Wednesday, August 13, 2008

അഞ്‌ജുവിന് ഒരു സഹായം

ഗ്രോത്ത്‌ ഹോര്‍മ്മോണിന്റെ കുറവുമൂലം വളര്‍ച്ച മുരടിച്ചുനില്‍ക്കുന്ന അഞ്ജുവിന്‌ ചികിത്സക്കായി സാമ്പത്തിക സഹായം ആവശ്യമുണ്ട്‌. 12-ാ‍ം ക്ലാസില്‍ പഠിക്കുന്ന അഞ്ജുവിന്‌ കേവലം രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ഉയരമേയുള്ളു. ബാല്യത്തില്‍ത്തന്നെ ഗ്രോത്ത്‌ ഹോര്‍മ്മോണ്‍ അപര്യാപ്തയുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലയില്‍ അഞ്ജുവിന്റെ ചികിത്സ പലപ്പോഴും മുടങ്ങിയിരുന്നു. ദിവസേനയുള്ള ഗ്രോത്ത്‌ ഹോര്‍മോണ്‍ കുത്തിവയ്പ്പാണ്‌ ഈ അവസ്ഥയ്ക്ക്‌ പരിഹാരം. നല്ലവരായ പലരുടെയും സഹായം കൊണ്ട്‌ 6 മാസത്തേയ്ക്ക്‌ ചികിത്സ നടത്തിയെങ്കിലും ഒടുവില്‍ പണത്തിന്റെ അപര്യാപ്തത മൂലം നിര്‍ത്തിവയ്ക്കുകയാണ്‌ ഉണ്ടായത്‌. സ്കൂള്‍ ബാഗ്‌ ചുമക്കാന്‍ പോലും ഉയരക്കുറവ്‌ മൂലം അഞ്ജുവിനു സാധിക്കുന്നില്ല.

ഈ ചികിത്സയ്ക്ക്‌ ആഴ്ചയില്‍ 24 യൂണിറ്റ്‌ ഗ്രോത്ത്‌ ഹോര്‍മ്മോണ്‍ ആവശ്യമുണ്ട്‌. ഇത്‌ ദിവസേനയുള്ള ഇന്‍ജെക്ഷന്‍ വഴി നല്‍കുന്നു. ഒരു യൂണിറ്റ്‌ ഹോര്‍മോണിന്‌ 322 രൂപയാണ്‌ വില. (ഒരു വര്‍ഷത്തെ ചികിത്സയ്ക്ക്‌ ഏകദേശം 4,01,856 രൂപയും). സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന അഞ്ജുവിന്റെ കുടുംബം ഈ ചിലവ്‌ വഹിക്കാന്‍ വളരെ പ്രയാസപ്പെടുന്നു. അഞ്ജുവിന്റെ ചികിത്സക്കായി സഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ ദയവായി താഴെപ്പറയുന്ന ഫെഡെറല്‍ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണമയക്കാന്‍ അപേക്ഷിക്കുന്നു.

Miss Anju Mohan
ഫെഡറല്‍ ബാങ്ക്‌ അക്കൌണ്ട്‌ നംബര്‍: 12 130 100066795

( Federal Bank, Maneed Branch, Nechoor (p.o), Ernakulam Dist.. pin: 686664, Kerala, India)

അഞ്ജുവിന്റെ ചികിത്സയെക്കുറിച്ചോ രോഗാവസ്ഥയെക്കുറിച്ചോ എന്തെങ്കിലും കൂടുതലായി അറിയണമെന്നുള്ളവര്‍ക്ക്‌ അഞ്ജുവിനെ ചികിത്സിക്കുന്ന ഡോക്റ്ററുമായി താഴെപ്പറയുന്ന മേല്‍‌വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.

ഡോ. മിനി ജി പിള്ളെ
കണ്‍സല്‍ട്ടന്റ്‌ എന്‍ഡോക്രൈനോളജിസ്റ്റ്‌,
പി വി എസ്‌ മെമ്മോറിയല്‍ ഹോസ്പിറ്റല്‍,
കലൂര്‍, കൊച്ചി-682017,

PH:0484-23454 51/52/71/60 Ext.544
FAX:0484-2348239

Monday, July 21, 2008

ലോകഫെമിനിസത്തിന്റെ നാള്‍വഴികളിലൂടെ

ഫെമിനിസം അഥവാ സ്ത്രീവാദം ശക്തിപ്രാപിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌. രാഷ്ട്രീയപരമായും സാമൂഹികപരമായും സ്ത്രീയ്ക്ക്‌ സ്വന്തമായ ഒരിടം കണ്ടെത്തുന്നതിന്‌ ഇന്ന് സാധ്യതകള്‍ ഏറെയുണ്ട്‌ എന്ന് നിസ്സംശയം പറയാനൊക്കും. ഈ സാധ്യതകളെ തനിക്കും തനിക്കു ചുറ്റുമുള്ള കഷ്ടതയനുഭവിക്കുന്ന മറ്റനേകം സ്ത്രീകള്‍ക്കും അനുകൂലമായി ഉപയോഗപ്പെടുത്തി പ്രായോഗികമായ രീതികളിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തുന്നതുവരെ ഒരു സ്ത്രീക്കും വിശ്രമിക്കാന്‍ അവകാശമില്ല എന്ന് ഫെമിനിസത്തിന്റെ ശക്തമായ സ്വരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്‌ ബൗദ്ധികമായ തലങ്ങളില്‍ മാത്രമല്ല കേന്ദ്രീകരിക്കപ്പെടേണ്ടത്‌. സാധ്യമായ എല്ലാ മാധ്യങ്ങളും വഴി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഒരുപോലെ ആരംഭിച്ച്‌ ശക്തമായൊരു മുന്നേറ്റമായി വളരാന്‍ അതിനു കഴിയണം. എങ്കില്‍മാത്രമേ ലിംഗപരമായ അസമത്വങ്ങള്‍ക്കും അതുമൂലം പലവിധത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സ്വാതന്ത്ര്യമില്ലായ്മയ്ക്കും എതിരെ ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കാന്‍ സ്ത്രീക്കു കഴിയൂ. സ്ത്രീവാദം എന്നാല്‍ പുരുഷനെതിരെയുള്ള സമരം എന്നു തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകള്‍ ഇന്നത്തെ സമൂഹത്തിലുമുണ്ട്‌. ഇത്‌ ഒരിക്കലും പുരുഷനെതിരെയുള്ളതല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുരുഷന്‍ ഈ ചിത്രത്തിലേ വരുന്നില്ല. സ്ത്രീകള്‍ക്ക്‌ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അഭിപ്രായ സ്വാതന്ത്ര്യവും സാമൂഹ്യ നീതിയും തുല്യ അളവില്‍ ലഭിക്കുന്ന ഒരു സമൂഹത്തിന്റെ നിര്‍മ്മാണമാണ്‌ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. പുരുഷമൂല്യങ്ങളാല്‍ കെട്ടിയുയര്‍ത്തപ്പെട്ടതും സ്ത്രീക്കെതിരെ നിലനില്‍ക്കുന്നതുമായ സാമൂഹ്യ അനീതികള്‍ക്കെതിരെയുള്ള പോരാട്ടം.

ഫെമിനിസത്തിന്റെ ചരിത്രം തുടങ്ങുന്നത്‌ 19 ാ‍ം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ്‌. അമേരിക്കയിലും യൂറോപ്പിലും മുളപൊട്ടിയ പ്രസ്തുത വീക്ഷണങ്ങള്‍ ഫെമിനിസത്തിന്റെ ആദ്യതരംഗം അഥവാ ഫസ്റ്റ്‌ വേവ്‌ എന്നപേരില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ലോകശ്രദ്ധയാകര്‍ഷിക്കുകയും, പ്രധാനമായും സ്ത്രീകള്‍ക്ക്‌ പുരുഷന്മാര്‍ക്കൊപ്പം തന്നെ വോട്ടവകാശം ലഭിക്കുന്നതിനു വേണ്ടി മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ലിംഗവ്യത്യാസത്തില്‍ മാത്രം കേന്ദ്രീകൃതമായ വോട്ടവകാശ നിയമത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങള്‍ അമേരിക്കയില്‍ ഭരണഘടനയുടെ 19 ാ‍ം അമെന്‍ഡ്‌മന്റ്‌ വഴി ഫലപ്രാപ്തിയിലെത്തി. 1920 ആഗസ്റ്റ്‌ മാസത്തില്‍ അമേരിക്കന്‍ ഭരണഘടന സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പടുത്തുകവഴി ഈ നിയമം പ്രാബല്യത്തില്‍ വന്നു. സ്ത്രീസമരങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ വിജയം. അമേരിക്കയില്‍ ഈ സമരം നടക്കുന്ന കാലയളവില്‍ യൂറോപ്പിലും സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 1865 ഇല്‍ ജെര്‍മനിയില്‍ 'ജെനറല്‍ ജെര്‍മന്‍ വിമന്‍സ്‌ അസോസിയേഷന്‍', 1866 ല്‍ ഫ്രാന്‍സില്‍ 'സൊസൈറ്റി ഫോര്‍ ദ ഡിമാന്‍ഡ്‌ ഫോര്‍ വിമന്‍സ്‌ റൈറ്റ്‌സ്‌', 1867 ല്‍ ബ്രിട്ടനില്‍ സ്ത്രീകളുടെ വോട്ടവകാശ സമരങ്ങള്‍, സ്വീഡനില്‍ 1873 ല്‍ 'അസോസിയേഷന്‍ ഓഫ്‌ മാരീഡ്‌ വിമന്‍സ്‌ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്‌' എന്നിങ്ങനെ പല സംഘടകളും സമരങ്ങളും അക്കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌. ഇതേ സമയം തന്നെ ഇന്‍ഡ്യയിലും ചൈനയിലും കൂടാതെ പലസ്തീന്‍ അര്‍ജെന്റീന എന്നിവങ്ങളിലും സ്ത്രീവാദത്തിന്റെ പല സംഘടനകളും നിലവില്‍ വന്നിരുന്നു. ഇതിന്റെയെല്ലാം ശ്രമഫലമായി 1888 ഇല്‍ സ്ത്രീകളുടെ അന്താരാഷ്ട്ര കൗണ്‍സിലും രൂപീകൃതമായി. ഫെമിനിസത്തിന്റെ ആദ്യതരംഗം വിവിധ രാജ്യങ്ങളില്‍ സ്ത്രീ സംഘടനകള്‍ക്ക്‌ രൂപം നല്‍കിയെങ്കില്‍ക്കൂടി അവയ്ക്ക്‌ ഘടനാപരമായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഓരോ രാജ്യങ്ങളിലെയും രാഷ്ട്രീയവും സാമൂഹികവുമായ വ്യത്യാസങ്ങള്‍ അതാത്‌ സ്ഥലങ്ങളിലെ സ്ത്രീ സംഘടനകളിലും പ്രകടമായി എന്നു മാത്രം. സമൂഹത്തിലെ മധ്യവര്‍ഗക്കാരായ സ്ത്രീകളാണ്‌ അധികവും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നത്‌. തൊഴിലാളികളായ സ്ത്രീകളാവട്ടെ തൊഴിലുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന സംഘടനകളില്‍ അവകാശങ്ങള്‍ക്കുവേണ്ടി സജീവമാകുകയും ചെയ്തു. യൂറോപ്പിലെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളും ബൗദ്ധികതലത്തിലും സാഹിത്യ മേഖലയിലും പ്രചരിക്കപ്പെട്ട ധാരാളം പുസ്തകങ്ങളും സ്ത്രീകളുടെ സംഘടിതമായ മുന്നേറ്റങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നു. സ്ത്രീവാദത്തിന്റെ ആദ്യതരംഗത്തിലെ പ്രധാനികളില്‍ ചിലര്‍, യൂറോപ്പില്‍ ക്ലാര സെത്‌കിന്‍, എലിസബത്‌ ആള്‍ട്‌മന്‍ (ജെര്‍മനി), വെര്‍ജീനിയ വൂള്‍ഫ്‌, ബാര്‍ബറ ലെയ്‌ സ്മിത്‌, മേരി ആസ്റ്റല്‍ (ഇംഗ്ലണ്ട്‌), സിമണ്‍ ദെ ബൂവ, ഹ്യൂബെര്‍ടൈന്‍ ഓക്ലെര്‍ട്ട്‌ (ഫ്രാന്‍സ്‌), മരിയ കൊണ്‍സ്റ്റാന്റിനൊവ്‌ ന (യുക്രെയിന്‍), ലൂസി സ്റ്റോണ്‍, സൂസന്‍ ബി ആന്തണി, ലോറ ജെയ്‌ന്‍ ആഡംസ്‌, റേച്ചല്‍ ഫോസ്റ്റര്‍ എന്നിവരാണ്‌.


ഇതിനു തുടര്‍ച്ചയായി 1960 മുതല്‍ ഫെമിനിസത്തിന്റെ രണ്ടാം തരംഗം (സെകന്‍ഡ്‌ വേവ്‌) ആരംഭിച്ചു. ഒന്നാം തരംഗം വോട്ടവകാശം, സ്ത്രീകളുടെ സ്വത്തവകാശം എന്നിവയ്ക്കാണ്‌ മുന്തൂക്കം നല്‍കിയിരുന്നതെങ്കില്‍, രണ്ടാം തരംഗം രാഷ്ട്രീയവും സാംസ്കാരികവുമായ എല്ലാ വിവേചനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുകയും അതേസമയം സ്ത്രീകളുടെ സാമ്പത്തികമായ ഭദ്രതയ്ക്ക്‌ ഊന്നല്‍ കൊടുത്തുകൊണ്ട്‌ തൊഴിലിന്റെയും തദ്വാര വരുമാനത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കൂടുതല്‍ സ്ത്രീകള്‍ പഠനത്തിനും തൊഴിലിനും പ്രാധാന്യം കൊടുക്കുകയും വീട്ടുജോലികളില്‍ ഒതുങ്ങിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നുവരികയുമുണ്ടായി. പുരുഷനുമായുള്ള ലിംഗഭേദത്തിനു പ്രാധാന്യം നല്‍കി ആ വ്യത്യസ്തതയെ അംഗീകരിച്ചുകൊണ്ട്‌ സ്വാശ്രയത്തിലൂന്നിയ ഒരു നവോത്ഥാനത്തിനു രണ്ടാംതരംഗം സാക്ഷ്യം വഹിച്ചു. അമേരിക്കയില്‍ ബെറ്റി ഫ്രീഡന്റെ 'ദ ഫെമിനൈന്‍ മിസ്റ്റിക്‌' (1963) എന്ന പുസ്തകത്തിനു അവിടുത്തെ വീട്ടമാര്‍ക്കിടയില്‍ ലഭിച്ച വന്‍ പ്രചാരം രണ്ടാം തരംഗത്തെ വളരെയധികം സഹായിച്ചു എന്നതില്‍ സംശയമില്ല. കോളജ്‌ വിദ്യാര്‍ത്ഥിനിയായിരിക്കെ ബെറ്റി ഫ്രീഡന്‍ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും വളരെ ചെറുപ്പത്തിലേ വിവാഹബന്ധത്തിലേര്‍പ്പെട്ടതില്‍ അത്യന്തം ഖേദിക്കുന്നവരും സാമ്പത്തികമായി കുടുംബത്തില്‍ വളരെ അസംതൃപ്തരുമായിരുന്നു. തൊഴില്‍ മേഖലകളിലേക്ക്‌ കടന്നുവന്ന് സ്വന്തമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കുന്നതിനും സ്ത്രീയെന്ന അവസ്ഥയില്‍ അഭിമാനം കൊള്ളാനും ധാരാളം അമേരിക്കന്‍ വീട്ടമ്മമാരെ 'ദ ഫെമിനൈന്‍ മിസ്റ്റിക്‌' പ്രേരിപ്പിച്ചിട്ടുണ്ട്‌ എന്നത്‌ ഒട്ടും അതിശയോക്തിയല്ല. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമന്‍ സ്ഥാപിതമായതും രണ്ടാം തരംഗത്തിന്റെ ഒരു പ്രധാന സംഭാവനയായി കരുതാം. അമേരിക്കയിലെ നിലവിലുള്ള ഏറ്റവും വലിയ സ്ത്രീ സംഘടനയാണത്‌. 60 കളുടെ അവസാനത്തോടെ വിഖ്യാതമായ 'ബ്രാ ഉപേക്ഷിക്കല്‍' സമരങ്ങള്‍ക്കും അമേരിക്ക വേദിയായി. സ്ത്രീയെ കേവലമൊരു ലൈംഗിക ഉപഭോഗവസ്തുവായി കാണുന്നതിനെതിരെ ശക്തിയായി പ്രതികരിച്ച അമേരിക്കന്‍ സ്ത്രീത്വം അറ്റ്‌ലാന്റിക്‌ സിറ്റിയില്‍ അരങ്ങേറിയ മിസ്‌ അമേരിക്ക മത്സരത്തിനെതിരെ, സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടാനുപയോഗിക്കുന്ന ബ്രായുള്‍പ്പെടെയുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ (ഹൈഹീല്‍ഡ്‌ ചെരിപ്പുകള്‍, കൃത്രിമ കണ്‍പീലികള്‍, തലമുടി ചുരുട്ടാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, മെയ്ക്‌ അപ്‌ സെറ്റുകള്‍, ഹെയര്‍ സ്പ്രെ) ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചുകൊണ്ട്‌ പ്രതീകാത്മകമായ ഒരു സമരം നടത്തുകയായിരുന്നു. ഈ പ്രവൃത്തിക്ക്‌ അനുകൂലമായി ധാരാളം പത്രങ്ങളും മറ്റും രംഗത്തു വരികയും വളരെയധികം ചര്‍ച്ചകള്‍ക്ക്‌ തുടക്കമിടുകയും ചെയ്തു. എന്നാല്‍ ആന്റി ഫെമിനിസ്റ്റുകള്‍ ഈ സംഭവത്തെ നിസ്സാരമായിക്കണ്ട്‌ 'ബ്രാ കത്തിക്കല്‍' , 'ബ്രാ ലെസ്സ്‌' എന്നപ്രയോഗങ്ങളിലൂടെ അതിന്റെ പ്രശസ്തിയെ പരമാവധി ചൂഷണം ചെയ്യുകയാണുണ്ടായത്‌.

ഇതിനെത്തുടര്‍ന്ന് 1990 കളില്‍ സ്ത്രീവാദത്തിന്റെ മൂന്നാം തരംഗം ആരംഭിക്കുകയും രണ്ടാം തരംഗത്തില്‍ നിന്നു ഭിന്നമായി അത്‌ സ്ത്രീത്വത്തിന്റെ അതുവരെ നിലനിന്നിരുന്ന നിര്‍വചനങ്ങള്‍ക്കതീതമായി സ്വതന്തന്ത്രമായ ഒരു കാഴ്ചപ്പാട്‌ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ശ്രദ്ധേയമായൊരു തുടക്കമായിരുന്നു 91 ല്‍ പ്രകാശിതമായ 'ബാക്‌ ലാഷ്‌: ദ അണ്‍ ഡിക്ലയേര്‍ഡ്‌ വാര്‍ എഗൈന്‍സ്റ്റ്‌ അമേരിക്കന്‍ വിമെന്‍' എന്ന, സൂസന്‍ ഫലൂദി എഴുതിയ പുസ്തകം. 70 കളിലെ സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായി യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ മാധ്യമങ്ങള്‍ നടത്തിയ കടന്നുകയറ്റത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്‌ ഈ പുസ്തകം. അതുപോലെതന്നെ സംഘടിതമായ മുന്നേറ്റങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്ത അവകാശങ്ങളെ വിലകുറച്ചുകാണിക്കുന്ന പ്രവണതകള്‍ക്കെതിരെ ഫലൂദിയുടെ ശക്തമായ പ്രതികരണങ്ങളും ഇതിലുണ്ട്‌. രണ്ടാം തരംഗത്തിന്റെ പ്രധാന പോരായ്‌മകളിലൊന്നായി കണക്കാക്കപ്പെടുന്ന മധ്യവര്‍ഗ വെള്ളക്കാരികളുടെ അധീശത്വം പൊളിച്ചടുക്കിക്കൊണ്ടാണ്‌ മൂന്നാം തരംഗം ആരംഭിക്കുന്നതുതന്നെ. എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കൂടുതല്‍ വൈയക്തികമായ ഇടപെടലുകള്‍ സാധ്യമാക്കുന്ന ഒന്നാണിത്‌. നിറത്തിന്റെയും ലിംഗഭേദങ്ങളുടെയും എല്ലാ ചട്ടക്കൂടുകളും തിരുത്തിക്കൊണ്ട്‌ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ കൂടി ഇതിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നത്‌ ഇതിന്റെ നേട്ടമാണ്‌. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, സെക്‍സ്‌ വര്‍ക്കേര്‍സ്‌, പോപ്‌ ഗായകര്‍, ആര്‍ട്ടിസ്റ്റുകള്‍, എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ള സ്ത്രീകളുടെ പങ്കാളിത്തം മൂന്നാം തരംഗം സ്വാഗതം ചെയ്യുന്നു. ഒപ്പംതന്നെ രണ്ടാം തരംഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെമിനിസ്റ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ചര്‍ച്ചകളും മൂന്നാംതരംഗത്തിന്റെ മുതല്‍ക്കൂട്ടാണ്‌. ഒരു സംഘടനയിലും അംഗമാകാതെ ഒറ്റയ്ക്ക്‌ സാമൂഹികമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ധാരാളം പേരെയും ഈ അവസരത്തില്‍ ഓര്‍മ്മിക്കാതെവയ്യ. സ്ത്രീസാഹിത്യത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്‌ ഈ ഘട്ടത്തിലാണ്‌. കഥകളിലൂടെയും കവിതകളിലൂടെയും മാധ്യമങ്ങള്‍ വഴി അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പൊഴും ഈ സന്ദേശങ്ങള്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരുകയും പ്രതികരണങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഓരോ സ്ത്രീയ്ക്കും സമൂഹത്തില്‍ തനതായ വ്യക്തിത്വം സൃഷ്ടിച്ചെടുക്കാനും പ്രവര്‍ത്തനമണ്ഡലങ്ങള്‍ വിപുലീകരിക്കാനും മൂന്നാംതരംഗം ശ്രമിയ്ക്കുന്നു. കൂടാതെ ടെലിവിഷന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും നീതിനിഷേധവുമെല്ലാം ലോകത്തിനുമുന്നില്‍ കൊണ്ടുവരാനും തേര്‍ഡ്‌ വേവ്‌ ആക്റ്റിവിസ്റ്റുകള്‍ മുന്നിട്ടിറങ്ങുന്നു. എന്നുമാത്രമല്ല സ്ത്രീ ലൈംഗികതയെ അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകരിക്കുന്നതിനും തേര്‍ഡ്‌ വേവ്‌ മടിക്കുന്നില്ല.

ആഗോളമായ ഒരു വീക്ഷണകോണിലൂടെ നോക്കിയാല്‍ ലോകമെമ്പാടും ഫെമിനിസത്തിന്റെ സാന്നിദ്ധ്യം പ്രകടമാണെങ്കിലും ദേശഭേദമനുസരിച്ച്‌ ഇതിന്റെ ലക്ഷ്യങ്ങളും സമരരീതികളും വിഭിന്നമാണ്‌. ഓരോ രാജ്യത്തിന്റെയും ഭരണഘടനയുടെ വ്യത്യസ്തത തന്നെയാണ്‌ ഇതിനു കാരണവും. ഏകീകൃതമായൊരു ഘടനയോ പ്രവര്‍ത്തനങ്ങളോ ഇല്ലാതിരുന്നിട്ടുകൂടി ഇത്രമേല്‍ പ്രചാരം കൈവരിക്കാന്‍ കഴിഞ്ഞത്‌ തീര്‍ച്ചയയും അഭിനന്ദനാര്‍ഹമണ്‌. ഫെമിനിസത്തിന്റെ വിവിധ രീതികള്‍ നിലനില്‍ക്കുന്നുണ്ട്‌. ആദ്യമേ പറഞ്ഞതുപോലെ പല സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തെടുക്കപ്പെട്ടവ. ഇതില്‍ പ്രധാനം റാഡിയ്ക്കല്‍ , ലിബറല്‍, മാര്‍ക്‍സിസ്റ്റ്‌, അനാര്‍കിസ്റ്റ്‌, ബ്ലാക്‌ ഫെമിനിസം എന്നിവയാണ്‌.

റാഡിയ്ക്കല്‍ ഫെമിനിസ്റ്റുകള്‍ എതിര്‍ത്തിരുന്നത്‌ കുടുംബത്തിലും സമൂഹത്തിലുമുള്ള പുരുഷ കേന്ദ്രീകൃതമായ നിയമങ്ങളെയും അധികാരത്തെയുമാണ്‌. സ്ത്രീയെ രണ്ടാംകിട സ്ഥാനത്തുനിര്‍ത്തി 'ഭരിക്കപ്പെടുന്നവള്‍' എന്ന അവസ്ഥ അവസാനിപ്പിക്കുന്നതിന്‌ റാഡിയ്ക്കല്‍ ഫെമിനിസ്റ്റുകള്‍ മുന്നിട്ടിറങ്ങി. ശാരീരികമായി ഉപദ്രവിച്ചും സാമൂഹ്യ നീതി നിഷേധിച്ചും സ്ത്രീയ്ക്കുമേല്‍ ആധിപത്യം ഉറപ്പിക്കുന്ന പ്രവണതകള്‍ ഇല്ലായ്മ ചെയ്യുന്നതിന്‌ സമൂഹത്തിന്റെ ഒരു പുനര്‍നിര്‍മ്മാണമാണ്‌ അവര്‍ നിര്‍ദ്ദേശിച്ചത്‌. അമേരിക്കയിലും ബ്രിട്ടനിലും ആസ്ട്രേലിയയിലും റാഡിയ്ക്കല്‍ ഫെമിനിസം ശക്തമായി വേരോടിയിരുന്നു. ഇതില്‍നിന്നും ഭിന്നമായി ലിബറല്‍ ഫെമിനിസം സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളുള്ള ഒരു സമൂഹമാണ്‌ വിഭാവനം ചെയ്തത്‌. അവിടെ വ്യക്തികള്‍ക്കാണ്‌ പ്രാധാന്യം. സ്വന്തം കഴിവുതെളിയിക്കാനുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കപ്പെടുന്നു. സ്ത്രീകളുടെ ഉയര്‍ച്ചയ്ക്ക്‌ ഏറ്റവും നല്ല രീതി, ഇങ്ങനെ ലഭ്യമാകുന്ന അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയെന്ന് അവര്‍ പ്രചരിപ്പിക്കുകയുണ്ടായി. ഒരേ ജോലിയില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീയ്ക്കും ലഭിക്കുന്ന വേതനവും ഒരുപോലെയായിരിക്കണമെന്ന ലളിതമായ തത്വം. ഇത്തരം ഒരു അവസ്ഥയ്ക്കെതിരായുള്ള രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഫലവത്താകുകയും ചെയ്തു. ലിബറല്‍ ഫെമിനിസ്റ്റുകളില്‍ പ്രധാനമായും ബെറ്റി ഫ്രീഡന്‍, ഗ്ലോറിയ സ്റ്റീനം, റെബേക്ക വാക്കര്‍, നയോമി വൂള്‍ഫ്‌ തുടങ്ങി ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും പ്രവര്‍ത്തിച്ചിരുന്നവര്‍ അംഗങ്ങളായിട്ടുണ്ട്‌.

മാര്‍ക്സിസ്റ്റ്‌ ഫെമിനിസം പ്രധാനമായും സമൂഹത്തിലെ വര്‍ഗ്ഗവല്‍ക്കരണത്തിനും ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ നിലകൊള്ളുന്നു. കമ്മ്യൂണിസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ആശയങ്ങളില്‍ അധിഷ്ഠിതം. വ്യക്തികളെ പ്രധാനമായും സ്വാധീനിക്കുന്നത്‌ അവര്‍ നിവസിക്കുന്ന സമൂഹത്തിന്റെ സ്വഭാവമാണെന്നിരിക്കെ, മുതലാളിത്ത വ്യവസ്ഥിതിയുടെ ഉന്മൂലനമാണ്‌ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അനാര്‍ക്കിസ്റ്റുകള്‍ സ്റ്റേറ്റിന്റെ അധികാരപര്‍വ്വങ്ങള്‍ക്കെതിരെയാണ്‌ ഒറ്റയ്ക്കും കൂട്ടായും സമരം ചെയ്യുന്നത്‌. 19 ാ‍ം നൂറ്റാണ്ടിന്റെ ഒടുവിലും 20 ാ‍ം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി രൂപംകൊണ്ട പ്രസ്തുത അനാര്‍ക്കിസ്റ്റ്‌ സ്ത്രീവാദത്തിന്റെ പ്രധാനികള്‍ എമ്മ ഗോള്‍ഡ്‌മാന്‍, ലൂസി പാര്‍സണ്‍സ്‌ എന്നിവരായിരുന്നു. കുടുംബം, വിദ്യാഭ്യാസം, സ്ത്രീക്കും പുരുഷനും സമൂഹത്തിലുള്ള സ്ഥാനങ്ങള്‍ എന്നിവയിലെ പരമ്പരാഗതമായ രീതികള്‍ക്കെതിരെ അനാര്‍ക്കിസ്റ്റുകള്‍ പ്രതികരിക്കുന്നു.

അമേരിക്കയില്‍ 1960 കളില്‍ ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തില്‍ പങ്കെടുത്തിരുന്ന കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക്‌ മധ്യവര്‍ഗ്ഗ സമൂഹത്തിലെ വെള്ളക്കാരായ സ്ത്രീകളില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന വംശീയമായ വിവേചനത്തിന്റെ അഥവാ റേഷ്യല്‍ ഡിസ്ക്രിമിനേഷനെതിരെ രൂപംകൊണ്ടതാണ്‌ ബ്ലാക്ക്‌ ഫെമിനിസം. അന്നത്തെ മീറ്റിംഗുകളിലും സ്റ്റഡിക്ലാസുകളിലും കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. ആഗോളതലത്തില്‍ അവതരിക്കപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങള്‍ മുഴുവനും വെള്ളക്കാരായ സ്ത്രീകളുടേതു മാത്രമായിച്ചുരുങ്ങി. കറുത്തവംശജരാകട്ടെ വംശീയതയുടേയും ലിംഗഭേദത്തിന്റെയും ചൂഷണങ്ങള്‍ ഒരേസമയം അനുഭവിച്ച്‌ ഏറ്റവും കഷ്ടപ്പെടുന്ന അവസ്ഥയിലുമായിരുന്നു. ഇതേത്തുടര്‍ന്ന് 73 ഇല്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി ആദ്യമായി കറുത്തവംശജരായ സ്ത്രീകളുടെ സംഘടന നിലവില്‍ വരികയും പിന്നീട്‌ പലസ്റ്റേറ്റുകളിലേക്കും ഇതു വ്യാപിക്കുകയും ചെയ്തു. ഏന്‍ജല ഡേവിസ്‌ ഇതിന്റെ ശക്തയായ വക്താവാണ്‌.

പ്രകൃതിവാദവും ഫെമിനിസവും തമ്മിലുള്ള ഐക്യം ഇക്കോഫെമിനിസ്റ്റുകള്‍ വിഭാവനം ചെയ്യുന്നു. പ്രകൃതിയ്ക്കും സ്ത്രീയ്ക്കും മേലെയുള്ള പുരുഷന്റെ ആധിപത്യത്തിനെതിരെയാണ്‌ ഇത്‌ നിലകൊള്ളുന്നത്‌. പ്രകൃതിയെ സ്ഥാപിത താത്പര്യങ്ങള്‍ക്കനുസരിച്ച്‌ നശിപ്പിക്കുന്നതു തടയുന്നതിന്‌ ഇക്കോഫെമിനിസം ആഹ്വാനം ചെയ്യുന്നു. ഇന്‍ഡ്യയില്‍ വന്ദന ശിവ അറിയപ്പെടുന്നൊരു ഇക്കൊ ഫെമിനിസ്റ്റാണ്‌.

പാശ്ചാത്യരുടേതില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു ഇന്‍ഡ്യയിലെ സ്ത്രീകളുടെ സ്ഥിതി. ബാല്യവിവാഹം, സതി അനുഷ്ഠാനം, സ്ത്രീധനം തുടങ്ങി വളരെയധികം പ്രശ്നങ്ങള്‍ക്ക്‌ ഇന്‍ഡ്യന്‍ സ്ത്രീത്വം ഇരയായിട്ടുണ്ട്‌. സ്ത്രീധനത്തിന്റെ പേരില്‍ ഇപ്പോഴും ധാരാളം ചൂഷണങ്ങള്‍ നടക്കുന്നുമുണ്ട്‌. എങ്കിലും ഫെമിനിസത്തിന്റെ പുതിയതരംഗം ഇവിടെയും അതിന്റേതായ എല്ലാ അര്‍ത്ഥങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുകഴിഞ്ഞു. മേധാ പട്‌കര്‍, ബ്രിന്ദാ കാരാട്ട്‌, കിരണ്‍ ബേദി എന്നിവരെല്ലാം തന്നെ ഇന്‍ഡ്യന്‍ സ്ത്രീത്വത്തിന്‌ മാതൃകയാവുന്നു. സാഹിത്യ രംഗത്ത്‌ കരുത്തു തെളിയിച്ച അമൃതാ പ്രീതം, സരോജിനി സാഹൂ, കുസും അന്‍സാല്‍, അരുന്ധതി റോയ്‌ എന്നിവരൊക്കെ എഴുത്തിലൂടെ സ്ത്രീവാദത്തിന്റെ കരുത്തു തെളിയിച്ചവരാണ്‌.കേരളത്തിലും സജീവമായ ഫെമിനിസ്റ്റു ഗ്രൂപ്പുകളുണ്ട്‌. എഴുത്തുകാരടക്കം ധാരാളം പേര്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അത്‌ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിനും മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ തിരുവിതാംകൂറില്‍ നടന്ന മേല്‍മുണ്ടുസമരങ്ങള്‍ മുതല്‍ സമീപകാലത്ത്‌ ലൈംഗികചൂഷണങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ വരെയുണ്ട്‌. രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കുന്ന ധാരാളം സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനു സഹായിക്കുന്നു. സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലുമുള്ള തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും അതില്ലാതെ വരുന്ന അവസരത്തില്‍ സ്ത്രീകളുടെ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക്‌ ആവശ്യമായ സഹകരണം നല്‍കുകയും ചെയ്യുന്ന ധാരാളം പ്രവര്‍ത്തകരുണ്ട്‌. കുടുംബത്തിലും തൊഴില്‍ രംഗത്തും പൊതുരംഗത്തും സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ തടസ്സങ്ങളെയും പൂര്‍ണ്ണമായും അതിജീവിച്ചുകൊണ്ട്‌ മുന്നേറാന്‍ സ്ത്രീയ്ക്ക്‌ സമീപഭാവിയില്‍ സാധ്യമാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്‌ ഫെമിനിസത്തിന്റെ മൂന്നാം തരംഗത്തിനു ആവേശപൂര്‍വ്വം പിന്തുണ നല്‍കാം.

Thursday, July 10, 2008

ഡീക്കണും കുട്ടികളും കുറേ വ്യാകുലതകളും

മലയാള പുസ്തകത്തില് ചുംബന വിവാദമാരോപിച്ചു കൊണ്ടുള്ള ഡീക്കന്റെ പോസ്റ്റ് ഇവിടെ വായിക്കൂ.
ഈ പോസ്റ്റ് നമ്മുടെ കുട്ടികളുടെ സാമൂഹ്യ സുരക്ഷിതത്വത്തെപ്പറ്റി ഗൗരവത്തോടെ ചിന്തിക്കുവാന് പ്രേരിപ്പിക്കുന്നു. മനോശാരീരിക വൈകലയമുള്ള ഒരു ആണ്കുട്ടിയ ഒരു പെണ്കുട്ടി ചുംബിച്ചു എന്നതാണ് ഡീക്കണ് വലിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചിരിക്കുന്നത്. കരയുന്ന ഒരു കുട്ടിയെ സമാശ്വസിപ്പിച്ച് അവനു ആത്മവിശ്വാസം നല്കി മുന്നോട്ട് നടത്തുന്നതിലെ മാനുഷികവശം കാണാതെ അതിനെ അശ്ളീലമായി ചിത്രീകരിക്കുന്നവരുടെ ഈ സമൂഹത്തില് നമ്മുടെ കുട്ടികള് സുരക്ഷിതരാണോ? ഒരു മത്സരത്തില് കൂടെ മത്സരിക്കുന്നവന് പിന്നില് വീണ് കിടന്നു കരയുംപോള് തനിക്കു ജയിക്കണമെന്ന ബോധം മറന്ന് അവനെ സഹായിക്കാനുള്ള നിഷ്കളങ്കത് കുട്ടികള്ക്കേ ഉണ്ടാവൂ. ആ നിഷ്കളങ്കതയെ ചവിട്ടിയരക്കുകയാണ് ഈ ഭാവി പുരോഹിത്നെപ്പോലുള്ളവര് ചെയ്യുന്നത്. നാലാം ക്ലാസ്സുകാരിയായ ഒരു പെണ്കുഞ്ഞിനെ കഴിഞ്ഞ ദിവസം ബലാത്സംഗശ്രമത്തിനിടയില് കൊന്ന കാര്യവും കൂടി ഇതോടൊപ്പം ചേര്ത്തു വായിച്ചാലേ ചിത്രം പൂര്ണ്ണമാവൂ. പൂവ് പോലെ വിശുദ്ധയായ ആ കുഞ്ഞിന്റെ ചിത്രത്തില് ഞാന് നമ്മുടെയെല്ലാവരുടെയും കുഞ്ഞുങ്ങളുടെ മുഖങ്ങള് കാണുന്നു. കുട്ടികളുടെ നിഷ്കളങ്കത്യെ പിച്ചിച്ചീന്താനും അതിനെ ഭോഗതത്പരതയോടു കൂടി അവതരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളെ നമ്മള് എതിര്ക്കണ്ടേ? പ്രതികരിക്കൂ...

Thursday, May 22, 2008

യാചന ഓര്‍മ്മപ്പെടുത്തുന്നതു്

എഴുത്തിന്റെ ലോകത്തു് കവിത കൊണ്ടു് തന്റെ സ്ഥാനം അടയാളപ്പെടുത്തി കഴിഞ്ഞ കവയിത്രിയാണു് ഭൂമിപുത്രി. മനസ്സിനെ തൊട്ടതിനെ കവിതയാക്കുമ്പോഴും സ്ത്രീയുടെ സ്വത്വബോധത്തെ കുറിച്ചു് തികച്ചും ബോധവതിയാണു് ഭൂമിപുത്രിയെന്നതിനു് തെളിവാണു് പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ടു് കവിത വഴി നടക്കുമ്പോഴും "വിധവകള്‍ നാടുഭരിച്ചാല്‍‍ ഗുണം പിടിക്കില്ല" എന്ന വല്യേട്ടന്റെ പഴിയെ കുറിച്ചിപ്പോഴും ശേഷിക്കുന്ന അസ്വസ്ഥത.

ഭൂമിപുത്രിയുടെ വളരെ ചെറിയൊരു കവിതയാണു് പരിത്യക്ത. കുറച്ചു് വാക്കുകള്‍ക്കു് എത്ര കൂടുതല്‍ ശക്തമാവാം എന്നു് കാണിക്കുന്ന കവിത. ഒരു വാചകത്തിലൂടെ ഭൂമി ഉയര്‍ത്തുന്നതു് അനേകം ചോദ്യങ്ങളാണു്. ചിരപുരാതനം കാലം മുതലേ അര്‍ദ്ധനാരീശ്വര ‘സങ്കല്‍പ്പത്തില്‍‘ അധിഷ്ഠിതമായൊരു വ്യവസ്ഥിതിയില്‍ എന്നു മുതാലാണു് നാരീപാതിയെ പിടിച്ചെടുക്കാന്‍ തുടങ്ങിയതു്? അര്‍ദ്ധനാരീശ്വരത്തില്‍ നിന്നു് പൂര്‍ണ്ണത്രയീശനിലേക്കു് സഞ്ചരിച്ച ദൂരത്തിനിടയ്ക്കു് നഷ്ടപ്പെടുത്തിയതെന്തൊക്കെ? സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന ‘പൂര്‍ണ്ണത്രയീശനു’വാതിലിനപ്പുറം ഉയര്‍ന്നു കേള്‍ക്കുന്ന ഒച്ചകള്‍ വെറും രോദനങ്ങളായി മാത്രം തോന്നുവോ?

മുപ്പത്തിമൂന്നു ശതമാനത്തിനുള്ള ഒച്ചപ്പെടലുകളെ യാചനകളായെങ്കിലും കാണാതിരിക്കാന്‍ മാത്രം സുഖിച്ചുപോയൊരു സിംഹാസനത്തിനു പുറത്തു് പരിത്യക്തയായ ദേവി യാചിക്കുമ്പോള്‍ അതുകേള്‍ക്കുന്നവര്‍ നടത്തുന്ന പ്രതികരണങ്ങള്‍ കവിതയുടെ പ്രസക്തി പിന്നെയും ഉയര്‍ത്തുന്നു. യാചനയ്ക്കില്ല ഇനിയെല്ലാം പിടിച്ചെടുക്കലുകള്‍ എന്നു് പറയുന്ന വലിയൊരു വിഭാഗം തരുന്ന മുന്നറിയിപ്പുകള്‍ സിംഹാസനത്തിനടുത്തേയ്ക്കിതുവരെ എത്തിയിട്ടില്ല. അതേ സമയം സ്ത്രീ‍സംവരണം എന്തിനാണു് എന്ന് ചോദിക്കുന്ന ഒരു വിഭാഗവും ഉണ്ടെന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കേണ്ട സംഗതിയാണു്.

സ്ത്രീത്വത്തെ കുറിച്ച് വ്യക്തമായ അവബോധമുള്ള കവയിത്രി “വരുവിന്‍ കൂട്ടുകാരെ നമുക്കു യാചിക്കാം” എന്നു തന്റെ കവിതയിലൂടെ വിളിച്ചു പറയില്ല. അങ്ങിനെയെങ്കില്‍ എന്താണു് കവിതയിലെ യാചന? അര്‍ദ്ധനാരിയും കഴിഞ്ഞു് രണ്ടാം പൌരയില്‍ നിന്നും വെറുമൊരു യാചകയുടെ അവസ്ഥയില്‍ എത്തി ഗതിമുട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ തുറന്നു കാട്ടല്‍, അധികാരത്തിന്റെ ഒരു തുള്ളി പിച്ചയായിപ്പോലും വീണുപോകാതെ പിടിച്ചു വച്ചിരിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള പരിഹാസം, ചിലപ്പോഴെങ്കിലും ചിരിയ്ക്കു മാത്രമല്ല കരച്ചിലിനു പോലും പരിഹസിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍. അതു് കരച്ചിലോ യാചനയോ മാത്രമായി വായിക്കപ്പെടുനിടത്തു് വായന തികച്ചും പരാജയപ്പെടുന്നു.

Monday, May 05, 2008

കവിതാക്ഷരി: മത്സരഫലം

ബഹളങ്ങളില്ലാത്ത വിജയം എന്ന വിശേഷണമാണു് വനിതാലോകത്തില്‍ ഒരു മാസത്തിലേറെ നീണ്ടു് നിന്ന കവിതാക്ഷരിയ്ക്കു് ചേരുക. യാതൊരു നിബന്ധനകളും ചട്ടക്കൂടുകളും ഇല്ലാതെ മാര്‍ച്ച് 23-നു് തുടങ്ങി ഏപ്രില്‍ 25നു് അവസാനിച്ച കവിതാക്ഷരിയില്‍ വിധികര്‍ത്താക്കളുടേതടക്കം 63 കവിതകള്‍ പോസ്റ്റ് ചെയ്തു.7 കുട്ടികളും 15 സ്ത്രീകളും 30 പുരുഷന്മാരും (എത്ര സുന്ദരമായ റേഷ്യോ!) ഉള്‍പ്പെടെ 52 പേര്‍ പങ്കെടുത്തു. എന്‍‌ട്രികളുടെ എണ്ണവും പങ്കെടുത്ത ആളുകളുടെ എണ്ണവും കണക്കിലെടുത്താല്‍ ബൂലോഗ ചിത്രരചനാമത്സാത്തേക്കാള്‍ വിജയമായിരുന്നു കവിതാക്ഷരി മത്സരം എന്ന് പറയാം. (ശരിയായൊരു അവലോകനത്തിനു് ബൂലോഗത്ത് ആളുകളുടെ എണ്ണം കൂടി എന്നതും വനിതാലോകം കമന്റ് അഗ്രഗേറ്റര്‍ ഉപയോഗിക്കുന്നില്ല എന്നതും കൂടി കണക്കിലേടുക്കേണ്ടതാണ്.) ബ്ലോഗര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ആവേശപൂര്‍ണ്ണമായ പ്രതികരണം ഇനിയുമൊരു മത്സരം നടത്താന്‍ വനിതാലോകത്തിനു ഊര്‍ജ്ജം നല്‍കുന്നു. കവികര്‍ (കവയിത്രികളും കവികളും) തന്നെ എഴുതി അവര്‍ തന്നെ ചൊല്ലിയ കവിതകളുടെ നല്ലൊരു ശേഖരം കവിതാക്ഷരിയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞു. ഇത്രയധികം കവിതകള്‍, അതും ഗദ്യ/പദ്യ/കുട്ടിക്കവിത/കുട്ടികള്‍ പാടിയവ എന്നിങ്ങനെ പലരീതിയിലുള്ളവ ഉണ്ടായിട്ടും എല്ലാം ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ട് വന്നു് വിധിനിര്‍ണ്ണയം എന്ന ഏറ്റവും ദുഷ്കരമായ ജോലി ചെയ്യുകയും മനോഹരമായ ഓരോ കവിത കവിതാക്ഷരിക്ക് വേണ്ടി പാടുകയും ചെയ്ത വിധികര്‍ത്താക്കള്‍ ജോയും കിരണും ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്നു.

കവിതാക്ഷരിയെ കുറിച്ചും മാര്‍ക്കീടിലിന്റെ മാനദണ്ഡങ്ങളെ കുറിച്ചും വിധികര്‍ത്താക്കള്‍ക്ക് പറയാനുള്ളത്

ആദ്യമേ തന്നെ ഈ കവിതാക്ഷരി അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചുവെന്നു പറയട്ടെ.യാതൊരു ചട്ടക്കൂടുകളും നിബന്ധനകളും ഇല്ലാതെ തന്നെ എല്ലാവര്‍ക്കും ഒരു ഓപ്പണ്‍ ഫോറം പോലെ ഒരു കവിതാലാപന മത്സരത്തിനു് അവസരമുണ്ടാക്കിയതിനും അതുകൊണ്ടു തന്നെ ഇത്രയധികം വ്യക്തികളെ പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞതിനും ഇതിന്റെ സംഘാടകര്‍ അഭിനന്ദനമറിയിക്കുന്നു. കവിതയുടെ ആലാപനത്തിലും അവതരണത്തിലും വളരെയേറെ പുതുമകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട്‌ തന്നെ ജേതാക്കളെ നിര്‍ണയിക്കുന്നത്‌ വളരെ ശ്രമകരമായ ഒരു സംഗതിയായിരുന്നു.കവിതാലാപനത്തിനു‍ പലതരത്തിലുള്ള തര്‍ക്കങ്ങള്‍ പൊതുവില്‍ നിലനില്‍ക്കുന്നതിനാല്‍ ആദ്യം തന്നെ എല്ലാവരേയും ഒരു കോമണ്‍ പ്ലാറ്റ്-ഫോമിലേക്കെത്തിക്കാന്‍ പറ്റിയ ഘടകങ്ങള്‍ കണ്ടെത്തുക മാത്രമായിരുന്നു മുന്നിലുള്ള വെല്ലുവിളി.താഴെപ്പറയുന്ന ഘടകങ്ങള്‍ ഓരോ വിഭാഗത്തിന്റെയും മാര്‍ക്കുകള്‍ പരിഗണിക്കുവാന്‍ കാരണമായി.

വ്യക്തത : ആലാപനം,ഉച്ചാരണം (10 മാര്‍ക്ക് )
അവതരണം : ശബ്ദം,ഈണം,അവതരണത്തിലെ വ്യത്യസ്ഥത. (10 മാര്‍ക്ക് )
കുട്ടികളുടെ കാര്യത്തില്‍ മൊത്തത്തിലുള്ള അവതരണത്തിനു മാത്രം മാര്‍ക്കു്.



മത്സരഫലം

കുട്ടികള്‍

ഒന്നാം സ്ഥാനം :മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ ‘മാതൃവന്ദനം‘





രണ്ടാം സ്ഥാനം :ഷര്‍മ്മിളയുടേയും ഗോപന്റേയും മകന്‍ മഹാദേവന്‍. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘




മൂന്നാം സ്ഥാനം :അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’



വിധിക്കര്‍ത്താക്കളുടെ കമന്റ്

കുഞ്ഞു മിടുക്കരുടെ കവിതകളായിരുന്നു വിധി നിര്‍ണയിക്കാന്‍ ഏറ്റവും വിഷമം. അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യക്തത കൊണ്ടും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്‌ മാളവിക തന്നെ.മഹാദേവന്റെ കൃത്യതയേറിയ അലാപനം മനോഹരമായിരുന്നു.അമ്മുക്കുട്ടിയുടെ കവിത അവതരണ ശൈലിയിലുള്ള വ്യത്യസ്തത കൊണ്ട്‌ ശ്രദ്ധേയമായി.കവിതാക്ഷരിയെ ഏറ്റവും ആകര്‍ഷണീയമാക്കിയത് പവിത്രയുടേയും ഇളയുടേയും കുഞ്ഞിക്കവിതകളായിരുന്നു.ഇവരെ മത്സരവിഭാഗത്തില്‍ ഉള്‍‌പ്പെടുത്തി സ്റ്റേജിന്റെ മുന്‍പില്‍ ജഡ്ജായി മസില്‍ പിടിച്ച് മാര്‍ക്കിട്ടതിന് വേളാങ്കണ്ണിക്കും രാമേശ്വരത്തിനും ടിക്കറ്റ് പ്രത്യേകം ബുക്ക് ചെയ്തിട്ടുണ്ട്! വിശാഖിന്റെ കവിതയും നന്നായി. വരികള്‍ക്കനുസരിച്ച ഭാവം കവിത ചൊല്ലുന്നതിലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്‌ വിശാഖിന്‌.കവിതാക്ഷരിയുടെ താരം അല്ലെങ്കില്‍ വ്യത്യസ്ഥനാം ബാലന്‍ ആരെന്നു ചോദിച്ചാല്‍ അപ്രത്തും ഇപ്രത്തും നോക്കാതെ തന്നെ പറയാം..അവന്‍..ലിയാന്‍ മുഹമ്മദ് ..!


പെണ്‍‌വിഭാഗം

ഒന്നാം സ്ഥാനം : ഷര്‍മിള ഗോപന്‍: കവിത ചങ്ങമ്പുഴ എഴുതിയ ‘പരിതൃപ്തി.‘




രണ്ടാം സ്ഥാനം : ദേവസേന: കവിത ടി.പി. രാജീവ് എഴുതിയ ‘പച്ചക്കറികളില്‍ മുയല്‍‘



മൂന്നാം സ്ഥാനം രണ്ടു് പേര്‍ക്കാണ് :1. ഇട്ടിമാളു :കവിത കെ.പി ശൈലജ എഴുതിയ ‘ഹൃദയത്തുടിപ്പുകള്‍‘




2.സാരംഗി : ടി പി അനില്‍കുമാര്‍ എഴുതിയ ‘ആഴങ്ങളിലെ മണ്ണ്‘ ( രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)



വിധിക്കര്‍ത്താക്കളുടെ കമന്റ്

പെണ്‍ വിഭാഗത്തില്‍ ഏറ്റവും മികച്ചതെന്ന്‌ തോന്നിയത്‌ ഷര്‍മിളാ ഗോപന്റേതാണ്‌. ഉച്ചാരണ ശുദ്ധി, ശബ്ദം, ഈണം, മിതമായ പശ്ചാത്തല സംഗീതം എന്നിവ കൊണ്ട്‌ എന്തു കൊണ്ടും മികച്ചതാണ്‌ ഷര്‍മ്മിളാ ഗോപന്റേത്‌. ദേവസേനയുടെ പച്ചക്കറികളില്‍ മുയല്‍ എന്ന കവിത അവതരണം കൊണ്ടു വളരെ വ്യത്യസ്തതയേറിയതായിരുന്നു.സാരംഗി ചൊല്ലിയ ആഴങ്ങളിലെ മണ്ണ്‌ നേരത്തെ പറഞ്ഞതു പോലെ തന്നെ വരികള്‍ക്കനുസൃതമായ അവതരണത്തിലൂടെ ശ്രദ്ധേയമായി. ഈണത്തിന്റെയോ പശ്ചാത്തല സംഗീതത്തിന്റെയോ അകമ്പടിയില്ലാതെ, ഗദ്യ കവിതയുടെ ശക്തി നില നിര്‍ത്തികൊണ്ടുള്ള ആലാപനം. ഇട്ടിമാളുവിന്റെ അവതരണവും കവിതയും ശ്രദ്ധേയമായി.രേണുവിന്റെ അണ്ണാറക്കണ്ണനും മികച്ചതായിരുന്നു. കവിതയുടെ വരികള്‍ക്കനുസൃതമായ ഈണവും ആലാപനവും കേള്‍വിക്കാരനില്‍ കവിതയുടെ വരികള്‍ ഉദ്ദേശിക്കുന്ന അനുഭൂതി ഉണ്ടാക്കുന്നുണ്ട്‌
.

ആണ്‍ വിഭാഗം

ഒന്നാം സ്ഥാനം :ബഹുവ്രീഹി : കവിത ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ "പിറക്കാത്ത മകന്"



രണ്ടാം സ്ഥാനം രണ്ടു പേര്‍ക്കാണ് :1. റിയാസ് അഹമ്മദ് :കവിതകള്‍ വിജയലക്ഷ്മിയുടെ ‘ഒറ്റമണല്‍ത്തരി‘, നന്ദിത എഴുതിയ ‘എന്റെ വൃന്ദാവനം‘




നന്ദിത എഴുതിയ ‘എന്റെ വൃന്ദാവനം‘




2.കാണാമറയത്ത് : മയൂര എഴുതിയ ‘നിണമെഴുതിയത്‘





മൂന്നാം സ്ഥാനം :തമനു : ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'ഉമ്മ‘




വിധിക്കര്‍ത്താക്കളുടെ കമന്റ്

ബഹുവ്രീഹിയുടെ “പിറക്കാത്ത മകനാ“ണ്‌ എടുത്തു പറയേണ്ടത്‌. കവിതയുടെ വരികള്‍ക്കനുസൃതമായ ഈണവും ആലാപനവും, ഒപ്പം നല്ല ശബ്ദ സുഖവും.പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരവുമില്ല.യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്റിന്റെ ഒന്‍പതാം നമ്പര്‍ സ്റ്റേജിന്റെ താഴെയുള്ള മരത്തണലിലെ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്ന ആലാപനത്തിലൂടെ ശ്രദ്ധേയമായിത്തീര്‍ന്നതാണ് കാണാമറയത്തവതരിപ്പിച്ച മയൂരയുടെ “നിണമെഴുതിയത്”.റിയാസ്‌ മുഹമ്മദിന്റെ ‌“എന്റെ വൃന്ദാവനവും,ഒറ്റമണല്‍ത്തരിയും “ വ്യത്യസ്തയും അവതരണ ഭംഗിയും കൊണ്ട് ഏറ്റവും ശ്രദ്ധേയമായ കവിതകളായി മാറി‌.കവിതയുടെ വരികള്‍ക്കനുസൃതമായ പശ്ചാത്തല സംഗീതവും അവതരണവും.“ഉമ്മ“ എന്ന കവിത അതിന്റെ ആത്മാവറിഞ്ഞാലപിച്ചിരിക്കുന്ന തമനു പ്രത്യേക അഭിനന്ദനവും സമ്മാനവുമര്‍ഹിക്കുന്നു.പശ്ചാത്തല സംഗീതത്തിന്റെ പിന്‍ബലമില്ലാതെ തന്നെ കവിതയുടെ ശക്തി അറിയിച്ചതാണ്‌ ദൈവം അവതരിപ്പിച്ച “ഓര്‍ഫ്യൂസ്“ എന്ന കവിത.പ്രത്യേകമായി എടുത്തു പറയേണ്ട കവിതകളാണ്‌ സുരേഷ്‌ കാഞ്ഞിരക്കാട്ടിന്റെ “പ്രണയവും” ശിശുവിന്റെ “ഇണ”യും.


സമ്മാനം

കവിത ചൊല്ലിയ എല്ലാ കുഞ്ഞികൂട്ടുകാര്‍ക്കും സമ്മാനമുണ്ട്.

ഒന്നാം സ്ഥാനത്തെത്തിയ പെണ്‍ ശബ്ദത്തിന്റെ ഉടമയ്ക്ക് അന്ന അഹ്‌മത്തോവയുടെ കവിതകള്‍ (വിവ: ഡൊ. പുതുശ്ശേരി രാമചന്ദ്രന്‍), മണലെഴുത്ത്(സുഗതകുമാരി) എന്നീ കവിതാ പുസ്തകങ്ങള്‍.

ഒന്നാം സ്ഥാനത്തെത്തിയ ആണ്‍ ശബ്ദത്തിന്റെ ഉടമയ്ക്ക് അന്ന അഹ്‌മത്തോവയുടെ കവിതകള്‍ (വിവ: ഡൊ. പുതുശ്ശേരി രാമചന്ദ്രന്‍), ഗാന്ധര്‍വ്വം ( മധുസൂദനന്‍ നായര്‍)എന്നീ കവിതാ പുസ്തകങ്ങള്‍.

സമ്മാനര്‍ഹരായവരെല്ലാം (ഷര്‍മിള, ബഹിവ്രീഹി, മാളവിക, മഹാദേവന്‍, അമ്മുക്കുട്ടി, ഇള, പവിത്ര, ലിയാന്‍, വിശാഖ്)അവരുടെ പോസ്റ്റല്‍ അഡ്രസ്സ് vanithalokam at gmail dot com ലേയ്ക്ക് അയക്കുക. സമ്മാനം അവിടെയെത്തും.

വിക്കി സോഴ്സ്

ഈ കവിതാ ശേഖരം വിക്കി സോ‍ഴ്സിനു കൊടുക്കാമോ എന്ന് വിക്കി പ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ട് പങ്കെടുത്തവര്‍ അവരുടെ സമ്മതം ഇവിടെ കമന്റായോ vanithalokam at gmail.com il ഒരു മെയില്‍ ആയോ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡൌണ്‍ലോഡ്

കവിതകള്‍ ഒന്നിച്ച് ഡൌണ്‍ ലോഡ് ചെയ്ത് കേള്‍ക്കണമെന്നുള്ളവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം


കവിതാക്ഷരി അവലോകനം

ബൂലോഗത്ത് ചിത്രരചനാമത്സരം നടത്തി മുന്‍പരിചയം ഉണ്ടായിരുന്നെങ്കിലും, സാരംഗി മുന്നോട്ട് വച്ച കവിത ചൊല്ലുക എന്നൊരു സംരംഭം ബ്ലോഗില്‍ എത്രത്തോളം വിജയിക്കും എന്ന ആശങ്കകളുമായാണ് കവിതാക്ഷരി നടത്താന്‍ വനിതാലോകം ഇറങ്ങി പുറപ്പെട്ടതു്. തികച്ചും വ്യക്തിപരമായ ശബ്ദം, പബ്ലിക് ആയി പോസ്റ്റ് ചെയ്യാന്‍ സ്വന്തം ഫോട്ടൊ പോസ്റ്റ് ചെയ്യുന്നത്ര തന്നെ വിമുഖതയുണ്ടാകുമെന്നതിന്നാലും കവിത ഇഷ്ടപ്പെടുന്നവര്‍ കുറവായതിനാലും അയച്ചു കിട്ടുന്ന കവിതകള്‍ കുറവായിരിക്കും എന്ന് തന്നെ അനുമാനിച്ചിരൂന്നു. എങ്കിലും കവിതയെ ബ്ലോഗില്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 23 കവിതാക്ഷരിയില്‍ ആദ്യപോസ്റ്റ് ഇടുമ്പോള്‍ ഒരു 25 എന്‍‌ട്രികള്‍ എങ്കിലും കിട്ടിയാല്‍ വിജയിച്ചു എന്നായിരുന്നു എല്ലാവരുടേയൂം മനസ്സില്‍. ആദ്യപോസ്റ്റിനു കിട്ടിയ ആദ്യ റെസ്പോണ്‍സ് (ഇ മെയില്‍ വഴി) ശരിയ്ക്കും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതായിരുന്നു. ആദ്യം പോസ്റ്റ് ചെയ്ത മഹാദേവന്റെ പെഡിഗ്രി മറ്റുവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും എന്ന ഉള്ളടക്കത്തിലുള്ള കത്ത് യഥാര്‍ത്ഥത്തില്‍ ചെയ്തത് വനിതാലോകത്തിന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ ഒരു കുഞ്ഞുമുറിവുണ്ടാക്കുക എന്നതാണു്. എങ്കിലും വനിതാലോകം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ജിറ്റാക് സ്റ്റാറ്റസ്സും, പേഴ്സണല്‍ ഇ-മെയിലും, ഓര്‍കുട്ടും വഴി വനിതാലോകത്തിന്റെ പരസ്യകലാ വിഭാഗം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. വനിതാലോകം അനുഭാവികളുടെ റീഡേഴ്സ് ലിസ്റ്റും നല്ലൊരു പരസ്യ പലകയായിരുന്നു.

കവിതകള്‍ ഒന്നൊന്നായി വനിതാലോകം മെയില്‍ ബോക്സില്‍ നിറയുമ്പോള്‍ നല്ല സന്തോഷം. അതോടൊപ്പം വിമര്‍ശനങ്ങളും മെയില്‍ ബോക്സിലെത്തി തുടങ്ങി. ആദ്യപോസ്റ്റ് കണ്ട് ചിലര്‍ മനസ്സിലാ‍ക്കിയത് മനസ്സില്‍ ചൊല്ലി പതിഞ്ഞ ഗാനങ്ങള്‍ എന്നായിരുന്നു. ഉദാഹരണമായി “‘ഒരുവട്ടം കൂടിയാ ..”. അങ്ങിനെ അല്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ല എന്ന നിലപാടിലായിരുന്നു ചിലര്‍. വനിതാലോകത്തിലെ ചിലരുടെ മനസ്സിലും അങ്ങനെ ചൊല്ലി പതിഞ്ഞ കവിതകള്‍ എന്നായിരുന്നു. ചിലര്‍ക്ക് ബ്ലോഗ് കവിതകള്‍ വേണമെന്നും. അതിനാ‍ല്‍ യാതൊരു ചട്ടക്കൂടുമില്ലാതെ ഒരു മത്സരം നടത്തുക എന്നതായിരുന്നു അവസാന തീരുമാനം. ചില ബ്ലോഗ് കവിതകള്‍ വായിക്കുമ്പോള്‍ കിട്ടിയിരുന്ന ഫീല്‍ ചൊല്ലിയതോട് കൂടി ഇല്ലാ‍തായി. അതിനാല്‍ അത്തരം കവിതകള്‍ അല്ലെങ്കില്‍ ബ്ലോഗ് കവിതകള്‍ അനുവദിക്കരുതെന്നായിരുന്നു ചിലര്‍. അത് പക്ഷേ എല്ലാ കവിതകള്‍ക്കും ബാധകമാണെന്നും വ്യത്യസ്ത മാനസികാവസ്ഥകളില്‍ ഒരേ കവിത ഒരേ ആള്‍ വായിക്കുക തന്നെ ചെയ്താല്‍ പോലും ഫീല്‍ മാറും എന്നായിരുന്നു വനിതാലോകത്തിന്റെ നിലപാട്.

വിധികര്‍ത്താക്കളെ കണ്ടെത്തുക എന്നതും അല്പം ബുദ്ധിമുട്ടായിരുന്നു. ആദ്യം സമീപിച്ച ചിലര്‍ അവര്‍ക്ക് കവിതാക്ഷരിയില്‍ പങ്കെടുക്കണമെന്നതിനാല്‍ വിധികര്‍ത്താ‍ക്കളാവാന്‍ വിസമ്മതിച്ചു. ചിലര്‍ വളരെ തിരക്കിലായിരുന്നു. ജോയോടും കിരണിനോടും കാര്യം വിശദീകരിച്ചപ്പോള്‍ ‘രണ്ട് കൈ നോക്കികളയാം‘ എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിന്റെ പുറത്ത് ഒരു സ്ത്രീ വിധികര്‍ത്താവിനെ കൂടി തപ്പി. പക്ഷേ ആരേയും കിട്ടിയില്ല :(. കവിത തരാമെന്നേറ്റിരുന്ന അനേകം പേര്‍ പിന്നീട് തരാതെ വനിതാലോകത്തിലുള്ളവരെ കാണാതെ മുങ്ങി നടന്നു. :). സച്ചിദാന്ദനുള്‍പ്പെടെ പല പ്രശസ്തരുടേയും കവിത കിട്ടുമെന്ന് പ്രതീക്ഷിച്ചതും കിട്ടിയില്ല.

കവയിത്രി വിജലക്ഷ്മി ദുബൈയില്‍ വന്നപ്പോള്‍ രിയാസ് അഹമ്മദ് ചൊല്ലിയ “ഒറ്റമണല്‍ത്തരി“ കവിതാക്ഷരി പോസ്റ്റില്‍ നിന്നും ഫോണിലൂടെ കേള്‍പ്പിച്ചിരുന്നു വിത്സണ്‍. വിജയലക്ഷ്മി റ്റീച്ചര്‍ക്ക് വളരെ സന്തോ‍ഷമായെന്നും കവിതാക്ഷരിയുടെ ലിങ്കും വാങ്ങിയാണ് അവര്‍ പോയതെന്നുമുള്ള വര്‍ത്തമാനം വനിതാലോകത്തിനു് കിട്ടിയ പ്രോത്സാഹനമാണു്.

അങ്ങനെയൊക്കെയായെങ്കിലും ഏപ്രില്‍ 25 കവീതാക്ഷരി അവസാനിക്കുമ്പോള്‍ 52 പേര്‍ പങ്കെടുത്ത കവിതാക്ഷരിയില്‍ 19 ഭാഗങ്ങളിലായി 63 കവിതകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. ആകെ 101കമന്റ്സ്. ശരാശരി ഒരു പോസ്റ്റിനു് 5.3 കമന്റ്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കുട്ടിക്കവിതകള്‍ക്ക്. കുട്ടികള്‍ ചൊല്ലിയ കവിത കിട്ടാനാ‍യിരുന്നു ഏറ്റവും വിഷമം. പലരുടേയു കാലു പിടിച്ചിട്ടും കാലു വലിച്ചിട്ടും കുട്ടികള്‍ ചൊല്ലിയത് കിട്ടിയില്ല. ഒറ്റ കമന്റ് പോലും ഇല്ലാതിരുന്നത് ഭാഗം 15. കവിതാക്ഷരി നടന്ന് കൊണ്ടിരുന്നപ്പോള്‍ വനിതാലോകത്തിന്റെ ഹിറ്റ് ശരാശരി 400/ദിവസം ആയിരുന്നു. കുട്ടിക്കവിതകള്‍ ഇട്ട ദിവസം 500 നു് മുകളില്‍ ആയിരുന്നു. കവിത കേള്‍ക്കുന്നതിന്റെ എണ്ണം ഇപ്പോഴും കൂടികൊണ്ടിരിക്കുന്നു. അവസാനമായി നോക്കുമ്പോള്‍ ഏറ്റവും അധികം കേട്ടീട്ടുള്ളത്: കുട്ടികള്‍- മഹാദേവന്‍ (140), ഇള (123), പവിത്ര( 101) സ്ത്രീകള്‍- ഇഞ്ചി( 298) ഡാലി (172) മയൂര (148). പുരുഷന്മാ‍ര്‍ - ബഹുവ്രീഹി (240), കിരണ്‍ (167), പ്രമോദ് (165)

ക്രൂസ് & ക്രോസ് ഓഫ് കവിതാക്ഷരി

സംവിധാനം - വനിതാലോകം (ന്നു് വച്ചാല്‍ വേദിയും ചുറ്റുപാടും ഉണ്ടാക്കിയത് വനിതാലോകമാണെന്ന്)

ആശയം - സാരംഗി (ന്നു് വച്ചാല്‍ ഇമ്മക്കിങ്ങനൊന്ന് തൊടങ്ങാം ഗഡീ എന്ന് പറഞ്ഞത് സാരംഗിയാണു്‌)

ആവിഷ്കാരം - ഡാലി (ന്നു് വച്ചാല്‍ പോ‍സ്റ്റ് ഇട്ടോണ്ടിരുന്നത് ഡാ‍ലിയാണു്)

സാങ്കേതികം -സാരംഗി, ഡാലി (ന്ന് വച്ചാല്‍ പോസ്റ്റ് അപ്‌‌ലോഡ് ചെയ്യുക, ചില സാങ്കേതിക വശങ്ങള്‍ല്‍ ചെയ്യുക എന്നൊതൊക്കെ ചെയ്തിരുന്നത് അധികവും സാരംഗിയും വല്ലപ്പോഴുമൊക്കെ ഡാലിയുമാണു്‌)

സാങ്കേതിക സഹായം -sound amplification : Audacity,Joining Mp3 : cool Mp3 splitter/ joiner, converting audiofile formats to Mp3 : Switch, media convert. (ന്നു് വച്ചാല്‍ ഈ സോഫ്റ്റ്വെയറുകളൊക്കെയാണു് ഉപയോഗിച്ചിരുന്നതു് )

പരസ്യകല - ഇഞ്ചിപ്പെണ്ണ്, സാരംഗി, ഡാലി, മയൂര, കല്യണി (ന്നു് വച്ചാല്‍ ഇവരൊക്കെയാ‍ണു് മെയില്‍ അയച്ചും, ജിറ്റാക്ക് സ്റ്റാറ്റസിലും ഓര്‍ക്കുട്ടില്‍ ഇട്ടും ആളെപിടുത്തം നടത്തിയിരുന്നത്.)

പങ്കെടുത്തവര്‍ - മഹാദേവന്‍, ഇള, മാളവിക, പവിത്ര, ലിയാന്‍ മുഹമ്മദ്, അമ്മുക്കുട്ടി, വിശാഖ്, ഡാലി, ദേവസേന, ഇഞ്ചിപ്പെണ്ണ്, ഷര്‍മിള, മീനാക്ഷി, സാരംഗി,ആഷ,സു, മയൂര, പ്രിയ ഉണ്ണികൃഷ്ണന്‍,ജ്യോതിര്‍മയി, ബിന്ദു, രേണു, ഇട്ടിമാളു, സിന്ധു, വേണു, ദൈവം, അനിലന്‍, പ്രമോദ്, സിയ, ദ്രൌപതി, കാണാമറയത്ത്, കുഴൂര്‍ വിത്സണ്‍, പച്ചാളം,, റിയാസ് അഹമ്മദ്,ജി.മനു, കാപ്പിലാന്‍, രാജ്, ശ്രീവല്ലഭന്‍, മനോജ്,കണ്ണൂസ്, അജീഷ്, പപ്പൂസ്, ബഹുവ്രീഹി, വിശ്വപ്രഭ, ലാപുട, ഗോപന്‍, രമേഷ്, സുനീഷ് കെ. എസ്, ഹരിയണ്ണന്‍, ജ്യോനവന്‍, സുരേഷ് കാഞ്ഞിരക്കാട്ട്, നസീര്‍ കടിക്കാട്, തമനു, ശിശു

നന്ദി - കടമ്മനിട്ടയ്ക്ക് ആദരാഞ്ജലി പോസ്റ്റിനായി ‘കിരാതവൃത്തം‘ അയച്ചു തന്ന കുഴൂര്‍ വിത്സണ്. കവിതാക്ഷരിയെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും.


കവിതാക്ഷരിയില്‍ പോസ്റ്റ് ചെയ്ത എല്ലാ കവിതകളും നാലു് വിഭാഗങ്ങളായി തിരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

1.കുട്ടിക്കവിതകള്‍

a. കുട്ടികള്‍ ചൊല്ലിയത്

മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ മാതൃവന്ദനം





ഷര്‍മ്മിളയുടേയും ഗോപന്റേയും മകന്‍ മഹാദേവന്‍.രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലുള്ള കവിത. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘




അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’



ഇള ( സിബുവിന്റെ മകള്‍) : വാച്ചു കൊച്ചു വീട് (കളിക്കുടുക്കയില്‍ വന്നത്)




പവിത്ര (ബിന്ദുവിന്റെ മകള്‍): കാക്കേ കാക്കേ കൂടെവിടെ.




സിന്ധു & വിശാഖ് (ഉമേഷിന്റെ ഭാര്യ, മകന്‍): കുമാരനാശാന്‍ എഴുതിയ 'ഈവല്ലിയില്‍ നിന്നു ചെമ്മേ..‘ എന്ന് തുടങ്ങുന്ന കവിത






ലിയാന്‍ മുഹമ്മദ് (നസീര്‍ കടിക്കാടിന്റെ മകന്‍) : സ്വന്തം കവിത ചൊല്ലുന്നു..



b.വലിയവര്‍ ചൊല്ലിയ കുട്ടിക്കവിതകള്‍

ബിന്ദു : ജി മനുവിന്റെ നെല്ലീ നെല്ലീ നെല്ലിക്ക





മനോജ് ജി മനുവിന്റെ 'ഉണ്ണീ നീ കണ്ണുതുറക്കുക'





രേണു: അപ്പുവിന്റെ 'അണ്ണാറക്കണ്ണാ എന്‍ അന്‍പായ കണ്ണാ'




ജ്യോതിര്‍മയി : പ്രാവേ.. പ്രാവേ..





മനോജ് ആന്‍ഡ് രേണു : ജി മനു, മഴത്തുള്ളി എന്നിവരുടെ 'കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളി'യും




ആഷ: ജീ മനുവിന്റെ ‘കുടുകുടു കുകുടു ബോട്ട്‘(കുട്ടികവിത)



2. കവികര്‍ ചൊല്ലിയ സ്വന്തം കവിതകള്‍

a. സ്ത്രീകള്‍

ജ്യോതിര്‍മയി : ജ്യോതിര്‍മയി എഴുതിയ 'ബോണ്‍സായ്'



സു : സു എഴുതിയ 'കാത്തിരിയ്ക്കും ഞാന്‍'



പ്രിയ ഉണ്ണികൃഷ്ണന്‍ : പ്രിയ ഉണ്ണികൃഷ്ണന്‍ എഴുതിയ 'മായികം'




b. പുരുഷന്മാ‍ര്‍

അനിലന്‍: അനിലന്‍ എഴുതിയ പല്ലിയും ശലഭവും




പ്രമോദ് : പ്രമോദ് എഴുതിയ അമ്മയ്ക്കൊരു കത്ത്




ജി. മനു : മനു എഴുതിയ 'മകളേ..വളരാതിരിക്കുക'




കാപ്പിലാന്‍: കാപ്പിലാന്‍ എഴുതിയ സിന്ധൂ, അത്രമേല്‍ നീയെന്നെ..



രാജ് നീട്ടിയത്ത്: രാജ് എഴുതിയ 'നഗരത്തിലെ ചെടികള്‍'




ശ്രീവല്ലഭന്‍
: ശ്രീവല്ലഭന്‍ എഴുതിയ'ഊരുവിലക്കപ്പെട്ടവന്റെ ആത്മരോഷം'



പപ്പൂസ് : പപ്പൂസ് എഴുതിയ ‘നിഴല്‍‘



ലാപുട : ലാപുട എഴുതിയ ഈര്‍ച്ച എന്ന ഉപമയില്‍



ഗോപന്‍ : ഗോപന്‍ എഴുതിയ വിശപ്പ്




സുനീഷ് കെ. എസ്. : സുനീഷ് എഴുതിയ സൌഹൃദം




ഹരിയണ്ണന്‍ : ഹരിയണ്ണന്‍ എഴുതിയ ചില വൈഖരികള്‍



നസീര്‍ കടിക്കാട് : നസീര്‍ കടിക്കാട് എഴുതിയ നേര്‍ച്ച




3. ബ്ലോഗ് കവിതകള്‍

a.സ്ത്രീകള്‍

ഡാലി : പൊന്നപ്പന്‍ എഴുതിയ ‘ഞാ‍ന്‍‘ ‘പാമ്പ്‘ ‘നെന്മണി‘




ഇഞ്ചിപെണ്ണ്: രാജ് നീട്ടിയത്തിന്റെ തൊട്ടുകാണിക്കാനാവാത്ത മുറിവുകള്‍




ബിന്ദു : ഇഞ്ചിപ്പെണ്ണിന്റെ 'എനിക്കില്ലേ'




b.പുരുഷന്മാര്‍


വേണു: ടി.പി അനില്‍കുമാര്‍ എഴുതിയ എനിക്കെന്നെ സംശയം ഉണ്ട്



കാണാമറയത്ത്: മയൂര എഴുതിയ 'നിണമെഴുതിയത്'




കുഴൂര്‍ വിത്സണ്‍ : നസീര്‍ കടിക്കാട് എഴുതിയ ‘കുപ്പായം‘



കണ്ണൂസ് : ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ പനിക്കൂര്‍ക്ക



അജീഷ് : മയൂര എഴുതിയ 'ഭോജ്യം'



ജ്യോനവന്‍ : ലാപുട എഴുതിയ 'മറവിക്കുറിപ്പ്'



ശിശു : സാല്‍ജോ എഴുതിയ ' ഇണ'





4. മറ്റ് വെബ് മീഡിയ & പ്രിന്റ് മീഡിയ കവിതകള്‍

a.സ്ത്രീകള്‍

ദേവസേന: ടി.പി. രാജീവിന്റെ ‘പച്ചക്കറികളില്‍ മുയല്‍‘



ഷര്‍മിള: ചങ്ങമ്പുഴ എഴുതിയ ‘പരിതൃപ്തി.‘



മീനാക്ഷി: സാരംഗി എഴുതിയ വൈദേഹി



സാരംഗി : വിജയലക്ഷ്മി എഴുതിയ 'വന്ദനം, ഡി വിനയചന്ദ്രന്'



മയൂര: സുഗതകുമാരി എഴുതിയ 'നന്ദി'


സാരംഗി : ടി പി അനില്‍കുമാര്‍ എഴുതിയ 'ആഴങ്ങളിലെ മണ്ണ്' ( രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)



ഇട്ടിമാളു : കെ.പി ശൈലജ എഴുതിയ ‘ഹൃദയത്തുടിപ്പുകള്‍ ‘





ദേവസേന: വി.എം ഗിരിജ എഴുതിയ പേടി





b.പുരുഷന്മാര്‍

ദൈവം: കല്പറ്റ നാരായണന്‍ എഴൂതിയ ഒര്‍ഫിയൂസ്



സിയ : പവിത്രന്‍ തീക്കുനി എഴുതിയ 'മതില്‍'






ദ്രൌപദി
: ഷെല്‍‌വി എഴുതിയ ‘നട്ടുച്ചയിലെ ഗസല്‍മരങ്ങള്‍‘’




പച്ചാളം : ഓ. എന്‍. വി. കുറുപ്പ് എഴുതിയ ‘നന്ദി‘



റിയാസ് അഹമ്മദ് :വിജയലക്ഷ്മി എഴുതിയ 'ഒറ്റമണല്‍ത്തരി'




കടമ്മനിട്ടയുടെ പ്രശസ്തമായ ‘കിരാതവൃത്തം‘ ചൊല്ലുന്നത് കുഴൂര്‍ വിത്സണ്‍.




ബഹുവ്രീഹി : ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'പിറക്കാത്ത മകന്"



വിശ്വപ്രഭ : അയ്യപ്പപ്പണിക്കര്‍ എഴുതിയ 'നാടെവിടെ മക്കളേ'.



രമേഷ്: വിജയലക്ഷ്മി എഴുതിയ 'വയ്യ' എന്ന കവിത



കുഴുര്‍ വിത്സണ്‍: എന്‍ ജി ഉണ്ണികൃഷ്ണന്‍ എഴുതിയ ‘പിരിയാറായ എസ് ഐ‘ .




സുരേഷ് കാഞ്ഞിരക്കാട്ട് : വി. മധുസൂദനന്‍ നായര്‍ എഴുതിയ ‘പ്രണയം‘



തമനു : ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'ഉമ്മ‘




റിയാസ് അഹമ്മദ് : ജെനി ആന്‍ഡ്രൂസ് എഴുതിയ 'വനം'




റിയാസ് അഹമ്മദ് : ജെനി ആന്‍ഡ്രൂസ് എഴുതിയ 'വനം'




ശിശു : സാല്‍ജോ എഴുതിയ ' ഇണ'