Tuesday, May 22, 2007

‘അത്തള പിത്തള തവളാച്ചി‘ കളികള്‍

കുട്ടികളികള്‍ പോസ്റ്റില്‍ കമന്റായി കിട്ടിയ അത്തള പിത്തള തവളാച്ചികള്‍ ഒന്നിച്ച് ഒരു പോസ്റ്റായി ഇടുന്നു.അത് കമന്റായി ഇട്ട ആളുടെ പേര് ബ്രാക്കറ്റില്‍ ചേര്‍ക്കുന്നു. ഈ പാട്ടുകള്‍ ഉള്ള പ്രദേശം കൂടെ അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഇനിയും പാട്ടുകള്‍ ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം. ഈ പാട്ടുകള്‍ ആരെങ്കിലും കൊച്ച് കുട്ടികളെ കൊണ്ട് പാടിച്ച് തന്ന്നിരുന്നെങ്കില്‍ അതും ചേര്‍ക്കാമായിരുന്നു.

1.
അത്തള പിത്തള തവളാ‍ച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുന്നു
(ഡാലി)

2.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
(പൊന്നപ്പന്‍)

3.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
(ഡാലി)

4.
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
(ഡാലി)

5.
നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടി വരുന്ന
<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ
(ഡിങ്കന്‍, വല്യമ്മായി)

6.
കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം
(ഡിങ്കന്‍)

7.
അത്തിള്‍ ഇത്തിള്‍ ബെന്തിപ്പൂ
സ്വര്‍ഗ രാജാ പിച്ചിപ്പൂ
ബ്ലാം ബ്ലീം ബ്ലൂം
(സാരംഗി)

8.
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന്‍ എങട്ട് പോയി?
ചാത്ത്ണ്ണാന്‍ പോയി
നെയ്യില് വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.
(-സു-സുനില്‍)

9.
പിന്‍ പിന്‍ ദെസറപ്പിന്‍
കൊച്ചിലോ ദെ അല്‍മാസിന്‍
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്‍
(തമനു)

10.
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.
(അപ്പൂസ്)

11.
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍ നിര്‍ത്തി.. വാഴ കുലച്ചു.. കുല കള്ളന്‍ കൊണ്ടു പോയി.. കള്ളന്‍ പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..
(സിജു)

12.
അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാ‍ലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
(പ്രമോദ്)

13.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള്‍ ഒരു പേരു പറയുന്നു - ‘പ്രമോദ്‘ പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)
പ്ര
മോ
ദ്

ന്നാ
കു
ന്നു.
അവസാനം വന്ന ആള്‍ പുറത്ത്.
(-സുല്‍)


14.
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാ‍ട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
(ഡിങ്കന്‍)

15.
ഒന്നാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

ഒന്നാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം

രണ്ടാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

രണ്ടാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം.
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍ പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്
(പ്രമോദ്)

16.
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ
(ഇഞ്ഛി, പ്രമോദ്)

17.
ഡും ഡും ഡും
ആരാത്?
ഞാനാണ്

എന്തിനു വന്നു?
പന്തിനു വന്നു.

എന്ത് പന്ത്?
മഞ്ഞപ്പന്ത്

എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ

എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി

എന്ത് പീലി?
കണ്‍പീലി

എന്ത് കണ്ണ്?
ആനക്കണ്ണ്

എന്ത് ആന?
കാട്ടാന

എന്ത് കാട്?
പട്ടിക്കാട്.

എന്ത് പട്ടി?
പേപ്പട്ടി.

എന്ത് പേ?
പെപ്പരപേ!!
(പീലികുട്ടി, വിശാലമനസ്കന്‍)

18.
അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍ ഓണത്തിനു പോമ്പം
*ആ‍ട കല്ല്
*ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍ ഇക്കിളികൂട്ടും.
* ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.
(പ്രമോദ്)

19.
ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില് പൂട്ടാം
(ഡിങ്കന്‍)

20.
കള്ളും കുടിച്ച് കാട്ടില്‍ പോകാ?
ഉം.
കള്ളനെ കണ്ടാല്‍ പേടിക്ക്വ?
ഇല്ല.
ഫൂ’ എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍.
കണ്ണു പൂട്ടിയാല്‍ പേടിച്ചു എന്നര്‍ത്ഥം

(പ്രമോദ്)

21.
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പട്ടണങ്ക് പോ
(ഡിങ്കന്‍, ഡാലി)

22.
ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്
ഏതാമോളേ ചെക്കന്‍
എക്സ്പ്രസ് ദിനകരന്‍
(ഡിങ്കന്‍, വിശാലമനശ്കന്‍, ഡാലി)

23.
ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ
(ഡിങ്കന്‍)

24.
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍ കൊള്ളാം.
ആരെ എറിയാന്‍...........
എല്ലാവരേം എറിയാന്‍ ......എന്നാ പിടിച്ചോ.....
(കൂറുമാന്‍)

25.
ഉപ്പിനു പോകണവഴിയേതു ..
കായം കുളത്തിനു തെക്കെതു
(ഇതു മുഴുവന്‍ ഇല്ല എന്ന് തോന്നുന്നു)
(പ്രിയംവദ)

26.
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
(പുള്ളി)

27.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്‌?
തെങ്ങിണ്റ്റെ ആര്‌
എന്തു തെങ്ങ്‌?
കൊന്നത്തെങ്ങ്‌
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
(വനജ)

28.
പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം
കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ
(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്‌ക്കാര്‍ വലിച്ച് കൊണ്ട് പോകുന്നു)
(ഡാലി)

29.
തങ്കപ്പന്‍ തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍
തങ്കമ്മ പെറ്റത്
തവളക്കുട്ടി

ആന വിരണ്ടത്
ആലില്‍ തളച്ചപ്പോള്‍
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ
(ഡിങ്കന്‍)

30
അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ
മലത്തിങ്ക്ലാ കൈപ്പത്തി മലര്‍ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്
(-സു-സുനില്‍)

31.
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്‌
നാഴിയുരി ചോറുണ്ട്‌
അമ്മാമന്‍ വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
..
“ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്‍.

“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “
എന്ന്‌ ചോദിച്ച് മടക്കിയ വിരലുകള്‍ക്‌ മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
(-സു-സുനില്‍)

32.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്.
കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.
(-സു-സുനില്‍)

Tuesday, May 08, 2007

കുട്ടികളികള്‍

കേരളത്തില്‍ വേനലവധിയാണ്. കുട്ടികള്‍ കളിച്ച് ആഘോഷിക്കുകയാണ്. ടി.വി യും കമ്പ്യൂട്ടറും ഒരു വലിയ വിഭാഗം കുട്ടികളെ ആകര്‍ഷിചിരുത്തിയേക്കാമെങ്കിലും ഒരു വിഭാഗം കുട്ടികള്‍ ഇതിലൊന്നും ആകൃഷ്ടരാകാതെ കളിച്ച് തിമര്‍ക്കുന്നുണ്ട്. ക്രിക്കറ്റും, പന്തുകളിയും, സൈക്കിള്‍ അഭ്യാസങ്ങളുമായി അവരെ നാട്ടില്‍ കാണാന്‍ കഴിഞ്ഞിരുന്നു.

ക്ലാസ്സിക് കളികളായ അമ്പസ്താനി (സാറ്റ്), രണ്ട് പെട്ടി, കിളിമാസ്, കുട്ടീം കോലും, കവിടി കളി, പളുങ്ക് കളി, പമ്പരം കൊത്ത് എന്നിവ എതാണ്ടന്യം നിന്ന പോലെയാണെങ്കിലും, അച്ഛനും- അമ്മയും- കുട്ടിയും കളി, സ്കൂള്‍-ടീച്ചര്‍, വീട്-കട, ചീട്ടുകളി എന്നിങ്ങനെ ഇന്നും നിത്യജീവിതത്തില്‍ കണ്ടു മുട്ടുന്ന സന്ദര്‍ഭങ്ങള്‍ കളികളായി ചെറിയ ചെറിയ വ്യത്യാസങ്ങളോടെ പുനാരാഖ്യാനം ചെയ്ത് തുടരുന്നത് തന്നെയാണ് കാണാന്‍ കഴിയുന്നത്.

വേനലവധി കാലത്തെ ഏറ്റവും പ്രധാന കളിയായ പമ്പരം കൊത്ത് കീ കൊടുത്ത് തിരിയുന്ന പമ്പരങ്ങളുടെ വരവോടെ ഏതാണ്ടില്ലാതെയായി. വേനല്‍ എന്ന തമിഴ് സിനിമയിലെ ഒരു സീന്‍ ഈ പമ്പരം കൊത്ത് കളിയെ വളരെ നന്നായി ചിത്രീകരിച്ചത് ഒരു നൊസ്റ്റള്‍ജിക് ഫീലിംങ് തന്നു. പളുങ്കു കളിയും, കല്ലു സോഡ പോലും ഇല്ലാതായതോടെ പളുങ്കും ഓര്‍മ്മകളില്‍ മാത്രമായി. പകരം ബ്രിട്ടാനിയ തരുന്ന സചിന്‍‌ന്റേയും ദ്രാവിഡീന്റേയും മുഖ ചിത്രമുള്ള പളുങ്കുകള്‍ കുട്ടികളുടേ ശേഖരങ്ങളെ സമ്പന്നമാക്കി. ചെമ്പരത്തി താളി വെളിച്ചെണ്ണയായും, ചെമ്പരത്തി മൊട്ട് പച്ചമുളകായും, ഇഷ്ടിക മുളക പൊടിയായും, വൃത്തിയായി കീറീയ കടലാസ് രൂപയാക്കിയതുമൊക്കെ ഇനിയുമൊരു തലമുറയ്ക്ക് മനസ്സിലാകില്ലായിരിക്കും. പ്ലാവില ഈര്‍ക്കില്‍ കൊണ്ട് കുത്തിയുണ്ട്ക്കിയ കലവും, മച്ചിങ്ങയുരച്ചുണ്ടാക്കിയ കറിയും, വെട്ട് തുണിയുപയോഗിച്ചുണ്ടാക്കിയ പാവയും മുന്‍ തലമുറയുടെ മനസ്സിലെ മ്യൂസിയങ്ങളില്‍ വല്ലപ്പോഴും മാത്രം വെളിച്ചമേറ്റ് കിടന്നേക്കാം. എന്നിരുന്നാലും കാശ് കൊടുത്ത് വാങ്ങിയ കുട്ടി വീട്ടുപകരണങ്ങളും, പ്ലാസ്റ്റിക് പാവകളും, ബാര്‍ബിയെന്ന അവരുടേ പ്രിയപ്പെട്ടവളും കൂടേ രംഗം മറ്റൊരു രീതിയില്‍ പുനരാവിഷ്കരിക്കുക തന്നെ ചെയ്യുന്നു. തൊമ്മികുഞ്ഞിന്റെ ഡിവിഡീ-ഹിപ്പോ കൊണ്ടാട്ടം നോക്കൂ. തീപ്പെട്ടി പടങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവച്ച് കളിച്ച ബാല്യത്തിനു പകരം ഫ്രീ കിട്ടുന്ന ട്രം കാര്‍ഡുകള്‍ ശേഖരിക്കുന്ന ബാല്യം. എല്ലാം ഒരു ശൈലി മാറ്റം മാത്രം. കാരണമന്വേഷിച്ചാല്‍ ചെന്നെത്തുക ഇന്നിന്റേയും ഇന്നലയുടേയും ജീവിത രീതികളില്‍ തന്നെയാവും.മുതിര്‍ന്നവര്‍ ചെയ്യുന്നത് അനുകരിക്കുക എന്നത് കുഞ്ഞു മനസ്സിന്റെ പ്രവണതയാണ്. കൂടുതല്‍ സമയം കപ്യൂട്ടറിലും ടി.വിയ്ക്ക് മുന്നിലും ഇരിക്കുന്ന മുതിര്‍ന്നവരെ കാണുന്ന കുട്ടി ടി.വിയിലും കപ്യൂട്ടര്‍ കളികളിലും ഉള്‍പ്പെട്ട് പോകുന്നതില്‍ അസ്വഭാവികത കാണാനാവില്ല.

എന്നാല്‍ ഇത്തരം ശൈലീ മാറ്റങ്ങള്‍ക്കിടയില്‍ മാറാതെ നില്‍ക്കുന്ന ഒരു കളീയാണ് അത്തള പിത്തള തവളാച്ചി.കളി സാധങ്ങള്‍ കൊണ്ട് പോകാനാകാത്ത സ്കൂളുകളിലില്‍ ആണ് ഈ കളികള്‍ എന്നും നിറഞ്ഞാടിയിരുന്നത്. ദീഘദൂര യാത്രകളിലും നേരം കൊല്ലാന്‍ ഇത്തരം കളികള്‍ കുട്ടികള്‍ക്ക് കൂട്ടായി. എല്‍.പി സ്കൂളുകളില്‍ കൊത്തം കല്ല് കളി നിരോധിച്ച കന്യാസ്ത്രീകളും തൊട്ട് കളിയും അച്ചാബോളും നിരോധിച്ച അച്ചന്മാരും ഈ കളിയെ കുറിച്ച് അഞ്ജരായിരുന്നോ ആവോ? ഇന്റെര്‍വെല്‍ സമയത്ത് കൈകള്‍ നിരത്തി വച്ച് അവര്‍ എണ്ണി തുടങ്ങുന്നു,

അത്തള പിത്തള തവളാ‍ച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.

ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുകയായി പിന്നേയുമവര്‍. ഇതിന്റെ നിരവധി വകഭേദങ്ങള്‍ കേട്ടീട്ടുണ്ട്. പൊന്നപ്പന്‍ പാടിയത് നോക്കൂ.

അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്”..

ഇതിന്റെയൊന്നും അര്‍ഥം ഒരു കാലത്തും മനസ്സിലായിട്ടില്ല.

പിന്നെയൊന്നുള്ളതാണ്.

ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)

ഇത്തരം കളിയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണെന്ന് തോന്നുന്നു (ആണോ?)

ഇങ്കി പിങ്കി പോങ്കി
അങ്കില്‍ ഹാസ് എ ഡോങ്കി...

അമ്പസ്താനി കളിക്കാന്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ധാരാളം പാട്ടുകള്‍ ഉണ്ടായിരുന്നെന്ന് ഓര്‍ക്കുന്നു. അതെല്ലാം ആദ്യത്തെ പ്രാന്തിയെ (ആദ്യം എണ്ണുന്ന ആളെ) കണ്ട്പിടിക്കാനുള്ളതായിരുന്നു.

അതിലൊന്ന്,

ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.

ഈ അത്തള പിത്തള തവളാ‍ച്ചി കളി ലോകത്തിന്റെ എല്ലാ കോണിലും ഏതാണ്ട് ഒരു പോലെയാണെന്ന് തോന്നുന്നു. അത്തള പിത്തളയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണത്രേ Rock, Paper, Scissors (അമേരിക്കയിലോ, ഗള്‍ഫിലോ, ജപ്പാനിലോ,, നൈജീരിയയിലോ, സൌത്താഫ്രിക്കയിലോ ആരെങ്കിലും ഇത് ശ്രദ്ധിച്ചീട്ടുണ്ടോ?)

ഈ പടത്തില്‍ കാണുന്നത് റഷ്യന്‍ ജൂത കുട്ടികള്‍ കളിക്കുന്ന അത്തള പിത്തള തവളാച്ചിയാണ്.



അവര്‍ പാടിയിരുന്നത് ഏതാണ്ടിങ്ങനെ,

അസ്തന കുസ്തന അസീസേ വ്
ഇസ്തന വസ്തന അസീസേ

ഇതെന്ത് ഭാഷയാണെന്ന് എനിക്ക് മനസ്സിലായില്ല. റഷ്യനോ, ഹീബ്രുവോ, അറബിയോ അല്ലായിരുന്നു. അല്ലെങ്കിലും കുട്ടികളിക്കെന്തിന്നാ അര്‍ഥസമ്പുഷ്ടംമ‍ായ ഒരു പരിഷ്കൃത ഭാഷ!

Sunday, April 29, 2007

ജയാ ബച്ചന്‍ എന്ന ‘അമ്മ’

“കോഫീ വിത്ത് കരണ്‍” (Koffee With Karan ) എന്ന ഒരു റ്റി.വി പരിപാടിയില്‍ അടുത്തിടെ,ഒരു എപ്പിസോടില്‍, ജയാ ബച്ചന്‍ ചോദിച്ചു “എല്ലാവരും അഭിഷേക് ബച്ചനെ, അമിതാബ് ബച്ചന്റെ മാത്രം മകനായിട്ടെന്തേ കാണുന്നു, ജയാ ബച്ചന്റെ മകനായി കാണാത്തതെന്തേ? ഇത്ര പ്രശസ്ഥനായ ഒരാളെ അമ്മയുടെ പേരെടുത്തെന്തെ വിളിക്കുന്നില്ല, അമ്മയുടെ മേല്‍വിലാസത്തിലെന്തേ അറിയപ്പെടുന്നില്ല.!!!

മകനെ വളര്‍ത്തുന്നതില്‍ തന്റെ പങ്ക് വളരെ വലുതാണ് എന്നാല്‍ അതാരും തന്നെ അംഗീകരിച്ചുതരുന്നില്ല, എന്തുകൊണ്ട്? മൂന്നു കുഞ്ഞുങ്ങളെ വളര്‍ത്തിയ, എനിക്ക്, ആകെ ഒരു‍ വിഷമാവസ്ഥ, പ്രതികരിക്കണോ, വേണ്ടയോ?

അഛന്‍ എന്ന ആളിന് രക്ഷകര്‍ത്താക്കളില്‍ വെച്ച്,എന്തേ ഇത്ര സജീവമായ ഒരു സാന്നിധ്യം, കല്‍പ്പിക്കുന്നത്! അഛന്‍ എന്തു കൊണ്ട് മര്‍മ്മപ്രധാനമായ, ഒരു പങ്ക് എല്ലാവരും തന്നെ നല്‍കു‍ന്നു‍‍ ?അഛന്റെ കയ്യൊപ്പ് , അമ്മയുടെ കയ്യൊപ്പിനെക്കാള്‍ എന്തുകൊണ്ട് വിലമതിക്കുന്നു.?
ഇത് അമ്മയുടെ ക്ഷമയുടെ അവസ്ഥാന്തരമോ, അതോ ഒരു തരം വിലപേശലിന്റെ അവസാനമോ?

Sunday, February 04, 2007

സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍....

ഒരു കുഞ്ഞിന്റെ ജനനത്തിനായുള്ള കാത്തിരിപ്പു ..അതിന്റെ സന്തോഷം ,ആകാംഷ, തിരക്കുകള്‍..ഒക്കെ അല്‍പം സുഖമുള്ളതു... ജനനശേഷം ..എത്ര എത്ര ഉറക്കമില്ലാത്ത രാത്രികള്‍..നാപ്പിമാറ്റലുകള്‍..പലപ്പോഴും സര്‍വസ്വതന്ത്രതയുടെ ഭാരമില്ലായ്‌മയില്‍ നിന്നും ഉത്തരവാദിത്തങ്ങളുടെ തടവറയിലേക്കു എന്നു വരെ തോന്നും..എങ്കിലും ഒരു മോണകാട്ടിയുള്ള ചിരിയില്‍..മ്മേ എന്നുള്ള വിളിയില്‍ എല്ലാം മറക്കുന്നു അമ്മമാര്‍ ( ശരി ശരി പിതാവും).


പിന്നീടു സപ്നങ്ങളുടെ വരവായീ.. ഏറ്റവും നല്ല സ്കൂള്‍ .അവിടെ ക്ലാസ്സില്‍ പറ്റിയാല്‍ എന്നും ഒന്നാം സ്ഥാനം..സ്കൂളിംഗ്‌ കഴിഞ്ഞാല്‍ സുരക്ഷിതമായ ഭാവി വഗ്ദാനം ചെയ്യുന്ന ഏറ്റവും നല്ല കോഴ്സ്‌, ..പിന്നെ കല്യാണം എവിടെ വേണം , എവിടെന്നു വേണം,എന്തൊക്കെ ആര്‍ഭാടങ്ങള്‍.. അതിന്റെ വിശദാംശങ്ങള്‍ വരെ പ്ലാന്‍ ചെയ്യുന്ന 'സീധാ സാദാ' മാതാപിതാക്കളാണു ബഹുഭൂരിപക്ഷം .

പക്ഷെ വേറെ ചില അമ്മമാരാണെങ്കില്‍ ഒരിക്കലും ഒഴിയാത്ത കണ്ണുനീരുമായി നമുക്കു ചുറ്റും..അവരെ പറ്റി ഓര്‍ക്കുമ്പോല്‍ ലജ്ജ .കുറ്റബോധം..

ഒരു അയല്‍ക്കാരികുട്ടിയുണ്ടെനിക്ക്‌,നിത്യ മൂന്നു വയസ്സായി..നേരെ നോക്കില്ല...അവ്യക്തമായി എന്തോ ഒക്കെ പറയും ഒന്നിലും ഒരു മിനിട്ടിലധികം ശ്രദ്ധ നില്‍ക്കില്ല..ഇടയ്ക്കു ഞങ്ങളുടെ വീട്ടില്‍, വാതില്‍ തട്ടി തുറപ്പിച്ചു കയറി വരും. ...മേശപ്പുറത്തു പെട്ടന്നു കയറി നിന്നു ,പിന്നെ സോഫയിലേക്കു ചാടി അവിടന്നുപെട്ടന്നു ഓടി ,ബാല്‍കണിയില്‍,പിന്നെ ബാത്ത്‌റൂം ,ഇടക്കു എന്തെങ്കിലും കൗതുകവസ്തുക്കള്‍ എടുത്തു പരിശോധിക്കും ,താഴെയിടും..പിന്നെ ആരുടെ എങ്കിലും കൈയില്‍ ബലമായി പിടിച്ചു വലിച്ചു വീടു മുഴുവനും ഓടും. നല്ല ശക്തിയാണു കുട്ടിക്കു ...വെറും 15 മിനിട്ടിനുള്ളില്‍ ഞാനും കുട്ടികളും നിത്യയുടെ പുറകെ ഓടി ക്ഷീണിച്ചിരിക്കും.നിത്യയുടെ അമ്മ ക്ഷമാപണവുമായി വന്നു വലിച്ചു കൊണ്ടുപോകുമ്പോള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു കഴിയാതെ ഗോഷ്ടി കാണിച്ചു ഓടി പുറത്തെക്കു..

പാവം കുട്ടി... പാവം ആ അമ്മ ,അതുപോലെ എത്ര പേര്‍..കുഞ്ഞുങ്ങളുടെ പുറകെ ഓടിയോടി എത്ര തളുരുന്നുണ്ടാവും .ഈശ്വരാ ഈ കുട്ടിടമ്മ ഇങ്ങനെ മെലിഞ്ഞിരിക്കുന്നതു ഒരു ഡിയറ്റിങ്ങിന്റെയും സ്ലിമ്മിംഗ്‌ പാക്കേജിന്റെയും സഹായത്താലല്ല....കുഞ്ഞിന്റെ പുറകെ ഓടിയോടി..പിന്നെ ഭാവിയെ പറ്റി ഓര്‍ത്തു വേവലാതിപ്പെട്ടും അങ്ങിനെ ഒറ്റപ്പെട്ടും വേദനിച്ചും കഴിയുന്നൊരമ്മ. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അമ്മ, അമ്മെ എന്നു വിളിക്കില്ല ആ കുട്ടി. കിളികൊഞ്ജലും സ്നേഹപ്രകടനങ്ങളും അന്യം.ഒട്ടിസം എന്നോ ADHD എന്നോ ഒക്കെ പേരു പറഞ്ഞാല്‍ തീരുന്നതല്ലൊ അമ്മയുടെ സങ്കടം . സ്പെഷല്‍ സ്കൂളില്‍ പോയിട്ടു മോള്‍ക്കുവന്ന ചെറിയ ചില മാറ്റങ്ങളെ പറ്റി ..സിറ്റിംഗ്‌ ടോളറന്‍സ്‌ കൂടി.. എന്നതൊക്കെ വന്‍ നേട്ടങ്ങലായിട്ടാണു നിത്യയുടെ അമ്മ പറയാറു. മോന്റെ ബുദ്ധിപരവും മോളുടെ ഡാന്‍സ്‌ പരവുമായ നേട്ടങ്ങള്‍ പറഞ്ഞു ബോറടിപ്പിക്കുന്നവരുടെ ഇടയില്‍ ഇവര്‍ ഒറ്റപെട്ടു പോവുന്നു.

ഒരു കൂട്ടുകാരിയുടെ സഹോദരി, അമ്മയുടെ പ്രസവസമയത്തെ തകരാറിനാല്‍ ചലനശേഷി കുറഞ്ഞ പെങ്കുട്ടിയാണ്‌..പക്ഷെ അതീവ ബുദ്ധിശാലി, ധൈര്യശാലി..ഒരു പാടു നാളത്തെ ഫിസിയോ തെറാപ്പിക്കുശേഷം അല്‍പ്പമെല്ലാം ഭേദപ്പെട്ടു..എന്നാലും ആ ആന്റിയ്ക്കു എന്നും കണ്ണുനീരാണ്‌..അവരുടെ കാലശേഷം ആരു ആ മോളെ നോക്കും എന്ന വ്യഥ.മരിക്കാന്‍ പോലും മടി ആണെന്നാണു ആ ആന്റി പറയാറ്‌ .അപ്പോള്‍ സാമ്പത്തികശേഷി ഇല്ലാത്ത , നിത്യവൃത്തിപോലും പരുങ്ങലിലായ അമ്മമാരുടെ കാര്യം എത്ര ദയനീയമായിരിക്കും..

സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍..
പ്ക്ഷെ മരിക്കാന്‍പോലും മടിക്കുന്നവര്‍..

മാതാവിനു മാത്രമൊ പിതാവിനു വിഷമമില്ലേ എന്നു ചോദിച്ചാല്‍ ,തീര്‍ച്ചയായും ഉണ്ടു ,പക്ഷെ പലപ്പൊഴും ഈ കുട്ടികളെ പ്രസവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം അമ്മയ്ക്കാണു എന്ന രീതിയില്‍ സമൂഹം പെരുമാറാറുണ്ട്‌ ..അമ്മയ്ക്കാണു ഈ കുട്ടികളുടെ കൂടെ നേരം ചെലവഴിക്കേണ്ടവര്‍,ഡോക്ടര്‍ പറയുന്ന ചികില്‍സാരീതികള്‍ പ്രാവര്‍ത്തികമാക്കേണ്ടവര്‍ ..അച്ഛന്മാര്‍ക്കു ജോലിതിരക്കു നടിക്കാം..അവഗണിക്കാം..പക്ഷെ അമ്മയ്ക്കു ഒഴിഞ്ഞുമാറാനാവില്ലല്ലൊ.

‍കുട്ടികളുടെ നേട്ടങ്ങളില്‍ ഒരിക്കലും തൃപ്തിവരാത്ത മാതാപിതാക്കള്‍ (me too?)..അവനെ നോക്കി പഠിക്കു.. അതു പഠിക്കു ഇതു പഠിക്കു..രക്ഷപെടാന്‍ നോക്കു ..ഇതെല്ലാം പതിവു പല്ലവികള്‍..മലയാളികളുടെ കാര്യം പറയാനില്ല ..export quality ആയിട്ടാണു നാട്ടിലെ മിക്ക കുട്ടികളെയും വളര്‍ത്തുന്നുതു...ഉല്‍ക്കര്‍ഷേഛ വേണ്ട എന്നല്ല..
ഒന്നാലോചിച്ചാല്‍ നമ്മളാരൊടെല്ലമോ കടപ്പെട്ടിരികുന്നില്ലെ? നന്ദി പറയേണ്ടതില്ലെ?


ഡിംഗ്‌ ഡോങ്ങ്‌.. ഡിംഗ്‌ ഡോങ്ങ്‌ ..ഡോര്‍ ബെല്ലടിക്കുന്നുശ്ശൊ എഴുതി നേരം പോയതറിഞ്ഞില്ല..മോളു സ്കൂളില്‍ നിന്ന് വന്നെന്നാ തോന്നുന്നേ ..ഇന്നു ടേം എക്സാം മാര്‍ക്ക്‌ അറിഞ്ഞു കാണും ...A* കിട്ടിയില്ലാ എങ്കില്‍ ഞനിന്നവളെ...ശ്ശൊ ഞാനെന്തെങ്കിലും പറഞ്ഞോന്നോ..ഇല്ലല്ലൊ നിങ്ങള്‍ക്കു തോന്നിയതാവും.


വാല്‍കഷണം: നിത്യയുടെ പേരു സാങ്കല്‍പ്പികം..അല്ല ഞാന്‍ തന്നെ സാങ്കല്‍പികമായസ്ഥിതിക്കതു സ്വാഭാവികം

പ്രിയംവദ

Sunday, January 07, 2007

ബൂലോഗ ചിത്രരചനാ മല്‍സരം- ഫലപ്രഖ്യാപനം

ബൂലോഗ കൂട്ടുകാരെ, വനിതാലോകം നടത്തിയ ചിത്രരചനാമത്സരം ആവേശപൂര്‍വ്വം കൊണ്ടാടിയ എല്ലാവര്‍ക്കും നന്ദി. പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേക നന്ദി. ഒരു തമാശ പോലെ നടത്തിയ മത്സരത്തില്‍ 55 എന്‍‌ട്രികള്‍ ഉണ്ടായി എന്നത് തികച്ചും സന്തോഷമുള്ള കാര്യമാണ്. മത്സരത്തിന്റെ വിഷയം കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ എന്നായിരുന്നെങ്കിലും എല്ലാതരത്തിലും ഉള്ള ചിത്രങ്ങള്‍ കിട്ടിയത് കൊണ്ട് മത്സരം രണ്ട് വിഭാഗമായി നടത്തേണ്ടി വന്നു.

1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ
2. ഏറ്റവും നല്ല ചിത്രം


കുമാര്‍, സാക്ഷി എന്നിവരായിരുന്നു ജഡ്ജസ്സ്. രണ്ടുപേരും ഒരുപാട് തിരക്കിനിടയിലാണ് ഇതിന് മാര്‍ക്കിടാന്‍ സമ്മതിച്ചത്. 55 എന്‍‌ട്രികളില്‍ നിന്നും സമ്മാനര്‍ഹമായവ കണ്ടുപിടിക്കാന്‍ രണ്ടുപേര്‍ക്കും നല്ല ബുദ്ധിമുട്ടുണ്ടായിക്കാണും. കുമാറേട്ടനേനും സാക്ഷിയ്ക്കും വനിതാലോകത്തിന്റെ വക നന്ദിയുടെ പൂചെണ്ടുകള്‍ (ദേ പിടിച്ചൊ).

സമ്മാനര്‍ഹമായ പടങ്ങള്‍ താഴെ കൊടുക്കുന്നു.

വിഭാഗം 1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ

ഒന്നാം സമ്മാനം: രേഷ്മ



രണ്ടാം സമ്മാനം രണ്ട് പേര്‍ക്കുണ്ട് വക്കാരിയ്ക്കും ഉത്സവത്തിനും

രണ്ടാം സമ്മാനം: വക്കാരി




രണ്ടാം സമ്മാനം:
ഉത്സവം



മൂന്നാം സമ്മാനവും രണ്ട്പേര്‍ പങ്കിട്ടു. ശാലിനിയും വിശാലമനസ്കനും

മൂന്നാം സമ്മാനം: ശാലിനി



മൂന്നാം സമ്മാനം: വിശാലമനസ്കന്‍



വിഭാഗം 2. നല്ല പടങ്ങള്‍

ഒന്നാം സമ്മാനം: ശനിയന്‍



രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് കൈപ്പള്ളിയ്ക്കും ഗോപികയ്ക്കും

രണ്ടാം സമ്മാനം :
കൈപ്പള്ളി



രണ്ടാം സമ്മാനം: ഗോപിക



മൂന്നാം സമ്മാനം: ഉണ്ണിക്കുട്ടന്‍

പടങ്ങള്‍ അയച്ച എല്ല കുഞ്ഞി കൂട്ടുകാര്‍ക്കും പ്രത്യേക സമ്മാനമുണ്ട്. കുട്ടികളുടെ എല്ലാ പടങ്ങളും താഴെ കൊടുക്കുന്നു.

അനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്‍: ഉണ്ണി



അനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്‍: കണ്ണന്‍



കൃഷിന്റെ മകള്‍:രേഷ്മ (1)



കൃഷിന്റെ മകള്‍:രേഷ്മ (2)



കൃഷിന്റെ മകള്‍:രേഷ്മ (3)



കൃഷിന്റെ മകള്‍:രേഷ്മ (4)




കൃഷിന്റെ മകള്‍:രേഷ്മ (5)



ക്രിഷ്ന്റെ മകള്‍:രേഷ്മ (6)





കുറുമാന്റെ ചേട്ടന്റെ മകന്: ഋതിക്



കുമാറേട്ടന്റെ മകള്‍: കല്യാണി

Saturday, January 06, 2007

സ്വയം പര്യാപ്തത, എങ്ങനെ! ആരെല്ലാം?

ലോകം ഇന്ന് നക്ഷത്രങ്ങളുടെ വേഗതയില്‍ ചലിക്കുന്നു,എന്നിട്ടും നമ്മുടെ ചിന്താഗതിക്ക്‌ മാറ്റമുണ്ടായില്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ സ്ത്രീയും പുരുഷനും ഒന്നായി ഒരു കുടുംബമായി ജീവിക്കുന്നു. അതിനു വിവാഹം എന്ന ഒരു ചട്ടക്കുടും, നിയമസംഹിതകളും നല്‍കി. അത്‌ ആര്‍ ആരെ ഭരിക്കും എന്നുള്ളതിന്റെ മല്‍സരം അല്ല . മറിച്ച്‌ ഒരാള്‍ മറ്റൊരാള്‍ക്ക്‌ താങ്ങായിരിക്കണം, പരസ്പരം സ്നേഹിക്കണം എന്നിങ്ങനെ,എഴുതിച്ചേര്‍ക്കാത്തതായ ചില അന്വര്‍ഥങ്ങള്‍‍ മാത്രമാണ്‌.യാന്ത്രികമായ ഈ ജീവിതത്തിനിടയില്‍ ജീവിതം സ്വസ്തമാക്കാനുള്ള ഈ നെട്ടോട്ടത്തിനിടെയില്‍ നമ്മളില്‍ ചിലരെങ്കിലും ജോലിചെയ്യുന്ന ഇന്നത്തെക്കാലത്ത്‌, പഴയ രീതികളെയും ചിന്താഗതികളെയും കുറച്ചൊന്നു മാറ്റേണ്ട സമയം കഴിഞ്ഞു.

ജോലിക്ക് പോകുന്നവരായ അമ്മമാരുടെ ജോ‍ലിഭാരം കുറക്കാന്‍ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും, ഒരുപോലെ, അവരെ എങ്ങനെ സഹായിക്കാം എന്നൊരു ചര്‍ച്ച ഇവിടെ തുടങ്ങിയാലോ? ഇതൊരു ചര്‍ച്ചാ വേദി മാത്രം ആണ്! വാഗ്വാദം അല്ല, സഹകരിക്കൂ, സഹോദരിമാരേ, സഹോദരന്മാരേ!!

കുട്ടികളേയും ചെറുപ്പത്തിലേ സ്വയം പര്യാപ്തരാക്കണം, അവരവരുടെ കാര്യങ്ങള്‍, സ്വയം ചെയ്യാന്‍ പ്രേരിപ്പിക്കണം, അതിനു ചെറിയ ശാസനയൊക്കെ ആവാം.അവരവരുടെ ഷൂ പോളീഷ് ചെയ്യുക, സ്കൂളിലേക്കുള്ള റ്റൈംറ്റേബിള്‍,ഇടാനുള്ള വസ്ത്രങ്ങള്‍ എല്ലാം തലേന്ന്, എടുത്ത് ,തയ്യാറാക്കി വെക്കുക, എന്നിങ്ങനെ പോകുന്നു, ആ പട്ടിക.

എല്ലാം സ്വയം ചെയ്യാനം എന്ന വാശിയും സ്ത്രീകള്‍ കളയണം, അതുവഴി, നിങ്ങ‍ള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ തന്നെ സ്വയം പര്യാപ്തതക്കാണ്, കോടാലി വെക്കുന്നത്, എന്നറിയുക. ഒരു കാലത്ത്, മറ്റൊരു കുടുംബത്തിന്റെ നെടുത്തൂണുകളാകേണ്ടവരാണ് അവരും.ഭാര്യ പാചകത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍, ഭര്‍ത്താവിനും കുട്ടികള്‍ക്കും വീട് വൃത്തിയാക്കാം, ഇസ്തിരി ഇടാം, അങ്ങിനെ പലതും, വീണ്ടു വിചാരത്തോടേ ചെയ്താല്‍, ഒരു പരിധിവരെ, നമ്മുടെ ഈ പ്രവാസ ജീവിതം ലഘൂകരിക്കാം. ജോലിക്ക് പോകുന്ന സ്ത്രീകള്‍ വല്ലാത്ത റ്റെന്‍ഷനിലാണ്, ഇത് കുറക്കണമെങ്കില്‍, വീട്ടിലുള്ള എല്ലാവരും ശ്രമിച്ചാലേ നടക്കൂ.

പ്രവാസികളായ നമ്മുക്ക്, വല്ലാത്ത പരിമിതികള്‍ ഉണ്ട്, സമ്മതിക്കുന്നു, എന്നിരുന്നാലും , ഒരു അഭിപ്രായപ്രകടനത്തിലൂടെ നമുക്ക് അന്യോന്യം, സഹായിച്ചുകൂടെ??

Sunday, December 24, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-8

ക്രിഷ്ന്റെ മകള്‍ (രേഷ്മ)



കല്യാണി(കുമാറേട്ടന്റെ മകള്‍)




കുറുമാന്റെ ചേട്ടന്റെ മകന്‍ ഋതിക്



അനില്‍



ദിവാസ്വപ്നം






Saturday, December 23, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-7

മാഗ്നിഫയര്‍


അടികുറിപ്പ്: വക്കരിയോട് കടപ്പാട്

പാപ്പാന്‍


അടികുറിപ്പ്: ഭൂപാളം


സങ്കുചിതമനസ്കന്‍



രേഷ്മ(അനംഗാരിയുടെ ഭാര്യ)-1



രേഷ്മ(അനംഗാരിയുടെ ഭാര്യ)-2



വക്കാരി

Thursday, December 21, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-6

അചിന്ത്യ

ബത്തേരിയന്‍ (2)


അടികുറിപ്പ്: കൊമ്പന്‍ ബാലന്‍



?


അടികുറിപ്പ്: സ്നേഹം

പെരിങ്ങോടന്‍


ഗോപിക


വല്യമ്മായി


ഉമേഷ്

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-5

ഇടങ്ങള്‍(അബ്ദു)


ഉത്സവം




തുളസി



അതുല്യ


ആര്‍.പി



ബത്തേരിയന്‍



അഗ്രജന്‍

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-4

ദില്‍‌ബാസുരന്‍


പാര്‍വതി

കൃഷിന്റെ മകള്‍ (2)
കൃഷിന്റെ മകള്‍ (3)
കൃഷിന്റെ മകള്‍ (4)
കൃഷിന്റെ മകള്‍ (5)
ദേവരാഗം


വിശ്വപ്രഭ


രേഷമ



അടികുറിപ്പ്:

ഇത് പടമല്ല
ന്റെ ഖല്‍ബിന്റെ കഷ്ണാ‍ണ്!
വരച്ചിരിക്കുന്നത് മൌസോണ്ടല്ല
ന്റെ നെഞ്ചിലെ ചോരയോണ്ടാ.