Thursday, October 26, 2006

ബക്കറ്റില്‍ വിരിയിക്കാനാവുന്ന മഴവില്ല്

വര്‍ത്തമാന കാലഘട്ടത്തിന്റെ ഒരു പ്രവണതയാണ് ഭൂതകാലത്തിന്റെ നന്മകള്‍ മാത്രം വര്‍ണ്ണിച്ച് കൊണ്ട് അതിനെ പറ്റി ദുഃഖിക്കുകയും ആ നഷ്ടബോധം മറ്റുള്ളവരില്‍ പകര്‍ത്തുകയും ചെയ്യുക എന്നത്, ഇത് പ്രധാനമായും സംഭവിക്കുന്നത് കുട്ടിക്കാലത്തെ പറ്റിയുള്ള ഓര്‍മ്മകളിലും.

ഒരു പക്ഷേ അത് സത്യമായിരുന്നിരിക്കാം, ഓടികളിക്കാന്‍ അളവറിയാത്ത വിധം സ്ഥലവും, വാരികളിക്കാന്‍ മാലിന്യം നിറയാത്ത മണ്ണും ഒക്കെ. പക്ഷേ ലഭ്യമല്ലാത്ത ഒന്നിനെ ഓര്‍മ്മിപ്പിച്ച് നമ്മുടെ കുരുന്നുകളെ, അവരറിയാതെ തന്നെ നാം നിരാശയിലേയ്ക്ക് നയിക്കുന്നുണ്ടോ എന്നെനിക്ക് സംശയം തോന്നുന്നു, മറ്റൊരു വശം, കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തവരാണ് മാതാപിതാക്കള്‍ എന്ന ചിന്തയുടെ വിത്ത് അവരുടെ മനസ്സിലിടാനും ഈ ഭൂതകാലത്തിലേയ്ക്കുള്ള ഊളിയിടല്‍ ഇടയാക്കുന്നു.

ഈയിടെ പുറത്തു വന്ന ഒരു പഠനത്തില്‍ സ്വതവേയുള്ള ധാരണയ്ക്ക് വിപരീതമായി ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ മക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു എന്ന് പറയുന്നു.

ഇതിന് ഉദാഹരണങ്ങള്‍ നമുക്ക് തന്നെ പറയാനാവില്ലേ, പണ്ട് അമ്മയെന്ന വ്യക്തി നമ്മുടെ അക്ഷയ പാത്രത്തിന്റെ റോളും അച്ഛന്‍ വീടിന്റെ നെടുതൂണ്‍, സുപ്രീം കോര്‍ട്ട് എന്ന രീതിയില്‍ നിന്നും മാറി ഇന്ന് അച്ഛനും അമ്മയും കുട്ടികളും അതില്‍ നിന്നേറെ സ്വാതന്ത്രമുള്ള ഒരു കാലത്തിലെയ്ക്ക് വന്നിരിക്കുന്നു

എന്റെയീ എഴുത്തിന്റെ ഉദ്ദേശ്യം തന്നെ, നമുക്ക് മാറ്റങ്ങളെ അംഗീകരിച്ചു കൂടെ, അംഗീകരിച്ചാല്‍ മാത്രം പോരാ അവയുടെ നല്ല വശങ്ങള്‍ കണ്ടെത്താന്‍ നാമവര്‍ക്ക് കൂട്ട് ചെല്ലുകയും വേണം, അപ്പോള്‍ മാത്രമേ അവയുടെ പൊരുള്‍ നമുക്കും കുട്ടികള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ..

ഒരു കൂട്ടുകാരിയോടെന്ന പോലെ അമ്മയോട് സംസാരിക്കാന്‍ പറ്റുകയും ഒരു സുഹൃത്തിനൊടെന്ന പോലെ തുറന്ന സംവാദങ്ങള്‍ അച്ഛനുമായി നടത്താനാവുന്നതും ഇന്നത്തെ തലമുറയുടെ ഭാഗ്യമാണ്, ഇതിന്റെ 100% പ്രയോജനം അവര്‍ക്ക് നേടി കൊടുക്കേണ്ടത് മാതാപിതാക്കളാണെന്ന് മാത്രം.

ഉദാഹരണമായി ടി. വി അഡിക്റ്റാണ് കുട്ടികള്‍ എന്ന് പറയുമ്പോള്‍ തന്നെ ഓഫീസില്‍ നിന്നെത്തി ചൂടാറാന്‍ ഇരിക്കുന്ന ഇരുപ്പ് അപ്പോഴോടുന്ന സിനിമ തീരുന്നത് വരെയാകുന്നതും രാത്രി അല്പം ഉറക്കമിളച്ചാലും ഈ പടം കൂടി കാണാം എന്നും നാം പലപ്പോഴും കരുതാറില്ലെ.

ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ വെള്ളവും മണ്ണും ലഭിക്കുന്നില്ലെന്ന് സങ്കടപ്പെടുമ്പോഴും നമ്മിലെത്ര പേര്‍ അവര്‍ക്ക് പൈപ്പിലെ വെള്ളം തെറിപ്പിച്ച് മഴവില്ല് കാട്ടികൊടുത്തിട്ടുണ്ട്, പാര്‍ക്കിലെ ക്യാക്റ്റസിന്റെ ഇലകള്‍ക്ക് ആ ആകൃതിയുടെ കാരണവും പകല്‍ കാണുന്ന നക്ഷത്രത്തേയും കാട്ടികൊടുത്തിട്ടുണ്ട്? ഇതൊക്കെ ആ ലഭിക്കുന്ന അവരുടേയും നമ്മുടേയും തിരക്കെറിയ ജീവിതത്തിന്റെ ഇടവേളകളില്‍ തന്നെ ആവാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

വളരെ വേഗം മാറുന്ന ഈ കാലഘട്ടത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ച് നില്ക്കാനാവാതെ വരുന്നത് ഒരു പക്ഷേ ഈ തിരിഞ്ഞു നോക്കലിനിടയില്‍ നാം മുന്‍പിലുള്ളതിനായി കരുതി നില്ക്കാന്‍ മറക്കുന്നു എന്നത് കൊണ്ട് തന്നെയാണ്.

ഈയൊരു ചെറിയ ലേഖനം കൊണ്ട് ഈ വിഷയം മുഴുവനാകും എന്ന് ഞാന്‍ കരുതുന്നില്ല, എന്നിരിക്കലും തിരക്കുകളില്‍ കിട്ടുന്ന വളരെ കുറഞ്ഞ സമയങ്ങളില്‍ എങ്ങനെ അച്ഛനമ്മമാര്‍ക്ക് കൂടുതല്‍ സ്നേഹവും വഴിവെളിച്ചവും കൊടുക്കാനാവും എന്നത് മറുപടികളായി വരുമെന്ന് ഞാന്‍ കരുതുന്നു.

-പാര്‍വതി.

21 comments:

പാര്‍വതി said...

ഡിജിറ്റല്‍ ക്ലോക്കിലെ അക്കമാറ്റങ്ങള്‍ക്ക് വേഗത കൂടുതലാവാം, അതൊരു തോന്നലുമാവാം, സ്നേഹത്തിന്റെ കല്‍ക്കണ്ട തുണ്ടുകള്‍ ഇന്നും മധുരിക്കുന്നവ തന്നെ

-പാര്‍വതി.

കുറുമാന്‍ said...

കഥ, കവിത, ദാ ഇപ്പോ ലേഖനത്തിലും കൈ വച്ചിരിക്കുന്നു. നല്ല സംരംഭവും ആശയവും തന്നെ. പക്ഷെ മുഴുവനാക്കാതെ ഇടയില്‍ വച്ചവസാനിപ്പിച്ചില്ലേന്ന് ഞാന്‍ ചോദിച്ചാല്‍?

പാര്‍വതി said...

കുറുമാന്‍ :- പൂര്‍ത്തിയാക്കാതെ ഞാന്‍ എന്നിലും വലിയവരുള്ള ഈ ഭൂലോകത്തിലേയ്ക്ക് വിട്ടതാണ്, നല്ല ചിന്തൊദ്ദീപകങ്ങളായ മറുപടികള്‍ വരട്ടെ,അര്‍ത്ഥവത്തായതും ഫലപ്രദവുമായ ഒരു സംവാദത്തിന് ഇടയാവട്ടെ.

-പാര്‍വതി

ലാപുട said...

"ബക്കറ്റില്‍ വിരിയിക്കാനാവുന്ന മഴവില്ല് "- അതിസുന്ദരം ഈ തലക്കെട്ട്. സാധ്യതകളുടെ അപരിചിതമായ ആകാശങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഈ കുറിപ്പും.

മേതില്‍ said...

നല്ല ലേഖനം.

പൊന്നപ്പന്‍ - the Alien said...

ലാപുട പറഞ്ഞതു തന്നെയേ എനിക്കും പറയാനുള്ളൂ. മഴ പെയ്യുന്നതും മഴവില്ലു തെളിയുന്നതുമായ എത്രയോ ബക്കറ്റുകളാണ് നമുക്കു ചുറ്റും. വീട്ടുമുറ്റത്തെ ഉപേക്ഷിക്കപ്പെട്ട ഇരുമ്പു ബക്കറ്റില്‍ പോലും ഒരു ചെറിയ മഴവില്ലു വിരിഞ്ഞു നില്‍ക്കുന്നതും ഒരു കുഞ്ഞുപെണ്‍കുട്ടി അതു ചൂടി സ്ക്കൂളിലേക്കു പോകുന്നതുമൊക്കെ ഒരു നിമിഷം ഓര്‍ത്തു.. മനോഹരമായ കുറേ വിഷ്വല്‍‌സ് തന്നു ആ തലക്കെട്ട്.

ഇത്തിരിവെട്ടം|Ithiri said...

പാര്‍വ്വതീ നന്നായിരിക്കുന്നു... എന്നാലും എന്തോക്കെയോ ബാക്കിവെച്ച് പറഞ്ഞപോലെ.

ദില്‍ബാസുരന്‍ said...

പാറു ച്യാച്ചീ,
കലക്കി. ഇത് ഞാന്‍ പറയണം എന്ന് വിചാരിച്ച കാര്യമായിരുന്നു. പക്ഷെ എക്സാമ്പിള്‍ പറയാനുള്ള എക്സ്പീരിയന്‍സിന്റെ കുറവ് മൂലം മിണ്ടാതിരുന്നതാണ്. :-)

എല്ലാ പോയിന്റ്സും നോട്ട് ചെയ്യുന്നുണ്ട്. :-))

മിന്നാമിനുങ്ങ്‌ said...

പാര്‍വതീ,നല്ല നിരീക്ഷണങ്ങള്‍
ഒരു കൊച്ചു ലേഖനത്തില്‍ കാലികപ്രസക്തമായ ഒരു വിഷയത്തിലേക്ക്‌ വെളിച്ചം വീശിയിരിക്കുന്നല്ലോ.
തങ്ങളുടേതായിരുന്നു നല്ല കാലഘട്ടമെന്ന് ഓരോരുത്തരും പറയുകയും അതിനായി വാദിക്കുകയും ചെയ്യുകയെന്നുള്ളത്‌ ഇന്നൊരു പ്രതിഭാസമാണു.

ശരിയാണു.കഴിഞ്ഞ കാലത്തെ അപേക്ഷിച്ച്‌ ഇന്നത്തെ തലമുറ മാതാപിതാക്കളൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നുവെന്നുള്ളത്‌ ശരിയായിരിക്കാം.പക്ഷെ,ഇതിനൊരു മറുവശം കൂടിയില്ലേ?

ഓടിക്കളിക്കാന്‍ അളവറിയാത്ത വിധം സ്ഥലവും വാരിക്കളിക്കാന്‍ മാലിന്യം നിറയാത്ത മണ്ണും കൂടെക്കളിക്കാന്‍ അയല്‍പക്കത്തെ കൂട്ടുകാരുമില്ലാതെ,പട്ടണത്തിലെ ഫ്ലാറ്റ്‌ മുറിയിലെ നാലുകല്‍മതിനുള്ളിലെ അടച്ചിട്ട മുറിയില്‍ മണ്ണിനെയും പ്രകൃതിയെയും അറിയാതെയുള്ള കളി ഏതു കുഞ്ഞുങ്ങളിലാണു നിരാശയുണര്‍ത്താതിരിക്കുക?മടുപ്പുളവാക്കാതിരിക്കുക?

മാനത്തെ മാരിവില്ലിനോളം വരുമോ ബക്കറ്റില്‍ വിരിയിക്കാനാവുന്ന മഴവില്ല്?

വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ ലോകം അച്ചനുമമ്മയും പിന്നെയൊരു കമ്പ്യൂട്ടര്‍ ഗയിമിലുമായി ഒതുക്കേണ്ടതുണ്ടോ?തൊട്ടപ്പുറത്തെ ഫ്ലാറ്റ്‌ മുറിയിലെ അയല്‍പക്കക്കാര്‍ ആരെന്നുപോലുമറിയില്ലെങ്കിലും ഇന്റര്‍നെറ്റിലൂടെ അവരെന്നും സല്ലപിക്കാറുള്ളത്‌ കാലിഫോര്‍ണിയയിലെയും നൈജീരിയയിലെയും അങ്കിള്‍-ആന്റിമാരാകുമ്പോള്‍,അവരുടെ കുഞ്ഞുമനസ്സില്‍ വിശാലമായ മുറ്റത്ത്‌ മണ്ണും മനസ്സുമറിഞ്ഞ്‌ കളിച്ചിരുന്ന കഴിഞ്ഞുപോയകാലത്ത്‌ വളര്‍ന്നുവന്നവരിലെ സൗഹൃദം പ്രതീക്ഷിക്കാനാകുമോ?

പാര്‍വതി said...

ഇല്ല മിന്നാമിനുങ്ങേ,

അത് തന്നെ ഞാനും പറയുന്നു, എന്നാലും എന്റെ കുഞ്ഞിന് വേണ്ടി കോടികള്‍ മുടക്കി ഇവിടെ ഒരാമ്പല്‍കുളവും മുറ്റവും ഉണ്ടാക്കാന്‍ എനിക്കാവില്ലല്ലോ. നമ്മുടെ കാലത്തിന്റെ നന്മകളായിരുന്നു അത്, അത് മാറിയിരിക്കുന്നു, അത് കൊണ്ട് ഇന്നിന്റെ റിസോഴ്സസിനെ നമുക്കുപയോഗിക്കാന്‍ ശ്രമിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്, അപ്പോള്‍ ബക്കറ്റില്‍ ഇത്തിരി സോപ്പുപൊടിയിട്ട് അതിന്റെ കുമിള്‍കളില്‍ പല കളറുകര്‍ വരുന്നതും അതിന്റെ കാരണവും മഴവില്ലിന്റെ കഥയും ഇത്തിരി ഫ്ലാറ്റിന്റെ ഉള്ളില്‍ പറയാന്‍ ആവില്ലേ..

പിന്നെ കമ്യൂണിറ്റിയുടെ കാര്യം തീര്‍ച്ചയായും നല്ലകാര്യങ്ങള്‍ തന്നെ, അതു വേണം താനും, ലോകം ഇത്ര ചെറുതല്ല എന്ന തോന്നലുണ്ടാകാതിരിക്കാന്‍, തിരക്കിന്റെ പരിമിതിക്കുള്ളില്‍ നിന്ന് നമുക്ക് ഉണ്ടാക്കാവുന്ന രസകരമായ അനുഭവങ്ങളെയാണ് ഞാന്‍ പ്രധാനമായും ഉദ്ദേശിച്ചത്.

-പാര്‍വതി.

മുരളി വാളൂര്‍ said...

ഓരോരുത്തരുടേയും ബാല്യത്തില്‍ വന്നുചേരുന്ന സംഭവങ്ങളാണ്‌ അവരുടെ മനസ്സിനെയും സ്വഭാവത്തേയും രൂപപ്പെടുത്തുന്നത്‌ എന്നു ഞാന്‍ കരുതുന്നു. ചെറുപ്പത്തില്‍ കണ്ട കിനാക്കളും, ഓടിനടന്ന ഇടവഴികളൂം, നീന്തിത്തുടിച്ച പുഴകളും, ഉത്സവം തിമിര്‍ത്ത അമ്പലപ്പറമ്പുകളും എപ്പോഴും അവന്റെ പുറകേയുണ്ടാകുമെന്നതിന്‌ സംശയമേതുമില്ല. പക്ഷേ അതു പുതു തലമുറക്കന്യമെന്നതുകൊണ്ട്‌ അതവരുടെ തീരാനഷ്ടം എന്ന ഒരു ലൈനില്‍ ട്രീറ്റ്‌ ചെയ്യേണ്ടതില്ല. ചില നഷ്ടങ്ങള്‍ക്ക്‌ പകരം വയ്ക്കാന്‍ അവര്‍ക്ക്‌ പലേ നേട്ടങ്ങളും ഉണ്ടാകും. ഇപ്പോഴുള്ള ബാല്യങ്ങള്‍ വളര്‍ന്ന്‌ വലുതാവുമ്പോള്‍ അവര്‍ അവരുടെ മക്കളോട്‌ പുഴയേയും ഉത്സവത്തേയും തെയ്യത്തേയും നാലുകെട്ടിനേയും കുറിച്ചായിരിക്കില്ല പറഞ്ഞുകൊടുക്കുക. പഴമയേക്കാള്‍ വേഗതയേറിയ (നൈര്‍മ്മല്യമല്ല) ഈ ലോകത്ത്‌ കുട്ടികളുടെ മനോവികാരങ്ങളും അല്‍പം വേഗതയേറിയതുതന്നെയായിരിക്കും.

ഡാലി said...

പാര്‍വതി, നല്ല ലേഘനം.
നമുക്ക് സാധ്യമായതൊക്കെ നാം പറഞ്ഞ് കൊടുക്കുകയും മനസ്സിലാക്കി കൊടുക്കുകയും ഇന്നിന്റെ റിസോഴ്സസ്സ് ഉപയോഗിക്കുകയും ചെയ്യാം, ചെയ്യുക തന്നെ വേണം.

പിന്നെ പഴയകാലത്തിന്റെ നന്മ എന്ന് പറയുമ്പോള്‍ മനസ്സിലേയ്ക്ക് വരുന്നത് സഹോദരങ്ങള്‍ ഒരുമിച്ച് ഉള്ളത് പങ്കുവെച്ച് കഴിഞ്ഞ ഒരു കാലം കൂടിയാണ്. ഇന്ന് ഒരു കുട്ടിയിലേയ്ക്ക് ചുരുങ്ങുന്ന സമൂഹത്തില്‍ പങ്കുവെയ്ക്കലിന്റെ നന്മ കുട്ടികള്‍ മനസ്സിലാക്കാതെ പോകുന്നു. കൂട്ടുകാര്‍ അമ്മയും അച്ഛനും മാത്രമായി ചുരുങ്ങുന്നതു കൊണ്ട് കൂടിയണത്.

മാറ്റങ്ങള്‍ അംഗീകരിക്കുക തന്നെ വേണം. പഴയകാലത്തിനെ നന്മകളെ കൂടെ കൂട്ടാനും കൂടിയായാല്‍........

വേണു venu said...

ഭൂതകാലത്തിന്റെ നന്മകള്‍ മാത്രം വര്‍ണ്ണിച്ച് കൊണ്ട് അതിനെ പറ്റി ദുഃഖിക്കുകയും ആ നഷ്ടബോധം മറ്റുള്ളവരില്‍ പകര്‍ത്തുകയും ചെയ്യുക എന്നത്, ഇത് പ്രധാനമായും സംഭവിക്കുന്നത് കുട്ടിക്കാലത്തെ പറ്റിയുള്ള ഓര്‍മ്മകളിലും.
പാര്‍വ്വതീ,
ലേഖനം ഇഷ്ടപ്പെട്ടു.
“വേഗത കൂടുതലാവാം, അതൊരു തോന്നലുമാവാം.“
അതു തോന്നലല്ല.സത്യമാണു്.
“ഇന്നലെയൊരു ഇ-ബുക്ക് കിട്ടി.
ഇതിലെങ്ങെനെയാണെന്റെ
മയില്‍പ്പീലികള്‍ ഒളിപ്പിക്കുക?
ഇതിലെങ്ങനെയാണവ പെറ്റു പെരുകുക?

അടുത്തപേജിലേക്കുള്ള ലിങ്കില്‍
മൌസ് ക്ലിക്കിനോടൊപ്പം
തുപ്പല്‍ തൊട്ട് പേജ് മറിക്കുന്ന ഒച്ച
ഒളിച്ചു വയ്ക്കാനാവുമോ?“
ഇന്നു് മൂഷികം എന്ന ബ്ലോഗില്‍ വായിച്ചതാണു്.വളരെ ചിന്തിപ്പിക്കുന്ന വരികള്‍.
ഇപ്പോള്‍ ഈ ലേഖനം വായിച്ചപ്പോള്‍ വീണ്ടും അതോര്‍ത്തു.
കാലത്തിന്‍റെ മാറ്റങ്ങള്‍ക്കു മുന്നില്‍,
ഓട്ടമാണു്.കാലഘട്ടം,തലമുറ,മാറ്റങ്ങള്‍.
സോപ്പു പതയില്‍ മാരിവില്ലിനെക്കാണിക്കാനുള്ള സമയം പോലും നഷ്ടമാകുന്ന തലമുറയാണിനി ഉണ്ടാവാന്‍ പോകുന്നതു്.ഇതേ പംക്തിയില്‍ ഡാലി കളിപ്പാട്ടങ്ങളെ കുറിച്ചെഴുതിയിരുന്നതിനും കൂടി,എനിക്കീ വരികള്‍ ഓര്‍മ്മ വരുന്നു.
“നില്‍ക്ക്ക്കുമീ നില്പില്‍ നില്‍ക്കാതെ
നീങ്ങി മുന്നോട്ടു പോയിടാം
പിടിച്ചുതള്ളുമല്ലെങ്കില്‍
പിന്നില്‍ നിന്നും വരുന്നവര്‍“.
ഉള്ളൂരിന്‍റെ ദീര്‍ഘവീക്ഷണം.
ഞാന്‍ ശരിയായി പറഞ്ഞു എന്നു ഞാന്‍ കരുതുന്നില്ല.
പറഞ്ഞതു ശരിയാണൊ,പാറു പറയുക.
"ബക്കറ്റില്‍ വിരിയിക്കാനാവുന്ന മഴവില്ല് സുന്ദരം തന്നെ.

സുധ said...

നല്ല വരികള്‍.
തിരക്കുപിടിച്ചജീവിതത്തിനിടയില്‍ സ്വന്തമല്ലാത്ത വില്ലകളിലും ഫ്ലാറ്റുകളിലും ഉള്ള പരിമിതമായ സ്ഥലത്ത്‌ താമസിയ്ക്കുമ്പോള്‍ ആ പരിമിതിതികളില്‍ നിന്നുകൊണ്ട്‌ കുട്ടികള്‍ക്കു ചെയ്തുകൊടുക്കാന്‍ കഴിയുന്നതൊക്കെ ചെയ്തുകൊടുക്കുക എന്നതാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്‌. അത്‌ ബക്കറ്റില്‍ മഴവില്ല്‌ വിരിയിച്ചോ പൂക്കള്‍ വിരിയിച്ചോ എങ്ങിനെയും. നാട്ടിലെകുട്ടികളില്‍നിന്നും നാട്ടറിവിന്റെ പരിചയമില്ലാത്ത ഇവിടുത്തെകുട്ടികള്‍ എന്തും അത്ഭുതത്തോടെ നോക്കിക്കാണുന്നവരാണ്. ചെറിയ സംശയങ്ങള്‍ക്കുപോലും അവര്‍ക്കു മനസ്സിലാകുന്നരീതിയില്‍ ഉത്തരംകൊടുത്ത്‌ വീണ്ടും ചോദ്യങ്ങളിലേയ്ക്കു അവരെ നയിയ്ക്കുക. മാതാപിതാക്കള്‍ കമ്പ്യൂട്ടറിനടിമയാകുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ സംശയങ്ങള്‍ക്കോ മഴവില്ലു വിരിയ്ക്കല്‍ പോലുള്ള പരീക്ഷണങ്ങള്‍ക്കോ മാതാപിതാക്കളുടെ കൂട്ട്‌ എത്രത്തോളം അവര്‍ക്കുണ്ടാകും ഇന്ന ഒരു വിഷമം ബാക്കി.

Anonymous said...

എല്ലാ പോസ്റ്റുകളും വായിച്ചുപോയി നന്നായിരിക്കുന്നു. പിന്നെ വിശദമായി ഒരു കമന്റ്‌ എഴുതണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ സമയക്കുറവു തന്നെ കാരണം. എന്നുകരുതി താങ്കളുടെ ബ്ലോഗ്ഗ്‌ കാണുന്നില്ലാന്ന് കരുതരുത്‌. എന്റെ ബ്ലോഗ്ഗുതന്നെ ഒരുവിധം കൊണ്ടുപോകുന്നു.
എല്ലാ വിധ ആശം സകളും. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ഗൂഗിള്‍ ഏര്‍പ്പെടുത്തിയ ബീറ്റാവെര്‍ഷന്റെ ചില പ്രോബ്ലങ്ങള്‍ കാരണം എനിക്ക്‌ ലോഗിഞ്ചെയ്തു കമന്റിടുവാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
www.paarppidam.blogspot.com

പാര്‍വതി said...

ചെറുപ്പത്തില്‍ പണത്തിന്റെ ഞെരുക്കത്തില്‍ ആഗ്രഹങ്ങളെ അടക്കിവയുക്കുമ്പോള്‍ അമ്മ പറയുമായിരുന്നു..മനസ്സിന് ആഗ്രഹം തോന്നുന്നവയെ ആത്യാവശ്യം, ആവശ്യം, ആഗ്രഹം, അത്യാഗ്രഹം എന്നിങ്ങനെ തെരിക്കണമെന്ന്..

എനിക്കിത് വരെ അത്രയും സാധിച്ചിട്ടില്ല, നമ്മുടെ കുട്ടികളും അവരുടെ വളര്‍ച്ചയും അച്ഛനെനേയും അമ്മയേയും സ്നേഹിക്കാന്‍ പഠിപ്പിക്കാനുള്ള സമയത്തേയും ഇതില്‍ ഏതില്‍ കൂട്ടണമെന്നത് ഓരോരുത്തരുടെ ചിന്താഗതിയനുസരിച്ചായിരിക്കും.

ജനറലൈസേഷന്‍സ് എന്നും എളുപ്പമല്ലേ..

:-)

-പാര്‍വതി.

പാച്ചു said...

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പൊഴണെന്നു തോന്നുന്നു...
എനിയ്ക്കൊരു സൈക്കിള്‍ വാങ്ങണമെന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു..

"മോനേ, നാലരെം നാലരെം ഒന്‍പതു മൈയില്‍ നടന്നാ ഞാന്‍ പഠിച്ചത്‌."

ഇന്നും പഴയ സ്കൂളിന്റെ മുന്നിലൂടെ ബസ്സില്‍ പോകുമ്പൊ അല്‍ഭുതമാണ്‌..

"ദൈവമെ,ഇത്രയും ദൂരം ഞാന്‍ നടന്നിരുന്നോ.?
അതും എല്ലുറയ്ക്കാത്ത ആ പ്രായതില്‍.?"

നാളെ ഒരു പക്ഷെ എന്റെ കുട്ടി അഞ്ചാം ക്ലാസ്സില്‍ ചോദിക്കുക ഒരു ബൈക്കാവാം.

അപ്പൊള്‍ ഞാന്‍ പറഞ്ഞെക്കാം..

"മോനേ, രണ്ടരെം രണ്ടരെം ........"

( ബാക്കി ഞാന്‍ പറയണൊ.!!)

വൈക്കന്‍... said...

പാര്‍വ്വതി നല്ല വിഷയം, തിരക്കേറിയ മാതപിതാക്കള്‍... പക്ഷേ സ്നേഹം കൊടുക്കാന്‍ വളരെ ശ്രമിക്കുന്നുമുണ്ടെന്ന് ഞാനും കരുതുന്നു.
ദൂരദര്‍ശന്റെ ഒരു ഷോയില്‍ കവി മധുസൂദനന്‍ നായരുമായി ലൈവ് സംസാരിച്ച ഒരു അച്ഛന്‍ വളരെ വികാരീധനായി വിതുമ്പി.
“മകന്‍ കോളേജിലാണു് .. എനിക്ക് ഭയമാകുന്നു.. ഈ കാലഘട്ടം... ചുറ്റും വളരെ ഭീതിയുളവാ‍ക്കുന്ന വാര്‍ത്തകള്‍..”
സ്വന്തം മകനെ കുറിച്ചുള്ള അമിത വാത്സല്യമോ? ഉല്‍ഘ്ണ്ടയോ? അതോ സ്വാര്‍ത്ഥതയോ?
കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ കവിയും ഇരുന്നു.
ഷോറി ഓ.ടോ ആയിപ്പോയെന്നാ തോന്നുന്നെ:)

Free Ads Team said...

Freeadsforbloggers.blogspot.com
A Small Idea from a Malayalee. visitors to your site?. Just test this. Place a banner link of my site to your blog. In return I will also do the same. By this both of us get visitors. Check this live at Freeadsforbloggers.blogspot.com
Freeadsforbloggers.blogspot.com

More Over Are You interested in making money with your blog by running ads in them.The below links are providing users with the world's most trusted and transparent marketplace to buy and sell online advertising.Just click to the below links, Singup the Pgm & Start earning today itself.
If you want any help for Singing up the pgm/ Implementing Code or some thing like that, feel free to contact me at freeadsforbloggers@rediffmail.com.
Make Money With Clicksor
Sell Your Blog Space
Earn Quick Money
Get 0.5$ per click

ദേവന്‍ said...

കഞ്ഞി വയ്ക്കാത്ത വീട്ടിലെ അടുപ്പില്‍ പൂച്ച കേറിക്കിടക്കുമ്പോലെ ദേ സ്പാമരനാം ബോട്ടുകാരന്‍ കേറി കിടക്കുന്നു ഈ ബ്ലോഗില്‍.

സുധച്ചേച്ചീ, ഡാല്യേ, പാറൂ
ഈ വീട്ടില്‍ ആളില്ലേ? എല്ലാരും ബ്ലോഗടച്ചു പോയോ.

Reshma said...

സുധേനെ വെറുപ്പിച്ച് മെമ്പര്‍ഷിപ്പ് വാങ്ങുമ്പോ ഇവിടെ കേറീട്ട് ഏന്താ മിണ്ടാന്‍ പോണേന്ന് ആലോചിച്ചില്ല. ബാലരമാ ലോകത്തെത്താനുള്ള കോപ്പേ കയ്യിലുള്ളൂന്ന് ഇപ്പൊ ഒരു.. ഷോരി സഖീസ്.