Friday, January 25, 2008

വനിതകളറിയാന്‍

ഇന്ന് വിഷമടിക്കാത്ത ഒരു സാധനവും വാങ്ങാന്‍ കിട്ടില്ലല്ലോയെന്ന് വിഷമിക്കുന്ന വീട്ടമ്മമാരറിയാന്‍ ഒരു കാര്യം ... ദാ ഇതൊന്നു വായിച്ചു നോക്കൂ..

http://mathrubhumi.com/php/newsFrm.php?news_id=123961&n_type=HO&category_id=7&Farc=&previous=Y

Sunday, January 13, 2008

ഇന്ത്യ...നേര്‍ക്കാഴ്ച




സ്ത്രീകളെ ജനക്കൂട്ടം ആക്രമിക്കുന്നത് ഏതാനും ദിവസമായി ചര്‍ച്ചാ വിഷയമാണല്ലോ.. ഈ ലിങ്കുകള്‍ പരിശീധിക്കൂ.. അഭിപ്രായം പറയൂ‍.

http://malayalam.webdunia.com/miscellaneous/woman/articles/0710/09/1071009089_1.htm

http://www.ibnlive.com/videos/56330/village-plays-judge-beats-up-and-strips-woman.html

Friday, January 11, 2008

വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കണോ




ലൈംഗികത ഇന്ന് ഏറ്റവുമധികം വില്‍ക്കപ്പെടാവുന്ന ആഗോള ഉത്പന്നമാണ്. ലൈംഗിക തൊഴിലാളികള്‍ ആകുന്നവര്‍ അങ്ങനെ തന്നെ നിലകൊള്ളണം എന്ന വാദമാണ് പലര്‍ക്കും എന്നു തോന്നും ചിലതൊക്കെ കേട്ടാല്‍. നളിനി ജമീല പുസ്തകമെഴുതുകയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യട്ടെ. സമൂഹം അവ ചര്‍ച്ച ചെയ്യട്ടെ.

പക്ഷെ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുകയും ഗ്ലോറിഫൈ ചെയ്യുകയും ചെയ്യരുത്. പടുകുഴിയില്‍ വീണുപോയിട്ടും കരകയറുകയും ആ വിഭാഗത്തെ സംഘടിപ്പിക്കുകയും ഒരു പുസ്തകമെഴുതുകയും ഇത്രയും സംസാരവിഷയമാകുകയും ഒക്കെ ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു.

പക്ഷേ അഴുക്കുചാലില്‍നിന്ന് ഇവരെ കരകയറ്റാനും പുനരധിവസിപ്പിക്കാനും ശ്രമിക്കുന്നതിനു പകരം ‘ലൈംഗിക തൊഴിലാളി’ എന്ന അംഗീകാരം വേണമെന്നും തന്‍റെ മകള്‍ ആ ‘തൊഴിലി’ന് ഇറങ്ങിയാല്‍ പോലും പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്നും പറയുന്ന നളിനി ജമീല കേരളത്തില്‍ എന്തു ചെയ്യാനാണ്.

ഒരു നോട്ടം കൊണ്ടുപോലും ഒരു സ്ത്രീ മുറിപ്പെടരുതെന്ന് ആഗ്രഹിക്കുന്നതിനു പകരം ഒരാല്‍ കൂടി അതില്‍ വന്നുപെടണമെന്നും അതൊരു തൊഴിലായി അവര്‍ തൊഴിലാളിയായി എല്ലാവരും ചേര്‍ന്നൊരു സംഘടനയായി..അങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ എന്ത് കുഴപ്പമില്ലേ.

എന്തായാലും അന്യപുരുഷന്‍ കാമാസക്തിയോടെ സമീപിക്കുമ്പോള്‍ മനസ്സുമുറിയാതെ അതൊരു തൊഴിലായി മാത്രം കാണാന്‍ ആ പാവങ്ങള്‍ക്ക് കഴിയുമോ. ഗതികേടോ സാഹചര്യങ്ങളോ കൊണ്ടെത്തിക്കുന്ന വഴികളല്ലേ അത്. മനസ്സും ശരീരവും മുറിഞ്ഞ് മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ട് തെരുവിന്‍റെ മൂലയില്‍ ഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കും. അല്ലെങ്കില്‍ കാശുകൊടുക്കാനില്ലാത്തവന്‍ കഴുത്തുഞെരിച്ചുകൊന്ന് കടന്നുപോകും. എന്നിട്ടും പ്രോത്സാഹിപ്പിക്കണോ ഇതൊക്കെ.

ചുവന്ന തെരുവുകള്‍ നിയമവിധേയമായാല്‍ നമുക്കൊക്കെ വീടിനുള്ളില്‍ സ്വസ്ഥമായുറങ്ങാം എന്ന ധാരണ തെറ്റാണ്. മുംബൈ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ.

മാസം 1500-2000 രൂപ നാട്ടിലേക്ക് അയച്ച് അന്യനാട്ടിലെ കമ്പനികള്‍ ജോലി ചെയ്യുന്നുവെന്ന് അച്ഛനമ്മമാര്‍ സമാധാനിക്കുമ്പോഴും അവിടെ ഉരുകിത്തീരുന്ന മലയാളി പെണ്‍കുട്ടികള്‍ എത്രയുണ്ടെന്ന് നാമറിയണം. ചെമ്മീന്‍ കമ്പനി, നെയ്ത്തുശാല, വസ്ത്രനിര്‍മ്മാണം എന്നിങ്ങനെയുള്ള ന്യായങ്ങള്‍ നിരത്തി ഏജന്‍റുമാര്‍ ‘രക്ഷിക്കുന്ന’ ഈ പെണ്‍കുട്ടികളാണോ നമ്മുടെയൊക്കെ മാനം രക്ഷിക്കേണ്ടത്.

ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍, പത്തനംതിട്ടയിലെ മണിയാര്‍, സീതത്തോട്, ചിറ്റാര്‍ പ്രദേശങ്ങളില്‍, വയനാട്ടിലെ വനയോരമേഖലകളില്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോകപ്പെട്ട എത്രയോ പെണ്‍കുട്ടികള്‍ ഉണ്ടെന്നറിയുമോ. ചുവന്നതെരുവു സംസ്കാരത്തിന്‍റെ ഇരകളാണവര്‍.

ഈ വിഷയം ചര്‍ച്ച ചെയ്യൂ. വേശ്യാവൃത്തി സ്വീകരിക്കുന്നവര്‍ക്കു നീതി ലഭിക്കാന്‍ സംഘടനകള്‍ മതിയാവില്ല. കിടക്കറയില്‍ ഭര്‍ത്താവില്‍ നിന്നു സ്ത്രീക്കു നീതി ലഭിക്കണം എന്നതില്‍ സമൂഹത്തിനെന്തു ചെയ്യാന്‍ കഴിയും. ഇരുട്ടിന്‍റെ മറപറ്റി കുറ്റിക്കാടോ കടത്തിണ്ണയോ തെരഞ്ഞെടുക്കുന്നവര്‍ക്കു വേണ്ടി സമൂഹത്തിന് എന്തു ചെയ്യാന്‍ കഴിയും. കടുത്ത പീഡനങ്ങള്‍ ഏല്‍ക്കുന്നുണ്ട് ഈ ലൈംഗിക തൊഴിലാളികള്‍ക്ക് പലപ്പോഴും. ആരറിയും അത്. ആരോടു പറയും...

പേശാമടന്തയേയും വാസവദത്തയേയുമൊക്കെ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കി ആദരിക്കുന്നൊരു സംസ്കാരം നിലനിന്ന കാലം കഴിഞ്ഞുപോയില്ലേ.

ഞാന്‍ അവര്‍ക്കുവേണ്ടി വാദിക്കും. ഒന്നിലധികം തവണ വില്‍ക്കാന്‍ കഴിയുന്ന ഒരേയൊരു സാധനം ഈ ശരീരമാണ് എന്നതുകൊണ്ടു മാത്രം അതു വില്‍ക്കുന്ന ഒരു വിഭാഗം, അവര്‍ക്കു വില്‍ക്കാന്‍ മറ്റെന്തെങ്കിലും ഒക്കെ ഉണ്ടാകുന്ന തരത്തില്‍ അവരെ പുനരധിവസിപ്പിക്കാന്‍ പറ്റില്ലേ നമുക്ക്. ഈ രാഷ്ട്രീയക്കാര്‍ കൈയ്യിട്ടുവാരുന്നതിന്‍റെ നാലിലൊന്നു മതിയാവില്ലെ അതിന്.

Wednesday, January 09, 2008

പീഡിപ്പിക്കാന്‍ ആഘോഷങ്ങള്‍

പുതുവര്‍ഷാഘോഷങ്ങള്‍ സ്ത്രീപീഡനത്തിനുള്ള വേദികള്‍ ആകുകയാണോ. രണ്ടു വര്‍ഷമായി പുതുവര്‍ഷം ആഘോഷിക്കുന്ന അവസരത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ നല്‍കുന്നത് അത്തരമൊരു സൂചനയാണ്.

മുംബൈയില്‍ 70ഓളം ആള്‍ക്കാര്‍ ചേന്ന് രണ്ടു പെണ്‍കുട്ടികളെ പരസ്യമായി വസ്ത്രാക്ഷേപം ചെയുകയും അപമാനിക്കുകയും ചെയ്തു. കൂടെയ്ണ്ടായിരുന്ന പുരുഷന്മാരെയും ജനക്കൂട്ടം കൈകാര്യം ചെയ്തു.

കഴിഞ്ഞ പുതുവര്‍ഷത്തിലും മുംബൈ ഇത്തരമൊരു നാണക്കേടിനു സാക്ഷ്യം വഹിച്ചിരുന്നു. കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്ത വിദേശ വനിതകള്‍ക്കു നേരെയും ആക്രമണമുണ്ടായി. തന്‍റെ 16വയസ്സുകാരിയായ മകളെ കണ്‍മുന്നില്‍ വച്ച് അപമാനിക്കുന്നത് കാണേണ്ടി വന്ന സ്വീഡിഷ് വിനോദാഞ്ചാരി ക്യാമറയ്ക്കു മുന്നില്‍ പൊട്ടിത്തെറിക്കുകയുണ്ടായി.

സ്ത്രീകളെ കമന്‍റടിച്ചതിനും പൂവാല ശല്യത്തിനും റെയില്‍‌വേ മന്ത്രി ലാലു പ്രസാദിന്‍റെ മക്കള്‍ക്ക് പൊതിരെ തല്ലു കിട്ടിയ വാര്‍ത്ത വ്യാഴാഴ്ച മിക്ക പത്രങ്ങളിലും ഉണ്ട്. ആഗ്രയിലും തലസ്ഥാനത്തുമൊക്കെ വിദേശവനിതകള്‍ പീഡിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

അതിഥി ദേവ്വോ ഭവ : എന്ന് ശ്ലോകമുരുവിട്ട് ഇങ്ങനെയാണോ നാമിവര്‍ക്ക് സ്വീകരണം നല്‍കേണ്ടത്. ബാംഗ്ലൂരില്‍ പുതുവര്‍ഷാഘോഷ ചടങ്ങിനിടെ തന്നെ കയറിപ്പിടിച്ച ആളെ തനുശ്രീ ദത്ത തല്ലിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ആവശ്യത്തിന് സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന സ്ഥിരം വായ്ത്താരിയാണ് പോലീസിന്‍റേത്. ആഘോഷ വേളകള്‍ മറവാക്കി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുമ്പോല്‍ഴും അനിഷ്ട സംഭവങ്ങള്‍ വ്യാപകമാകുമ്പോഴും പോലീസ് നിലപാടില്‍ മാറ്റമൊന്നും വരുത്തുന്നില്ല.

ഇത് ഞാന്‍ എന്‍റെ ‘വെറുതെയെങ്കിലും’ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ്.

അതിന് പ്രിയാ ഉണ്ണീകൃഷ്ണന്‍ നല്‍കിയ മറുപടി

"എന്നെ പിടിചോ എന്ന രീതിയില്‍ പോയി നില്‍ക്കുന്നതെന്തിനാ?

ബഹളമയമായ പാട്ടിനൊത്ത് ഉറഞ്ഞുതുള്ളുമ്പോള്‍ കുറച്ച്കൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാ.

ആഘോഷങ്ങള്‍ ആര്‍ഭാടമാകരുത് ‍"


എന്നാണ്..
*******

മറുപടി...

എനിക്കു സഹതാപം തോന്നുന്നു പ്രിയാ... സഹൃദയായ ഒരാള്‍ ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ല. മുംബൈയില്‍ ആക്രമിക്കപ്പെട്ടവര്‍ ഒരിക്കലും ആഘോഷത്തില്‍ തുള്ളിയതായിരുന്നില്ല. ഭര്‍ത്താവിനോടൊപ്പം പോയ ഭാര്യയും ഭാര്യാ സഹോദരിയുമാണ് ആക്രമിക്കപ്പെട്ടത്. പിന്നാലെ നടന്നു ശല്യപ്പെടുത്തിയ എണ്‍പതോളം പേര്‍ ആ പെണ്‍കുട്ടികളെ വളഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഹരം പിടിപ്പിക്കുന്ന സംഗീതത്തിനൊപ്പം ആണുങ്ങള്‍ക്കിടയില്‍ ഉറഞ്ഞുതുള്ളുന്ന പുതുരീതിയുടെ വക്താ‍വല്ല ഞാ‍നും. പക്ഷെ ആ കുട്ടികളെ കുറ്റപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ മാറുന്ന സംസ്കാരത്തെ കുറ്റപ്പെടുത്തണം. മെട്രോ സംസ്കാരത്തില്‍ മക്കളെ വളര്‍ത്തുന്ന അച്ഛനമ്മമാരെ കുറ്റപ്പെടുത്തണം. കുറച്ചു വസ്ത്രം ധരിക്കുന്നത് കൂടുതല്‍ മേന്മയായി കണക്കാക്കുകയും ‘ വൌ.. സെക്സി..’ എന്നു വിലയിരുത്തുകയും ചെയ്യുന്ന കൌമാര സംസ്കാരത്തെ കുറ്റപ്പെടുത്തണം.

ക്ലബ്ബില്‍ ആടിക്കുഴയുന്ന അച്ഛനമ്മമാര്‍ ചെയ്യുന്നത് കണ്ടു വളരുന്ന കുട്ടികള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ക്ലബ്ബിലോ പബ്ബിലോ പോകുന്നത് എങ്ങനെ കുറ്റപ്പെടുത്തും. എന്നെപ്പിടിച്ചോ എന്നു പറഞ്ഞുപോയി നില്‍ക്കുന്നവരെ പിടിച്ചാലും വാര്‍ത്തയ്പ്പ് പരാതിയോ ആകാറില്ല. മറിച്ചാകുമ്പോഴാണ് പ്രശ്നം.

കൊച്ചിയില്‍ 16 വയസ്സുള്ള കുട്ടിയെ നമ്മുടെ കേരളത്തിലെ ചെറുപ്പക്കാര്‍ ആക്രമിച്ചത് സ്വന്തം അച്ഛന്‍റെ മുന്നില്‍ വച്ചാണ്. സായ്പിന്‍റെ സംസ്കാരം എന്തായാലും കരഞ്ഞുകൊണ്ടാണ് ആ മനുഷ്യന്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെക്കുറിച്ച് അവര്‍ അങ്ങനെ ആയിരിക്കില്ല പ്രതീക്ഷിച്ചിരിക്കുക.

*******

ഇത് നല്‍കിക്കഴിഞ്ഞു ഡല്‍ഹിയിലും ജനക്കൂട്ടം സ്ത്രീകളെ അപമാനിച്ചു. ഞാന്‍ പറയുന്നത് ആഘോഷങ്ങളില്‍ പങ്കാളികള്‍ ആകുന്നവര്‍ മാത്രമല്ല ഇരയാകുന്നത് എന്നാണ്. ആഘോഷങ്ങള്‍ മറവാക്കി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെക്കുറിച്ചാണ്. പ്രിയ മനസ്സിലാക്കും എന്നു കരുതുന്നു.