Thursday, September 09, 2010

ഞങ്ങള്‍ സന്തുഷ്ടരാണ്

ആമുഖം.
അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.
അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്‌.
സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.
മാതാപിതാക്കള്‍ക്കും സഹോദന്മാര്‍ക്കും വിവാഹിതരെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.
ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പപ്പ)
കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.
അതാരെന്ന ചോദ്യത്തിനു ഞാന്‍ 'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും പറഞ്ഞിരുന്നു.
അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന ,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കണമെന്നു അച്ചാച്ഛനോടു പറഞ്ഞിരുന്നു.

ശേഷം

അന്നത്തെ ക്യാമ്പ്‌ പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.
എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശകര്‍ എത്തിയത്‌.ഒന്ന് എന്റെ കുടുംബ സുഹൃത്ത്‌,കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.എന്റെ പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും ,സീമയോടു സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ അത്‌ ആരാ എന്താ എന്ന ചോദ്യവുമായ്‌ വന്നു.സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.
'അറിയില്ലെ ...അന്നു എന്റെ അച്ഛാച്ചന്റെ കൂടെ വന്നിരുന്ന ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'
ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.
ഒരഞ്ചു മിനുട്ട്‌ തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;
അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.
പെട്ടെന്നൊരു മീറ്റിംഗ്‌...!!!
ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...
എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.
സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.
എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.
"കുട്ടി ഇങ്ങെണീറ്റു വരിക."
ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.
പെരുത്ത
ആകാംക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.
"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്‌?"
ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.എങ്കിലും പറഞ്ഞു.
"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... അച്ഛാച്ചന്‍ കൊടുത്തയച്ചത്‌."
ടീച്ചറുടെ മുഖം ഇരുണ്ടു.
"കുട്ടിയ്ക്ക്‌ എത്ര തരമുണ്ട്‌?ഒരിക്കല്‍ പറഞ്ഞു അച്ഛന്‍ ആണെന്ന്...പിന്നെ പറയണു അച്ഛാച്ചനെന്ന് ....ഇതൊന്നും ഇവിടെ പറ്റില്ല."
തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ.പോലെ ഞാന്‍ ഞടുങ്ങി...
പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.
ഞാന്‍ എന്റെ പപ്പയെ അച്ഛാച്ചന്‍ എന്നാണു വിളിക്കാറുള്ളത്‌.
(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)
പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.
അതിലെന്താണു തെറ്റ്‌?
ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.
ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.
എന്നെ ഏതു വിധവും താറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ടീച്ചര്‍ കത്തിക്കയറുകയാണ്‌
"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?
ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ?
മാതാപിതാക്കളോ സഹോദരരോ അല്ലാതെ...മറ്റാര്‍ക്കും......"

മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങുന്നു.
ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.
ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.
അതില്‍ എത്രയൊ ഭേദമാണ്‌ മരണം...തൊട്ടപ്പുറത്ത്‌ പയ്യാമ്പലം ബീച്ച്‌....
എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!
ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.
അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....
തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.
സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....
ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.
"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്‌."
"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?
കുട്ടിയുടെ സഹോദരനാണോ അയാള്‍?"
സമ്മതിച്ചു.
"അല്ല."
"പിന്നെ???"
തികച്ചും ശാന്തമായി മൊഴിഞ്ഞു.
'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...
എന്റെ ..ഭര്‍ത്താവാണ്‌"
വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്‌.
പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി ഒരു നുണ.
അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...
"കുട്ടിയെന്താ കളിപറയുകയാണോ"
ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.
'സത്യമാണ്‌.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്‌.
വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം കഴിയും വരെ അത്‌ രഹസ്യമാക്കി വച്ചു എന്നേ ഉള്ളു.'
ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...
എല്ലാവരും വിശ്വസിച്ചുവൊ?
ഇല്ലെങ്കിലും സാരമില്ല. ...
പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...
വരും വരായ്കകള്‍ എന്തും ആകട്ടെ. ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.
മരിക്കാന്‍ തീരുമാനിച്ചവന്‌
അതിനേക്കാള്‍ കടുത്ത ശിക്ഷ നല്‍കാന്‍ ആര്‍ക്കാണു കഴിയുക...?!!
പിന്നാമ്പുറം
സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ്‌ അസ്സംബ്ലിമണിയും
ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.
അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.
സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.
അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.

അതെ സുഹൃത്ത്‌....!തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...
ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്‍.
ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ
ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..
ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...
എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും
അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ
ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.
പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.
കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.
പക്ഷെ ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതിയിരുന്നല്ലൊ.
സുഹൃത്‌ ബന്ധത്തിനപ്പുറം പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും ദൈവം കൂട്ടു നിന്നു.
രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....
ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌
അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌
സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....
വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം
മാസങ്ങള്‍ കഴിഞ്ഞ്‌
ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍
1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.
ഇന്ന്‍
അതെ .ഞങ്ങളുടെ ദാമ്പത്യത്തിന്‌ 30 വയസ്സ്‌.
കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....
എന്നും താങ്ങായ്‌ ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....
സന്താന സൗഭാഗ്യം നല്‍കി അനുഗ്രഹിച്ചു...
പൂജ്യത്തില്‍ നിന്നും തുടങ്ങി ഇന്ന് ഈ നിലയില്‍ വരെ എത്തിച്ചു.
ആ ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍
ഞങ്ങള്‍ ഇന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു
എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ
ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...
ആ ചിരി....
അന്നത്തെ അസ്സംബ്ലി ഹാള്‍...
പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......

25 comments:

Typist | എഴുത്തുകാരി said...

എല്ലാ നന്മകളും നേരുന്നു, സന്തോഷപൂർണ്ണമായ നിങ്ങളുടെ ദാമ്പത്യത്തിനു്.

ജന്മസുകൃതം said...

എഴുത്തുകാരി.
നന്ദിപൂര്‍വ്വം സ്വീകരിക്കുന്നു.

Echmukutty said...

എല്ലാ നന്മകളും നേരുന്നു.

SUJITH KAYYUR said...

Aashamsakal.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

nanmakal

ചന്തു നായർ said...

നല്ലത്, അഭിനന്ദനങ്ങൾ,....http:chandunair.blogspot.com/

ഞാന്‍ പുണ്യവാളന്‍ said...

മനോഹരമായി അമ്മ എഴുതി. വായന ഒരു അനുഭവമായി തന്നെ തോന്നി ഉള്ളില്‍ സന്തോഷവും . ഇന്നിയും ഒരു 30 വര്‍ഷത്തെ ദാമ്പത്യം അമ്മക് ആഘോഷിക്കുവാന് ഇടവരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു .....ആശംസകള്‍
ഷിനു കേണലേ

ബെഞ്ചാലി said...

നന്മകൾ നേരുന്നു.

Diya Kannan said...

manoharamaayi ezhuthi..ella nanmakalum ashamsikkunnu..

Unknown said...

ചിലപ്പോള്‍ ജീവിതം അങ്ങിനെ ആയിരിക്കാം, ഒരു നിമിഷം മതി എല്ലാം മാറാന്‍.

mayflowers said...

കുറ്റം ചെയ്യാതെ കുറ്റവാളിയായി മുദ്ര കുത്തപ്പെടുമ്പോള്‍ പിടിച്ച് നില്‍ക്കാനുള്ള കഴിവാണ് എല്ലാ പെണ്‍കുട്ടികളും നേടിയെടുക്കേണ്ടത്.വളരെ നന്നായി.
ഒപ്പം എല്ലാവിധ ആശംസകളും.

ekshahar said...

nalla post

Ekshahar.com

Prabhan Krishnan said...

“ഇന്നാര്‍ക്ക് ഇന്നാരെന്ന്..
എഴുതി വച്ചല്ലോ..
ദൈവം കല്ലില്‍.....!!!”

ടീച്ചര്‍ക്ക് ഒത്തിരി ആശംസകള്‍ ..!

Arjun Bhaskaran said...

സ്നേഹച്ചരടിനാല്‍ ബന്ധിച്ച ആ ജീവിതം..എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും നില നില്‍ക്കട്ടെ

വയ്സ്രേലി said...

:) nice!!

സുരേഷ്‌ കീഴില്ലം said...

സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍. സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിയ്ക്കുക
http://perumbavoornews.blogspot.com

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja aashamsakal...........

Unknown said...

എല്ലാ നന്മകളും നേരുന്നു..............

മാട്ടൂക്കാരന്‍... said...

ആഹ കൊള്ളാലോ ചേച്ചീ ഗദ.. വനിതാലോകത്ത് ഒളിഞ്ഞു നോക്കിയതാ..ഒരു നിമിഷം ഒരു ജീവിതമായ വിവരണം.. എഴുത്ത് ഇഷ്‌ടപ്പെട്ടു..
എല്ലാ നന്മകളും ആശംസകളും നേരുന്നു

kochumol(കുങ്കുമം) said...

എല്ലാ നന്മകളും നേരുന്നു.

അനശ്വര said...

ന്നാലും ആ ചമ്മലില്‍ നിന്ന് രക്ഷപ്പെടാന്‍ പറഞ്ഞൊരു നുണയെ..!!ശ്ശൊ..നമിക്കുന്നു ആ ധൈര്യത്തിനു മുന്നില്‍..
അത് കാലം കളവല്ലാതാക്കി തന്നില്ലെ..? ഒക്കെ ഒരു നിമിത്തമായിരുന്നല്ലെ?

ഞാന്‍ പുണ്യവാളന്‍ said...

ഞാന്‍ പുണ്യവാളന്‍ ഇവിടെ പണ്ടൊരു കാമ്മന്റ്റ്‌ ഇട്ടു പിന്നെ ഞാന്‍ വീണ്ടും വന്നു പക്ഷെ പഴയ കമ്മന്റ് കണ്ടു പിടിക്കാന്‍ ആരും ശ്രമികണ്ട ഞാന്‍ പുണ്യാളന്‍ അല്ലെ കണ്ടെത്തില്ല ഇവിടെ ആ കമ്മന്റ് ഉണ്ടെങ്കിലും ഹ ഹ ഹ

നല്ല ഈ അമ്മയ്ക്ക് പുണ്യാളന്റെ എല്ലാ വിധ ആശംസകളും നേരുന്നു സന്തോഷം നന്ദി

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... blogil puthiya post..... HERO..... PRITHVIRAJINTE PUTHIYA MUKHAM...... vaayikkane............

കൈതപ്പുഴ said...

മനോഹരമായി എഴുതി.എല്ലാ നന്മകളും നേരുന്നു

Admin said...

ആശംസകള്‍..