Friday, January 11, 2008

വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കണോ




ലൈംഗികത ഇന്ന് ഏറ്റവുമധികം വില്‍ക്കപ്പെടാവുന്ന ആഗോള ഉത്പന്നമാണ്. ലൈംഗിക തൊഴിലാളികള്‍ ആകുന്നവര്‍ അങ്ങനെ തന്നെ നിലകൊള്ളണം എന്ന വാദമാണ് പലര്‍ക്കും എന്നു തോന്നും ചിലതൊക്കെ കേട്ടാല്‍. നളിനി ജമീല പുസ്തകമെഴുതുകയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യട്ടെ. സമൂഹം അവ ചര്‍ച്ച ചെയ്യട്ടെ.

പക്ഷെ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുകയും ഗ്ലോറിഫൈ ചെയ്യുകയും ചെയ്യരുത്. പടുകുഴിയില്‍ വീണുപോയിട്ടും കരകയറുകയും ആ വിഭാഗത്തെ സംഘടിപ്പിക്കുകയും ഒരു പുസ്തകമെഴുതുകയും ഇത്രയും സംസാരവിഷയമാകുകയും ഒക്കെ ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു.

പക്ഷേ അഴുക്കുചാലില്‍നിന്ന് ഇവരെ കരകയറ്റാനും പുനരധിവസിപ്പിക്കാനും ശ്രമിക്കുന്നതിനു പകരം ‘ലൈംഗിക തൊഴിലാളി’ എന്ന അംഗീകാരം വേണമെന്നും തന്‍റെ മകള്‍ ആ ‘തൊഴിലി’ന് ഇറങ്ങിയാല്‍ പോലും പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്നും പറയുന്ന നളിനി ജമീല കേരളത്തില്‍ എന്തു ചെയ്യാനാണ്.

ഒരു നോട്ടം കൊണ്ടുപോലും ഒരു സ്ത്രീ മുറിപ്പെടരുതെന്ന് ആഗ്രഹിക്കുന്നതിനു പകരം ഒരാല്‍ കൂടി അതില്‍ വന്നുപെടണമെന്നും അതൊരു തൊഴിലായി അവര്‍ തൊഴിലാളിയായി എല്ലാവരും ചേര്‍ന്നൊരു സംഘടനയായി..അങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ എന്ത് കുഴപ്പമില്ലേ.

എന്തായാലും അന്യപുരുഷന്‍ കാമാസക്തിയോടെ സമീപിക്കുമ്പോള്‍ മനസ്സുമുറിയാതെ അതൊരു തൊഴിലായി മാത്രം കാണാന്‍ ആ പാവങ്ങള്‍ക്ക് കഴിയുമോ. ഗതികേടോ സാഹചര്യങ്ങളോ കൊണ്ടെത്തിക്കുന്ന വഴികളല്ലേ അത്. മനസ്സും ശരീരവും മുറിഞ്ഞ് മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ട് തെരുവിന്‍റെ മൂലയില്‍ ഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കും. അല്ലെങ്കില്‍ കാശുകൊടുക്കാനില്ലാത്തവന്‍ കഴുത്തുഞെരിച്ചുകൊന്ന് കടന്നുപോകും. എന്നിട്ടും പ്രോത്സാഹിപ്പിക്കണോ ഇതൊക്കെ.

ചുവന്ന തെരുവുകള്‍ നിയമവിധേയമായാല്‍ നമുക്കൊക്കെ വീടിനുള്ളില്‍ സ്വസ്ഥമായുറങ്ങാം എന്ന ധാരണ തെറ്റാണ്. മുംബൈ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ.

മാസം 1500-2000 രൂപ നാട്ടിലേക്ക് അയച്ച് അന്യനാട്ടിലെ കമ്പനികള്‍ ജോലി ചെയ്യുന്നുവെന്ന് അച്ഛനമ്മമാര്‍ സമാധാനിക്കുമ്പോഴും അവിടെ ഉരുകിത്തീരുന്ന മലയാളി പെണ്‍കുട്ടികള്‍ എത്രയുണ്ടെന്ന് നാമറിയണം. ചെമ്മീന്‍ കമ്പനി, നെയ്ത്തുശാല, വസ്ത്രനിര്‍മ്മാണം എന്നിങ്ങനെയുള്ള ന്യായങ്ങള്‍ നിരത്തി ഏജന്‍റുമാര്‍ ‘രക്ഷിക്കുന്ന’ ഈ പെണ്‍കുട്ടികളാണോ നമ്മുടെയൊക്കെ മാനം രക്ഷിക്കേണ്ടത്.

ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍, പത്തനംതിട്ടയിലെ മണിയാര്‍, സീതത്തോട്, ചിറ്റാര്‍ പ്രദേശങ്ങളില്‍, വയനാട്ടിലെ വനയോരമേഖലകളില്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോകപ്പെട്ട എത്രയോ പെണ്‍കുട്ടികള്‍ ഉണ്ടെന്നറിയുമോ. ചുവന്നതെരുവു സംസ്കാരത്തിന്‍റെ ഇരകളാണവര്‍.

ഈ വിഷയം ചര്‍ച്ച ചെയ്യൂ. വേശ്യാവൃത്തി സ്വീകരിക്കുന്നവര്‍ക്കു നീതി ലഭിക്കാന്‍ സംഘടനകള്‍ മതിയാവില്ല. കിടക്കറയില്‍ ഭര്‍ത്താവില്‍ നിന്നു സ്ത്രീക്കു നീതി ലഭിക്കണം എന്നതില്‍ സമൂഹത്തിനെന്തു ചെയ്യാന്‍ കഴിയും. ഇരുട്ടിന്‍റെ മറപറ്റി കുറ്റിക്കാടോ കടത്തിണ്ണയോ തെരഞ്ഞെടുക്കുന്നവര്‍ക്കു വേണ്ടി സമൂഹത്തിന് എന്തു ചെയ്യാന്‍ കഴിയും. കടുത്ത പീഡനങ്ങള്‍ ഏല്‍ക്കുന്നുണ്ട് ഈ ലൈംഗിക തൊഴിലാളികള്‍ക്ക് പലപ്പോഴും. ആരറിയും അത്. ആരോടു പറയും...

പേശാമടന്തയേയും വാസവദത്തയേയുമൊക്കെ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കി ആദരിക്കുന്നൊരു സംസ്കാരം നിലനിന്ന കാലം കഴിഞ്ഞുപോയില്ലേ.

ഞാന്‍ അവര്‍ക്കുവേണ്ടി വാദിക്കും. ഒന്നിലധികം തവണ വില്‍ക്കാന്‍ കഴിയുന്ന ഒരേയൊരു സാധനം ഈ ശരീരമാണ് എന്നതുകൊണ്ടു മാത്രം അതു വില്‍ക്കുന്ന ഒരു വിഭാഗം, അവര്‍ക്കു വില്‍ക്കാന്‍ മറ്റെന്തെങ്കിലും ഒക്കെ ഉണ്ടാകുന്ന തരത്തില്‍ അവരെ പുനരധിവസിപ്പിക്കാന്‍ പറ്റില്ലേ നമുക്ക്. ഈ രാഷ്ട്രീയക്കാര്‍ കൈയ്യിട്ടുവാരുന്നതിന്‍റെ നാലിലൊന്നു മതിയാവില്ലെ അതിന്.

8 comments:

മന്‍സുര്‍ said...

എല്ലാം വളരെ സത്യസന്ധമായി പറഞ്ഞിരിക്കുന്നു...പക്ഷേ
സമൂഹം...നന്നാവണ്ടേ.....
മറ്റുള്ളവരെ നാം എന്തിനു കുറ്റം പറയുന്നു...ഇവിടെ ഈ സുന്ദരഭൂമിയില്‍ ആരും ഒന്നുമായി ജനിക്കുന്നില്ല...സാഹചര്യങ്ങള്‍..ചുറ്റുപ്പാടുകള്‍ നമ്മെ അതിലേക്ക്‌ വലിചിഴക്കുന്നു എന്നതല്ലേ ശരി.
ഇനി നാം എങ്ങാന്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലോ.....നമ്മുക്ക്‌ നേരെ തിരിയുമവര്‍....അനുഭവങ്ങളില്‍ കണ്ടതും കേട്ടതും
ഒരു ജോലി....പക്ഷേ എത്ര നാള്‍..അവരത്‌ തുടരും

വേശ്യകളായി മാറിയവര്‍.....തിരിച്ചൊരു മടക്കം ആഗ്രഹിക്കുന്നുണ്ടോ..ഉണ്ടെങ്കില്‍ അപൂര്‍വ്വം
അതെന്തെന്ന്‌ ചോദിച്ചാല്‍ അതങ്ങിനെയാണ്‌
ഇനി അഥവ അവര്‍ പിന്തിരിഞ്ഞെന്നിരിക്കട്ടെ....ആ പേര്‌ മാറുമോ.....ഇല്ല എന്നാണ്‌ എന്‍റെ വിശ്വാസം...

വരും തലമുറയെ....ഇത്തരം വിപത്തുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഒരു പരിശ്രമം...അതായിരിക്കും ഉചിതം

വേശ്യ എത്ര മാറിയാലും സമൂഹം മറ്റൊരു കണ്ണിലിനിയവരെ നോകി കാണില്ല

ഭര്‍ത്താവില്‍ നിന്ന്‌ നീതി ലഭിക്കാത്ത സ്ത്രീയും മറ്റുള്ളവരില്‍ നീതിക്കായ്‌ ശ്രമം നടത്തുന്നത്‌ നമ്മുക്ക്‌ ചുറ്റും ധാരാളം(എല്ലാ സ്ത്രീകളെയും ആ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന്‌ പറഞ്ഞോട്ടെ)

ഇവിടെ ആദ്യം മാറേണ്ടത്‌ നമ്മുടെ കാഴ്‌ചപ്പാടുകളാണ്‌

ജോലിക്ക്‌ പോയി വരുന്ന സ്ത്രീകളെ നോകി പരദൂഷണം പറയുന്നതും പറയുന്നതും മറ്റൊരു സ്ത്രീയാണെന്ന്‌ ഓര്‍ക്കണം

തുടരട്ടെ ചര്‍ച്ച.....

നന്‍മകള്‍ നേരുന്നു

ഒരു “ദേശാഭിമാനി” said...
This comment has been removed by the author.
ഒരു “ദേശാഭിമാനി” said...

വിഷയം, സമൂഹജീവിതത്തില്‍ ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ളതണു.

മനുഷ്യരോടു അല്പമെങ്കിലും സ്നേഹമുള്ളവര്‍ ഒരു തരി പോലും ഈവക അധാര്‍മിക വിഷയങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയില്ല.

വേദനയോടെ പറയട്ടെ, കടതിണ്ണകളില്‍ രോഗം ഗ്രസിച്ചു, വിശന്നു വലഞ്ഞു, ദീനതയാര്‍ന്ന മുഖഭാവത്തോടെ കൈനീട്ടി അലയുന്ന സ്ത്രീകളെ കണ്ടിട്ടില്ലാത്തവര്‍ നമ്മളില്‍ ആരും തന്നെ ഉണ്ടാവില്ല.ഇവരില്‍ അധികം പേരുടേയും പൂര്‍വകാല ചരിത്രം അന്വേഷിച്ചാല്‍ അധികവും യൌവനം അഴുക്കുചാലുകളില്‍ ഹോമിച്ചവരാണന്നു മനസ്സിലാകും.
ബാക്കിയുള്ളവരാകട്ടെ, ഭര്‍ത്താക്കന്മര്‍ മദ്യപാനികളോ, ദുര്‍നടത്തക്കാ‍രോ
ആയിതിനാല്‍ സമ്പാദ്യങ്ങളൊന്നുമില്ലാതെ, ജീവിതം വഴിമുട്ടി തെരുവിലിറങ്ങിയതാകാം. സ്വന്തം മകളാല്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരെയും നമുക്കു കാണം.

ഇന്നു അമിത ലൈഗികസ്വാത്രവും, ദൃശ്യമാധ്യമങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന പ്രചോദനവും യുവതലമുറയിലെ പെണ്‍കുട്ടികള്‍ ഭാവിയെപറ്റിയുള്ള വീണ്ടുവിചാരമില്ലാതെ, സംസ്കാ‍ര ശൂന്യതയെ, സംസ്കാരമായി,, തെറ്റിദ്ധരിച്ചു വിവേകമില്ലാതെ, തെറ്റിലേല്ക്കു സ്വയം സമര്‍പ്പിക്കുന്നു. ഇവിടെ സ്വന്തം വിവേകശൂന്യതയും, മാദ്യമങ്ങളുടെ പ്രചോദനവും, യുവതലമുറയുടെ വികട സംസ്കാരവും, വീട്ടിലെ അമിത സ്വാത്രയവും ആണു പ്രതികള്‍!

മുതല്‍ മുടക്കില്ലാത്തെ ഒരു വ്യവസായമായി, പിശാചിന്റെ സന്തതികളായ ഒരു പറ്റം ബീസിനസ്സുകാര്‍ ഈ തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.മനോരമയിലെ 9-)ം തിയതിലെ ‘ലൈഫ്സ്റ്റൈല്‍‘ പേജില്‍ വന്ന വാര്‍ത്ത ഒന്നു വായിച്ചാല്‍ നമ്മുടെ നാടിനെ നാളെ വേശ്യാവിത്തിയില്‍ വേരൂന്നിയ ടൂറിസ്റ്റു സംസ്ഥാനമാകുമോ എന്നു ഭയക്കേണ്ടി വരുന്നു. വാര്‍ത്ത
ഇവിടെ (നേരിട്ടു ലിങ്കു കൊടുത്തിട്ടു ശരിയാകാത്തതുകോണ്ടാണ്ട് ഇങ്ങനെ

കാവലാന്‍ said...

സ്ത്രീകളെ പുരുഷന്മാര്‍ക്കുവെറുപ്പാണോ????.....
ആണുങ്ങള്‍ എല്ലാപെണ്ണുങ്ങളും വേശ്യകളായി ക്കാണാനാഗ്രഹിക്കുന്നുണ്ടോ??......
പ്രലോഭനങ്ങളില്‍ വീണു പോവലും പട്ടിണിയും പെണ്ണിന്റെ കുത്തകയാണോ??..
കണ്ണീരും കഷ്ടപ്പാടുമൊന്നും ഇല്ലാതെ തന്നെയാണോ എല്ലാ ആണുങ്ങളും ജീവിക്കുന്നത്?.

സ്ത്രീകള്‍ വെറും പരാതിക്കൂമ്പാരങ്ങളാവുന്നതിനേക്കാള്‍ സ്വയം ഇത്തിരി പരിഹാരം കാണുകയാണ് നല്ലതെന്നു തോന്നുന്നു.

അനു said...

നന്ദി മന്‍സുര്‍ , ദേശാഭിമാനി...കാവലാന്‍


ഞാനൊരു പുരുഷ വിരോധിയല്ല. സ്ത്രീ സ്വാതന്ത്ര്യ വാദിയുമല്ല. സ്ത്രീയോടു വിവേചനം കാട്ടരുതെന്നു പറയുന്നത് പരാതിയല്ല. എനിക്കൊരു അപമാനം നെരിട്ടാല്‍ ഞാനാരോടും പരാതി പറയില്ല കാവലാന്‍ . കരുതലോടെ ജീവിക്കും. എന്നിട്ടും കുഴപ്പമുണ്ടായാല്‍ മുഖമടച്ചൊന്നു പൊട്ടിക്കും അത്രേയുള്ളു.

അത് പുരുഷന്മാര്‍ മാത്രമാവണമെന്നില്ല. സ്ത്രീകളായാലും. അങ്ങനെ തന്നെ. കേരളത്തില്‍ നടക്കുന്ന പല കൂട്ട മര്‍ദ്ദനങ്ങളിലും സ്ത്രീകളും ഭാഗഭാക്കാകുന്നു എന്നാണ് എന്‍റെ നിരീക്ഷണം.

കഴിഞ്ഞ പോസ്റ്റിങ്ങില്‍ എന്തെങ്കിലും പരാതിയോ പരിദേവനമോ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ സ്ത്രീയെ വേദനിപ്പിക്കുന്നത്, പീഡിപ്പിക്കുന്നത്, അപമാനിക്കുന്നത്, അത് നോക്കിനിന്ന് ആസ്വദിക്കുന്ന ഒരു സമൂഹമായി കേരളവും മാരിയിരിക്കുന്നു. അടുത്തിടെയുണ്ടാകുന്ന പല സംഭവങ്ങളും അതാണു സൂചിപ്പിക്കുന്നത്.

ഇതൊക്കെ വായിച്ച് മനസ്സില്‍ കൊള്ളുന്ന ഒരാളെങ്കിലും ആ നേരത്ത് ‘അരുത്’ എനൊരു വാക്കു പറയാന്‍ തയ്യാറായാല്‍ അതുമതി. അത്രേയുള്ളു ലക്ഷ്യം.


ദയവു ചെയ്ത് ഈ ലിങ്കുകള്‍ പരിശോധിക്കുക.

http://malayalam.webdunia.com/miscellaneous/woman/articles/0710/09/1071009089_1.htm

http://www.ibnlive.com/videos/56330/village-plays-judge-beats-up-and-strips-woman.html

Dr.Biji Anie Thomas said...

ശരിയാണ് അമ്പിളി പറഞ്ഞതെല്ലാം. ഇതു കമ്പോള സംസ്കാരം. ഇവിടെ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്നത് ശരീരവും. ലൈഗീകചൂഷണങ്ങള്‍ തടയാന്‍ വളരെയേറെ ബോധവല്‍ക്കരണം ഇന്നാവശ്യമുണ്ട്, ഒപ്പം ധാര്‍മ്മികതയുടെ പാഠങ്ങളും. സ്ത്രീ അമ്മയാണ്, ദേവിയാണ് എന്നൊക്കെ ആഘോഷ്മായി പെരുമ്പര കൊട്ടാനും ‘നാരീപൂജ’ ചടങ്ങുകള്‍ നടത്താനും എല്ലാര്‍ക്കും ഉത്സാഹമുണ്ട്. പക്ഷേ കുടുമ്പങ്ങളില്‍ തുടങ്ങി സമൂഹത്തില്‍ എത്രയോ ഇടങ്ങളില്‍ അവര്‍ തലകുമ്പിട്ടു നടക്കേണ്ടി വരുന്നുണ്ട്? തീര്‍ച്ച്യായും സ്കൂള്‍തലങ്ങളില്‍ തുടങ്ങി പഠിപ്പിക്കണം ശരീരമെന്നത് ഒരു ‘വസ്തു’അല്ലെന്നു.. ഇതിനുള്ളില്‍ ഒരു ‘ഓംകാര’ മുണ്ടെന്ന്.ആ ഓംകാരത്തെ ആദരിക്കണമെന്നും....
വളരെ പ്രശംസയര്‍ഹിക്കുന്ന ലേഖനം..

Unknown said...

വേശ്യ വ്രത്തി നടക്കട്ടെ ഈ നാട്ടിലേ പാവപേട്ട പെണ്‍ക്കുട്ടികള്‍ പിഡിപ്പിക്കപെടാതിരിക്കണമെങ്കില്‍

വെളിച്ചപ്പാട് said...

പ്രോത്സാഹിപ്പിക്കരുത്. പക്ഷേ നിയമവിധേയം ആക്കണം. രഹസ്യമായി നടക്കുന്ന ഒന്നിനെ ഒരിക്കലും നിയന്ത്രിക്കാനാവില്ല. ആദ്യം വേണ്ടത് അതിനെ നിയമവിധേയം ആക്കി മാഫിയ സംഘങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് അതിനെ മോചിപ്പിക്കുക എന്നതാണ്. പക്ഷേ ആത്യന്തികമായ ലക്ഷ്യം ഈ ദുസ്ഥിതി നിവാരണം ചെയ്യുക എന്നതായിരിക്കണം. വേശ്യവൃത്തി ചെയ്യുന്നവരെ നിയമവലയില്‍ പെടുത്താതെ ഇടനിലക്കാരെയും ചൂഷകരെയും ഇരുമ്പഴികള്‍ക്കുള്ളില്‍ ആക്കണം. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചികിത്സാസൌകര്യങ്ങളും അതില്‍നിന്ന് പിന്‌വാങ്ങുന്നവര്‍ക്ക് പുനര്‍ധിവാസവും മക്ക‍ള്‍ക്ക് വിദ്യാഭ്യാസ സൌകര്യവും നല്‍കണം. ലൈംഗിക തൊഴിലാളികളുടെ മക്കളും ആ വഴിക്ക്തന്നെ പോകുന്നത് ഒഴിവാക്കാന്‍ ഇതുകൊണ്ട് ഒരു പരിധി വരെ കഴിഞ്ഞേക്കും.
ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഞാന്‍ ഇന്നലെ ഇട്ടിരുന്നു. http://velipaat.blogspot.com/