ചും പരാജയപ്പെടുന്നു.
Showing posts with label സ്ത്രീപക്ഷകവിത. Show all posts
Showing posts with label സ്ത്രീപക്ഷകവിത. Show all posts
Thursday, May 22, 2008
Subscribe to:
Comments (Atom)