Monday, September 17, 2007
ഇരകളിലേയ്ക്കുള്ള ദൂരം
സിജിയുടെ 'ഇര' എന്ന കഥയിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. വനിതാലോകത്തിലെ ഈ പംക്തിയില്‍ തീര്‍ച്ചയായും ഒഴിവാക്കാനാകാത്ത വിധം ദൃഢമായൊരു പ്രമേയം അടങ്ങിയിട്ടുള്ളതാണ് 'ഇര'. പരിഷ്കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ മുഖംമൂടിയ്ക്കു പിന്നിലെ തികച്ചും അപരിഷ്കൃതവും അരോചകവുമായ തനിസ്വരൂപം വെളിപ്പെടുത്തുന്ന ഒരു കഥ. ഓരോ സ്ത്രീയും പ്രായഭേദമെന്യേ ആരുടെയെങ്കിലും ഇരയാവാനുള്ള സാദ്ധ്യത എത്രയോ അധികമാണ് എന്ന സത്യം വിളിച്ചു പറയുന്നതിനുള്ള തന്റേടം കഥാകാരി ഈ കഥയിലൂടെ വ്യക്തമാക്കുന്നു. അതുപോലെതന്നെ ഓരോ പെണ്‍കുട്ടിയുടെയും അകാരണമായ നിശ്ശബ്ദതയ്ക്ക് പിന്നിലെ നഗ്നസത്യങ്ങളിലേയ്ക്കുള്ള എത്തിനോട്ടം കൂടിയാണ് ഈ കഥ. വായനയ്ക്ക് ശേഷം നെഞ്ചിലൊതുങ്ങാത്ത ഒരു നിലവിളിയുടെ വിങ്ങല്‍ വായനക്കാര്‍ക്ക് തീര്‍ച്ചയായും അനുഭവപ്പെടും.
ഒരു വാരികയില്‍ ലേഖികയായി ജോലി നോക്കുന്ന സ്ത്രീ ഒരു പെണ്‍കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നിടത്ത് കഥ തുടങ്ങുന്നു. മരണകാരണം അവരവരുടെ ഭാവനയ്ക്കനുസരിച്ച് വളച്ചൊടിച്ചുണ്ടാക്കുന്ന ക്രൂരമായ തമാശകള്‍ പലയിടത്തും ലേഖികയ്ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. അതെല്ലാം തന്നെ അവരുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന, അമ്പസ്ഥാനി കളിച്ചുകൊണ്ടിരിക്കെ പൈശാചികമായ പീഡനത്തിനരയാകേണ്ടിവന്ന മറ്റൊരു പെണ്‍കുട്ടിയുടെ ഓര്മ്മയുണര്ത്തിവിടുകയാണ്. സഹജീവികളോടുള്ള ലേഖികയ്ക്കുള്ള പരിഗണന വാരികയുടെ എഡിറ്ററുമായുള്ള സംഭാഷണത്തില്‍ നിന്നും നമുക്ക് ഊഹിയ്ക്കാന്‍ കഴിയും. മരിച്ച പെണ്‍കുട്ടിയുടെ ശരീര വര്‍ണനയുടെ നീളം കൂട്ടണമെന്ന എഡിറ്ററുടെ ആവശ്യം ലേഖിക നിരാകരിക്കുന്നുണ്ട്. വാരികയുടെ സര്‍ക്കുലേഷന്‍ കൂട്ടുന്നതിനു വേണ്ടി മരിച്ചുപോയ പെണ്‍കുട്ടികളെപ്പോലും തികച്ചും നിഷ്കരുണമായി അപവാദ പ്രചരണത്തിനു വിധേയമാക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ കൃത്യവും വ്യക്തവുമായ ഒരു നിര്‍വ്വചനമാണ് കഥാകാരി ഈ കഥയിലൂടെ സംവദിക്കുന്നത്.
സിജിയുടെ എഴുത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകത അവതരണപാടവമാണ്. വളരെ ലളിതമായ വാക്കുകള്‍കൊണ്ട് ആഴത്തിലുള്ള അര്ത്ഥതലങ്ങളള് ഒരുക്കുന്ന കഥാകാരിയാണ് സിജി. ഓരോ കഥയ്ക്കും വായനക്കാരന്റെ മനസ്സില്‍ ഒരിടം കണ്ടെത്താന്‍ ആ ശൈലിയ്ക്ക് കഴിയുന്നു. ഉപരിപ്ലവമായ കഥയെഴുത്തില്‍ നിന്നു ഭിന്നമായി അത് ജീവിതത്തോട് പലപ്പോഴും ചേര്‍ന്നു നില്ക്കുന്നു. അതിന്റെ മതിയായ തെളിവുകൂടിയാണ് 'ഇര'.
അറിഞ്ഞോ അറിയാതെയോ ജീവിതത്തിന്റെ പലകോണിലും വച്ച് ബലിമൃഗമാകേണ്ടിവരുന്ന കുരുന്നുകളെ ഇത്തരുണത്തില്‍ ഓര്‍മ്മിക്കാം. ഇതെല്ലാം പാശ്ചാത്യര്‍ക്കിടയില്‍ മാത്രമേയുള്ളു എന്നുപറഞ്ഞ് തടിതപ്പുന്നവരെ ഓര്‍മ്മപ്പെടുത്താന്‍ കേരളത്തില്‍ അടുത്തകാലത്ത് ലൈംഗിക പീഡനത്തിനിരയാകേണ്ടിവന്ന കൃഷ്ണപ്രിയയടക്കമുള്ള കുരുന്നു കുഞ്ഞുങ്ങളുടെ പേരുകളുണ്ട്. ഇനിയും മറച്ചുവയ്ക്കാനാവാത്തവിധം നമ്മുടെ സമൂഹത്തിലും അഗമ്യഗമനമടക്കമുള്ള വേട്ടയാടലുകള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ 'ഇര' ഒരു ചൂണ്ടുപലകയാകട്ടെ എന്നാശ്വസിക്കാം
Tuesday, August 28, 2007
കിറുക്കല്ലാത്ത കിറുക്കുകള്‍
മറ്റൊരു ശക്തമായ പ്രമേയത്തില്‍ ഉരുത്തിരിയുന്ന കഥയാണ് 'അനുരാധയുടെ മണം'. ഈ കഥയിലെ നായിക രണ്ടു കുട്ടികളുടെ അമ്മയായ അനുരാധയാണ്. പ്രണയിച്ചു നടന്ന കാലങ്ങളിലേയും കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞതിനു ശേഷവും നായികയോടുള്ള ഭര്‍ത്താവിന്റെ വ്യത്യസ്തമായ സമീപന രീതികളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അവളുടെ ശരീരത്തിന്റെ ഗന്ധത്തിലൂന്നിയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. കുട്ടികള്‍ക്ക് പോലും അമ്മയുടെ മണത്തെപ്പറ്റി വെറുപ്പ് വരുന്നു. ചുരുക്കി പറഞ്ഞാല്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കുത്തുവാക്കുകള്‍ അവളുടെ ജീവിതത്തിലേക്ക് തന്നെ പടര്‍ന്നു കയറുകയാണ്. ഒടുവില്‍ ഒരു ഡോക്ടറുടെ സഹായം കൊണ്ടാണ് അവള് തനിക്ക് തകരാറുകളേതുമില്ലെന്നു സ്വയം ബോധ്യപ്പെടുന്നത്. ഈ കഥയിലൂടെ കഥാകാരി മുന്നോട്ട് വയ്ക്കുന്ന ചിന്ത, വിവാഹം കഴിഞ്ഞെന്നുള്ളതോ അമ്മയായെന്നുള്ളതോ ഒന്നും ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തെ പിന്നോട്ട് നടത്തുന്നില്ല എന്നതാണ്. അത് സ്വയം ബോധ്യപ്പെടണമെന്ന് മാത്രം.
'കിറുക്കുകളില്‍' ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു കഥയാണ് ‘ഗര്‍ഭപാത്രമില്ലാത്ത അമ്മ' എന്നത്. ഗര്‍ഭപാത്രമില്ലാത്തവളെ സ്വന്തം കുടുംബത്തില്‍ നിന്നു പോലും യതൊരു വിലക്കുകളുമില്ലാതെ പുറംതള്ളാന്‍ ഒരുങ്ങുന്നത് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഗര്‍ഭപാത്രത്തിന്റെ പ്രാധാന്യം തലമുറകള്‍ അന്യം നില്‍ക്കാതെ കാത്തുവയ്ക്കലാണെന്നിരിയ്ക്കെ, അതിനു ജീവശാസ്ത്രപരമായി കഴിവില്ലാതെപോയ ഒരു സ്ത്രീയോട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടാണ് ഈ കഥയിലൂടെ വ്യക്തമാകുന്നത്. വിവാഹം നടത്താന്‍ സമ്മതിച്ചിരുന്ന അന്യജാതിക്കാരനായ ഒരു പുരുഷന് പോലും ഗര്‍ഭപാത്രമില്ലായ്മയില്‍ അവള്‍ക്ക് തുണയാകുന്നില്ല. എങ്കില്‍പ്പോലും നായിക ഒരു അനാഥമന്ദിരത്തിലെ കുഞ്ഞുങ്ങളെ മുഴുവനും സ്വന്തം കുഞ്ഞുങ്ങളായി സ്വീകരിക്കുന്നിടത്ത് കഥ തീരുകയാണ്.
ഈ കഥകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ അവസ്ഥകളുടെ വാങ്മയ ചിത്രങ്ങള്‍ കാണാന്‍ കഴിയും. പതിവുപോലെ കഥകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അവിടെയും ഈ പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം ഇവിടെയും എഴുതുമല്ലോ.
പോസ്റ്റ് തയ്യാറാക്കിയത് സാരംഗി.
Thursday, August 23, 2007
ചിലമ്പൊലികള്‍
പരദൂഷണം അഥവാ ഗോസ്സിപ്പ് ഇന്ന് മലയാളി സമൂഹത്തിന്റെ മാത്രമല്ല ലോകജനതയുടെ തന്നെ സംസ്കാരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും പൊതുജീവിതത്തിന്റേയും വ്യക്തിജീവിതത്തിന്റേയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി മാധ്യമ രംഗത്തും സ്വകാര്യ ജീവിതത്തിലും ഗ്ലോറിഫൈഡ് സ്ഥാനം നേടി വിരാജിക്കുന്നതും ആണ്. ചിലര്‍ ഗോസ്സിപ്പിലൂടെ പ്രസിദ്ധിയുണ്ടാക്കുമ്പോള്‍ ചിലര്‍ക്ക് അതിലൂടെ ജീവിതം തന്നെ നഷ്ടപ്പെടുന്നു. ഗോസ്സിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞ് നിന്ന് തിളങ്ങുന്ന ലൈംഗീക ഗോസ്സിപ്പിനാല്‍ സമൂഹത്തീലെ സദാചാര പോലീസിന്റെ വിചരാണ നേരിട്ട് ജീവിതം കുട്ടിച്ചോറായവരില്‍ രാഷ്ട്രീയക്കാര്‍, ശാസ്ത്രഞ്ജര്‍, സിവില്‍ സര്‍വീസ് മേഖലയില്‍ ഉള്ളവര്‍ തുടങ്ങി അതിസാധാരണക്കാര്‍ വരെ ഇരയാവുന്നത് ഇന്നത്തെ ലോക്കല്‍ ചാനലുകളുടെ ബഹളത്തിനിടെ ഒട്ടും പ്രാധാന്യം ഇല്ലാത്ത സംഗതിയായിരിക്കുന്നു. സദാചാര വിചാരണയുടെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ ഇരകള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസം തെല്ലും ഇല്ലെന്ന് കാണാം.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാളി സമൂഹം,(ഒരു സാമാന്യവത്കരണത്തില്‍ ഇന്ത്യന്‍ സമൂഹം എന്ന് പറയമോ ആവോ) വളര്‍ത്തിയെടുത്ത ഒരു പരദൂഷണ മുറയാണ്, എട്ടുകാലി മമ്മൂഞ്ഞ് മുറ. ഈ മുറയില്‍ സ്ത്രീത്വത്തിന്റെ നിര്‍വചനം ഒരു നോട്ടത്തില്‍ വീണുപോകാവുന്ന പെണ്ണുങ്ങള്. അവര്‍ സംസാരിക്കുന്നതും, സഹായം സ്വീകരിക്കുന്നതും, പരിചയം ഭാവിച്ച് ചിരിക്കുന്നതും, സഹായം നല്‍കുന്നതും, എന്തിന് ബുദ്ധിപരമായി സംസാരിക്കുന്നത് പോലും ഇന്നല്ലെങ്കില്‍ നാളെ “അത് ഞമളാ” എന്ന് എട്ടുകാലി മമ്മൂഞ്ഞ്മാര്‍ക്ക് പറയാന്‍ ഒരവസരം ഉണ്ടാക്കുവാനാണെന്ന് ഈ മുറ അഭ്യസിക്കുന്നവര്‍ വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു സ്ത്രീയോട് സംസാരിച്ച ശേഷം ആ സംസാരത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ‘സംഗതിയറിഞ്ഞോ’എന്ന ആമുഖത്തോടെ കവലകളിലും, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലും പ്രസംഗിക്കുന്നവരെ മലയാളിയ്ക്ക് വളരെ പരിചിതമാണ്. നമ്മുടെ സിനിമയില്‍ ഇത്തരം കഥാപാത്രങ്ങളുടെ തമാശകള്‍ കേട്ട് നാം എത്രയോ ചിരിച്ചിരിക്കുന്നു. പൊതുവെ അത്ര ദോഷം ചെയ്യാത്ത എട്ടുകാലി മമ്മൂഞ്ഞ് കൂട്ടങ്ങളില്‍ ഒരു നീരാളി ഉണ്ടായാല്‍ ആ കൂട്ടം പിന്നെ ആ നാടിനു തന്നെ ശാപമായി തീരും.
മലയാള ഇന്റെര്‍നെന്റിന്റെ മൂലകളിലും ഇത്തരം എട്ടുകാലി മമ്മൂഞ്ഞ് കൂട്ടങ്ങളും, അവരുടെ നീരാളി നേതാക്കളും വളര്‍ന്നു വരുന്നുണ്ടെന്ന ആശങ്കയാണ് ചിലമ്പിന്റെ കുരുക്കുകള്‍ എന്ന കഥ പങ്കുവെയ്ക്കുന്നത്. കഥയെഴുതാന്‍ എന്തെങ്കിലും തരത്തിലുള്ള ബാഹ്യഉദ്ദീപനം വേണം എന്ന് ധരിച്ചിരുന്ന ഒരു കൂട്ടം കടന്ന് പോയി എന്നാണ് കരുതിയിരുന്നത്. മദ്യം, മദിരാക്ഷി, കഞ്ചാവ് എന്നിവയുടെ പുറത്തേ എഴുത്ത് വരൂ, ബുദ്ധിജീവിയാകൂ എന്നൊക്കെ കരുതിയിരുന്ന ഒരു തലമുറ തിരിച്ചു വരില്ലെന്നും കരുതി. എന്നാല്‍ പരദൂഷണം, കൃത്യമായി പറഞ്ഞാല്‍ മമ്മൂഞ്ഞ് മുറ ലഹരിയാക്കി എഴുത്ത് നിര്‍വഹിച്ച് വരുന്ന പുതിയൊരു കൂട്ടത്തിന്റെ കഥയാണ് കുരുക്കുകള്‍.
തന്റെ പുകഴ്ത്തലുകള്‍ കേട്ട് മയങ്ങുന്നവരാണ് തനിക്ക് മറുമെയിലയക്കുന്നതെന്നും, തന്റെ ഉദ്ദീപനത്തിനുപയോഗിക്കാവുന്ന ഇരകളായി അവരെ തിരഞ്ഞെടുക്കാന്‍ എളുപ്പമാണെന്നും കരുതുന്ന, കാശുകൊടുത്ത് തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്ന, പ്രസിദ്ധിയ്ക്കു വേണ്ടി കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്ന എഴുത്തുകാരന്റെ വലയ്ക്കുള്ളില്‍ നിന്നും രക്ഷപ്പെടുന്ന സ്ത്രീയുടെ ആത്മഭാഷണം ആണ് കുരുക്കുകളില്‍. ഇരയായി കൊളുത്തിയ സ്ത്രീയെ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനയുക, കൂട്ടുകാരുടെ ഇടയില്‍ അത് പറഞ്ഞാഘോഷിക്കുക എന്നിവയാണ് എഴുത്തുകാരന് ഉദ്ദീപനം നല്‍കുന്നത്. കഥയിലെ സ്ത്രീ ചില നല്ല സുഹൃത്തുകളുടെ സഹായത്താല്‍ രക്ഷപ്പെടുന്നെങ്കിലും അയാള്‍ തന്റെ അടുത്ത ഇരയെ തേടി ഇറങ്ങുകയാണ്.
ഇന്റര്‍നെറ്റിലെ വിര്ച്യുല് സൌഹൃദങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കയറി വന്ന് എങ്ങനെ അപകടകാരിയാവുന്നു എന്ന് കൂടി ഈ കഥ പറഞ്ഞു വയ്ക്കുന്നു. ഇരയ്ക്കുവേണ്ടി കാത്ത് കിടക്കുന്നവരുടെ മുന്നില്‍ അറിയാതെ അകപ്പെട്ട് പോയാലും താനൊരു ഇരയാണല്ലോ എനിക്കിനി ഒന്നും ചെയ്യാനില്ല എന്ന വിക്ടിം കോപ്ലെക്സില്‍ കുടുങ്ങി ജീവിതം തീര്‍ക്കാതെ, സധൈര്യം അത്തരം എട്ടുകാലി മമ്മൂഞ്ഞ്മാരുടെ സൊഹൃദ വലയുടെ കുരുക്ക് തകര്‍ത്തെറിഞ്ഞ് വരാന്‍ ആര്‍ജ്ജവം കാണിച്ച കഥാനായികയെ വരച്ചിട്ട ബ്ലോഗറുടെ പോസറ്റീവ് മനസ്സ് അഭിനന്ദിക്കേണ്ടതാണ്. പക്ഷേ ഇത്തരം കുരുക്കളില്‍ നിന്നും വിവേക ബുദ്ധിയോടെ അകന്നിരിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
പൈങ്കിളി ആയി പോയോ എന്ന് എഴുതിയ ആള് തന്നെ സംശയിക്കുന്ന ഈ കഥയില്‍, കഥയുടെ മനോഹാരിത അധികമൊന്നും ഇല്ലാത്ത തരം ആഖ്യാനമാണെങ്കിലും എഴുതി തുടങ്ങുന്ന ഒരാളുടെ കഥ എന്ന നിലയ്ക്കും ഇന്നത്തെ നെറ്റിസണ് സമൂഹത്തില്‍ വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നതിനാലും വെട്ടത്തിരുത്തേണ്ട ഒരു സ്ത്രീപക്ഷ ബ്ലോഗ് കഥയാണ്
കുരുക്കുകള്‍ വായിക്കുന്നവര്‍ അതിനെ കുറിച്ചുള്ള കമന്റ് അവിടേയും ഈ പോസ്റ്റിനെ കുറിച്ച് എന്തെങ്കിലും പറയാനുള്ളത് ഇവിടേയും പറയുമല്ലോ.
Monday, August 20, 2007
പെണ്ണെഴുത്ത് -ഒരു പുരുഷവീക്ഷണം
സ്ത്രീപക്ഷരാഷ്ട്രീയം പോലെ തന്നെ സ്ത്രീപക്ഷ രചനകളും സ്ത്രീപക്ഷത്തിനു വേണ്ടിയുള്ള ആണിന്റേയും പെണ്ണിന്റേയും ഒച്ചപ്പെടലിന്റെ രചനകള്‍ എന്നാണെന്നിരിക്കെ, പെണ്ണെഴുത്തുകള്‍ സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നവയാണ്. മലയാള സാഹിത്യത്തില്‍ വലിയൊരോളം ഉണ്ടാക്കിയ ഒന്നാണ് പെണ്ണെഴുത്ത്. മലയാള സാഹിത്യത്തില്‍ ആണ്-പെണ് ധ്രുവീകരണത്തിനു വഴിത്തെളിച്ചു എന്നതാണ് പെണ്ണെഴുത്തിനെ കുറിച്ചുള്ള ഏറ്റവും വലിയ ആരോപണം. പെണ്ണെഴുത്ത് എന്നത് ഒരു സംവരണ ലേബല്‍ പോലെ ഉപയോഗിക്കുക വഴി സ്ത്രീയുടെ യഥാര്‍ത്ഥ കഴിവുകളെ മാറ്റുരച്ചു നോക്കാന്‍ അവള്‍ക്ക് അവസരം കിട്ടുന്നില്ല എന്നു തുടങ്ങി യുക്തി ഭദ്രമായതും കണക്കിലെടുക്കപ്പെടേണ്ടതുമായ ഒട്ടനവധി എതിര്‍പ്പുകള്‍ ഇക്കഴിഞ്ഞ കാലയളവില്‍ പെണ്ണെഴുത്ത് അഭിമുഖീകരിക്കേണ്ടി വന്നീട്ടുണ്ട്. എന്നാല്‍ പെണ്ണെഴുത്ത് എന്തെന്ന് മനസ്സിലാക്കുന്നതില്‍ ഒരു ഉള്‍ത്തുറവ് കാണിക്കാന്‍ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണ് ഇത്തരം എതിര്‍പ്പുകളുടെ ഹേതുവെന്ന് കല്ലേച്ചിയുടെ ഈ രണ്ട് ലേഖനങ്ങള്‍ വ്യക്തമാക്കുന്നു.
“പെണ്ണെഴുത്ത് എന്നത് പെണ്ണുങ്ങള് എഴുതുന്നതു തന്നെയാണ്. അത് പുരുഷന്മാര്ക്ക് എഴുതാന്‍ പറ്റാത്തതുമാണ്.“ എന്ന് വ്യക്തമാക്കുന്ന കല്ലേച്ചി, പെണ്ണെഴുത്ത് എന്നത് ഫെമിനിസം എന്ന സ്ത്രീപക്ഷ രാഷ്ട്രീയം അഥവാ സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയേ ചര്‍ച്ച ചെയ്യാനാവൂ എന്നും നിരീക്ഷിക്കുന്നു. ഫെമിനിസം എന്ന സ്ത്രീപക്ഷ രാഷ്ട്രീയം സ്ത്രീകളുടെ മാത്രം രാഷ്ട്രീയം എന്ന് അടിച്ചേല്‍പ്പിച്ച് പരിഹസിക്കുന്നതിനെതിരെയുള്ള പുരുഷസ്വരമാണ് കല്ലേച്ചിയുടെ ചില പോസ്റ്റുകളെങ്കിലും. സ്ത്രീദുര്‍ബലതയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉയരുന്ന ഒരോ ഒച്ചപ്പെടലും അത് പുരുഷനില്‍ നിന്നായാലും സ്ത്രീയില്‍ നിന്നായാലും ഫെമിനിസമാണ്. പെണ്ണെഴുത്ത് എന്ന പോസ്റ്റില്‍ ഫെമിനസത്തിന്റെ തെറ്റായ രീതികളെ ചൂണ്ടി കാണിക്കുകയും ഒപ്പം ശരിയുടെ മാര്‍ഗ്ഗം എന്തെന്ന് പറയാനുള്ള ആര്‍ജ്ജവവും കല്ലേച്ചി കാണിക്കുന്നു.
“മൂന്നാമത്തേതും ശരിയായതും എന്നാല്‍ വളരെ നേര്‍ത്തതുമായ ധാരയായി യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത് സ്ത്രീ എന്ന മനുഷ്യദ്വയത്തെ തിരിച്ചറിയുകയും തുല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്. ഇതാണ് ഞാന്‍ പറഞ്ഞത് ആത്യന്തികമായുണ്ടാകേണ്ടതു മനുഷ്യന്റെ പൊതുഭാഷയാണെന്ന്.“
സ്ത്രീപുരുഷ വര്‍ഗ്ഗീകരണം എന്നത് പ്രകൃത്യാ തന്നെ നിശ്ചയിക്കപ്പെട്ടീട്ടുള്ള വര്‍ഗ്ഗീകരണം ആണ്. മനുഷ്യനാല്‍ നിര്‍മ്മിതമായ മറ്റ് വര്‍ഗ്ഗീകരണങ്ങളെ പോലെ, ഉദാഹരണമായി അടിമ, ഉടമ, അവര്ണ്ണന്, സവര്ണ്ണന്, വേണമെന്ന് വച്ചാല്‍ മാറ്റിയെടുക്കാനാവുന്നതല്ല സ്ത്രീപുരുഷ വര്‍ഗ്ഗീകരണം. ഒന്നിനെ മറ്റൊന്നില്‍ ലയിപ്പിക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യന് എന്ന വര്‍ഗ്ഗത്തിന്റെ നിലനില്പ്പിനെയാണ് ചോദ്യം ചെയ്യുക. അതായത് സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍(identical)അല്ല. അതുകൊണ്ട് തന്നെ തന്റേതായ ഒരു ഭാഷ സ്ത്രീയ്ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. കല്ലേച്ചിയുടെ വരികളില്‍ നിന്ന്
“ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്കോയ്മയില് വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത് ഇന്നത്തെ ഭാഷപുരുഷനുവേണ്ടി അവന് വളര്‍ത്തിയെടുത്തതാണ്. ഭാഷയിലേ ഏതണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്പനകളും പുരുഷ രൂപമാര്‍ന്നാണ് അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്. ഒരുപാടു പൊതു പദങ്ങള്‍ക്ക് പുരുഷ വേഷമാണുള്ളത്. സൌന്ദര്യ വര്‍ണ്ണനകള്‍ക്ക് സ്ത്രൈണ പദങ്ങളും. ഉഡുരാജമുഖി, മൃഗരാജകടി എന്നാരഭിക്കുന്നവയാണധികവും. അവയില്‍ നിന്നു തന്നേയാണു സ്ത്രീകള്‍ക്കും വര്‍ണ്ണനകള്‍ എടുക്കേണ്ടി വരുന്നത്. ഉഡുരാജമുഖാ, മൃഗരാജകടാ എന്നപോലെ.അതൊക്കെ ഒരു സംസ്കാരത്തിന്റെ ഭാഗമാവേണ്ടതുണ്ട്. കടല്ക്കരയില് കടല്‍ മണം പോലെ, ബ്രസീലില്‍ ഫുഡ്ബോള്‍ പോലെ.“
ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ഭാഷ ഉപയോഗിച്ച് പെണ്ണെഴുതിയാലും, ആണെഴുതിയാലും “അവനവന് അവനവനുള്ളത് എടുക്കട്ടെ “ എന്നേ എഴുതാനാവൂ. അവിടെ അവളവള്‍ എന്നൊരു പ്രയോഗം ഉണ്ടാകേണ്ടിയിരിക്കുന്നു. അവനവനില്‍ അവന് ഒരു മനുഷ്യകുലത്തെ സംബോധന ചെയ്യുമ്പോള്‍ അതിന്റെ ഭാഷയില്‍, വ്യാകരണത്തില്‍ പ്രകൃതിയാല്‍ നിശ്ചയിക്കപ്പെട്ട സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ പോകുന്നു.
കല്ലേച്ചി ചുരുക്കത്തില്‍ പറഞ്ഞു വയ്ക്കുന്നത്
“മനുഷ്യനാണ് ഭാഷയില്ലാത്തത് എന്ന് നമുക്ക് ബോധ്യമാകും. മനുഷ്യന് എന്ന പൊതു സംജ്ജയില്‍ എല്ലാവരേയും ഉള്‍കൊള്ളാവുന്ന ഭാഷയും സംസ്കാരവും രൂപം കൊള്ളുന്ന കാലം വരെ പെണ്ണെഴുത്ത് സ്ത്രീ വാദം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ എല്ലാം പ്രസക്തമായിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കുറവു കൊണ്ടണ് ചില കാര്യങ്ങളില്‍ പുരുഷന്മാര് മാത്രം പ്രതിസ്ഥാനത്തായിപോകുന്നത്. കാരണം സ്വാതന്ത്ര്യമില്ലായ്മയില് ചില സുരക്ഷിതത്വങ്ങളുണ്ട്. വലക്കുള്ളിലെ കിളികള്‍ക്ക് മാനത്തുപറക്കുന്ന കിളികളുടെ അത്ര അരക്ഷിതത്വമില്ല.“
പെണ്ണുങ്ങള് മാത്രം ഉപയോഗിക്കുന്ന നുഷു എന്ന ഒരു ചൈനിസ് ലിപിയെ കുറിച്ച് വാക്കുകള്‍ പങ്കുവച്ചുകൊണ്ട് ബ്ലോഗിംഗിങ്ങ് സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറന്നിടുന്ന അചിന്ത്യയേയും ഇവിടെ കാണാം.
പെണ്ണിനു മാത്രം എഴുതാന്‍ കഴിയുന്നതാണ് പെണ്ണെഴുത്ത് എന്ന് നിരീക്ഷിക്കുന്ന ഈ ലേഖിക, പെണ്ണെഴുത്തിനെ കുറിച്ചുള്ള പരിഹാസങ്ങളെ അവഗണിച്ച് പെണ്ണുങ്ങള് തങ്ങളെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഭാഷ പെണ്ണെഴുത്തിലൂടെ ഉരുത്തിരിച്ചെടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.സാറാജോസഫും കെ.ആര്. മീരയും, പ്രിയ ഏ.ഏസും അവരുടെ കൂടെ ബ്ലോഗിണികളും തങ്ങളുടെ മൂശയില്‍ പെണ്‍വാക്കുകള്‍ വാര്‍ത്തെടുക്കുന്ന തട്ടാത്തികളാകട്ടെ.
വാല്‍കഷ്ണം: എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിചെക്കനൊരു സംശയം അപ്പോള്‍ ഈ പെണ്ണെഴുത്ത് പോലെ ആണെഴുത്തും ഉണ്ടോ?
കുഞ്ഞിപ്പെണ്ണ്: ഉണ്ടല്ല. ആണുങ്ങള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന എത്ര ഭാവങ്ങള്‍ ഉണ്ട്. ബ്ലോഗില്‍ നിന്ന് ഒരു ഉദാഹരണത്തിന് മനുവിന്റെ ഷിബു എറിഞ്ഞ ഈ ഏറ്. ഇതു പോലൊരു മൂളിപറക്കുന്ന കരിങ്കല്‍ ചീളിന്റെ ഏറ് എഴുതാന്‍ ഏത് പെണ്ണിനു പറ്റും?
കുഞ്ഞിച്ചെക്കന്: ഓഹ്, അത് പെണ്ണുങ്ങള്‍ക്ക് പൊതുവേ കഴിവു കുറവായത് കൊണ്ട് തോന്നുന്നതാണ്. ആണുങ്ങളുടെ ഭാവങ്ങള്‍ മനസ്സിലാക്കാന്‍ പെണ്ണുങ്ങള്‍ക്കായില്ലെങ്കിലും പെണ്ണുങ്ങളുടെ എല്ലാ ഭാവങ്ങളും മനസ്സിലാക്കാന്‍ ആണുങ്ങള്‍ക്കാവും.
കുഞ്ഞിപ്പെണ്ണ്: ഓഹ്, അപ്പോള്‍ സ്ത്രീയുടെ മനസ്സ് മരീചികയാണ്, അത് സൃഷിച്ച ദൈവത്തിനു പോലും മനസ്സിലാക്കാന്‍ പറ്റില്ല എന്ന് കവികള്‍ പാടുന്നത് വെറും പുളുവടിയാണല്ലേ!
സമര്‍പ്പണം: കല്ലേച്ചിയുടെ പോസ്റ്റിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ച സുനിലേട്ടന്.
കല്ലേച്ചിയുടെ പോസ്റ്റിനുള്ള മറുപടി അവിടേയും ഈ എഴിത്തിനെ കുറിച്ചു എന്തെങ്കിലും ഉണ്ടെങ്കില്‍ ഇവിടേയും എഴുതുമല്ലോ.
Friday, August 17, 2007
അനുരാധ നെടുമങ്ങാടിന്റെ ഗര്‍ഭിണി
ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലൂടെയും അനില്‍ പനച്ചൂരാന്റെ അനാഥന് എന്ന കവിതയിലൂടെയും ഭ്രാന്തിയായ അമ്മയെ മലയാള സാഹിത്യത്തിനു പരിചയമാണ്. ഒരു ഭ്രാന്തി ഒരു സമൂഹമനസ്സിന്റെ വിങ്ങലായി അതിന്റെ സ്വന്തം ഗര്‍ഭിണിയായി മാറുന്നതെങ്ങനെയെന്ന് അനുരാധ വരഞ്ഞു വയ്ക്കുന്നു. നന്മയുള്ള ഒരു സമൂഹത്തിന്റെ മനസ്സിനു നേരെ കൊഞ്ഞനം കുത്തുകയാണ് അവസാനം അനുരാധ അവശേഷിപ്പിച്ചു പോയ, നെടുമങ്ങാട് ചോദിക്കാതെ ചോദിച്ച ഉത്തരം കിട്ടാത്ത ആ ചോദ്യം.
"പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം അപ്പോഴും ബാക്കികിടന്നു.
പക്ഷെ അതു ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല."
അതിനുത്തരം ഒരിക്കലും കിട്ടുന്നില്ല. അഥവാ കിട്ടായാല്‍ കൂട്ടമായി നന്മയുള്ള നെടുമങ്ങാട് മനസ്സിന്റെ ഒരോവ്യക്തിയുടേയും ഉള്ളില്‍ മറഞ്ഞിരിക്കുന്ന, കൂട്ടത്തില്‍, വെളിച്ചത്തില്‍ പുറത്ത് വരാത്ത കറുത്ത മനസ്സ് എന്നതാവും ഉത്തരം. അത് കുമാര്‍ വരച്ചിടുന്നത് രത്നാകരയണ്ണന്റെ മില്ലില്‍ അരിപൊടിക്കാന്‍ നില്ക്കുന്ന ബാബുവിലൂടെയാണ്. അനുരാധ കുളിക്കുന്നത് ഒളിഞ്ഞ് നിന്ന് കാണാന്‍ ആഗ്രഹിക്കുന്ന ബാബുന്റെ വികാരം
"തുണ്ടുപടം കാണാന്‍ കേറിയിട്ട് ഒന്നും കാണാനാവതെ പടം തീര്‍ന്നിറങ്ങിവന്നവന്റെ ദേഷ്യവും നിരാശയും ബാബുവിന്റെ വാക്കുകളില്‍ നിഴലിച്ചു"എന്ന വാക്കുകളില്‍ വായനക്കാരനു കിട്ടുന്നു. ഭ്രാന്തിയായ അനുരാധ കുളിക്കില്ല എന്നത് വലിയൊരു മോശം കാര്യമായി അവതരിപ്പിച്ച് തന്റെ നിരാശയ്ക്ക് പതം വരുത്തുകയാണ് ബാബു.
പണ്ടേ ഭ്രാന്തി, ഇപ്പോള്‍ ഗര്‍ഭണിയായ അനുരാധ നെടുമങ്ങാടിന്റെ സ്വന്തം വിഷമവും സ്വന്തം ഭ്രാന്തിയുമാകുകയാണ് പിന്നെ. സമൂഹത്തിന്റെ തിന്മയോ നന്മയോ തിരിച്ചറിയാനാവാത്ത ഒരു മനസ്സുമായി അനുരാധയും. തനിക്ക് വേണം എന്നത് മാത്രം അവള് സ്വീകരിക്കുന്നു, അല്ലാത്തതിനെ ഓടയില്‍ എറിയുന്നു. നന്മതിന്മകളും, ശരിതെറ്റുകളും ബാധിക്കാത്ത മനസ്സുമായി നെടുമങ്ങാടിന്റെ മനസ്സിനെ മുറിവേല്‍പ്പിച്ച് കൊണ്ട് നടന്ന അനുരാധ ഉത്തരം കിട്ടാത്ത ചോദ്യം നെടുമങ്ങാടിന്റെ ഹൃദയത്തില്‍ തന്റെ കുഞ്ഞിലൂടെ ചേര്‍ത്ത് വച്ച് നടന്ന് മറയുന്നു.
ഒരു ഭ്രാന്തിയിലും ലൈംഗീകത തിരയുന്ന സമൂഹത്തിന്റെ ഇരുണ്ട കോണിനെ അറിയാത്തവരല്ല നാം. ഏതു പെണ്ണായാലും അവള് ഭ്രാന്തിയാവട്ടെ,സ്കൂള്‍വിദ്യാര്‍ത്ഥി ആവട്ടെ, കൈകുഞ്ഞാകട്ടെ ലൈംഗീകതയുടെ കണ്ണിലൂടെ മാത്രം സ്ത്രീയെ നോക്കുന്ന അവളുടെ മാംസത്തെ മാത്രം കാണുന്നവനേ ഇരുട്ടില്‍ പതുങ്ങി ഇരുന്നു അനുരാധമാരുടെ നേരെ ആക്രാന്തത്തോടെ ചിരിക്കാനാവൂ. ഇതു പതിവ് കാഴ്ചകള്‍.ഇന്റര്‍നെറ്റിന്റെ, ബ്ലോഗിന്റെ ഇരുണ്ട മൂലകളില്‍ പോലും നാം നിത്യേനെ കാണുന്നു. പക്ഷേ നാം നിസ്സംഗരാണ്, അനുരാധമാര്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇല്ലാതാക്കുവാനോ അവയ്ക്കുത്തരം കിട്ടുവാനോ നമുക്കിനിയും വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു
വാല്‍ക്കഷ്ണം: ജൂണ്‍ 18, 2006 പബ്ലിഷ് ചെയ്ത ഈ പോസ്സ്റ്റിന്റെ അവസാന കമന്റ് മാര്‍ച്ച് 31, 2007 ന്! ബ്ലോഗിലെ നല്ല പോസ്റ്റുകള്‍ ഒന്നു രണ്ട് ദിവസത്തെ ശ്രദ്ധപ്പെടലിനുള്ളതല്ല, അവ കാലത്തെ അതിജീവിക്കുന്നു എന്നു കൂടി അനുരാധ ഉറക്കെ പ്രഖ്യാപിക്കുന്നു. പലതരത്തിലുള്ള വായനലിസ്റ്റുകള്‍ ആണ് നാളത്തെ വഴികാട്ടികളാണ് എന്ന് സ്വപ്നാടകന്റെ കമന്റ് അടിവരയിടുന്നു.
അനുരാധയെ കാണാന്‍ പോകുന്നവര്‍ കമന്റും അവിടെ തന്നെ വയ്ക്കുക.
ബ്ലോഗും വനിതാലോകവും
അനാദികാലം മുതലേ മനുഷ്യനു മുന്നില്‍ അത്ഭുതമായി നില്ക്കുന്ന പച്ചവെള്ളം പോലെ സുപരിചിതമായ, എന്നാല്‍ എന്തെന്ന് പറയാനാവാത്ത വെള്ളം പോലെ ഒന്നാണ് ഇന്ന് ബ്ലോഗ്. ബ്ലോഗ് എന്താണെന്ന് എല്ലാവര്ക്കും അറിയാം അതിന്റെ ഉപയോഗങ്ങള്‍ കുറേയൊക്കെ അറിയാം. ഇനിയും അനവധി ഉണ്ടാകും. പക്ഷേ എന്താണ് ബ്ലോഗ് ? പറയുക എളുപ്പമല്ല തന്നെ.ചിലര്‍ക്കത് ഡയറികുറിപ്പാണ്,മറ്റുചിലര്‍ക്ക് കഥ/കവിത/ ലേഖനം എന്നിവയ്ക്കായുള്ള മാഗസീന്,ഇനിയും ചിലര്‍ക്ക് ചായാഗ്രഹണ കല്യ്ക്കു വേണ്ടി, വീഡീയോക്ക് വേണ്ടി തുടങ്ങി വാര്‍ത്ത, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, ഒരു പ്രസ്ഥാനത്തിന്റെ മുഖം എന്നീ അനേക മേഖലകളില്‍ കടന്ന് ചെന്നു കൊണ്ടിരിക്കുന്ന ബ്ലോഗ് എന്ന നവ മാധ്യമം നിലവിലുള്ള ഏതു മാധ്യമത്തേക്കാളും കരുത്തുറ്റതാണ്. അച്ചടി മാധ്യമത്തിനു ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ഗുണങ്ങള്‍ കൈയൊഴിയേണ്ടി വരുമ്പോള്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്ക് അച്ചടിയുടെ അനുകൂല്യങ്ങള്‍ അന്യമാവുന്നു.എന്നാല്‍ ബ്ലോഗില്‍ അച്ചടിയും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും ഒന്നിച്ച് ചേരുന്നു.ഹെലന് വെള്ളത്തെ മനസ്സിലാക്കിയ പോലെ സാങ്കേതികമായി യാതൊരു ജ്ഞാനവും ഇല്ലാത്ത ഒരാള്‍ക്ക് പോലും ബ്ലോഗ് എന്തെന്ന് മനസ്സിലാക്കാനും അനുഭവിച്ചറിയാനും കഴിയും എന്നാല്‍ എന്താണ് ബ്ലോഗ് എന്നതിന്റെ ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. 2006 ടൈം മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആര് എന്ന ചോദ്യത്തിനുത്തരം ഞാന്‍ എന്നായിരുന്നു. ബ്ലോഗിലൂടെ അനേകം രീതിയില്‍ ആത്മാവിഷ്കാരം നടത്താനും പത്ര, ചാനല്‍ മാധ്യമങ്ങളുടെ കമന്റ് ഓപ്ഷനിലൂടെയും പറയാനുള്ളത് പറയാനും അവസരം കൈവന്നതാണ് ഇതിനു കാരണം എന്ന് ടൈം മാസിക വിശകലനം ചെയ്യുന്നു.
വരും കാലങ്ങളില്‍ ഒട്ടനവധി ഉപയോഗങ്ങളും ഇന്നുള്ളതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയും ബ്ലോഗുകള്‍ക്കുണ്ടാകും. അതിനെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വനിതാലോകം ബ്ലോഗിലെ സ്ത്രീപക്ഷ രചനകള്‍ ശേഖരിക്കാന്‍ ഒരു ശ്രമം തുടങ്ങുന്നു. ആദ്യമായി കുമാറിന്റെ അനുരാധയെ അവതരിപ്പിക്കുന്നു. ഈ ശ്രമം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. പരിചയപ്പെടുത്തുന്ന കൃതികള്‍ക്കുള്ള കമന്റ് ആ പോസ്റ്റില്‍ തന്നെ വീഴണം എന്നതിനാല്‍ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് കമന്റ് ഓപ്ഷന് ഇടുന്നില്ല. കമന്റുകള്‍ ഉണ്ടെങ്കില്‍ അതാത് പോസ്റ്റില്‍ ഇടുക. നിങ്ങള്‍ വായിച്ച നല്ല സ്ത്രീപക്ഷ രചനകള്‍ ഉണ്ടെങ്കില്‍ ഇവിടെ കമന്റായി ഇടുകയോ വനിതാലോകത്തിലേയ്ക്ക് മെയില്‍ അയക്കുകയോ ചെയ്യുക.
Tuesday, May 22, 2007
‘അത്തള പിത്തള തവളാച്ചി‘ കളികള്‍
1.
അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുന്നു
(ഡാലി)
2.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
(പൊന്നപ്പന്)
3.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
(ഡാലി)
4.
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
(ഡാലി)
5.
നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടി വരുന്ന
<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ
(ഡിങ്കന്, വല്യമ്മായി)
6.
കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം
(ഡിങ്കന്)
7.
അത്തിള് ഇത്തിള്‍ ബെന്തിപ്പൂ
സ്വര്‍ഗ രാജാ പിച്ചിപ്പൂ
ബ്ലാം ബ്ലീം ബ്ലൂം
(സാരംഗി)
8.
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന് എങട്ട് പോയി?
ചാത്ത്ണ്ണാന് പോയി
നെയ്യില്‍ വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.
(-സു-സുനില്‍)
9.
പിന് പിന് ദെസറപ്പിന്
കൊച്ചിലോ ദെ അല്മാസിന്
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്
(തമനു)
10.
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.
(അപ്പൂസ്)
11.
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍ നിര്‍ത്തി.. വാഴ കുലച്ചു.. കുല കള്ളന് കൊണ്ടു പോയി.. കള്ളന് പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..
(സിജു)
12.
അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
(പ്രമോദ്)
13.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള് ഒരു പേരു പറയുന്നു - ‘പ്രമോദ്‘ പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)
പ്ര
മോ
ദ്
എ
ന്നാ
കു
ന്നു.
അവസാനം വന്ന ആള് പുറത്ത്.
(-സുല്‍)
14.
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
(ഡിങ്കന്)
15.
ഒന്നാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ
ഒന്നാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം
രണ്ടാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ
രണ്ടാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം.
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍ പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്
(പ്രമോദ്)
16.
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ
(ഇഞ്ഛി, പ്രമോദ്)
17.
ഡും ഡും ഡും
ആരാത്?
ഞാനാണ്
എന്തിനു വന്നു?
പന്തിനു വന്നു.
എന്ത് പന്ത്?
മഞ്ഞപ്പന്ത്
എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ
എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി
എന്ത് പീലി?
കണ്പീലി
എന്ത് കണ്ണ്?
ആനക്കണ്ണ്
എന്ത് ആന?
കാട്ടാന
എന്ത് കാട്?
പട്ടിക്കാട്.
എന്ത് പട്ടി?
പേപ്പട്ടി.
എന്ത് പേ?
പെപ്പരപേ!!
(പീലികുട്ടി, വിശാലമനസ്കന്)
18.
അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍ ഓണത്തിനു പോമ്പം
*ആട കല്ല്
*ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍ ഇക്കിളികൂട്ടും.
* ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.
(പ്രമോദ്)
19.
ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില്‍ പൂട്ടാം
(ഡിങ്കന്)
20.
കള്ളും കുടിച്ച് കാട്ടില്‍ പോകാ?
ഉം.
കള്ളനെ കണ്ടാല്‍ പേടിക്ക്വ?
ഇല്ല.
ഫൂ’ എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍.
കണ്ണു പൂട്ടിയാല്‍ പേടിച്ചു എന്നര്‍ത്ഥം
(പ്രമോദ്)
21.
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പട്ടണങ്ക് പോ
(ഡിങ്കന്, ഡാലി)
22.
ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്
ഏതാമോളേ ചെക്കന്
എക്സ്പ്രസ് ദിനകരന്
(ഡിങ്കന്, വിശാലമനശ്കന്‍, ഡാലി)
23.
ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ
(ഡിങ്കന്)
24.
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍ കൊള്ളാം.
ആരെ എറിയാന്‍...........
എല്ലാവരേം എറിയാന്‍ ......എന്നാ പിടിച്ചോ.....
(കൂറുമാന്‍)
25.
ഉപ്പിനു പോകണവഴിയേതു ..
കായം കുളത്തിനു തെക്കെതു
(ഇതു മുഴുവന്‍ ഇല്ല എന്ന് തോന്നുന്നു)
(പ്രിയംവദ)
26.
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
(പുള്ളി)
27.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്?
തെങ്ങിണ്റ്റെ ആര്
എന്തു തെങ്ങ്?
കൊന്നത്തെങ്ങ്
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
(വനജ)
28.
പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം
കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ
(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്ക്കാര്‍ വലിച്ച് കൊണ്ട് പോകുന്നു)
(ഡാലി)
29.
തങ്കപ്പന് തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍
തങ്കമ്മ പെറ്റത്
തവളക്കുട്ടി
ആന വിരണ്ടത്
ആലില്‍ തളച്ചപ്പോള്‍
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ
(ഡിങ്കന്)
30
അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ
മലത്തിങ്ക്ലാ കൈപ്പത്തി മലര്ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്
(-സു-സുനില്‍)
31.
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്
നാഴിയുരി ചോറുണ്ട്
അമ്മാമന് വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
..
“ദില്‍ ഉപ്പുണ്ടോ? ദില്‍ ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്.
“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “
എന്ന് ചോദിച്ച് മടക്കിയ വിരലുകള്‍ക് മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
(-സു-സുനില്‍)
32.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്.
കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.
(-സു-സുനില്‍)
Tuesday, May 08, 2007
കുട്ടികളികള്‍
ക്ലാസ്സിക് കളികളായ അമ്പസ്താനി (സാറ്റ്), രണ്ട് പെട്ടി, കിളിമാസ്, കുട്ടീം കോലും, കവിടി കളി, പളുങ്ക് കളി, പമ്പരം കൊത്ത് എന്നിവ എതാണ്ടന്യം നിന്ന പോലെയാണെങ്കിലും, അച്ഛനും- അമ്മയും- കുട്ടിയും കളി, സ്കൂള്‍-ടീച്ചര്‍, വീട്-കട, ചീട്ടുകളി എന്നിങ്ങനെ ഇന്നും നിത്യജീവിതത്തില്‍ കണ്ടു മുട്ടുന്ന സന്ദര്‍ഭങ്ങള്‍ കളികളായി ചെറിയ ചെറിയ വ്യത്യാസങ്ങളോടെ പുനാരാഖ്യാനം ചെയ്ത് തുടരുന്നത് തന്നെയാണ് കാണാന്‍ കഴിയുന്നത്.
വേനലവധി കാലത്തെ ഏറ്റവും പ്രധാന കളിയായ പമ്പരം കൊത്ത് കീ കൊടുത്ത് തിരിയുന്ന പമ്പരങ്ങളുടെ വരവോടെ ഏതാണ്ടില്ലാതെയായി. വേനല്‍ എന്ന തമിഴ് സിനിമയിലെ ഒരു സീന്‍ ഈ പമ്പരം കൊത്ത് കളിയെ വളരെ നന്നായി ചിത്രീകരിച്ചത് ഒരു നൊസ്റ്റള്‍ജിക് ഫീലിംങ് തന്നു. പളുങ്കു കളിയും, കല്ലു സോഡ പോലും ഇല്ലാതായതോടെ പളുങ്കും ഓര്‍മ്മകളില്‍ മാത്രമായി. പകരം ബ്രിട്ടാനിയ തരുന്ന സചിന്‍ന്റേയും ദ്രാവിഡീന്റേയും മുഖ ചിത്രമുള്ള പളുങ്കുകള്‍ കുട്ടികളുടേ ശേഖരങ്ങളെ സമ്പന്നമാക്കി. ചെമ്പരത്തി താളി വെളിച്ചെണ്ണയായും, ചെമ്പരത്തി മൊട്ട് പച്ചമുളകായും, ഇഷ്ടിക മുളക പൊടിയായും, വൃത്തിയായി കീറീയ കടലാസ് രൂപയാക്കിയതുമൊക്കെ ഇനിയുമൊരു തലമുറയ്ക്ക് മനസ്സിലാകില്ലായിരിക്കും. പ്ലാവില ഈര്‍ക്കില്‍ കൊണ്ട് കുത്തിയുണ്ട്ക്കിയ കലവും, മച്ചിങ്ങയുരച്ചുണ്ടാക്കിയ കറിയും, വെട്ട് തുണിയുപയോഗിച്ചുണ്ടാക്കിയ പാവയും മുന്‍ തലമുറയുടെ മനസ്സിലെ മ്യൂസിയങ്ങളില്‍ വല്ലപ്പോഴും മാത്രം വെളിച്ചമേറ്റ് കിടന്നേക്കാം. എന്നിരുന്നാലും കാശ് കൊടുത്ത് വാങ്ങിയ കുട്ടി വീട്ടുപകരണങ്ങളും, പ്ലാസ്റ്റിക് പാവകളും, ബാര്‍ബിയെന്ന അവരുടേ പ്രിയപ്പെട്ടവളും കൂടേ രംഗം മറ്റൊരു രീതിയില്‍ പുനരാവിഷ്കരിക്കുക തന്നെ ചെയ്യുന്നു. തൊമ്മികുഞ്ഞിന്റെ ഡിവിഡീ-ഹിപ്പോ കൊണ്ടാട്ടം നോക്കൂ. തീപ്പെട്ടി പടങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവച്ച് കളിച്ച ബാല്യത്തിനു പകരം ഫ്രീ കിട്ടുന്ന ട്രം കാര്‍ഡുകള്‍ ശേഖരിക്കുന്ന ബാല്യം. എല്ലാം ഒരു ശൈലി മാറ്റം മാത്രം. കാരണമന്വേഷിച്ചാല്‍ ചെന്നെത്തുക ഇന്നിന്റേയും ഇന്നലയുടേയും ജീവിത രീതികളില്‍ തന്നെയാവും.മുതിര്‍ന്നവര്‍ ചെയ്യുന്നത് അനുകരിക്കുക എന്നത് കുഞ്ഞു മനസ്സിന്റെ പ്രവണതയാണ്. കൂടുതല്‍ സമയം കപ്യൂട്ടറിലും ടി.വിയ്ക്ക് മുന്നിലും ഇരിക്കുന്ന മുതിര്‍ന്നവരെ കാണുന്ന കുട്ടി ടി.വിയിലും കപ്യൂട്ടര്‍ കളികളിലും ഉള്‍പ്പെട്ട് പോകുന്നതില്‍ അസ്വഭാവികത കാണാനാവില്ല.
എന്നാല്‍ ഇത്തരം ശൈലീ മാറ്റങ്ങള്‍ക്കിടയില്‍ മാറാതെ നില്ക്കുന്ന ഒരു കളീയാണ് അത്തള പിത്തള തവളാച്ചി.കളി സാധങ്ങള്‍ കൊണ്ട് പോകാനാകാത്ത സ്കൂളുകളിലില്‍ ആണ് ഈ കളികള്‍ എന്നും നിറഞ്ഞാടിയിരുന്നത്. ദീഘദൂര യാത്രകളിലും നേരം കൊല്ലാന്‍ ഇത്തരം കളികള്‍ കുട്ടികള്‍ക്ക് കൂട്ടായി. എല്‍.പി സ്കൂളുകളില്‍ കൊത്തം കല്ല് കളി നിരോധിച്ച കന്യാസ്ത്രീകളും തൊട്ട് കളിയും അച്ചാബോളും നിരോധിച്ച അച്ചന്മാരും ഈ കളിയെ കുറിച്ച് അഞ്ജരായിരുന്നോ ആവോ? ഇന്റെര്‍വെല്‍ സമയത്ത് കൈകള്‍ നിരത്തി വച്ച് അവര്‍ എണ്ണി തുടങ്ങുന്നു,
അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുകയായി പിന്നേയുമവര്‍. ഇതിന്റെ നിരവധി വകഭേദങ്ങള്‍ കേട്ടീട്ടുണ്ട്. പൊന്നപ്പന് പാടിയത് നോക്കൂ.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്”..
ഇതിന്റെയൊന്നും അര്‍ഥം ഒരു കാലത്തും മനസ്സിലായിട്ടില്ല.
പിന്നെയൊന്നുള്ളതാണ്.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
ഇത്തരം കളിയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണെന്ന് തോന്നുന്നു (ആണോ?)
ഇങ്കി പിങ്കി പോങ്കി
അങ്കില് ഹാസ് എ ഡോങ്കി...
അമ്പസ്താനി കളിക്കാന്‍ നില്ക്കുമ്പോള് ഇത്തരത്തില്‍ ധാരാളം പാട്ടുകള്‍ ഉണ്ടായിരുന്നെന്ന് ഓര്‍ക്കുന്നു. അതെല്ലാം ആദ്യത്തെ പ്രാന്തിയെ (ആദ്യം എണ്ണുന്ന ആളെ) കണ്ട്പിടിക്കാനുള്ളതായിരുന്നു.
അതിലൊന്ന്,
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
ഈ അത്തള പിത്തള തവളാച്ചി കളി ലോകത്തിന്റെ എല്ലാ കോണിലും ഏതാണ്ട് ഒരു പോലെയാണെന്ന് തോന്നുന്നു. അത്തള പിത്തളയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണത്രേ Rock, Paper, Scissors (അമേരിക്കയിലോ, ഗള്‍ഫിലോ, ജപ്പാനിലോ,, നൈജീരിയയിലോ, സൌത്താഫ്രിക്കയിലോ ആരെങ്കിലും ഇത് ശ്രദ്ധിച്ചീട്ടുണ്ടോ?)
ഈ പടത്തില്‍ കാണുന്നത് റഷ്യന്‍ ജൂത കുട്ടികള്‍ കളിക്കുന്ന അത്തള പിത്തള തവളാച്ചിയാണ്.

അവര്‍ പാടിയിരുന്നത് ഏതാണ്ടിങ്ങനെ,
അസ്തന കുസ്തന അസീസേ വ്
ഇസ്തന വസ്തന അസീസേ
ഇതെന്ത് ഭാഷയാണെന്ന് എനിക്ക് മനസ്സിലായില്ല. റഷ്യനോ, ഹീബ്രുവോ, അറബിയോ അല്ലായിരുന്നു. അല്ലെങ്കിലും കുട്ടികളിക്കെന്തിന്നാ അര്‍ഥസമ്പുഷ്ടംമായ ഒരു പരിഷ്കൃത ഭാഷ!
Sunday, April 29, 2007
ജയാ ബച്ചന് എന്ന ‘അമ്മ’

Sunday, February 04, 2007
സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍....
പിന്നീടു സപ്നങ്ങളുടെ വരവായീ.. ഏറ്റവും നല്ല സ്കൂള്‍ .അവിടെ ക്ലാസ്സില്‍ പറ്റിയാല്‍ എന്നും ഒന്നാം സ്ഥാനം..സ്കൂളിംഗ് കഴിഞ്ഞാല്‍ സുരക്ഷിതമായ ഭാവി വഗ്ദാനം ചെയ്യുന്ന ഏറ്റവും നല്ല കോഴ്സ്, ..പിന്നെ കല്യാണം എവിടെ വേണം , എവിടെന്നു വേണം,എന്തൊക്കെ ആര്‍ഭാടങ്ങള്‍.. അതിന്റെ വിശദാംശങ്ങള്‍ വരെ പ്ലാന്‍ ചെയ്യുന്ന 'സീധാ സാദാ' മാതാപിതാക്കളാണു ബഹുഭൂരിപക്ഷം .
പക്ഷെ വേറെ ചില അമ്മമാരാണെങ്കില്‍ ഒരിക്കലും ഒഴിയാത്ത കണ്ണുനീരുമായി നമുക്കു ചുറ്റും..അവരെ പറ്റി ഓര്‍ക്കുമ്പോല്‍ ലജ്ജ .കുറ്റബോധം..
ഒരു അയല്‍ക്കാരികുട്ടിയുണ്ടെനിക്ക്,നിത്യ മൂന്നു വയസ്സായി..നേരെ നോക്കില്ല...അവ്യക്തമായി എന്തോ ഒക്കെ പറയും ഒന്നിലും ഒരു മിനിട്ടിലധികം ശ്രദ്ധ നില്‍ക്കില്ല..ഇടയ്ക്കു ഞങ്ങളുടെ വീട്ടില്‍, വാതില്‍ തട്ടി തുറപ്പിച്ചു കയറി വരും. ...മേശപ്പുറത്തു പെട്ടന്നു കയറി നിന്നു ,പിന്നെ സോഫയിലേക്കു ചാടി അവിടന്നുപെട്ടന്നു ഓടി ,ബാല്കണിയില്,പിന്നെ ബാത്ത്റൂം ,ഇടക്കു എന്തെങ്കിലും കൗതുകവസ്തുക്കള്‍ എടുത്തു പരിശോധിക്കും ,താഴെയിടും..പിന്നെ ആരുടെ എങ്കിലും കൈയില്‍ ബലമായി പിടിച്ചു വലിച്ചു വീടു മുഴുവനും ഓടും. നല്ല ശക്തിയാണു കുട്ടിക്കു ...വെറും 15 മിനിട്ടിനുള്ളില്‍ ഞാനും കുട്ടികളും നിത്യയുടെ പുറകെ ഓടി ക്ഷീണിച്ചിരിക്കും.നിത്യയുടെ അമ്മ ക്ഷമാപണവുമായി വന്നു വലിച്ചു കൊണ്ടുപോകുമ്പോള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു കഴിയാതെ ഗോഷ്ടി കാണിച്ചു ഓടി പുറത്തെക്കു..
പാവം കുട്ടി... പാവം ആ അമ്മ ,അതുപോലെ എത്ര പേര്..കുഞ്ഞുങ്ങളുടെ പുറകെ ഓടിയോടി എത്ര തളുരുന്നുണ്ടാവും .ഈശ്വരാ ഈ കുട്ടിടമ്മ ഇങ്ങനെ മെലിഞ്ഞിരിക്കുന്നതു ഒരു ഡിയറ്റിങ്ങിന്റെയും സ്ലിമ്മിംഗ് പാക്കേജിന്റെയും സഹായത്താലല്ല....കുഞ്ഞിന്റെ പുറകെ ഓടിയോടി..പിന്നെ ഭാവിയെ പറ്റി ഓര്‍ത്തു വേവലാതിപ്പെട്ടും അങ്ങിനെ ഒറ്റപ്പെട്ടും വേദനിച്ചും കഴിയുന്നൊരമ്മ. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അമ്മ, അമ്മെ എന്നു വിളിക്കില്ല ആ കുട്ടി. കിളികൊഞ്ജലും സ്നേഹപ്രകടനങ്ങളും അന്യം.ഒട്ടിസം എന്നോ ADHD എന്നോ ഒക്കെ പേരു പറഞ്ഞാല്‍ തീരുന്നതല്ലൊ അമ്മയുടെ സങ്കടം . സ്പെഷല്‍ സ്കൂളില്‍ പോയിട്ടു മോള്‍ക്കുവന്ന ചെറിയ ചില മാറ്റങ്ങളെ പറ്റി ..സിറ്റിംഗ് ടോളറന്‍സ് കൂടി.. എന്നതൊക്കെ വന്‍ നേട്ടങ്ങലായിട്ടാണു നിത്യയുടെ അമ്മ പറയാറു. മോന്റെ ബുദ്ധിപരവും മോളുടെ ഡാന്‍സ് പരവുമായ നേട്ടങ്ങള്‍ പറഞ്ഞു ബോറടിപ്പിക്കുന്നവരുടെ ഇടയില്‍ ഇവര്‍ ഒറ്റപെട്ടു പോവുന്നു.
ഒരു കൂട്ടുകാരിയുടെ സഹോദരി, അമ്മയുടെ പ്രസവസമയത്തെ തകരാറിനാല്‍ ചലനശേഷി കുറഞ്ഞ പെങ്കുട്ടിയാണ്..പക്ഷെ അതീവ ബുദ്ധിശാലി, ധൈര്യശാലി..ഒരു പാടു നാളത്തെ ഫിസിയോ തെറാപ്പിക്കുശേഷം അല്‍പ്പമെല്ലാം ഭേദപ്പെട്ടു..എന്നാലും ആ ആന്റിയ്ക്കു എന്നും കണ്ണുനീരാണ്..അവരുടെ കാലശേഷം ആരു ആ മോളെ നോക്കും എന്ന വ്യഥ.മരിക്കാന്‍ പോലും മടി ആണെന്നാണു ആ ആന്റി പറയാറ് .അപ്പോള്‍ സാമ്പത്തികശേഷി ഇല്ലാത്ത , നിത്യവൃത്തിപോലും പരുങ്ങലിലായ അമ്മമാരുടെ കാര്യം എത്ര ദയനീയമായിരിക്കും..
സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍..
പ്ക്ഷെ മരിക്കാന്‍പോലും മടിക്കുന്നവര്‍..
ഒന്നാലോചിച്ചാല്‍ നമ്മളാരൊടെല്ലമോ കടപ്പെട്ടിരികുന്നില്ലെ? നന്ദി പറയേണ്ടതില്ലെ?
ഡിംഗ് ഡോങ്ങ്.. ഡിംഗ് ഡോങ്ങ് ..ഡോര്‍ ബെല്ലടിക്കുന്നുശ്ശൊ എഴുതി നേരം പോയതറിഞ്ഞില്ല..മോളു സ്കൂളില്‍ നിന്ന് വന്നെന്നാ തോന്നുന്നേ ..ഇന്നു ടേം എക്സാം മാര്‍ക്ക് അറിഞ്ഞു കാണും ...A* കിട്ടിയില്ലാ എങ്കില്‍ ഞനിന്നവളെ...ശ്ശൊ ഞാനെന്തെങ്കിലും പറഞ്ഞോന്നോ..ഇല്ലല്ലൊ നിങ്ങള്‍ക്കു തോന്നിയതാവും.
വാല്‍കഷണം: നിത്യയുടെ പേരു സാങ്കല്പ്പികം..അല്ല ഞാന്‍ തന്നെ സാങ്കല്‍പികമായസ്ഥിതിക്കതു സ്വാഭാവികം
പ്രിയംവദ
Sunday, January 07, 2007
ബൂലോഗ ചിത്രരചനാ മല്‍സരം- ഫലപ്രഖ്യാപനം
1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ
2. ഏറ്റവും നല്ല ചിത്രം
കുമാര്‍, സാക്ഷി എന്നിവരായിരുന്നു ജഡ്ജസ്സ്. രണ്ടുപേരും ഒരുപാട് തിരക്കിനിടയിലാണ് ഇതിന് മാര്‍ക്കിടാന്‍ സമ്മതിച്ചത്. 55 എന്‍ട്രികളില്‍ നിന്നും സമ്മാനര്‍ഹമായവ കണ്ടുപിടിക്കാന്‍ രണ്ടുപേര്‍ക്കും നല്ല ബുദ്ധിമുട്ടുണ്ടായിക്കാണും. കുമാറേട്ടനേനും സാക്ഷിയ്ക്കും വനിതാലോകത്തിന്റെ വക നന്ദിയുടെ പൂചെണ്ടുകള്‍ (ദേ പിടിച്ചൊ).
സമ്മാനര്‍ഹമായ പടങ്ങള്‍ താഴെ കൊടുക്കുന്നു.
വിഭാഗം 1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ
ഒന്നാം സമ്മാനം: രേഷ്മ

രണ്ടാം സമ്മാനം രണ്ട് പേര്‍ക്കുണ്ട് വക്കാരിയ്ക്കും ഉത്സവത്തിനും
രണ്ടാം സമ്മാനം: വക്കാരി

രണ്ടാം സമ്മാനം: ഉത്സവം

മൂന്നാം സമ്മാനവും രണ്ട്പേര് പങ്കിട്ടു. ശാലിനിയും വിശാലമനസ്കനും
മൂന്നാം സമ്മാനം: ശാലിനി

മൂന്നാം സമ്മാനം: വിശാലമനസ്കന്

വിഭാഗം 2. നല്ല പടങ്ങള്‍
ഒന്നാം സമ്മാനം: ശനിയന്‍

രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് കൈപ്പള്ളിയ്ക്കും ഗോപികയ്ക്കും
രണ്ടാം സമ്മാനം :കൈപ്പള്ളി

രണ്ടാം സമ്മാനം: ഗോപിക

മൂന്നാം സമ്മാനം: ഉണ്ണിക്കുട്ടന്

പടങ്ങള്‍ അയച്ച എല്ല കുഞ്ഞി കൂട്ടുകാര്‍ക്കും പ്രത്യേക സമ്മാനമുണ്ട്. കുട്ടികളുടെ എല്ലാ പടങ്ങളും താഴെ കൊടുക്കുന്നു.
അനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്: ഉണ്ണി

അനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്: കണ്ണന്

കൃഷിന്റെ മകള്‍:രേഷ്മ (1)

കൃഷിന്റെ മകള്‍:രേഷ്മ (2)

കൃഷിന്റെ മകള്‍:രേഷ്മ (3)

കൃഷിന്റെ മകള്‍:രേഷ്മ (4)

കൃഷിന്റെ മകള്‍:രേഷ്മ (5)

ക്രിഷ്ന്റെ മകള്‍:രേഷ്മ (6)

കുറുമാന്റെ ചേട്ടന്റെ മകന്: ഋതിക്

കുമാറേട്ടന്റെ മകള്‍: കല്യാണി

Saturday, January 06, 2007
സ്വയം പര്യാപ്തത, എങ്ങനെ! ആരെല്ലാം?
ജോലിക്ക് പോകുന്നവരായ അമ്മമാരുടെ ജോലിഭാരം കുറക്കാന്‍ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും, ഒരുപോലെ, അവരെ എങ്ങനെ സഹായിക്കാം എന്നൊരു ചര്‍ച്ച ഇവിടെ തുടങ്ങിയാലോ? ഇതൊരു ചര്‍ച്ചാ വേദി മാത്രം ആണ്! വാഗ്വാദം അല്ല, സഹകരിക്കൂ, സഹോദരിമാരേ, സഹോദരന്മാരേ!!
കുട്ടികളേയും ചെറുപ്പത്തിലേ സ്വയം പര്യാപ്തരാക്കണം, അവരവരുടെ കാര്യങ്ങള്‍, സ്വയം ചെയ്യാന്‍ പ്രേരിപ്പിക്കണം, അതിനു ചെറിയ ശാസനയൊക്കെ ആവാം.അവരവരുടെ ഷൂ പോളീഷ് ചെയ്യുക, സ്കൂളിലേക്കുള്ള റ്റൈംറ്റേബിള്‍,ഇടാനുള്ള വസ്ത്രങ്ങള്‍ എല്ലാം തലേന്ന്, എടുത്ത് ,തയ്യാറാക്കി വെക്കുക, എന്നിങ്ങനെ പോകുന്നു, ആ പട്ടിക.
എല്ലാം സ്വയം ചെയ്യാനം എന്ന വാശിയും സ്ത്രീകള്‍ കളയണം, അതുവഴി, നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ തന്നെ സ്വയം പര്യാപ്തതക്കാണ്, കോടാലി വെക്കുന്നത്, എന്നറിയുക. ഒരു കാലത്ത്, മറ്റൊരു കുടുംബത്തിന്റെ നെടുത്തൂണുകളാകേണ്ടവരാണ് അവരും.ഭാര്യ പാചകത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍, ഭര്‍ത്താവിനും കുട്ടികള്‍ക്കും വീട് വൃത്തിയാക്കാം, ഇസ്തിരി ഇടാം, അങ്ങിനെ പലതും, വീണ്ടു വിചാരത്തോടേ ചെയ്താല്‍, ഒരു പരിധിവരെ, നമ്മുടെ ഈ പ്രവാസ ജീവിതം ലഘൂകരിക്കാം. ജോലിക്ക് പോകുന്ന സ്ത്രീകള്‍ വല്ലാത്ത റ്റെന്‍ഷനിലാണ്, ഇത് കുറക്കണമെങ്കില്‍, വീട്ടിലുള്ള എല്ലാവരും ശ്രമിച്ചാലേ നടക്കൂ.
പ്രവാസികളായ നമ്മുക്ക്, വല്ലാത്ത പരിമിതികള്‍ ഉണ്ട്, സമ്മതിക്കുന്നു, എന്നിരുന്നാലും , ഒരു അഭിപ്രായപ്രകടനത്തിലൂടെ നമുക്ക് അന്യോന്യം, സഹായിച്ചുകൂടെ??