Thursday, September 02, 2010

ഇവര്‍ കുഞ്ഞു മാലാഖമാര്‍

ഇവര്‍ കുഞ്ഞു മാലാഖമാര്‍

പിഞ്ചു മക്കളെ നിങ്ങള്‍ നീറുമെന്‍

ഹൃത്തടത്തിലുറങ്ങിക്കിടക്കുക

ഇല്ല നിങ്ങളെ തൊട്ടുണര്‍ത്തുവാ-

നെങ്ങു നിന്നും വരില്ലൊരു തെന്നലും.


അമ്മയാണിവള്‍ നെഞ്ചിലൂഷ്മള

സ്നേഹസാഗരം കാത്തു സൂക്ഷിപ്പവള്‍,

‍കുഞ്ഞു മക്കളെ ചേര്‍ത്തു വയ്ക്കുവാന്‍

നൂറു തൂവല്‍ ചിറകു വിരിപ്പവള്‍.


ആഞ്ഞുവീശും കൊടുംകാറ്റില്‍ നിന്നുമാ -

വന്‍ തിരമാലക്കോളില്‍ നിന്നും സദാ-

വന്നുചേരും വിപത്തേതാണെങ്കിലും

ധീരയായ്‌ തന്റെ മക്കളെ കാക്കുവോള്‍,


എങ്കിലും ഞൊടിനേരത്തിലിപ്പെരു-

മണ്ണില്‍ വീണുചിതറിത്തെറിച്ചൊരാ

പത്തു പൂവുകള്‍ , അല്ല പൂമൊട്ടുകള്‍

എങ്ങിനാശ്വസിച്ചീടുവതെന്‍ മനം?!


വര്‍ണമേറുമീ പൂവാംകുരുന്നുകള്‍

നല്‍കിടുമേറെയാനന്ദ നിര്‍വൃതി ,

പാഞ്ഞടുക്കുന്ന ക്രൂര മൃഗത്തിനും

ശാന്തിയേകുമീകുഞ്ഞു മാലാഖമാര്‍.


എന്തു സുന്ദര സ്വപ്നങ്ങളായിരു-

ന്നിത്ര നാളവര്‍ കണ്ടതെന്നോര്‍ക്കുക,

നന്മകള്‍തിങ്ങുമപ്പുണ്യ ജന്മങ്ങള്‍-

ക്കെത്ര ഹ്രസ്വമാം ജീവിതം ഭൂമിയില്‍....!!!


ഈയുലകിന്നുമപ്പുറം ജീവിതം

നല്‍കുവാന്‍ കഴിവുള്ളവനീശ്വരന്‍

‍സ്വര്‍ഗ വാടിയലംകൃതമാക്കുവാന്‍

കൊണ്ടു പോയതാണീക്കുഞ്ഞു പൂവുകള്‍.


ഒന്നു ചിന്തിക്കിലെത്രയോ ഭേദമാ-

ണീനരകത്തില്‍ നിന്നുള്ള മോചനം...?!!!


അമ്മതന്‍ ഗര്‍ഭപാത്രത്തിനുള്ളിലും

രക്ഷയില്ലാതുഴറുന്നു ഭ്രൂണങ്ങള്‍...

തമ്മില്‍ വെട്ടി മരിക്കുന്ന സോദരര്‍

‍തിന്മകള്‍ നിത്യം ചെയ്യുന്നു മാനവര്‍...


തോക്കുകള്‍,വെടി,സ്ഫോടനം,ബോംബുകള്‍

‍കത്തിയും വടിവാളും കഠാരയും,

ആര്‍ത്തി പൂണ്ട മനുഷമൃഗങ്ങള്‍തന്‍

മൂര്‍ച്ചയേറും കുടില തന്ത്രങ്ങളും...,


തേനില്‍ മുക്കിയൊളിപ്പിച്ചു വച്ചൊരാ-

തീവിഷം തുപ്പും വാക്കിന്‍ പ്രവാഹവും,

അമ്മ പെങ്ങളെന്നുള്ള ബന്ധങ്ങള്‍ ത-

ന്നുള്ളറിയാത്ത രാക്ഷസക്കൂട്ടങ്ങള്‍...,


കണ്‍കളില്‍ കാമഭ്രാന്തുമായ്‌ ചുറ്റിലും

തക്കം പാര്‍ത്തങ്ങിരിപ്പൂ കഴുകന്മാര്‍

പിഞ്ചു മേനിയും പിച്ചിപ്പറിച്ചു കൊ-

ന്നട്ടഹാസം മുഴക്കുന്നു കശ്മലര്‍.


പൊന്നു മക്കളെ നിങ്ങളീശന്റെ

നെഞ്ചിനുള്ളിലെ കുഞ്ഞു മാലാഖമാര്‍....,


മുന്നില്‍ ഗര്‍ത്തങ്ങള്‍ സങ്കടക്കടല്‍

ഒന്നിലും വീണുഴറാതിരിക്കുവാന്‍

സ്വര്‍ഗസീമയില്‍ ഉല്ലസിച്ചീടുവാന്‍

‍കൊണ്ടു പോയതാണാ സ്നേഹ ഗായകന്‍..!!!


കുഞ്ഞു മക്കളെ നിങ്ങള്‍ നീറുമെന്‍

ഹൃദ്ത്തടത്തില്‍ ഉറങ്ങിക്കിടക്കുക

കുഞ്ഞു മക്കളെ നിങ്ങളോര്‍മ്മതന്‍

ഉള്ത്തുടിപ്പുകളായി വസിക്കുക......!!!!

2 comments:

Jikkumon - Thattukadablog.com said...

:-)

Sreehari Perumana said...

super please visit my blog,paravablog.blogspot.in