Monday, September 17, 2007

ഇരകളിലേയ്ക്കുള്ള ദൂരം

“ഇളം നീലയില്‍ വെളുത്ത കുത്തുകളുള്ള ചുരിദാറാണ്‌ പെണ്‍കുട്ടി ധരിച്ചിരുന്നത്‌.തുടുത്ത കവിളുകള്‍,മെലിഞ്ഞ കൈകള്‍,വെളുത്തുനീണ്ട പാദങ്ങള്‍. ആകാശത്ത്‌ ഉറങ്ങിക്കിടക്കുന്ന മേഘത്തുണ്ടുപോലെ ശാന്തമായ ഉറക്കം..മരിച്ചവീട്ടില്‍ വരുന്നവരൊക്കെ എന്തൊക്കയോ പിറുപിറുക്കുന്നു.ചിലര്‍ ഏങ്ങിക്കരയുന്നു,നിസ്സംഗരാകുന്നു."

സിജിയുടെ 'ഇര' എന്ന കഥയിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. വനിതാലോകത്തിലെ ഈ പംക്തിയില്‍ തീര്‍ച്ചയായും ഒഴിവാക്കാനാകാത്ത വിധം ദൃഢമായൊരു പ്രമേയം അടങ്ങിയിട്ടുള്ളതാണ് 'ഇര'. പരിഷ്കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ മുഖം‌മൂടിയ്ക്കു പിന്നിലെ തികച്ചും അപരിഷ്കൃതവും അരോചകവുമായ തനിസ്വരൂപം വെളിപ്പെടുത്തുന്ന ഒരു കഥ. ഓരോ സ്ത്രീയും പ്രായഭേദമെന്യേ ആരുടെയെങ്കിലും ഇരയാവാനുള്ള സാദ്ധ്യത എത്രയോ അധികമാണ് എന്ന സത്യം വിളിച്ചു പറയുന്നതിനുള്ള തന്റേടം കഥാകാരി ഈ കഥയിലൂടെ വ്യക്തമാക്കുന്നു. അതുപോലെതന്നെ ഓരോ പെണ്‍‌കുട്ടിയുടെയും അകാരണമായ നിശ്ശബ്ദതയ്ക്ക് പിന്നിലെ നഗ്നസത്യങ്ങളിലേയ്ക്കുള്ള എത്തിനോട്ടം കൂടിയാണ് ഈ കഥ. വായനയ്ക്ക് ശേഷം നെഞ്ചിലൊതുങ്ങാത്ത ഒരു നിലവിളിയുടെ വിങ്ങല്‍ വായനക്കാര്‍ക്ക് തീര്‍‍ച്ചയായും അനുഭവപ്പെടും.

ഒരു വാരികയില്‍ ലേഖികയായി ജോലി നോക്കുന്ന സ്ത്രീ ഒരു പെണ്‍കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നിടത്ത് കഥ തുടങ്ങുന്നു. മരണകാരണം അവരവരുടെ ഭാവനയ്ക്കനുസരിച്ച് വളച്ചൊടിച്ചുണ്ടാക്കുന്ന ക്രൂരമായ തമാശകള്‍ പലയിടത്തും ലേഖികയ്ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. അതെല്ലാം തന്നെ അവരുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന, അമ്പസ്ഥാനി കളിച്ചുകൊണ്ടിരിക്കെ പൈശാചികമായ പീഡനത്തിനരയാകേണ്ടിവന്ന മറ്റൊരു പെണ്‍കുട്ടിയുടെ ഓര്‍മ്മയുണര്‍ത്തിവിടുകയാണ്‌. സഹജീവികളോടുള്ള ലേഖികയ്ക്കുള്ള പരിഗണന വാരികയുടെ എഡിറ്ററുമായുള്ള സംഭാഷണത്തില്‍ നിന്നും നമുക്ക് ഊഹിയ്ക്കാന്‍ കഴിയും. മരിച്ച പെണ്‍‌കുട്ടിയുടെ ശരീര വര്‍ണനയുടെ നീളം കൂട്ടണമെന്ന എഡിറ്ററുടെ ആവശ്യം ലേഖിക നിരാകരിക്കുന്നുണ്ട്. വാരികയുടെ സര്‍ക്കുലേഷന്‍ കൂട്ടുന്നതിനു വേണ്ടി മരിച്ചുപോയ പെണ്‍‌കുട്ടികളെപ്പോലും തികച്ചും നിഷ്കരുണമായി അപവാദ പ്രചരണത്തിനു വിധേയമാക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ കൃത്യവും വ്യക്തവുമായ ഒരു നിര്‍‌വ്വചനമാണ്‌ കഥാകാരി ഈ കഥയിലൂടെ സം‌വദിക്കുന്നത്.

സിജിയുടെ എഴുത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകത അവതരണപാടവമാണ്. വളരെ ലളിതമായ വാക്കുകള്‍കൊണ്ട് ആഴത്തിലുള്ള അര്‍ത്ഥതലങ്ങളള്‍ ഒരുക്കുന്ന കഥാകാരിയാണ് സിജി. ഓരോ കഥയ്ക്കും വായനക്കാരന്റെ മനസ്സില്‍ ഒരിടം കണ്ടെത്താന്‍ ആ ശൈലിയ്ക്ക് കഴിയുന്നു. ഉപരിപ്ലവമായ കഥയെഴുത്തില്‍‍ നിന്നു ഭിന്നമായി അത് ജീവിതത്തോട് പലപ്പോഴും ചേര്‍ന്നു നില്‍ക്കുന്നു. അതിന്റെ മതിയായ തെളിവുകൂടിയാണ്‌ 'ഇര'.

അറിഞ്ഞോ അറിയാതെയോ ജീവിതത്തിന്റെ പലകോണിലും വച്ച് ബലിമൃഗമാകേണ്ടിവരുന്ന കുരുന്നുകളെ ഇത്തരുണത്തില്‍ ഓര്‍മ്മിക്കാം. ഇതെല്ലാം പാശ്ചാത്യര്‍ക്കിടയില്‍ മാത്രമേയുള്ളു എന്നുപറഞ്ഞ് തടിതപ്പുന്നവരെ ഓര്‍മ്മപ്പെടുത്താന്‍ കേരളത്തില്‍ അടുത്തകാലത്ത് ലൈംഗിക പീഡനത്തിനിരയാകേണ്ടിവന്ന കൃഷ്ണപ്രിയയടക്കമുള്ള കുരുന്നു കുഞ്ഞുങ്ങളുടെ പേരുകളുണ്ട്. ഇനിയും മറച്ചുവയ്ക്കാനാവാത്തവിധം നമ്മുടെ സമൂഹത്തിലും അഗമ്യഗമനമടക്കമുള്ള വേട്ടയാടലുകള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ 'ഇര' ഒരു ചൂണ്ടുപലകയാകട്ടെ എന്നാശ്വസിക്കാം