Saturday, January 06, 2007

സ്വയം പര്യാപ്തത, എങ്ങനെ! ആരെല്ലാം?

ലോകം ഇന്ന് നക്ഷത്രങ്ങളുടെ വേഗതയില്‍ ചലിക്കുന്നു,എന്നിട്ടും നമ്മുടെ ചിന്താഗതിക്ക്‌ മാറ്റമുണ്ടായില്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ സ്ത്രീയും പുരുഷനും ഒന്നായി ഒരു കുടുംബമായി ജീവിക്കുന്നു. അതിനു വിവാഹം എന്ന ഒരു ചട്ടക്കുടും, നിയമസംഹിതകളും നല്‍കി. അത്‌ ആര്‍ ആരെ ഭരിക്കും എന്നുള്ളതിന്റെ മല്‍സരം അല്ല . മറിച്ച്‌ ഒരാള്‍ മറ്റൊരാള്‍ക്ക്‌ താങ്ങായിരിക്കണം, പരസ്പരം സ്നേഹിക്കണം എന്നിങ്ങനെ,എഴുതിച്ചേര്‍ക്കാത്തതായ ചില അന്വര്‍ഥങ്ങള്‍‍ മാത്രമാണ്‌.യാന്ത്രികമായ ഈ ജീവിതത്തിനിടയില്‍ ജീവിതം സ്വസ്തമാക്കാനുള്ള ഈ നെട്ടോട്ടത്തിനിടെയില്‍ നമ്മളില്‍ ചിലരെങ്കിലും ജോലിചെയ്യുന്ന ഇന്നത്തെക്കാലത്ത്‌, പഴയ രീതികളെയും ചിന്താഗതികളെയും കുറച്ചൊന്നു മാറ്റേണ്ട സമയം കഴിഞ്ഞു.

ജോലിക്ക് പോകുന്നവരായ അമ്മമാരുടെ ജോ‍ലിഭാരം കുറക്കാന്‍ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും, ഒരുപോലെ, അവരെ എങ്ങനെ സഹായിക്കാം എന്നൊരു ചര്‍ച്ച ഇവിടെ തുടങ്ങിയാലോ? ഇതൊരു ചര്‍ച്ചാ വേദി മാത്രം ആണ്! വാഗ്വാദം അല്ല, സഹകരിക്കൂ, സഹോദരിമാരേ, സഹോദരന്മാരേ!!

കുട്ടികളേയും ചെറുപ്പത്തിലേ സ്വയം പര്യാപ്തരാക്കണം, അവരവരുടെ കാര്യങ്ങള്‍, സ്വയം ചെയ്യാന്‍ പ്രേരിപ്പിക്കണം, അതിനു ചെറിയ ശാസനയൊക്കെ ആവാം.അവരവരുടെ ഷൂ പോളീഷ് ചെയ്യുക, സ്കൂളിലേക്കുള്ള റ്റൈംറ്റേബിള്‍,ഇടാനുള്ള വസ്ത്രങ്ങള്‍ എല്ലാം തലേന്ന്, എടുത്ത് ,തയ്യാറാക്കി വെക്കുക, എന്നിങ്ങനെ പോകുന്നു, ആ പട്ടിക.

എല്ലാം സ്വയം ചെയ്യാനം എന്ന വാശിയും സ്ത്രീകള്‍ കളയണം, അതുവഴി, നിങ്ങ‍ള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ തന്നെ സ്വയം പര്യാപ്തതക്കാണ്, കോടാലി വെക്കുന്നത്, എന്നറിയുക. ഒരു കാലത്ത്, മറ്റൊരു കുടുംബത്തിന്റെ നെടുത്തൂണുകളാകേണ്ടവരാണ് അവരും.ഭാര്യ പാചകത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍, ഭര്‍ത്താവിനും കുട്ടികള്‍ക്കും വീട് വൃത്തിയാക്കാം, ഇസ്തിരി ഇടാം, അങ്ങിനെ പലതും, വീണ്ടു വിചാരത്തോടേ ചെയ്താല്‍, ഒരു പരിധിവരെ, നമ്മുടെ ഈ പ്രവാസ ജീവിതം ലഘൂകരിക്കാം. ജോലിക്ക് പോകുന്ന സ്ത്രീകള്‍ വല്ലാത്ത റ്റെന്‍ഷനിലാണ്, ഇത് കുറക്കണമെങ്കില്‍, വീട്ടിലുള്ള എല്ലാവരും ശ്രമിച്ചാലേ നടക്കൂ.

പ്രവാസികളായ നമ്മുക്ക്, വല്ലാത്ത പരിമിതികള്‍ ഉണ്ട്, സമ്മതിക്കുന്നു, എന്നിരുന്നാലും , ഒരു അഭിപ്രായപ്രകടനത്തിലൂടെ നമുക്ക് അന്യോന്യം, സഹായിച്ചുകൂടെ??

15 comments:

വല്യമ്മായി said...

വളരെ നല്ല വിഷയം,ഇപ്പോള്‍ നാട്ടിലുള്ള സ്ത്രീകളുടേയും സ്ഥിതി ഇതു തന്നെ.

സ്ത്രീകള്‍ ജോലിക്കാരുകുമ്പോള്‍ ഏറ്റവും വലുത് ഐ സഹകരണം തന്നെയാണ്.

ഈ വിഷയത്തിന് നമ്മുടെ ഇടയിലുള്ള പ്രാധാന്യം മനസ്സിലാക്കി ഇതൊരു ആരോഗ്യകരമായ ചര്‍ച്ചയാക്കി മാറ്റണമെന്നു ദയവു ചെയ്ത് അഭ്യര്‍ത്ഥിക്കുന്നു

ബിന്ദു said...

വെരി ഗുഡ്. സ്ത്രീകള്‍ക്ക് വെളിയില്‍ പോയി ജോകി ചെയ്യാന്‍ പറ്റുമെങ്കില്‍ പുരുഷന്‍‌മാര്‍ക്ക് അടുക്കളയില്‍ ഇത്തിരി സഹായിക്കാനും പറ്റണമല്ലൊ.:)
രണ്ടും അവകാശങ്ങള്‍ അല്ല, പരസ്പരം മനസ്സിലാക്കി ചെയ്യേണ്ടതാണ്.
( ആഹാ.. പ്രസംഗിക്കാന്‍ എന്തെളുപ്പം എന്നാര്‍ക്കെങ്കിലും തോന്നിയ്യാല്‍ ഞാന്‍ ഉത്തരവാദിയല്ല.):)

മുസ്തഫ|musthapha said...

ജോലിക്ക് പോകുന്ന ഭാര്യമാര്‍ക്ക് മാത്രമായി ഈ സഹകരണം ഒതുക്കേണോ... എല്ലാ ഭാര്യമാര്‍ക്കും ഈ സഹകരണം ലഭിക്കേണ്ടേ!

പിന്നെ ഇതൊന്നും വായിച്ചും ആരെങ്കിലും പറഞ്ഞും ചര്‍ച്ച ചെയ്തും പ്രാവത്തീകമാക്കേണ്ട (!!!) കാര്യമാണോ?

ഈ വക കാര്യങ്ങളെല്ലാം പരസ്പരമുള്ള സ്നേഹത്തില്‍ നിന്നും അറിയാതെ ഉരുത്തിരിയുന്ന ഒന്നാണെന്നാണ് എന്‍റെ വിശ്വാസവും അനുഭവും.

നല്ല ചര്‍ച്ചകള്‍ നടക്കട്ടെ എന്നാശംസിക്കുന്നു.

കരീം മാഷ്‌ said...

പ്രിയനോടു സ്നേഹത്തോടെ പറയേണ്ടതിന്നു പകരം ബ്ലോഗിലിട്ടു അതിന്റെ പ്രിന്റ് എടുത്തു നിയമാവലിയാക്കി സര്‍വ്വീസ് ചട്ടമുണ്ടാക്കുന്നതു പരസ്പരമുള്ള വിശ്വാസമില്ലാമ്യ്മയേയും നിസ്സഹകരണത്തേയുമല്ലാതെ പിന്നെയെന്താ‍ണ് അര്‍ത്ഥമാക്കുന്ന്തെന്നു ചോദിച്ചാല്‍ പിണങ്ങുന്ന അംഗങ്ങളല്ല ഈ വനിതാലോകത്തിലെന്നു വിചാരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ എന്നെ വിഡ്ഡിയെന്നു വിളിക്കുന്നവരെ ഞാന്‍ കണ്ടില്ലന്നു നടിക്കുമ്പോള്‍ വാച്ചില്‍ സമയം പത്തുമണി. ഭാര്യയുടെ സാരി അയേണ്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ബ്ലോഗിംഗിനിടയില്‍ അതു മറന്നു പോയി.

മാവേലികേരളം(Maveli Keralam) said...

ആനുകാലിക പ്രാധാന്യമുള്ള ഒരു ചര്‍ച്ച തന്നെ.
സ്നേഹം തന്നെ അടിസ്ഥാനം,കടമയും കടപ്പാടും അല്ല.ശരിയാണ് ഇതു പ്രവാസികളായ സ്ത്രീകളെ മാത്രം ബാധിയ്ക്കുന്നവയല്ല. എന്നിരുന്നാലും പ്രവാസ ജീവിതത്തിന്റെ വെല്ലുവിളികള്‍ക്കു വ്യത്യാസങ്ങളും ഉണ്ട്.പ്രത്യേകിച്ച് വ്യതിരക്തമായ സംസ്കാരവുമായി കുട്ടികള്‍ പരിചയത്തിലാകുമ്പോള്‍.

മാറ്റങ്ങളെ മനസിലാക്കാനും അവയെ അനുഗുണമായി ഉള്‍ക്കോള്ളാനും കഴിയുക പുരോഗതിയുടെ ലക്ഷണമാണ്. പക്ഷെ ചിലര്‍ക്കു മാറ്റങ്ങളെ ഭയമാണ്. അനുവര്‍ത്തിച്ചു വരുന്നവയുടെ വെറും പിന്‍-ഗാമികളാകുന്നവര്‍ക്ക്.

കുട്ടികള്‍ക്കു അനുകൂലമായ മാറ്റം ആഗ്രഹിയ്ക്കുന്ന മാ‍ാതാപിതാക്കള്‍ ആദ്യം മാറ്റങ്ങളെ സ്വയം അംഗീകരിയ്ക്കണം.അതുകൊണ്ട് അച്ചനുമമ്മയും ഏതു പ്രതികൂല സാഹചര്യത്തേയും ഒത്തൊരുമിച്ചു നിന്നു നേരിടുന്നതായി കുട്ടികള്‍ മനസ്സിലാക്കണം.
എന്നു പറഞ്ഞാല്‍ ഭര്‍ത്താവു ജോലിത്തിരക്കുള്ള ഭാര്യയെ സഹായിയ്കുന്നത് മക്കള്‍ക്കു സ്വന്തം ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ഒരു പരിശീലനമാണ്.ഉപദേശത്തില്‍ നിന്നും കുറച്ചും പ്രവൃത്തിയില്‍ നിന്നു കൂടുതലും കുട്ടികള്‍ പഠിയ്ക്കുന്നു.
ചര്‍ച്ച തുടരട്ടെ

സ്വാര്‍ത്ഥന്‍ said...

വീട്ടില്‍ ആദ്യം എണീക്കുന്നത് ആരാണോ, അവര്‍ കാപ്പി ഉണ്ടാക്കും.
കുഞ്ഞുങ്ങള്‍ ഉറക്കമുണരുമ്പോള്‍ ആരുടെ അടുത്തേക്ക് പോകുന്നുവോ, അവര്‍ ആ കുറുമ്പന്മാരെ ഉമ്പി മുള്ളിക്കും പല്ല് തേപ്പ്, കുളി എന്നിവയെല്ലാം ചെയ്യാന്‍ സഹായിക്കും. സ്വയം പര്യാപ്തതയിലേക്ക് വരുന്നതു വരെ ഇതു തുടരും.
സ്കൂളിലേക്ക് പോയിക്കഴിഞ്ഞാല്‍ എല്ലാരും ചേര്‍ന്ന് ബാക്കിയുള്ള പണിയെല്ലാം തീര്‍ക്കും. ഭര്‍ത്താവ് വയ്ക്കുന്ന മീന്‍ കറിയാണ് എല്ലാര്‍ക്കും പ്രിയം എന്ന് അമ്മ പറയും.
ജോലിക്ക് പോകേണ്ട സമയത്തിനു അര മണിക്കൂര്‍ മുന്‍‌പായിരിക്കും ഞാന്‍ എണീക്കുക. എന്നാലും ആഴ്ചയില്‍ 3 ദിവസം വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അറിയും.
എന്നേക്കൊണ്ട് ഇത്രയൊക്കെയെ പറ്റൂ‍ൂ‍ൂ‍ൂ‍ൂ‍ൂ. പ്രവാസിയുടെ പരിമിതികള്... അതാണ് പ്രശ്നം!

സപ്നാ, അല്‍ഖോറിലേക്കുള്ള എല്ലാ റോഡുകളും ഇനിയൊരറിയിപ്പുണ്ടാ‍കുന്നതു വരെ അടച്ചിരിക്കുന്നു ;) ഇനി പറന്ന് വന്ന് തല്ലാനാണെങ്കില്‍ ഞാനിതാ ഒളിച്ചു കഴിഞ്ഞു.

മുസ്തഫ|musthapha said...

മാവേലി കേരളം പറഞ്ഞത് വളരെ ശരിയാണ്.

ഉപദേശത്തിലൂടേയും ശാസനയിലൂടേയും പകര്‍ന്നു നല്‍കുന്നതിനേക്കാളും എത്രയോ ഫലപ്രദമായിരിക്കും നമ്മുടെ പ്രവൃത്തികളിലൂടെ അവരുടെ മനസ്സിലേറുന്ന പാഠങ്ങള്‍.

അവരെ ലാളിച്ചും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തും സ്നേഹം പ്രകടിപ്പിക്കുന്നതിനോടൊപ്പം തന്നെ മാതാപിതാക്കള്‍ തമ്മിലുള്ള പെരുമാറ്റവും അവര്‍ക്ക് മുതല്‍ക്കൂട്ടാവാന്‍ നാം ശ്രദ്ധിച്ചാല്‍ പിന്നീടവര്‍ക്കാരും പറഞ്ഞു കൊടുക്കേണ്ടി വരില്ല പരസ്പര ബഹുമാനവും സ്നേഹവും ഒക്കെ എന്താണെന്ന്.

വിഷയത്തില്‍ നിന്നും വ്യതിചലിച്ചതില്‍ ക്ഷമിക്കണം.

പ്രിയംവദ-priyamvada said...

സീരിയസ്‌ വിഷയങ്ങള്‍ ചര്‍ച്ചക്കു വച്ചതില്‍ സന്തോഷം ,സപ്ന..
തീര്‍ച്ച്ചയായും മതാപിതാകള്‍ സഹകരിച്ചു ജീവിക്കുന്നതു കുട്ടികള്‍ കാണുന്നതു തികച്ചും പ്രസക്തമാണു..പ്രതേയ്കിച്ചു പശ്ചാത്യ സംസ്കാരം ഉള്ള പ്രവാസ്സി നാടുകളില്‍. ..കുടംബത്തിലേ കടമകള്‍ സ്ത്രീകളുക്കു മാത്രം ,അതു അമ്മയുടെ carrierനെയും വ്യക്തിജീവിതത്തെതന്നെയും ബാധിക്കുന്നതു കാണുന്നതു വിവാഹ ജീവിതം വേണ്ടെന്നുവയ്ക്കനും അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട്ന്നുവയ്ക്കാനും വരെ ഇന്നത്തെ തലമുറയെ വിശേഷിച്ചു, പെണ്‍കുട്ടികളെ പ്രേരിപ്പിക്കും. എന്തിനീ "താങ്ക്‌ലെസ്സ്‌ ജോബ്‌" എന്നു പറയുന്നവര്‍ ഇവിടെ ധാരാളം. പക്ഷെ പല സ്ത്രീകളും വീട്ടില്‍ നിമയമങ്ങള്‍ ഒന്നും ഇമ്പോസ്‌ ചെയ്യാതെ പലപ്പൊഴും കുട്ടികളെ കൊണ്ടും ഭര്‍ത്താവിനെക്കൊണ്ടും പ്രയോജന്മില്ല എന്നു മറ്റുള്ളവറോടു പരാതി പറയുന്നതായാണു കണ്ടിട്ടുള്ളതു. (കരീം മാഷ്‌ പറഞ്ഞപോലെ). സ്വയം പര്യപ്തത നേടാന്‍ നിര്‍ബദ്ധിക്കുന്നതു അമ്മയെ/ഭാര്യയെ കുറച്ചു unpopular ഭാവിയില്‍ കുട്ടികളുക്കു അതു പ്രയോജന്‍പ്പെടുമെന്നു തന്നെയാണു എന്റെ അഭിപ്രായം... പ്രതീക്ഷ. മവേലി കേരളം പറഞ്ഞതുപോലെ പ്രാക്റ്റിസാണു preaching നെക്കാള്‍ എപ്പൊഴും നല്ലതു.
പണ്ടത്തെ അപേക്ഷിച്ചു എത്ര കുറച്ചു ജോലികളാണിപ്പൊഴുള്ളതു ,അതു എല്ലാവരും സഹകരിച്ചുചെയ്താല്‍ ജോലിയുള്ളവരയാലും ഇല്ലാത്തവരയാലും കുറേ കൂടി family time കിട്ടും എന്ന അഭിപ്രായക്കാരിയാണു ഞാന്‍.

നാട്ടിലെ കാര്യം ഞാന്‍ പലതരത്തില്‍ കണ്ടിരികുന്നു..ഭര്‍താവു സഹയിക്കുന്നില്ല എന്നു പറയുന്ന സ്ത്രീകള്‍ തന്നെ അയല്‍ വീട്ടുകാരിയെ
സഹായിക്കുന്ന പുരുഷനെ " പാവം ആ ചേട്ടന്‍" ആ സ്ത്രീ ഭയങ്കരി ,വീട്ടിലെ പണികള്‍ മുഴുവനും അയാളാ ചെയ്യുന്നെ എന്നും പറയും.

mind set കുറച്ചു മാറനുണ്ടു ..എല്ലാവരുടെയും!

ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നാ.. ഇപ്പൊഴാ കണ്ടത്... മോശം മോശം എന്നൊന്നും പറയല്ലെ.. വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ ഇതിനൊരു കാരണമല്ലെ.. എന്റെ അമ്മ പറയുമായിരുന്നു.. ആണുങ്ങളെകൊണ്ട് മുറ്റമടിപ്പിക്കരുത് പാത്രം കഴുകിക്കരുതെന്ന് ഒക്കെ.. അതു ആ വീട്ടിലെ പെണ്ണുങ്ങള്ക്കാ നാണക്കേട് എന്ന്.. ഞാന്‍ വഴക്കിടുമ്പോള്‍ അച്ഛന്‍ എന്റെ ഭാഗം നില്ക്കുമായിരുന്നു.. കുറെ ഒക്കെ പെണ്ണുങ്ങള്‍ തന്നെയാ ഇതിനൊക്കെ വളം വെച്ചു കൊടുക്കുന്നത്.. ഒപ്പം പഴയ ചിന്താഗതി ആണിനുമായാല്‍ .. സ്വസ്ഥം സുന്ദരം

Unknown said...

ഞാന്‍ അമ്മയെ സഹായിക്കാമെന്ന് കരുതി അടുക്കളയില്‍ കയറിയാല്‍ എന്താണെന്നറിയില്ല അമ്മ ഉടന്‍ “നീ ഈ ഭാഗത്തേയ്കേ വരാതെ അവിടെ ഒരിടത്ത് ഇരുന്നാല്‍ തന്നെ വലിയ സഹായമായി“ എന്ന് പറയും. അങ്ങനെ ഞാന്‍ അമ്മയ്ക്ക് ചെയ്തിട്ടുള്ള സഹായത്തിന് കൈയ്യും കണക്കുമില്ല. :-)

ബിന്ദു said...

ദില്‍ബു പറയുന്നതുകേട്ടപ്പോള്‍ ഒരിക്കല്‍ എന്റെ അനിയന്‍ പറഞ്ഞ കാര്യമാണ് ഓര്‍മ്മ വന്നത്. അമ്മ ഉണ്ടാക്കുന്നതൊക്കെ ഒരു പരാതിയും പറയാതെ കഴിച്ചുതീര്‍ക്കുന്നതു തന്നെ അമ്മയ്ക്കു ചെയ്തുകൊടുക്കുന്ന വലിയ സഹായമല്ലെ എന്ന്.(അമ്മയെ നിനക്കൊന്നു സഹായിച്ചാലെന്താ എന്ന് ചേച്ചിയുടെ അധികാരത്തോടെ ചോദിച്ചതിനു കിട്ടിയ മറുപടിയാ):)

Inji Pennu said...

ആണുങ്ങള്‍ ആണുങ്ങളുടെ പണിയും പെണ്ണുങ്ങള്‍ പെണ്ണുങ്ങളുടെ പണിയും ചെയ്യുന്നതിനോടാണ് എത്രയൊക്കെ ആലോചിച്ചാലും എന്റെ പോയിന്റ്. കാരണം, അവരോട് കുക്കാന്‍ പറയാനും ഒക്കെ കഴിഞ്ഞിട്ട്, നാളെ എന്നാ രണ്ട് കപ്പ നടാന്‍ ഒരു കുഴി കുഴിക്കടീ എന്ന്‍ പറഞ്ഞാല്‍ എന്റെ പൊന്നു ചേച്ചി എന്റെ കാലിലിട്ടേക്കുന്ന ക്യൂട്ടക്സില്‍ ചെളിയാവാന്‍ അമ്മയാണെ എനിക്കിഷ്ടമല്ല :). പക്ഷെ എന്നും പറഞ്ഞ്, ആണുങ്ങള്‍ക്ക് ഇന്നതേ ചെയ്യാവൂ, പെണ്ണുങ്ങള്‍ക്ക് ഇന്നതേ ചെയ്യാവൂ എന്നൊക്കെ വളരെ സ്റ്റ്രിക്റ്റ് ആയ നിബന്ധനകള്‍ വെക്കുന്നതിനോടും എനിക്കെതിര്‍പ്പുണ്ട്, എസ്പഷലി ആണുങ്ങള്‍ക്ക് ചിക്കന്റെ കാല്, മീന്‍ വറുത്തതിന്റെ വാല്‍ ഭാഗം അമ്മ സ്പെഷ്യല്‍ ആയി കൊടുക്കുന്നതു കാണുമ്പോള്‍. :)
ജോലിക്കു പോവുന്ന അമ്മമാരെ മാത്രമല്ല, വീട്ടിലിരിക്കുന്ന അമ്മമാരേയും കണ്‍സിഡര്‍ ചെയ്ത് ഒരു മനുഷ്യന്‍ ആയി കണ്ട്, റിമോട്ടുമേന്നും ഗെയ്യിം ബോയില്‍ നിന്നും കൈ ഒക്കെ എടുത്ത്, അമ്മ വെച്ച് തരുന്ന ആഹാരത്തിന്റെ അടുത്ത് ഗുസ്തി കൂടാതെ, നല്ല ഭക്ഷണം അമ്മേ എന്നൊക്കെ ഇടക്കൊക്കെ പറഞ്ഞ്, അമ്മക്ക് കറിക്ക് അരിഞ്ഞ് കൊടുക്കാനൊക്കെ അമ്മേടെ അടുത്ത് ഗുസ്തി പിടിച്ച്, അമ്മേനെ പാത്രം കഴുകാന്‍ സഹായിച്ച്, എല്ലാം വൃത്തിയാക്കി ഇടാന്‍ ഒക്കെ സഹായിക്കണം എന്ന് മാത്രമല്ല നല്ല മനസ്സോടെ സ്നേഹത്തോടെ അതൊക്കെ ചെയ്യേം ചെയ്യണം. അല്ലാതെ അമ്മ ജോലിക്കും പോണം, വീട്ടിലെ ജോലിക്കാരിയേയും റീപ്ലേസ് ചെയ്യണം എന്ന് വിചാരിക്കുന്നവര്‍ക്ക് ചുട്ട അടി! പക്ഷെ പ്രശ്നം ഞാനൊന്നും ഇതൊന്നും ചെയ്തിട്ടില്ല. ഫുള്‍ ടൈം പൊസ്തകം വായിച്ചിരിക്കും, ടി വി കാണും, അടുക്കളേല്‍ ചെല്ലുമ്പൊ വേണ്ട ഇവിടെ സഹായം വേണ്ട എന്നൊക്കെ പറയുമ്പൊ ആശ്വാസത്തോടെ വരും. എന്നാ എന്റെ അമ്മേന്റെ വിചാരം പൊസ്തകം വായിച്ച് ഞാനൊരു കലക്ടര്‍ ആവും എന്നയിരുന്നു. എവിടെ? ഒരു വേസ്റ്റ് കലക്റ്റര്‍ പോലും ആയില്ല്ല. ഞാന്‍ കണ്ട് ടി.വി യുടെ കരണ്ട് ചാര്‍ജ്ജ് ഉണ്ടെങ്കില്‍ അമ്മക്ക് പത്ത് ജോലിക്കാരെയെങ്കിലും കിട്ടിയേനെ...ഉം..
അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പൊ ആകട്ടെ, അമ്മ വെച്ചു തരണ കറി തിന്നെങ്കിലും സഹായിക്കണം.. :)

Sapna Anu B.George said...

എല്ലാവരോടിമായി പറയട്ടെ,ഇതു മൊത്തമായും ചില്ലറയയും എടുത്താല്‍, രെഹനയുടെ മസ്സില്‍ തെളിഞ്ഞൊരു ചോദ്യമാണ്!

“ജോലിക്ക് പോകുന്നവരായ അമ്മമാരുടെ ജോ‍ലിഭാരം കുറക്കാന്‍ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും, ഒരുപോലെ, അവരെ എങ്ങനെ സഹായിക്കാം എന്നൊരു ചര്‍ച്ച ഇവിടെ തുടങ്ങിയാലോ?“

ഞാനിതിനൊരു ആഗോ‍ളരൂപം നല്‍കി എന്നെയുള്ളു, എന്നിരുന്നാലും, നിങ്ങളുടെ അഭിപ്രായങ്ങളെ സ്വരൂപിച്ച്,ഇതിനെ നല്ല ഒരു ഉപന്യാസമാക്കാനും ഞാന്‍, ഒരുമ്പെടും കേട്ടോ കൂട്ടരെ?

വല്യമ്മായിക്കും, ബിന്ധുവിനും,അഗ്രജനും,കരിം മാഷിനും,മവേലികേരള‍ത്തിനും,സ്വര്‍ത്ഥനും,അഗ്രജനും,ഈട്ടിമാളുവിനും,സിന്‍ബാസുരനും,ഇഞ്ഛിപ്പെണ്ണീനും വളരെ നന്ദി.

സുധ said...

വീട്ടിലെ ജോലി ഒരു ജോലിയോ? അതൊരു ഭാരമോ? അങ്ങിനെ ചിന്തിയ്ക്കുന്നവരാണോ ഏറെയും?
നമുക്കുവേണ്ടുന്ന ആഹാരം ഉണ്ടാക്കുന്നത്‌, വസ്ത്രങ്ങള്‍ നനയ്ക്കുന്നത്‌ വീടു വൃത്തിയാക്കുന്നത്‌ ഒക്കെയും ഒരു ജോലിയായി എനിയ്ക്കു തോന്നിയിട്ടില്ല. ഞങ്ങള്‍ കൂട്ടായി എല്ലാം ചെയ്യുന്നു. വീട്ടുജോലികളൊക്കെ ഒരു ഗെയിം പോലെ കണക്കാക്കുന്നു. ഒരു മുളിപ്പാട്ടില്‍ തീരുന്ന പണികളല്ലേ നാട്ടിലെ വീടുകളിലല്ലാത്ത ഈ പ്രവാസി വീടുകളില്‍ ഉള്ളൂ. കറികള്‍ മാത്രം ഉണ്ടാക്കാന്‍ ഒരു മണിയ്ക്കൂറല്ലേ വേണ്ടൂ. അരി കഴുകിയിട്ടാല്‍ ചോറാകുന്ന സമയം ഓര്‍ത്താല്‍ പോരെ? തുണികള്‍ മെഷിന്‍ വാഷും ബക്കറ്റ് വാഷും ഒരുമണിയ്ക്കുര്‍ പോരെ. അതുണക്കാന്‍ ഇടുന്ന പണി നിസാരം. അടുക്കിയെടുക്കുന്നതും നിസാരം. അയണ്‍ ചെയ്യുന്നത്‌ അല്പം സമയ തിന്നുന്നതു തന്നെയാണ്. (ഒരാഴ്ചയ്ക്ക്‌ വേണ്ടത്‌ -നാലാള്‍ക്ക്‌- തേയ്ച്ചടുക്കാന്‍ 1.30 മണിയ്ക്കൂര്‍ ചെലവാക്കും) ആഹാരം കഴിയ്ക്കുന്ന സമയം ടിവി കാണുക കൂടിയായാല്‍ അതൊരു റിലാക്സ്‌. അങ്ങിനെ ഒരു ദിവസം സന്തോഷകരമാക്കി ചെയ്യാനൊരു മനസ്സുണ്ടെങ്കില്‍ ദിവസങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകും. (എന്നും അങ്ങിനെയാകണമെന്നില്ല).
കുട്ടികളുടെ പഠിത്തം സ്കൂളില്‍ പോയി തുടങ്ങുമ്പോള്‍ മുതല്‍ അവരെ തനിയെ എല്ലാം ചെയ്യാന്‍ ശീലിപ്പിച്ചാല്‍ തുടര്‍ന്നും അതു ശീലിയ്ക്കും. കൂടെയിരുന്നു പഠിപ്പിയ്ക്കുന്ന ശീലം ഉണ്ടാക്കാതിരിയ്ക്കുക. അറിഞ്ഞുകൂടാത്തതുമാത്രം പറഞ്ഞുകൊടുക്കുക. തെറ്റില്ലാതെ ഓരോഭാഷയും എഴുതാന്‍ ശീലിപ്പിയ്ക്കുക ഇതൊക്കെ ശീലിപ്പിയ്ക്കാന്‍ തുടക്കത്തില്‍ മാത്രമെ പ്രയാസമുള്ളൂ.

ഈ ചര്‍ച്ചയുടെ പര്യവസാനം നല്ലതാവട്ടെ.
എന്റെ കൂട്ടുകാരോട്‌ ഒരഭ്യര്‍ത്ഥന: “വനിതാലോകത്തില്‍ വരുന്ന കമന്റുകള്‍ ബ്ലോഗിനെ സംബന്ധിച്ചുള്ളതില്‍ മാത്രം ഒരുതുക്കി നിര്‍ത്തിയിരുന്നെങ്കില്‍ എന്ന്‌ ഒരാഗ്രഹം”
ഒരെളിയ ആഗ്രഹം.

റീനി said...

ഞാനിപ്പോള്‍ വീട്ടുജോലിയുടെ തിരക്കിലാണ്‌. തിരക്കുകഴിയുമ്പോള്‍ എന്റെ അഭിപ്രായം പോസ്റ്റ്‌ ചെയ്യാം.