Sunday, August 15, 2010

സഹനപര്‍വ്വം

ഈ കാല്‍ വരിയില്‍
ഈ കുന്നിന്‍ നെറുകയില്‍
ഈ മരക്കുരിശ്ശില്‍
മൂന്നാണികളില്‍
എന്റേശുവേ, നീയിപ്പോഴും
ചോര വാര്‍ന്നു പിടയുന്നുവോ?
ചിതറി വീണ ഈ ചോരത്തുള്ളികള്‍
എന്റെയുള്ളില്‍ .
ഒരു പുഴയായൊഴുകുന്നു.
ഈ നോവിന്റെ നുറുങ്ങുകള്‍
എന്റെ ഞരമ്പുകളില്‍
എരിതീ പ്രവാഹമാകുന്നു.
ഞാന്‍ മഗ്ദലനയിലെ മേരിയല്ല,
ഞാന്‍ നിത്യ വിശുദ്ധയായ അമ്മയല്ല
നിന്റെ പ്രതിച്ഛായ ഏറ്റു വാങ്ങാന്‍
ഞാന്‍ വേറോനിക്കയുമല്ല.
നിന്റെ പാദങ്ങള്‍ പുണരാന്‍
എനിക്കാവുന്നില്ല,
നീയെത്രയോ മുകളില്‍.
നിന്‍ മാറില്‍ മുഖമൊന്നണയ്ക്കാനും വയ്യ,
ഞാനെത്രയോ താഴെ.
ഈ കല്‍പ്പടവില്‍,
ഈ മരക്കുരിശ്ശിന്‍ ചോട്ടില്‍
ഞാനിരിക്കുന്നു.
തരികെന്നേശുവേ, മനശ്ശക്തി,
എല്ലാം സഹിക്കാന്‍....
എല്ലാം ക്ഷമിക്കാന്‍.....

ലീല എം ചന്ദ്രന്‍
*********************