Thursday, May 22, 2008

യാചന ഓര്‍മ്മപ്പെടുത്തുന്നതു്

എഴുത്തിന്റെ ലോകത്തു് കവിത കൊണ്ടു് തന്റെ സ്ഥാനം അടയാളപ്പെടുത്തി കഴിഞ്ഞ കവയിത്രിയാണു് ഭൂമിപുത്രി. മനസ്സിനെ തൊട്ടതിനെ കവിതയാക്കുമ്പോഴും സ്ത്രീയുടെ സ്വത്വബോധത്തെ കുറിച്ചു് തികച്ചും ബോധവതിയാണു് ഭൂമിപുത്രിയെന്നതിനു് തെളിവാണു് പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ടു് കവിത വഴി നടക്കുമ്പോഴും "വിധവകള്‍ നാടുഭരിച്ചാല്‍‍ ഗുണം പിടിക്കില്ല" എന്ന വല്യേട്ടന്റെ പഴിയെ കുറിച്ചിപ്പോഴും ശേഷിക്കുന്ന അസ്വസ്ഥത.

ഭൂമിപുത്രിയുടെ വളരെ ചെറിയൊരു കവിതയാണു് പരിത്യക്ത. കുറച്ചു് വാക്കുകള്‍ക്കു് എത്ര കൂടുതല്‍ ശക്തമാവാം എന്നു് കാണിക്കുന്ന കവിത. ഒരു വാചകത്തിലൂടെ ഭൂമി ഉയര്‍ത്തുന്നതു് അനേകം ചോദ്യങ്ങളാണു്. ചിരപുരാതനം കാലം മുതലേ അര്‍ദ്ധനാരീശ്വര ‘സങ്കല്‍പ്പത്തില്‍‘ അധിഷ്ഠിതമായൊരു വ്യവസ്ഥിതിയില്‍ എന്നു മുതാലാണു് നാരീപാതിയെ പിടിച്ചെടുക്കാന്‍ തുടങ്ങിയതു്? അര്‍ദ്ധനാരീശ്വരത്തില്‍ നിന്നു് പൂര്‍ണ്ണത്രയീശനിലേക്കു് സഞ്ചരിച്ച ദൂരത്തിനിടയ്ക്കു് നഷ്ടപ്പെടുത്തിയതെന്തൊക്കെ? സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന ‘പൂര്‍ണ്ണത്രയീശനു’വാതിലിനപ്പുറം ഉയര്‍ന്നു കേള്‍ക്കുന്ന ഒച്ചകള്‍ വെറും രോദനങ്ങളായി മാത്രം തോന്നുവോ?

മുപ്പത്തിമൂന്നു ശതമാനത്തിനുള്ള ഒച്ചപ്പെടലുകളെ യാചനകളായെങ്കിലും കാണാതിരിക്കാന്‍ മാത്രം സുഖിച്ചുപോയൊരു സിംഹാസനത്തിനു പുറത്തു് പരിത്യക്തയായ ദേവി യാചിക്കുമ്പോള്‍ അതുകേള്‍ക്കുന്നവര്‍ നടത്തുന്ന പ്രതികരണങ്ങള്‍ കവിതയുടെ പ്രസക്തി പിന്നെയും ഉയര്‍ത്തുന്നു. യാചനയ്ക്കില്ല ഇനിയെല്ലാം പിടിച്ചെടുക്കലുകള്‍ എന്നു് പറയുന്ന വലിയൊരു വിഭാഗം തരുന്ന മുന്നറിയിപ്പുകള്‍ സിംഹാസനത്തിനടുത്തേയ്ക്കിതുവരെ എത്തിയിട്ടില്ല. അതേ സമയം സ്ത്രീ‍സംവരണം എന്തിനാണു് എന്ന് ചോദിക്കുന്ന ഒരു വിഭാഗവും ഉണ്ടെന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കേണ്ട സംഗതിയാണു്.

സ്ത്രീത്വത്തെ കുറിച്ച് വ്യക്തമായ അവബോധമുള്ള കവയിത്രി “വരുവിന്‍ കൂട്ടുകാരെ നമുക്കു യാചിക്കാം” എന്നു തന്റെ കവിതയിലൂടെ വിളിച്ചു പറയില്ല. അങ്ങിനെയെങ്കില്‍ എന്താണു് കവിതയിലെ യാചന? അര്‍ദ്ധനാരിയും കഴിഞ്ഞു് രണ്ടാം പൌരയില്‍ നിന്നും വെറുമൊരു യാചകയുടെ അവസ്ഥയില്‍ എത്തി ഗതിമുട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ തുറന്നു കാട്ടല്‍, അധികാരത്തിന്റെ ഒരു തുള്ളി പിച്ചയായിപ്പോലും വീണുപോകാതെ പിടിച്ചു വച്ചിരിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള പരിഹാസം, ചിലപ്പോഴെങ്കിലും ചിരിയ്ക്കു മാത്രമല്ല കരച്ചിലിനു പോലും പരിഹസിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍. അതു് കരച്ചിലോ യാചനയോ മാത്രമായി വായിക്കപ്പെടുനിടത്തു് വായന തികച്ചും പരാജയപ്പെടുന്നു.

14 comments:

Pramod.KM said...

നല്ല കവിതകള്‍.
ഈ രണ്ടു കവിതകളെക്കുറിച്ചും കവിത വിതച്ചത് പരാമര്‍ശിച്ചത് മുമ്പ് കണ്ടിരുന്നു.

കണ്ണൂസ്‌ said...

ഇതൊരു മാതിരി മസിലു പിടിച്ചുള്ള ന്യായീകരണം ആയിപ്പോയല്ലോ :)

ജയശ്രീ ടീച്ചറുടെ മോശം കവിതകളില്‍ ഒന്നാണ്‌ ഇത് എന്നാണ്‌ എനിക്ക് തോന്നിയത്.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഭൂമിപുത്രിയുടെ രണ്ട് കവിതക്കളെ ആസ്പദമാക്കിയുള്ള വിലയിരുത്തല്‍
അവരുടെ കവിത ലോകത്തെക്ക്
ഒരു എത്തി നോട്ടത്തിന്
വഴിയൊരുക്കുന്നു

ഭൂമിപുത്രി said...

റൊമ്പറൊമ്പ നട്രി ഡാലി!

ഞാനീയൊരു പോയ്ന്റ് വിശദീകരിയ്ക്കാന്‍ ശ്രമിച്ച് വഷളായിരിയ്ക്കുകയായിരുന്നു.
എനിയ്ക്കാവുന്നതിനേക്കാളും എത്രയോ
ഭംഗിയായിപ്പറഞ്ഞു ഡാലിയത്-‘പരിഹാസം’
എന്ന ഒറ്റവാക്കില്‍!
സത്യം പറഞ്ഞാല്‍ ഞാനെന്താപറയാന്‍ ശ്രമിച്ചേന്ന് എനിയ്ക്ക്തന്നെ ഒന്നുകൂടി
വ്യക്തമായി :))

‘പാട്ടിന്റെ..’-ആ ഒരുവരിയും വല്ലാതെ സന്തോഷിപ്പിച്ചു.
വെറുതേയൊരു വാങ്ങ്മയചിത്രം എന്നതില്‍ക്കവിഞ്ഞുള്ള കവിതയുടെ ആത്മാവ്
ആരും കണ്ടില്ലല്ലൊ എന്ന് സങ്കടം തോന്നാറുണ്ട്

കണ്ണൂസേ-:)

(പിന്നേയ്,എന്നെയേതുകണക്കിലാ ടിച്ചറാക്കിയേ?)

വെള്ളെഴുത്ത് said...

അധികാരത്തിന്റെ ഒരു തുള്ളി പിച്ചയായിപ്പോലും വീണുപോകാതെ പിടിച്ചു വച്ചിരിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള പരിഹാസം, ചിലപ്പോഴെങ്കിലും ചിരിയ്ക്കു മാത്രമല്ല കരച്ചിലിനു പോലും പരിഹസിക്കാനാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍. അതു് കരച്ചിലോ യാചനയോ മാത്രമായി വായിക്കപ്പെടുനിടത്തു് വായന തികച്ചും പരാജയപ്പെടുന്നു.
വല്ലാത്തൊരു യുക്തിദോഷമില്ലേ ഈ പരാമര്‍ശത്തില്‍? ഒരു കരച്ചില്‍ കരച്ചിലായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നത് സൈദ്ധാന്തികമായ ശാഠ്യം. അതങ്ങനെ പരിമിതപ്പെട്ടുപോകുന്നില്ല എന്നറിയുമ്പോള്‍ എഴുത്തുകാരിയ്ക്ക്/കാരനുണ്ടാവുന്നത് സര്‍ഗാത്മകമായ സന്തോഷം. എന്നാലതിനപ്പുറത്ത് വാക്കുകളും ബിംബങ്ങളും ചിഹ്നങ്ങളും കൂടിച്ചേര്‍ന്നു സൃഷ്ടിക്കുന്ന ആശയപരിസരം ഉണ്ടെന്നും അത് അഭിലാഷങ്ങളേക്കാള്‍ അബോധപ്രേരണകളെ പുറത്തറിയിക്കുമെന്നും തിരിച്ചറിയുകയല്ലേ നല്ല നിരൂപണത്തിന്റെ ലക്ഷ്യം? ‘പരിത്യക്ത’ എന്നു കവിതയില്‍ പ്രയോഗിച്ചസ്ഥിതിയ്ക്ക്, തന്റെ പരമലക്ഷ്യം അര്‍ദ്ധനാരീശ്വരത്വമാണെന്ന് (പൂര്‍ണ്ണനാരീശ്വരത്വം പോലുമല്ല അത്) സൂചിപ്പിക്കുന്ന സ്ഥിതിയ്ക്ക് കവിതയിലെ ആഖ്യാതാവിന്റെ ‘പരമസാക്ഷാത്കാരം‘ എന്താണെന്നു വ്യക്തം. അതില്‍ നിന്നു പിന്തള്ളപ്പെട്ടു പോയതിലാണ് അവളുടെ ദുഃഖം. അതുകൊണ്ടാണ് കുറച്ചെങ്കിലും (33%) തരാന്‍ യാചിക്കുന്നത്. യാചിക്കുന്നവള്‍ക്ക് താന്‍ പരിഹസിക്കുകയായിരുന്നു എന്നു പറയാന്‍ അവകാശമുണ്ട്, പക്ഷേ അതെന്തുമാതിരി പരിഹാസമായിരിക്കും എന്നു നാം ചോദിക്കേണ്ടത് നമ്മുടെ സാമാന്യ ബോധത്തിനോടാണ്. കുറച്ചു നാള്‍ മുന്‍പ് ജെ ദേവിക കോപിച്ചത്, അക്ബര്‍ കക്കട്ടിലും ശ്രീനിവാസനും നെടുമുടിയും കൂടി നടത്തിയ സംഭാഷണത്തിനിടയില്‍ ‘സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുത്താല്‍’ എന്നൊരു വാക്യപ്രയോഗം നടത്തിയതിനാണ്. ആണുങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ മൊത്തവകാശകാരാണോ സ്ത്രീകള്‍ക്കത് കൊടുക്കാന്‍? അബോധപൂര്‍വം നമ്മുടെ മനസ്സ് സാമൂഹികമായ ‘രക്ഷാകര്‍തൃത്വങ്ങളെ’ തേടുന്നതാണ് ഞാന്‍ ഈ കവിതയില്‍ വായിച്ചത്. ഡാലി നിരൂപണത്തില്‍ സ്വന്തം അഭിലാഷങ്ങളെ കവിതയിലേയ്ക്ക് പ്രക്ഷേപിക്കുകയായിരുന്നു. ഭൂമിപുത്രി ഇവിടെ കണ്ടെന്ന് അവകാശപ്പെടുന്നത് സ്വന്തം ഇച്ഛയാണ് അല്ലാതെ കവിതയിലെഴുതിയ, സ്വയം തിരിച്ചറിയാത്ത അവ്യക്തതയല്ല. അതിലെ ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കാന്‍ ഞാന്‍ ആളല്ല. പക്ഷേ കവിത, അതായി തന്നെ സംവേദനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ മാറ്റി നിര്‍ത്തിയിട്ട് , സ്വന്തം അഭിലാഷങ്ങള്‍ കവിതയിലേയ്ക്കു പ്രക്ഷേപിക്കുന്നത് എന്തായാലും നല്ല വായനയ്ക്കുള്ള ടൂളുകള്‍ നിര്‍മ്മിക്കില്ല. ഉറപ്പ്.

കണ്ണൂസ്‌ said...

വെറുതേ ഒരു ബഹുമാനത്തിന്‌ ചേര്‍ത്തതാ :)

സത്യം പറഞ്ഞാല്‍ ഹരിതകത്തിലെ കവിപരിചയം വായിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയതാണ്‌. വീണ്ടൂം പോയി നോക്കിയപ്പോള്‍ തെറ്റ് മനസ്സിലായി. ഞാന്‍ വിചാരിച്ചിരുന്നത് ഭൂമിപുത്രി മഹാരജാസില്‍ അധ്യാപികയാണെന്നായിരുന്നു. :)

ഭൂമിപുത്രി said...

വെള്ളെഴുത്തിന്റെ കാഴ്ച്ചയ്ക്ക് നന്ദി പറയട്ടെ.

രചയിതാവ് തന്നെ ഒരു വിശദീകരണവുമായി വീണ്ടും വരുന്നത് എത്രത്തോളം ‘പൊളിറ്റിക്കലി കറ്ക്ക്റ്റ്’ആണെന്നറിയില്ല.
എങ്കിലും..
ഒരു ഐഡിയല്‍ സിറ്റ്വേഷനില്‍ (വീട്ടിലായാലും നാട്ടിലായാലും)അധികാരം പങ്ക് വെയ്ക്കപ്പെടെണ്ടത് എങ്ങിനെയാണെന്നുള്ളതിനെ ഒരു പ്രതീകമായിട്ടാണിവിടെ അറ്ത്ഥനാരീശ്വര ബിംബം ഉപയോഗിച്ചത്.

സ്ത്രിയുടെ വ്യക്തിത്വത്തിന്റെ മറ്റ്
വശങ്ങളിലേയ്ക്ക് കടന്നിട്ടില്ല.


അവകാശപ്പെട്ട അമ്പത് ശതമാനത്തിന്റെ സ്ഥാനത്ത്, ‘33%എങ്കിലും..’എന്ന്, തലപ്പതിരിയ്ക്കുന്നവരുടെ പുറകെനടന്ന് യാചിയ്ക്കേണ്ടി വരുന്നു എന്ന അവസ്ഥ-നമ്മുടെ വ്യവസ്ഥിതിയെ പരിഹസിയ്ക്കുന്നതിനൊപ്പം,
സ്വയം അനുഭവിയ്ക്കുന്ന ആത്മനിന്ദയായും വേണമെങ്കില്‍ കാണാം.

ഡാലി said...

പ്രമോദ്, കവിത വിതച്ചതു് എഴുതിയതു് കണ്ടിരുന്നില്ല. കണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇതെഴുതുമായിരുന്നില്ല. :)

കണ്ണൂസേട്ടാ, ഏറ്റവും ഈസിയായി തന്മയീഭവിച്ചു് വായിച്ചാല്‍ കവിത ആന്റിഫെമിനിസ്റ്റിക് ആണെന്നു് പറയാം. എന്നാല്‍ അകന്നു് മാറി നിന്നും വായിക്കുമ്പോഴാണു് അവധാനതാപൂര്‍വ്വം ആഴത്തിലുള്ളൊരു വായന സാധ്യമാകുന്നതു്.

അനൂപ്, വായനയ്ക്കു് നന്ദി.
ഭൂമി, :)

വെള്ളെഴുത്തേ,
സിനിമാഭിനയത്തിലും, സിനിമകാണലിലും മാത്രമല്ല വായനയിലും സബ്സ്റ്റിറ്റ്യൂഷനും, മെതേഡ് ആക്റ്റിംഗിനും(തന്മയീഭവിക്കല്‍) സ്ഥാനമുണ്ടെന്നു് കരുതുന്നയാളാണു് ഞാന്‍. സിനിമാഭിനയത്തില്‍ സബ്സ്റ്റിറ്റ്യൂഷന്‍ (ഏലിയനേഷന്‍) ആണു് കൂടുതല്‍ ഇഷ്ടമെങ്കിലും മെതേഡ് ആക്റ്റിംങ് ഇഷ്ടക്കുറവില്ല. എന്നാല്‍ കാഴ്ചയിലും വായനയിലും ഏലിയനേഷനു വേണ്ടി വാദിക്കുനൊരാളാണു് ഞാന്‍. തന്മയിക്കുന്ന അവസ്ഥയില്‍ സംവിധായകരോ, എഴുത്തുകാരോ പറയാന്‍ ശ്രമിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ അനുഭവങ്ങളുമായി തന്മയീഭവിച്ച് ആണു് സഹൃദയന്‍ കല ആസ്വദിക്കുന്നതു്. തീര്‍ച്ചയായും അതും ഒരു ആസ്വദനമാര്‍ഗ്ഗമാണു്. എന്നാല്‍ കലകാരന്‍ ഉദ്ദേശിച്ചതില്‍ നിന്നുമുള്ള തെറ്റിവായനകള്‍ കൂടുതല്‍ നടക്കുന്നതു് അത്തരം ആസ്വാദനങ്ങളില്‍ ആണെന്നു ഞാന്‍ കരുതുന്നു.

പരിത്യക്ത എന്ന കവിത ഭൂമിപുത്രി എന്ന എഴുത്തുകാരി സമൂഹത്തിനോടു് പറയുന്നതെന്നും ഞാന്‍ അതുശ്രവിക്കുന്ന ശ്രോതാവെന്നും ഓര്‍ക്കാതെ ഞാന്‍ പറയുന്നതാണു് എന്നോര്‍ക്കുമ്പോഴാണു് അതില്‍ യാചനാഭാവം വരുത്തി വായന വരുന്നതെന്നു് തോന്നുന്നു. വനിതാസംവരണ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്തവണയും ബഹളം എന്ന വാര്‍ത്ത കേള്‍ക്കുന്നൊരു കേള്‍വിക്കാരി.

“പണ്ടക്കൊ അര്‍ദ്ധനാരിശ്വരമായിരുന്നു. വന്നു വന്നു 33% ത്തിനു യാചിക്കണമെന്നായിരിക്കുന്നു” എന്നു പറയുന്നതു് കേള്‍ക്കുമ്പോള്‍ അതു് യാചനയായാണോ തോന്നുക? അര്‍ദ്ധനാരിശ്വരം എന്നതു തന്റെ വ്യക്തിത്വത്തിന്റെ പാതി പുരുഷന്‍ എന്ന സങ്കല്‍പ്പമാണെന്നു് ഊഹിക്കാനെ വയ്യ. സമൂഹത്തില്‍ തുല്യപ്രാധാന്യം എന്നാണു്. മൂന്നാം തലമൂറ ഫെമിനിസ്റ്റുകള്‍ക്കെല്ലാം ആ ചിന്താഗതി തന്നെയാണു്.

വെള്ളെഴുത്തു് എന്റെ വായനയില്‍ ആരോപിക്കുന്നതു് തന്നെയാണല്ലേ ഞാനും തിരിച്ചാരോപിക്കുന്നതു്? :)

എഴുത്തുകാരന്റെ അബോധപ്രേരണകളെ പുറത്തെടുക്കുകയാണോ നല്ല നിരൂപണത്തിന്റെ ലക്ഷ്യം? എനിക്കറിയില്ല. പക്ഷേ ഒരു എഴുത്തിനെ ആസ്വദിക്കുമ്പോള്‍ ഞാനാ തത്ത്വത്തില്‍ വിശ്വസിക്കുന്നില്ല. കാരണം എഴുത്തുകാരന്റെ അബോധപ്രേരണകളെ കുഴിച്ചെടുത്തു കുഴിച്ചെടുത്താണു് പിന്നെ ആളുടെ ചരിത്രം, വ്യക്തിജീവിതം, എഴുതിയ സമയം, കാലം ഒക്കെ ഒരു കഥയില്‍ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നതു്. അപ്പോള്‍ വായനക്കാരന്‍ എഴുത്തല്ല, എഴുത്തുകാരനെയാണു് ആസ്വദിക്കുന്നതു്. എന്നാല്‍ എഴുത്തുകാരനെ ആസ്വദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞതാണു് ആസ്വാദന രീതി എന്നു വിശ്വസിക്കുന്നു. എഴുത്തു് ആസ്വദിക്കുമ്പോള്‍ എഴുത്തും എഴുത്തുകാരനെ ആസ്വദിക്കുമ്പോള്‍ അതും സാധ്യമാകുന്ന സബ്സ്റ്റിറ്റ്യൂഷന്‍ ആണു് ഇഷ്ടപ്പെടുന്നതെന്നു് പറയാന്‍ കാരണമതാണു്. കന്യാസ്തീയെ കുറിച്ചെഴുതിയതുകൊണ്ടു കന്യാസ്ത്രീ ആണോ എഴുത്തുകാരി എന്നു് ചിന്തിക്കുന്ന പോലെയാണു് അതു്. എഴുത്തുകാരി ചിലപ്പോള്‍ കന്യാസ്ത്രീ ആയിരിക്കാം, അല്ലെങ്കില്‍ അവരുമായി നല്ല ബന്ധമുള്ളവള്ളാകാം, അതുമല്ലെങ്കില്‍ വെറും കേട്ടു കേള്‍വിയെ കാണൂ. ഒരു നല്ല കല ഈ അതിര്‍ത്തികള്‍ക്കു് പുറത്തു് ആസ്വദിക്കാന്‍ പറ്റണം.

വെള്ളെഴുത്ത് said...

കമന്റിനുള്ള ചെറുജാലകത്തിനകത്ത് പറയാനുള്ളത് ‘മുയുമനും‘ പറയാന്‍ കഴിയുന്നില്ല. ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കണമെങ്കില്‍ എനിക്കു വീണ്ടും ‘വാവദൂകത‘ തന്നെ ശരണം എന്നും വരുന്നു!
ചുരുക്കാം.
1. അവകാശപ്പെട്ട അമ്പത് ശതമാനത്തിന്റെ സ്ഥാനത്ത്, ‘33%എങ്കിലും..തരണം ’ എന്നു പറയുന്നതും പണ്ടക്കൊ അര്‍ദ്ധനാരിശ്വരമായിരുന്നു. വന്നു വന്നു 33% ത്തിനു യാചിക്കണമെന്നായിരിക്കുന്നു” എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കവിത സൂക്ഷ്മമായ ഭാഷയാണ്. അതിനാല്‍ ധ്വനി, പ്രധാനം. ആദ്യ വാക്യത്തില്‍ നിന്നു തിരിഞ്ഞു കിട്ടുന്നതല്ല രണ്ടാമത്തേതില്‍ നിന്നു കിട്ടുന്നത്. കവി വാക്യത്തിനു പിന്നാലെ പോകാനല്ലെ നിവൃത്തിയുള്ളൂ?
2. കവിത വ്യത്യസ്തമായ അര്‍ത്ഥം ഉത്പാദിപ്പിക്കണമെങ്കില്‍ പ്രാഥമികമായി അതു വിനിമയം ചെയ്യുന്ന ആശയത്തിനു എവിടെയെങ്കിലും തടസ്സം വരണം. ചുള്ളിക്കമ്പാവാനും ചൂലാവാനുമുള്ള കടമ്മനിട്ടയുടെ ആഹ്വാനവും പണിക്കരുടെ ‘ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങളും കടുക്കയുമൊക്കെ ’ അങ്ങനെ ബാധ വരുന്നിടത്തു നിന്നാണ് മറ്റര്‍ത്ഥം തേടി പോകാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത്.. ഇവിടെ അതു ലക്ഷ്യമാണോ?
3. അബോധപ്രേരണ, പ്രത്യയശാസ്ത്രം എന്നൊക്കെയുള്ള വാക്കുകള്‍ ജീവശാസ്ത്രനിരൂപണത്തെയല്ല ലക്ഷ്യമാക്കുന്നത്. കവിതയിലെ ചിഹ്നങ്ങള്‍ വളരെ വ്യത്യസ്തമായ (പലപ്പോഴും ആഖ്യാതാവ് ഉദ്ദേശിക്കാത്ത) ആശയമോ ഭാവമണ്ഡലമോ സൃഷ്ടിച്ചെന്നു വരും. സാംസ്കാരികപഠനങ്ങളില്‍ (പ്രത്യേകിച്ചും സിനിമാ നിരൂപണങ്ങളില്‍) ചിഹ്നങ്ങള്‍ സാര്‍വത്രികമായി തന്നെ അഴിച്ചെടുക്കലിനു വിധേയമാവുന്നുണ്ട്. സ്ത്രീവിമോചനത്തെക്കുറിച്ചു സംസാരിക്കുന്ന കവിതയില്‍ നിരക്കുന്ന ചിഹ്നങ്ങളുടെ ഗാഢമായ പാരായണം അബോധത്തിന്റെ (അതു വ്യക്തിപരമാവണമെന്നില്ല പലപ്പോഴും അതേ പ്രത്യയശാസ്ത്രം പങ്കുപറ്റുന്ന ഒരു കൂട്ടമനസ്സിന്റെ പ്രവൃത്തിയുമാവാം) സ്ത്രീ വിരുദ്ധതയാവും പ്രകടമാക്കുക. അതുപോലെ മതമൌലികത, സാമൂഹിക വിരുദ്ധത......അത്തരം അന്വേഷണം ഒരു സമൂഹം പങ്കുപറ്റുന്ന സാമാന്യബോധത്തെ വെളിവാക്കി തരും. സാഹിത്യനിരൂപണം കൂടി ഭാഗമാവുന്ന സംസ്കാരപഠനത്തിന്റെ അവിഭാജ്യമായ ഘടകമാണ് ഇത്. അല്ലാതെ അനുഭവത്തെ സത്യസന്ധമായി ആവിഷ്കരിക്കുക, കന്യാസ്ത്രീയെക്കുറിച്ച് കന്യാസ്ത്രീ മാത്രം എഴുതുക ഇതൊന്നും എന്റെ പരിഗണനാവിഷയമേയല്ല, ഡാലി.

ഡാലി said...

വെള്ളെഴുത്തേ,
മറുപടി വൈകിയതില്‍ ക്ഷമിക്കണം

മൂന്നു പോയന്റുകളും മറ്റൊരു തരത്തില്‍ ആസ്വാദനത്തെ സഹായിക്കുമെന്നു സമ്മതിക്കുന്നു. പക്ഷേ കവിതയെ മുഴുവന്‍ അഴിച്ചെടുത്തു ചുറ്റും നിരത്തി വച്ചു് ചിഹ്നങ്ങളും വാക്കുകളും അനലൈസ് ചെയ്തു വായിക്കുന്നതു് ഒരു നല്ല രീതിയാണോ എന്നു ഞാന്‍ സംശയിക്കുന്നു.വാക്കുകളെ അഴിച്ചെടുക്കാതെ ഒരു കവിത മൊത്തം നല്‍കുന്ന ആശയത്തെ അതിന്റെ കാലവുമായി ചേര്‍ത്തു് വായിക്കേണ്ടതാണു് എന്ന രീതിയിലാണു് എന്റെ ആസ്വാദനം

ഓരോ വാക്കുകളില്‍ നിന്നും കവിതയെ ഡീ കോഡ് ചെയ്തെടുക്കുന്ന തരം വായനയില്‍ നിന്ന് മാറി മൊത്തം കവിതയുടെ ആഖ്യാനം അതിന്റെ കാല, രൂപ, പ്രമേയ പരിസരങ്ങളിലൂടെ എന്തെങ്കിലും എഫെക്റ്റ് ഉള്ളിലുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനെ ഡീ കോഡ് ചെയ്യുന്നവിധത്തില്‍ വായിച്ചാല്‍ ..

ലാപുട കവിതാസ്വാദനത്തെ കുറിച്ചു്

അതും ഒരുവാചകം മാത്രമുള്ള കവിതയാകുമ്പോള്‍ അഴിച്ചെടുക്കാന്‍ ഒട്ടുവളരെ ഉണ്ടെന്നു് തോന്നുന്നുമില്ല..

മൂന്നാമത്തെ പോയിന്റ് ഗൌരവമുള്ളതാണു്. പല എഴുത്തുകളും എഴുത്തുകാരന്‍ ഉദ്ദേശിക്കാതെ തന്നെ പ്രതിലോമകരമാകുന്നതു് അങ്ങനെയാണല്ലോ. പക്ഷേ ഈ കവിതയില്‍ ആദ്യവാചകം ഒരുക്കി തരുന്ന പശ്ചാ‍ത്തലം തീര്‍ച്ചയായും ഒരു യാചനയേയോ അപേക്ഷയേയോ അല്ല ധ്വനിപ്പിക്കുന്നതു്. മറിച്ചു് ചിന്തിക്കാന്‍ മറ്റൊരു വായനക്കാരനു് സ്വാതന്ത്ര്യമുണ്ടു്.

അവസാന വാചകം ഒരു എന്റെ കമന്റ് തെറ്റിദ്ധരിച്ചാണോ എന്നു സംശയം. എന്തു എഴുത്തിലും എഴുത്തുകാരെ/അവരുടെ ജീവിതത്തെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണു് ഞാന്‍ പറയാന്‍ ശ്രമിച്ചതു്. അതൊരു വിഷയാമാവാത്ത സ്ഥിതിയ്ക്കു വിശദീകരിക്കുന്നില്ല.

മേരിക്കുട്ടി(Marykutty) said...

വനിതാലോകത്തിലേയ്ക്കു എന്നെയും ചേര്‍ക്കുമോ?

http://marykkundorukunjadu.blogspot.com/

സിനി said...

ഞനൊരു തുടക്കക്കാരിയാണ്.
വനിതാലോകത്തില്‍ എന്നെയും ചേര്‍ക്കാമോ?

എന്റെ ബ്ലോഗ് : http://sinikkutty.blogspot.com

മെയില്‍ ഐ.ഡീ. ഞാന്‍ മെയിലായിട്ടയിച്ചിട്ടുണ്ട്

bluebird said...

visit
bluebird-dreamingtree.blogspot

മാര്‍ജാരന്‍ said...

great.love.