Tuesday, August 28, 2007

കിറുക്കല്ലാത്ത കിറുക്കുകള്‍

സ്ത്രീയുടെ വിവിധ മനോവികാരങ്ങളെ വളരെ ആര്‍ജ്ജവത്തോടെ പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരിയാണ് 'എന്റെ കിറുക്കുകള്‍' . സ്വതസിദ്ധമായ കരുത്തുറ്റ ശൈലി 'എന്റെ കിറുക്കുകളുടെ' ഒരു പ്രത്യേകതയാണ്‌. വാക്കുകള്‍ കൊണ്ട്‌ ചിത്രങ്ങള്‍ മെനഞ്ഞിടുന്ന ആധുനിക രീതിയിലുള്ള കഥകളാണ്‌ കിറുക്കുകളില്‍ അധികവും കാണാനാവുക. വെളിച്ചം എന്ന കഥയില്‍ വെളിച്ചത്തെ ഭയക്കുന്ന മല്ലിക എന്ന കഥാപാത്രം വായനക്കാരുടെ മനസ്സിലേക്ക്‌ നടന്നു കയറുന്ന ഒരു പെണ്‍കുട്ടിയാണ്‌. അവള്‍ക്ക്‌ നിത്യമായ ഇരുള്‍ അവള്‍ ‍തന്നെ വിധിക്കുന്നു. രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ്‌ നായികയായ റിപ്പോര്‍ട്ടര്‍ കൊടുത്തിട്ടും വെളിച്ചത്തിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലാന്‍ അവള്‍ മടിക്കുന്നു. ഇതിലൂടെ കഥകാരി സംവദിക്കുന്ന പ്രമേയം ഇടക്കാലത്ത്‌ കേരളത്തില്‍ വേരൂന്നിയിരിക്കുന്ന സെക്സ്‌ റാക്കെറ്റുകളുടെ വേരുകളെപ്പറ്റിയാണ്‌. പാവപ്പെട്ട പെണ്‍കുട്ടികളെ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഇരുളിന്റെ ലോകത്തേക്ക്‌ വലിച്ചിഴയ്ക്കുന്നവര്‍. പത്രത്താളുകളില്‍ നാം നിത്യേനയെന്നോണം വായിച്ചു തീര്‍ക്കുന്ന വാര്‍ത്തകളില്‍ അധികവും ഇത്തരം ചൂഷണങ്ങളുടേതാണ്‌.

മറ്റൊരു ശക്തമായ പ്രമേയത്തില്‍ ഉരുത്തിരിയുന്ന കഥയാണ്‌ 'അനുരാധയുടെ മണം'. ഈ കഥയിലെ നായിക രണ്ടു കുട്ടികളുടെ അമ്മയായ അനുരാധയാണ്‌. പ്രണയിച്ചു നടന്ന കാലങ്ങളിലേയും കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞതിനു ശേഷവും നായികയോടുള്ള ഭര്‍ത്താവിന്റെ വ്യത്യസ്തമായ സമീപന രീതികളാണ്‌ ഇതില്‍ പ്രതിപാദിക്കുന്നത്‌. അവളുടെ ശരീരത്തിന്റെ ഗന്ധത്തിലൂന്നിയാണ്‌ ഈ കഥ മുന്നോട്ട്‌ പോകുന്നത്‌. കുട്ടികള്‍ക്ക്‌ പോലും അമ്മയുടെ മണത്തെപ്പറ്റി വെറുപ്പ്‌ വരുന്നു. ചുരുക്കി പറഞ്ഞാല്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കുത്തുവാക്കുകള്‍ അവളുടെ ജീവിതത്തിലേക്ക്‌ തന്നെ പടര്‍ന്നു കയറുകയാണ്‌. ഒടുവില്‍ ഒരു ഡോക്ടറുടെ സഹായം കൊണ്ടാണ്‌ അവള്‍ തനിക്ക്‌ തകരാറുകളേതുമില്ലെന്നു സ്വയം ബോധ്യപ്പെടുന്നത്‌. ഈ കഥയിലൂടെ കഥാകാരി മുന്നോട്ട്‌ വയ്ക്കുന്ന ചിന്ത, വിവാഹം കഴിഞ്ഞെന്നുള്ളതോ അമ്മയായെന്നുള്ളതോ ഒന്നും ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തെ പിന്നോട്ട്‌ നടത്തുന്നില്ല എന്നതാണ്‌. അത്‌ സ്വയം ബോധ്യപ്പെടണമെന്ന് മാത്രം.

'കിറുക്കുകളില്‍' ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു കഥയാണ്‌ ‘ഗര്‍ഭപാത്രമില്ലാത്ത അമ്മ' എന്നത്‌. ഗര്‍ഭപാത്രമില്ലാത്തവളെ സ്വന്തം കുടുംബത്തില്‍ നിന്നു പോലും യതൊരു വിലക്കുകളുമില്ലാതെ പുറംതള്ളാന്‍ ഒരുങ്ങുന്നത്‌ ഈ കഥയില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഗര്‍ഭപാത്രത്തിന്റെ പ്രാധാന്യം തലമുറകള്‍ അന്യം നില്‍ക്കാതെ കാത്തുവയ്ക്കലാണെന്നിരിയ്ക്കെ, അതിനു ജീവശാസ്ത്രപരമായി കഴിവില്ലാതെപോയ ഒരു സ്ത്രീയോട്‌ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടാണ്‌ ഈ കഥയിലൂടെ വ്യക്തമാകുന്നത്‌. വിവാഹം നടത്താന്‍ സമ്മതിച്ചിരുന്ന അന്യജാതിക്കാരനായ ഒരു പുരുഷന്‍ പോലും ഗര്‍ഭപാത്രമില്ലായ്മയില്‍ അവള്‍ക്ക്‌ തുണയാകുന്നില്ല. എങ്കില്‍പ്പോലും നായിക ഒരു അനാഥമന്ദിരത്തിലെ കുഞ്ഞുങ്ങളെ മുഴുവനും സ്വന്തം കുഞ്ഞുങ്ങളായി സ്വീകരിക്കുന്നിടത്ത്‌ കഥ തീരുകയാണ്‌.

ഈ കഥകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ അവസ്ഥകളുടെ വാങ്മയ ചിത്രങ്ങള്‍ കാണാന്‍ കഴിയും. പതിവുപോലെ കഥകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അവിടെയും ഈ പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം ഇവിടെയും എഴുതുമല്ലോ.

പോസ്റ്റ് തയ്യാറാക്കിയത് സാരംഗി.

Thursday, August 23, 2007

ചിലമ്പൊലികള്‍

പുതിയതായി ശ്രദ്ധയില്‍ പെട്ട ബ്ലോഗുകളില്‍ പതിവായി പോസ്റ്റിടുന്ന ബ്ലോഗറാണ് ചിലമ്പ്. എഴുതി തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകള്‍ ചിലമ്പിന്റെ പോസ്റ്റുകളില്‍ നിറയെ കാണാമെങ്കിലും ഒരോ പോസ്റ്റിലും പങ്ക് വയ്ക്കപ്പെടുന്ന ചിന്തകള്‍ കനമേറിയവയാണ്. ദയാവധം കാത്തുകിടക്കുന്ന സ്ത്രീയുടെ മനോവ്യാപാരങ്ങളെ പകര്‍ത്തുന്ന യുത്തനേഷ്യയും ചങ്കൂറ്റമുള്ള പെണ്‍കുട്ടികളിലൂടെ നാടിന്റെ ഭാവി സ്വപ്നം കാണുന്ന ഡ്രീംസും കുറച്ചുകൂടെ സമയമെടുത്ത് എഴുതിയിരുന്നെങ്കില്‍ വളരെ നന്നാകുമായിരുന്ന കഥാ-കവിതാ സന്ദര്‍ഭങ്ങളായിരുന്നു. കഥപരമായി ഉയര്‍ന്ന് നില്‍ക്കുന്നില്ലെങ്കിലും കുരുക്കുകള്‍ എന്ന കഥയിലൂടെ സംവേദിക്കപ്പെടുന്ന ആശയം ഇന്നത്തെ ഇന്റര്‍നെറ്റ്‌ സംസ്കാരത്തില്‍ പരിചയപ്പെടുത്തിയിരിക്കേണ്ട ഒന്നാണ്‌.

പരദൂഷണം അഥവാ ഗോസ്സിപ്പ് ഇന്ന് മലയാളി സമൂഹത്തിന്റെ മാത്രമല്ല ലോകജനതയുടെ തന്നെ സംസ്കാരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും പൊതുജീവിതത്തിന്റേയും വ്യക്തിജീവിതത്തിന്റേയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി മാധ്യമ രംഗത്തും സ്വകാര്യ ജീവിതത്തിലും ഗ്ലോറിഫൈഡ് സ്ഥാനം നേടി വിരാജിക്കുന്നതും ആണ്. ചിലര്‍ ഗോസ്സിപ്പിലൂടെ പ്രസിദ്ധിയുണ്ടാക്കുമ്പോള്‍ ചിലര്‍ക്ക് അതിലൂടെ ജീവിതം തന്നെ നഷ്ടപ്പെടുന്നു. ഗോസ്സിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞ് നിന്ന് തിളങ്ങുന്ന ലൈംഗീക ഗോസ്സിപ്പിനാല്‍ സമൂഹത്തീലെ സദാചാര പോലീസിന്റെ വിചരാണ നേരിട്ട് ജീവിതം കുട്ടിച്ചോറായവരില്‍ രാഷ്ട്രീയക്കാര്‍, ശാസ്ത്രഞ്ജര്‍, സിവില്‍ സര്‍വീസ് മേഖലയില്‍ ഉള്ളവര്‍ തുടങ്ങി അതിസാധാരണക്കാര്‍ വരെ ഇരയാവുന്നത് ഇന്നത്തെ ലോക്കല്‍ ചാനലുകളുടെ ബഹളത്തിനിടെ ഒട്ടും പ്രാധാന്യം ഇല്ലാത്ത സംഗതിയായിരിക്കുന്നു. സദാചാര വിചാരണയുടെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ ഇരകള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസം തെല്ലും ഇല്ലെന്ന് കാണാം.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാളി സമൂഹം,(ഒരു സാമാന്യവത്കരണത്തില്‍ ഇന്ത്യന്‍ സമൂ‍ഹം എന്ന് പറയമോ ആവോ) വളര്‍ത്തിയെടുത്ത ഒരു പരദൂഷണ മുറയാണ്, എട്ടുകാലി മമ്മൂഞ്ഞ് മുറ. ഈ മുറയില്‍ സ്ത്രീത്വത്തിന്റെ നിര്‍വചനം ഒരു നോട്ടത്തില്‍ വീണുപോകാവുന്ന പെണ്ണുങ്ങള്‍. അവര്‍ സംസാരിക്കുന്നതും, സഹായം സ്വീകരിക്കുന്നതും, പരിചയം ഭാവിച്ച് ചിരിക്കുന്നതും, സഹായം നല്‍കുന്നതും, എന്തിന് ബുദ്ധിപരമായി സംസാരിക്കുന്നത് പോലും ഇന്നല്ലെങ്കില്‍ നാളെ “അത് ഞമളാ” എന്ന് എട്ടുകാലി മമ്മൂഞ്ഞ്‌മാര്‍ക്ക് പറയാന്‍ ഒരവസരം ഉണ്ടാക്കുവാനാണെന്ന് ഈ മുറ അഭ്യസിക്കുന്നവര്‍ വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു സ്ത്രീയോട് സംസാരിച്ച ശേഷം ആ സംസാരത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ‘സംഗതിയറിഞ്ഞോ’എന്ന ആമുഖത്തോടെ കവലകളിലും, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലും പ്രസംഗിക്കുന്നവരെ മലയാളിയ്ക്ക് വളരെ പരിചിതമാണ്. നമ്മുടെ സിനിമയില്‍ ഇത്തരം കഥാപാത്രങ്ങളുടെ തമാശകള്‍ കേട്ട് നാം എത്രയോ ചിരിച്ചിരിക്കുന്നു. പൊതുവെ അത്ര ദോഷം ചെയ്യാത്ത എട്ടുകാലി മമ്മൂഞ്ഞ് കൂട്ടങ്ങളില്‍ ഒരു നീരാളി ഉണ്ടായാല്‍ ആ കൂട്ടം പിന്നെ ആ നാടിനു തന്നെ ശാപമായി തീരും.

മലയാള ഇന്റെര്‍നെന്റിന്റെ മൂലകളിലും ഇത്തരം എട്ടുകാലി മമ്മൂഞ്ഞ് കൂട്ടങ്ങളും, അവരുടെ നീരാളി നേതാക്കളും വളര്‍ന്നു വരുന്നുണ്ടെന്ന ആശങ്കയാണ് ചിലമ്പിന്റെ കുരുക്കുകള്‍ എന്ന കഥ പങ്കുവെയ്ക്കുന്നത്. കഥയെഴുതാന്‍ എന്തെങ്കിലും തരത്തിലുള്ള ബാഹ്യഉദ്ദീപനം വേണം എന്ന് ധരിച്ചിരുന്ന ഒരു കൂട്ടം കടന്ന് പോയി എന്നാണ് കരുതിയിരുന്നത്. മദ്യം, മദിരാക്ഷി, കഞ്ചാവ് എന്നിവയുടെ പുറത്തേ എഴുത്ത് വരൂ, ബുദ്ധിജീവിയാകൂ എന്നൊക്കെ കരുതിയിരുന്ന ഒരു തലമുറ തിരിച്ചു വരില്ലെന്നും കരുതി. എന്നാല്‍ പരദൂഷണം, കൃത്യമായി പറഞ്ഞാല്‍ മമ്മൂഞ്ഞ് മുറ ലഹരിയാക്കി എഴുത്ത് നിര്‍വഹിച്ച് വരുന്ന പുതിയൊരു കൂട്ടത്തിന്റെ കഥയാണ് കുരുക്കുകള്‍.

തന്റെ പുകഴ്ത്തലുകള്‍ കേട്ട് മയങ്ങുന്നവരാണ് തനിക്ക് മറുമെയിലയക്കുന്നതെന്നും, തന്റെ ഉദ്ദീപനത്തിനുപയോഗിക്കാവുന്ന ഇരകളായി അവരെ തിരഞ്ഞെടുക്കാന്‍ എളുപ്പമാണെന്നും കരുതുന്ന, കാശുകൊടുത്ത് തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്ന, പ്രസിദ്ധിയ്ക്കു വേണ്ടി കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്ന എഴുത്തുകാരന്റെ വലയ്ക്കുള്ളില്‍ നിന്നും രക്ഷപ്പെടുന്ന സ്ത്രീയുടെ ആത്മഭാഷണം ആണ് കുരുക്കുകളില്‍. ഇരയായി കൊളുത്തിയ സ്ത്രീയെ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനയുക, കൂട്ടുകാരുടെ ഇടയില്‍ അത് പറഞ്ഞാഘോഷിക്കുക എന്നിവയാണ് എഴുത്തുകാരന് ഉദ്ദീപനം നല്‍കുന്നത്. കഥയിലെ സ്ത്രീ ചില നല്ല സുഹൃത്തുകളുടെ സഹായത്താല്‍ രക്ഷപ്പെടുന്നെങ്കിലും അയാള്‍ തന്റെ അടുത്ത ഇരയെ തേടി ഇറങ്ങുകയാണ്.

ഇന്റര്‍നെറ്റിലെ വിര്‍ച്യുല്‍ സൌഹൃദങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കയറി വന്ന് എങ്ങനെ അപകടകാരിയാവുന്നു എന്ന് കൂടി ഈ കഥ പറഞ്ഞു വയ്ക്കുന്നു. ഇരയ്ക്കുവേണ്ടി കാത്ത് കിടക്കുന്നവരുടെ മുന്നില്‍ അറിയാതെ അകപ്പെട്ട് പോയാലും താനൊരു ഇരയാണല്ലോ എനിക്കിനി ഒന്നും ചെയ്യാനില്ല എന്ന വിക്ടിം കോപ്ലെക്സില്‍ കുടുങ്ങി ജീവിതം തീര്‍ക്കാതെ, സധൈര്യം അത്തരം എട്ടുകാലി മമ്മൂഞ്ഞ്‌മാരുടെ സൊഹൃദ വലയുടെ കുരുക്ക് തകര്‍ത്തെറിഞ്ഞ് വരാന്‍ ആ‍ര്‍ജ്ജവം കാണിച്ച കഥാനായികയെ വരച്ചിട്ട ബ്ലോഗറുടെ പോസറ്റീവ് മനസ്സ് അഭിനന്ദിക്കേണ്ടതാണ്. പക്ഷേ ഇത്തരം കുരുക്കളില്‍ നിന്നും വിവേക ബുദ്ധിയോടെ അകന്നിരിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

പൈങ്കിളി ആയി പോയോ എന്ന് എഴുതിയ ആള്‍ തന്നെ സംശയിക്കുന്ന ഈ കഥയില്‍, കഥയുടെ മനോഹാരിത അധികമൊന്നും ഇല്ലാത്ത തരം ആഖ്യാനമാണെങ്കിലും എഴുതി തുടങ്ങുന്ന ഒരാളുടെ കഥ എന്ന നിലയ്ക്കും ഇന്നത്തെ നെറ്റിസണ്‍ സമൂഹത്തില്‍ വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നതിനാലും വെട്ടത്തിരുത്തേണ്ട ഒരു സ്ത്രീപക്ഷ ബ്ലോഗ് കഥയാണ്

കുരുക്കുകള്‍ വായിക്കുന്നവര്‍ അതിനെ കുറിച്ചുള്ള കമന്റ് അവിടേയും ഈ പോസ്റ്റിനെ കുറിച്ച് എന്തെങ്കിലും പറയാനുള്ളത് ഇവിടേയും പറയുമല്ലോ.

Monday, August 20, 2007

പെണ്ണെഴുത്ത് -ഒരു പുരുഷവീക്ഷണം

സ്ത്രീയെ സംബന്ധിക്കുന്ന വിഷയങ്ങളിലും, സമകാലീന രാഷ്ട്രീയത്തിലും തന്റെ ശക്തമായ ഇടപെടലുകള്‍ എഴുത്തിലൂടെ നടത്തുന്ന ബ്ലോഗനാണു കല്ലേച്ചി. കല്ലേച്ചിയുടെ ഫെമിനിസത്തിന് ഉപോല്‍‌ബലകമാകുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കുറവു കൊണ്ടാണ് ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ മാത്രം പ്രതിസ്ഥാനത്തായി പോകുന്നത്‌ എന്ന വീക്ഷണമാണ്. കല്ലേച്ചിയുടെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി തുടങ്ങിയ പോസ്റ്റുകളോട് ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല എന്ന കഥ സ്ത്രീപക്ഷപരമായി വായിക്കപ്പെടേണ്ടത് തന്നെയാണ്. കല്ലേച്ചിയുടെ ശ്രദ്ധേയമായ രണ്ട് സ്ത്രീപക്ഷ രചനകള്‍ ആണ് പെണ്ണെഴുത്തുകള്‍ ഒന്നും രണ്ടും. ആമുഖ പോസ്റ്റില്‍ സ്ത്രീപക്ഷരചനകളും പെണ്ണെഴുത്തും തമ്മില്‍ ഒരു തെറ്റിദ്ധാരണ വായനക്കാര്‍ക്കുണ്ടായോ എന്ന സംശയത്തില്‍ എന്താണ് പെണ്ണെഴുത്ത്, എന്താണ് പ്രത്സാഹിപ്പിക്കപ്പെടെണ്ട സ്ത്രീസ്വാതന്ത്ര്യം എന്നെല്ലാം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്ന കല്ലേച്ചിയുടെ പോസ്റ്റുകള്‍ പരിചയപ്പെടുത്താമെന്ന് കരുതുന്നു ഇത്തവണ.

സ്ത്രീപക്ഷരാഷ്ട്രീയം പോലെ തന്നെ സ്ത്രീപക്ഷ രചനകളും സ്ത്രീപക്ഷത്തിനു വേണ്ടിയുള്ള ആണിന്റേയും പെണ്ണിന്റേയും ഒച്ചപ്പെടലിന്റെ രചനകള്‍ എന്നാണെന്നിരിക്കെ, പെണ്ണെഴുത്തുകള്‍ സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നവയാണ്. മലയാള സാഹിത്യത്തില്‍ വലിയൊരോളം ഉണ്ടാക്കിയ ഒന്നാണ് പെണ്ണെഴുത്ത്. മലയാള സാഹിത്യത്തില്‍ ആണ്‍-പെണ്‍ ധ്രുവീകരണത്തിനു വഴിത്തെളിച്ചു എന്നതാണ് പെണ്ണെഴുത്തിനെ കുറിച്ചുള്ള ഏറ്റവും വലിയ ആരോപണം. പെണ്ണെഴുത്ത് എന്നത് ഒരു സംവരണ ലേബല്‍ പോലെ ഉപയോഗിക്കുക വഴി സ്ത്രീയുടെ യഥാര്‍ത്ഥ കഴിവുകളെ മാറ്റുരച്ചു നോക്കാന്‍ അവള്‍ക്ക് അവസരം കിട്ടുന്നില്ല എന്നു തുടങ്ങി യുക്തി ഭദ്രമായതും കണക്കിലെടുക്കപ്പെടേണ്ടതുമായ ഒട്ടനവധി എതിര്‍പ്പുകള്‍ ഇക്കഴിഞ്ഞ കാലയളവില്‍ പെണ്ണെഴുത്ത് അഭിമുഖീകരിക്കേണ്ടി വന്നീട്ടുണ്ട്. എന്നാല്‍ പെണ്ണെഴുത്ത് എന്തെന്ന് മനസ്സിലാക്കുന്നതില്‍ ഒരു ഉള്‍ത്തുറവ് കാണിക്കാന്‍ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണ് ഇത്തരം എതിര്‍പ്പുകളുടെ ഹേതുവെന്ന് കല്ലേച്ചിയുടെ ഈ രണ്ട് ലേഖനങ്ങള്‍ വ്യക്തമാക്കുന്നു.

“പെണ്ണെഴുത്ത് എന്നത്‌ പെണ്ണുങ്ങള്‍ എഴുതുന്നതു തന്നെയാണ്‌. അത്‌ പുരുഷന്മാര്‍ക്ക്‌ എഴുതാന്‍ പറ്റാത്തതുമാണ്‌.“ എന്ന് വ്യക്തമാക്കുന്ന കല്ലേച്ചി, പെണ്ണെഴുത്ത് എന്നത് ഫെമിനിസം എന്ന സ്ത്രീപക്ഷ രാഷ്ട്രീയം അഥവാ സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയേ ചര്‍ച്ച ചെയ്യാനാവൂ എന്നും നിരീക്ഷിക്കുന്നു. ഫെമിനിസം എന്ന സ്ത്രീപക്ഷ രാഷ്ട്രീയം സ്ത്രീകളുടെ മാത്രം രാഷ്ട്രീയം എന്ന് അടിച്ചേല്‍പ്പിച്ച് പരിഹസിക്കുന്നതിനെതിരെയുള്ള പുരുഷസ്വരമാണ് കല്ലേച്ചിയുടെ ചില പോസ്റ്റുകളെങ്കിലും. സ്ത്രീദുര്‍ബലതയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉയരുന്ന ഒരോ ഒച്ചപ്പെടലും അത് പുരുഷനില്‍ നിന്നായാലും സ്ത്രീയില്‍ നിന്നായാലും ഫെമിനിസമാണ്. പെണ്ണെഴുത്ത് എന്ന പോസ്റ്റില്‍ ഫെമിനസത്തിന്റെ തെറ്റായ രീതികളെ ചൂണ്ടി കാണിക്കുകയും ഒപ്പം ശരിയുടെ മാര്‍ഗ്ഗം എന്തെന്ന് പറയാനുള്ള ആര്‍ജ്ജവവും കല്ലേച്ചി കാണിക്കുന്നു.

“മൂന്നാമത്തേതും ശരിയായതും എന്നാല്‍ വളരെ നേര്‍ത്തതുമായ ധാരയായി യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത്‌ സ്ത്രീ എന്ന മനുഷ്യദ്വയത്തെ തിരിച്ചറിയുകയും തുല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്‌. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ആത്യന്തികമായുണ്ടാകേണ്ടതു മനുഷ്യന്റെ പൊതുഭാഷയാണെന്ന്‌.“


സ്ത്രീപുരുഷ വര്‍ഗ്ഗീകരണം എന്നത് പ്രകൃത്യാ തന്നെ നിശ്ചയിക്കപ്പെട്ടീട്ടുള്ള വര്‍ഗ്ഗീകരണം ആണ്. മനുഷ്യനാല്‍ നിര്‍മ്മിതമായ മറ്റ് വര്‍ഗ്ഗീകരണങ്ങളെ പോലെ, ഉദാഹരണമായി അടിമ, ഉടമ, അവര്‍ണ്ണന്‍, സവര്‍ണ്ണന്‍, വേണമെന്ന് വച്ചാല്‍ മാറ്റിയെടുക്കാനാവുന്നതല്ല സ്ത്രീപുരുഷ വര്‍ഗ്ഗീകരണം. ഒന്നിനെ മറ്റൊന്നില്‍ ലയിപ്പിക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുക. അതായത് സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍(identical)അല്ല. അതുകൊണ്ട് തന്നെ തന്റേതായ ഒരു ഭാഷ സ്ത്രീയ്ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. കല്ലേച്ചിയുടെ വരികളില്‍ നിന്ന്
“ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്‍കോയ്മയില്‍ വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത്‌ ഇന്നത്തെ ഭാഷപുരുഷനുവേണ്ടി അവന്‍ വളര്‍ത്തിയെടുത്തതാണ്‌. ഭാഷയിലേ ഏതണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്‍പനകളും പുരുഷ രൂപമാര്‍ന്നാണ്‌ അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്‌. ഒരുപാടു പൊതു പദങ്ങള്‍ക്ക്‌ പുരുഷ വേഷമാണുള്ളത്‌. സൌന്ദര്യ വര്‍ണ്ണനകള്‍ക്ക്‌ സ്ത്രൈണ പദങ്ങളും. ഉഡുരാജമുഖി, മൃഗരാജകടി എന്നാരഭിക്കുന്നവയാണധികവും. അവയില്‍ ‍നിന്നു തന്നേയാണു സ്ത്രീകള്‍ക്കും വര്‍ണ്ണനകള്‍ എടുക്കേണ്ടി വരുന്നത്‌. ഉഡുരാജമുഖാ, മൃഗരാജകടാ എന്നപോലെ.അതൊക്കെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാവേണ്ടതുണ്ട്‌. കടല്‍ക്കരയില്‍ കടല്‍ മണം പോലെ, ബ്രസീലില്‍ ഫുഡ്‌ബോള്‍ പോലെ.“

ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ഭാഷ ഉപയോഗിച്ച് പെണ്ണെഴുതിയാലും, ആണെഴുതിയാലും “അവനവന്‍ അവനവനുള്ളത് എടുക്കട്ടെ “ എന്നേ എഴുതാനാവൂ. അവിടെ അവളവള്‍ എന്നൊരു പ്രയോഗം ഉണ്ടാകേണ്ടിയിരിക്കുന്നു. അവനവനില്‍ അവന്‍ ഒരു മനുഷ്യകുലത്തെ സംബോധന ചെയ്യുമ്പോള്‍ അതിന്റെ ഭാഷയില്‍, വ്യാകരണത്തില്‍ പ്രകൃതിയാല്‍ നിശ്ചയിക്കപ്പെട്ട സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ പോകുന്നു.

കല്ലേച്ചി ചുരുക്കത്തില്‍ പറഞ്ഞു വയ്ക്കുന്നത്
“മനുഷ്യനാണ്‌ ഭാഷയില്ലാത്തത്‌ എന്ന് നമുക്ക്‌ ബോധ്യമാകും. മനുഷ്യന്‍ എന്ന പൊതു സംജ്ജയില്‍ എല്ലാവരേയും ഉള്‍കൊള്ളാവുന്ന ഭാഷയും സംസ്കാരവും രൂപം കൊള്ളുന്ന കാലം വരെ പെണ്ണെഴുത്ത് സ്ത്രീ വാദം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ എല്ലാം പ്രസക്തമായിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കുറവു കൊണ്ടണ്‌ ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ മാത്രം പ്രതിസ്ഥാനത്തായിപോകുന്നത്‌. കാരണം സ്വാതന്ത്ര്യമില്ലായ്മയില്‍ ചില സുരക്ഷിതത്വങ്ങളുണ്ട്‌. വലക്കുള്ളിലെ കിളികള്‍ക്ക്‌ മാനത്തുപറക്കുന്ന കിളികളുടെ അത്ര അരക്ഷിതത്വമില്ല.“


പെണ്ണുങ്ങള്‍ മാത്രം ഉപയോഗിക്കുന്ന നുഷു എന്ന ഒരു ചൈനിസ് ലിപിയെ കുറിച്ച് വാക്കുകള്‍ പങ്കുവച്ചുകൊണ്ട് ബ്ലോഗിംഗിങ്ങ് സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറന്നിടുന്ന അചിന്ത്യയേയും ഇവിടെ കാണാം.

പെണ്ണിനു മാത്രം എഴുതാന്‍ കഴിയുന്നതാണ് പെണ്ണെഴുത്ത് എന്ന് നിരീക്ഷിക്കുന്ന ഈ ലേഖിക, പെണ്ണെഴുത്തിനെ കുറിച്ചുള്ള പരിഹാസങ്ങളെ അവഗണിച്ച് പെണ്ണുങ്ങള്‍ തങ്ങളെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഭാഷ പെണ്ണെഴുത്തിലൂടെ ഉരുത്തിരിച്ചെടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.സാറാജോസഫും കെ.ആര്‍. മീരയും, പ്രിയ ഏ.ഏസും അവരുടെ കൂടെ ബ്ലോഗിണികളും തങ്ങളുടെ മൂശയില്‍ പെണ്‍‌വാക്കുകള്‍ വാര്‍ത്തെടുക്കുന്ന തട്ടാത്തികളാകട്ടെ.

വാല്‍കഷ്ണം: എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിചെക്കനൊരു സംശയം അപ്പോള്‍ ഈ പെണ്ണെഴുത്ത് പോലെ ആണെഴുത്തും ഉണ്ടോ?
കുഞ്ഞിപ്പെണ്ണ്: ഉണ്ടല്ല. ആണുങ്ങള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന എത്ര ഭാവങ്ങള്‍ ഉണ്ട്. ബ്ലോഗില്‍ നിന്ന് ഒരു ഉദാഹരണത്തിന് മനുവിന്റെ ഷിബു എറിഞ്ഞ ഈ ഏറ്. ഇതു പോലൊരു മൂളിപറക്കുന്ന കരിങ്കല്‍ ചീളിന്റെ ഏറ് എഴുതാന്‍ ഏത് പെണ്ണിനു പറ്റും?
കുഞ്ഞിച്ചെക്കന്‍: ഓഹ്, അത് പെണ്ണുങ്ങള്‍ക്ക് പൊതുവേ കഴിവു കുറവായത് കൊണ്ട് തോന്നുന്നതാണ്. ആണുങ്ങളുടെ ഭാവങ്ങള്‍ മനസ്സിലാക്കാന്‍ പെണ്ണുങ്ങള്‍ക്കായില്ലെങ്കിലും പെണ്ണുങ്ങളുടെ എല്ലാ ഭാവങ്ങളും മനസ്സിലാക്കാന്‍ ആണുങ്ങള്‍ക്കാവും.
കുഞ്ഞിപ്പെണ്ണ്: ഓഹ്, അപ്പോള്‍ സ്ത്രീയുടെ മനസ്സ് മരീചികയാണ്, അത് സൃഷിച്ച ദൈവത്തിനു പോലും മനസ്സിലാക്കാന്‍ പറ്റില്ല എന്ന് കവികള്‍ പാടുന്നത് വെറും പുളുവടിയാണല്ലേ!

സമര്‍പ്പണം: കല്ലേച്ചിയുടെ പോസ്റ്റിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ച സുനിലേട്ടന്.

കല്ലേച്ചിയുടെ പോസ്റ്റിനുള്ള മറുപടി അവിടേയും ഈ എഴിത്തിനെ കുറിച്ചു എന്തെങ്കിലും ഉണ്ടെങ്കില്‍ ഇവിടേയും എഴുതുമല്ലോ.

Friday, August 17, 2007

അനുരാധ നെടുമങ്ങാടിന്റെ ഗര്‍ഭിണി

നെടുമങ്ങാടീയം എന്ന ബ്ലോഗിലൂടെ നെടുമങ്ങാടിനെ ജീവിതം വരച്ചിട്ട കുമാര്‍ എന്ന തോന്ന്യാക്ഷരക്കാരന്റെ അനുരാധ മനുഷ്യമനസ്സിന് നേരെ വളരെയേറെ ചോദ്യങ്ങളെറിയുകയും അവസാനം ഉത്തരമില്ലാത്ത ഒരു ചോദ്യം പതിച്ച് വച്ചിട്ട് എങ്ങോട്ടെന്നില്ലാതെ മറഞ്ഞു പോവുകയുമാണ്. മിഗെലെ നാവ് വിന്നി! (എന്റെ പേര് വിന്നി),നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍, ഉടക്ക് തുടങ്ങിയ കഥകളിലൂടെ സ്ത്രീ മനസ്സിലേയ്ക്ക് നോക്കാന്‍ ശ്രമിച്ച കുമാര്‍ അനുരാധ എന്ന കണ്ണാടിയിലൂടെ, സ്വന്തമായി ഒരു മനസ്സിലാത്തവളിലൂടെ സമൂഹമനസ്സിനെ നോക്കുകയാണ്.

ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലൂടെയും അനില്‍ പനച്ചൂരാന്റെ അനാഥന്‍ എന്ന കവിതയിലൂടെയും ഭ്രാന്തിയായ അമ്മയെ മലയാള സാഹിത്യത്തിനു പരിചയമാണ്. ഒരു ഭ്രാന്തി ഒരു സമൂഹമനസ്സിന്റെ വിങ്ങലായി അതിന്റെ സ്വന്തം ഗര്‍ഭിണിയായി മാറുന്നതെങ്ങനെയെന്ന് അനുരാധ വരഞ്ഞു വയ്ക്കുന്നു. നന്മയുള്ള ഒരു സമൂഹത്തിന്റെ മനസ്സിനു നേരെ കൊഞ്ഞനം കുത്തുകയാണ് അവസാനം അനുരാധ അവശേഷിപ്പിച്ചു പോയ, നെടുമങ്ങാട് ചോദിക്കാതെ ചോദിച്ച ഉത്തരം കിട്ടാത്ത ആ ചോദ്യം.

"പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം അപ്പോഴും ബാക്കികിടന്നു.
പക്ഷെ അതു ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല."


അതിനുത്തരം ഒരിക്കലും കിട്ടുന്നില്ല. അഥവാ കിട്ടായാല്‍ കൂട്ടമായി നന്മയുള്ള നെടുമങ്ങാട് മനസ്സിന്റെ ഒരോവ്യക്തിയുടേയും ഉള്ളില്‍ മറഞ്ഞിരിക്കുന്ന, കൂട്ടത്തില്‍, വെളിച്ചത്തില്‍ പുറത്ത് വരാത്ത കറുത്ത മനസ്സ് എന്നതാവും ഉത്തരം. അത് കുമാര്‍ വര‍ച്ചിടുന്നത് രത്നാകരയണ്ണന്റെ മില്ലില്‍ അരിപൊടിക്കാന്‍ നില്‍ക്കുന്ന ബാബുവിലൂടെയാണ്. അനുരാധ കുളിക്കുന്നത്‌ ഒളിഞ്ഞ് നിന്ന് കാണാന്‍ ആഗ്രഹിക്കുന്ന ബാബുന്റെ വികാരം
"തുണ്ടുപടം കാണാന്‍ കേറിയിട്ട്‌ ഒന്നും കാണാനാവതെ പടം തീര്‍ന്നിറങ്ങിവന്നവന്റെ ദേഷ്യവും നിരാശയും ബാബുവിന്റെ വാക്കുകളില്‍ നിഴലിച്ചു"
എന്ന വാക്കുകളില്‍ വായനക്കാരനു കിട്ടുന്നു. ഭ്രാന്തിയായ അനുരാധ കുളിക്കില്ല എന്നത് വലിയൊരു മോശം കാര്യമായി അവതരിപ്പിച്ച് തന്റെ നിരാശയ്ക്ക് പതം വരുത്തുകയാണ് ബാബു.

പണ്ടേ ഭ്രാന്തി, ഇപ്പോള്‍ ഗര്‍ഭണിയായ അനുരാധ നെടുമങ്ങാടിന്റെ സ്വന്തം വിഷമവും സ്വന്തം ഭ്രാന്തിയുമാകുകയാണ് പിന്നെ. സമൂഹത്തിന്റെ തിന്മയോ നന്മയോ തിരിച്ചറിയാനാവാത്ത ഒരു മനസ്സുമായി അനുരാധയും. തനിക്ക് വേണം എന്നത് മാത്രം അവള്‍ സ്വീകരിക്കുന്നു, അല്ലാത്തതിനെ ഓടയില്‍ എറിയുന്നു. നന്മതിന്മകളും, ശരിതെറ്റുകളും ബാധിക്കാത്ത മനസ്സുമായി നെടുമങ്ങാടിന്റെ മനസ്സിനെ മുറിവേല്പ്പിച്ച് കൊണ്ട് നടന്ന അനുരാധ ഉത്തരം കിട്ടാത്ത ചോദ്യം നെടുമങ്ങാടിന്റെ ഹൃദയത്തില്‍ തന്റെ കുഞ്ഞിലൂടെ ചേര്‍ത്ത് വച്ച് നടന്ന് മറയുന്നു.


ഒരു ഭ്രാന്തിയിലും ലൈംഗീകത തിരയുന്ന സമൂഹത്തിന്റെ ഇരുണ്ട കോണിനെ അറിയാത്തവരല്ല നാം. ഏതു പെണ്ണായാലും അവള്‍ ഭ്രാന്തിയാവട്ടെ,സ്കൂള്‍വിദ്യാര്‍ത്ഥി ആവട്ടെ, കൈകുഞ്ഞാകട്ടെ ലൈംഗീകതയുടെ കണ്ണിലൂടെ മാത്രം സ്ത്രീയെ നോക്കുന്ന അവളുടെ മാംസത്തെ മാത്രം കാണുന്നവനേ ഇരുട്ടില്‍ പതുങ്ങി ഇരുന്നു അനുരാധമാരുടെ നേരെ ആക്രാന്തത്തോടെ ചിരിക്കാനാവൂ. ഇതു പതിവ് കാഴ്ചകള്‍.ഇന്റര്‍നെറ്റിന്റെ, ബ്ലോഗിന്റെ ഇരുണ്ട മൂലകളില്‍ പോലും നാം നിത്യേനെ കാണുന്നു. പക്ഷേ നാം നിസ്സംഗരാണ്, അനുരാധമാര്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇല്ലാതാക്കുവാനോ അവയ്ക്കുത്തരം കിട്ടുവാനോ നമുക്കിനിയും വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു

വാല്‍ക്കഷ്ണം: ജൂണ്‍ 18, 2006 പബ്ലിഷ് ചെയ്ത ഈ പോസ്സ്റ്റിന്റെ അവസാന കമന്റ് മാര്‍ച്ച് 31, 2007 ന്! ബ്ലോഗിലെ നല്ല പോസ്റ്റുകള്‍ ഒന്നു രണ്ട് ദിവസത്തെ ശ്രദ്ധപ്പെടലിനുള്ളതല്ല, അവ കാലത്തെ അതിജീവിക്കുന്നു എന്നു കൂടി അനുരാധ ഉറക്കെ പ്രഖ്യാപിക്കുന്നു. പലതരത്തിലുള്ള വായനലിസ്റ്റുകള്‍ ആണ് നാളത്തെ വഴികാട്ടികളാണ് എന്ന് സ്വപ്നാടകന്റെ കമന്റ് അടിവരയിടുന്നു.

അനുരാധയെ കാണാന്‍ പോകുന്നവര്‍ കമന്റും അവിടെ തന്നെ വയ്ക്കുക.

ബ്ലോഗും വനിതാലോകവും

വെള്ളം എന്താ‍ണെന്നു എല്ലാവര്‍ക്കും അറിയാം. അതിന്റെ വിവിധങ്ങളായ ഉപയോഗങ്ങള്‍ അറിയാം. ഇനിയും പല ഉപയോഗങ്ങളെ കുറിച്ചും ഗവേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍ വെള്ളം എന്താണ് എന്ന് ഒരാള്‍ ചോദിച്ചാല്‍ നാം എന്തു മറുപടി പറയും? രസതന്ത്രം കുറച്ച് അറിയുന്നവര്‍ പറഞ്ഞേക്കാം രണ്ട് ഹൈഡ്രജന്‍ തന്മാത്രയും ഒരു ഓക്സിജന്‍ തന്മാ‍ത്രയും ചേര്‍ന്ന് രണ്ട് വെള്ളതന്മാത്രകള്‍ ഉണ്ടാകുന്നു എന്ന്. എന്നാല്‍ വെള്ളത്തിനോട് സമാനമായ മറ്റ് തന്മാത്രകളില്‍ നിന്നും വെള്ളത്തെ വ്യത്യസ്തമാക്കുന്നതെന്താണ്? വെള്ളത്തിന്റെ ഹൈഡജന്‍ ബന്ധനമാണ് അതിനു കാരണം. ഒരു ജലതന്മാത്രയ്ക്കു മറ്റ് ജലതന്മാത്രകളുമായി സൃഷ്ടിക്കാന്‍ കഴിയുന്ന വളരെ ദുര്‍ബലമായ ഒരു ബന്ധമാണത്. ഏതാണ് ഹൈഡജന്‍ ബന്ധനം എന്ന് പൂര്‍ണ്ണമായും വ്യക്തമാക്കാന്‍ ഇന്നും ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. ജീവന്റെ ഉത്ഭവത്തിനും മുന്‍പേ ഉണ്ടായ, ജീവന്‍ ആദ്യമായി തുടിച്ച ജലത്തിന്റെ ഘടന എന്താണ് അഥവ വെള്ളം എന്താണ് എന്നതാണ് ശാസ്ത്രലോകത്തിനു ഇത് വരെ നിര്‍ദ്ധരിക്കാന്‍ കഴിയാത്ത 100 വിശിഷ്ട ചോദ്യങ്ങളില്‍ ഒന്ന്. എന്നാല്‍ അന്ധയും ബധിരായുമായ ഹെലന്‍ കെല്ലറെ അവളുടെ ടീച്ചര്‍ ആനി സുള്ളിവന്‍ വെള്ളം എന്താണ് എന്ന് മനസ്സിലാക്കി കൊടുത്ത കഥയും നമുക്കറിയാം. പെപ്പിനടുത്ത് കൊച്ചു ഹെലനെ നിര്‍ത്തി അവളുടെ ഒരു കൈയില്‍ വെള്ളം ഒഴിക്കുകയും മറുകൈയില്‍ വെള്ളം എന്ന് എഴുതുകയും ചെയ്ത ഹൃദയഹാരിയായ കഥ അറിയാത്തവര്‍ വിരളമാകും. വെള്ളം എന്തെന്ന് അനുഭവിച്ചറിയുകയായിരുന്നു അന്ധയും ബധിരയും ആയ ഹെലന്‍.

അനാദികാലം മുതലേ മനുഷ്യനു മുന്നില്‍ അത്ഭുതമായി നില്‍ക്കുന്ന പച്ചവെള്ളം പോലെ സുപരിചിതമായ, എന്നാല്‍ എന്തെന്ന് പറയാനാവാത്ത വെള്ളം പോലെ ഒന്നാണ് ഇന്ന് ബ്ലോഗ്. ബ്ലോഗ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം അതിന്റെ ഉപയോഗങ്ങള്‍ കുറേയൊക്കെ അറിയാം. ഇനിയും അനവധി ഉണ്ടാകും. പക്ഷേ എന്താണ് ബ്ലോഗ് ? പറയുക എളുപ്പമല്ല തന്നെ.ചിലര്‍ക്കത് ഡയറികുറിപ്പാണ്,മറ്റുചിലര്‍ക്ക് കഥ/കവിത/ ലേഖനം എന്നിവയ്ക്കായുള്ള മാഗസീന്‍,ഇനിയും ചിലര്‍ക്ക് ചായാഗ്രഹണ കല്യ്ക്കു വേണ്ടി, വീഡീയോക്ക് വേണ്ടി തുടങ്ങി വാര്‍ത്ത, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, ഒരു പ്രസ്ഥാനത്തിന്റെ മുഖം എന്നീ അനേക മേഖലകളില്‍ കടന്ന് ചെന്നു കൊണ്ടിരിക്കുന്ന ബ്ലോഗ് എന്ന നവ മാ‍ധ്യമം നിലവിലുള്ള ഏതു മാധ്യമത്തേക്കാളും കരുത്തുറ്റതാ‍ണ്. അച്ചടി മാധ്യമത്തിനു ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ഗുണങ്ങള്‍ കൈയൊഴിയേണ്ടി വരുമ്പോള്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്ക് അച്ചടിയുടെ അനുകൂല്യങ്ങള്‍ അന്യമാവുന്നു.എന്നാല്‍ ബ്ലോഗില്‍ അച്ചടിയും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും ഒന്നിച്ച് ചേരുന്നു.ഹെലന്‍ വെള്ളത്തെ മനസ്സിലാക്കിയ പോലെ സാങ്കേതികമായി യാതൊരു ജ്ഞാനവും ഇല്ലാത്ത ഒരാള്‍ക്ക് പോലും ബ്ലോഗ് എന്തെന്ന് മനസ്സിലാ‍ക്കാനും അനുഭവിച്ചറിയാ‍നും കഴിയും എന്നാല്‍ എന്താണ് ബ്ലോഗ് എന്നതിന്റെ ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. 2006 ടൈം മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആര്‍ എന്ന ചോദ്യത്തിനുത്തരം ഞാന്‍ എന്നായിരുന്നു. ബ്ലോഗിലൂടെ അനേകം രീതിയില്‍ ആത്മാവിഷ്കാരം നടത്താനും പത്ര, ചാനല്‍ മാധ്യമങ്ങളുടെ കമന്റ് ഓപ്ഷനിലൂടെയും പറയാനുള്ളത് പറയാനും അവസരം കൈവന്നതാണ് ഇതിനു കാരണം എന്ന് ടൈം മാസിക വിശകലനം ചെയ്യുന്നു.

വരും കാലങ്ങളില്‍ ഒട്ടനവധി ഉപയോഗങ്ങളും ഇന്നുള്ളതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയും ബ്ലോഗുകള്‍ക്കുണ്ടാകും. അതിനെ മുന്‍‌കൂട്ടി കണ്ട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വനിതാലോകം ബ്ലോഗിലെ സ്ത്രീപക്ഷ രചനകള്‍ ശേഖരിക്കാന്‍ ഒരു ശ്രമം തുടങ്ങുന്നു. ആദ്യമായി കുമാറിന്റെ അനുരാധയെ അവതരിപ്പിക്കുന്നു. ഈ ശ്രമം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. പരിചയപ്പെടുത്തുന്ന കൃതികള്‍ക്കുള്ള കമന്റ് ആ പോസ്റ്റില്‍ തന്നെ വീഴണം എന്നതിനാല്‍ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് കമന്റ് ഓപ്ഷന്‍ ഇടുന്നില്ല. കമന്റുകള്‍ ഉണ്ടെങ്കില്‍ അതാത് പോസ്റ്റില്‍ ഇടുക. നിങ്ങള്‍ വാ‍യിച്ച നല്ല സ്ത്രീപക്ഷ രചനകള്‍ ഉണ്ടെങ്കില്‍ ഇവിടെ കമന്റായി ഇടുകയോ വനിതാലോകത്തിലേയ്ക്ക് മെയില്‍ അയക്കുകയോ ചെയ്യുക.