Sunday, February 04, 2007

സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍....

ഒരു കുഞ്ഞിന്റെ ജനനത്തിനായുള്ള കാത്തിരിപ്പു ..അതിന്റെ സന്തോഷം ,ആകാംഷ, തിരക്കുകള്‍..ഒക്കെ അല്‍പം സുഖമുള്ളതു... ജനനശേഷം ..എത്ര എത്ര ഉറക്കമില്ലാത്ത രാത്രികള്‍..നാപ്പിമാറ്റലുകള്‍..പലപ്പോഴും സര്‍വസ്വതന്ത്രതയുടെ ഭാരമില്ലായ്‌മയില്‍ നിന്നും ഉത്തരവാദിത്തങ്ങളുടെ തടവറയിലേക്കു എന്നു വരെ തോന്നും..എങ്കിലും ഒരു മോണകാട്ടിയുള്ള ചിരിയില്‍..മ്മേ എന്നുള്ള വിളിയില്‍ എല്ലാം മറക്കുന്നു അമ്മമാര്‍ ( ശരി ശരി പിതാവും).


പിന്നീടു സപ്നങ്ങളുടെ വരവായീ.. ഏറ്റവും നല്ല സ്കൂള്‍ .അവിടെ ക്ലാസ്സില്‍ പറ്റിയാല്‍ എന്നും ഒന്നാം സ്ഥാനം..സ്കൂളിംഗ്‌ കഴിഞ്ഞാല്‍ സുരക്ഷിതമായ ഭാവി വഗ്ദാനം ചെയ്യുന്ന ഏറ്റവും നല്ല കോഴ്സ്‌, ..പിന്നെ കല്യാണം എവിടെ വേണം , എവിടെന്നു വേണം,എന്തൊക്കെ ആര്‍ഭാടങ്ങള്‍.. അതിന്റെ വിശദാംശങ്ങള്‍ വരെ പ്ലാന്‍ ചെയ്യുന്ന 'സീധാ സാദാ' മാതാപിതാക്കളാണു ബഹുഭൂരിപക്ഷം .

പക്ഷെ വേറെ ചില അമ്മമാരാണെങ്കില്‍ ഒരിക്കലും ഒഴിയാത്ത കണ്ണുനീരുമായി നമുക്കു ചുറ്റും..അവരെ പറ്റി ഓര്‍ക്കുമ്പോല്‍ ലജ്ജ .കുറ്റബോധം..

ഒരു അയല്‍ക്കാരികുട്ടിയുണ്ടെനിക്ക്‌,നിത്യ മൂന്നു വയസ്സായി..നേരെ നോക്കില്ല...അവ്യക്തമായി എന്തോ ഒക്കെ പറയും ഒന്നിലും ഒരു മിനിട്ടിലധികം ശ്രദ്ധ നില്‍ക്കില്ല..ഇടയ്ക്കു ഞങ്ങളുടെ വീട്ടില്‍, വാതില്‍ തട്ടി തുറപ്പിച്ചു കയറി വരും. ...മേശപ്പുറത്തു പെട്ടന്നു കയറി നിന്നു ,പിന്നെ സോഫയിലേക്കു ചാടി അവിടന്നുപെട്ടന്നു ഓടി ,ബാല്‍കണിയില്‍,പിന്നെ ബാത്ത്‌റൂം ,ഇടക്കു എന്തെങ്കിലും കൗതുകവസ്തുക്കള്‍ എടുത്തു പരിശോധിക്കും ,താഴെയിടും..പിന്നെ ആരുടെ എങ്കിലും കൈയില്‍ ബലമായി പിടിച്ചു വലിച്ചു വീടു മുഴുവനും ഓടും. നല്ല ശക്തിയാണു കുട്ടിക്കു ...വെറും 15 മിനിട്ടിനുള്ളില്‍ ഞാനും കുട്ടികളും നിത്യയുടെ പുറകെ ഓടി ക്ഷീണിച്ചിരിക്കും.നിത്യയുടെ അമ്മ ക്ഷമാപണവുമായി വന്നു വലിച്ചു കൊണ്ടുപോകുമ്പോള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു കഴിയാതെ ഗോഷ്ടി കാണിച്ചു ഓടി പുറത്തെക്കു..

പാവം കുട്ടി... പാവം ആ അമ്മ ,അതുപോലെ എത്ര പേര്‍..കുഞ്ഞുങ്ങളുടെ പുറകെ ഓടിയോടി എത്ര തളുരുന്നുണ്ടാവും .ഈശ്വരാ ഈ കുട്ടിടമ്മ ഇങ്ങനെ മെലിഞ്ഞിരിക്കുന്നതു ഒരു ഡിയറ്റിങ്ങിന്റെയും സ്ലിമ്മിംഗ്‌ പാക്കേജിന്റെയും സഹായത്താലല്ല....കുഞ്ഞിന്റെ പുറകെ ഓടിയോടി..പിന്നെ ഭാവിയെ പറ്റി ഓര്‍ത്തു വേവലാതിപ്പെട്ടും അങ്ങിനെ ഒറ്റപ്പെട്ടും വേദനിച്ചും കഴിയുന്നൊരമ്മ. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അമ്മ, അമ്മെ എന്നു വിളിക്കില്ല ആ കുട്ടി. കിളികൊഞ്ജലും സ്നേഹപ്രകടനങ്ങളും അന്യം.ഒട്ടിസം എന്നോ ADHD എന്നോ ഒക്കെ പേരു പറഞ്ഞാല്‍ തീരുന്നതല്ലൊ അമ്മയുടെ സങ്കടം . സ്പെഷല്‍ സ്കൂളില്‍ പോയിട്ടു മോള്‍ക്കുവന്ന ചെറിയ ചില മാറ്റങ്ങളെ പറ്റി ..സിറ്റിംഗ്‌ ടോളറന്‍സ്‌ കൂടി.. എന്നതൊക്കെ വന്‍ നേട്ടങ്ങലായിട്ടാണു നിത്യയുടെ അമ്മ പറയാറു. മോന്റെ ബുദ്ധിപരവും മോളുടെ ഡാന്‍സ്‌ പരവുമായ നേട്ടങ്ങള്‍ പറഞ്ഞു ബോറടിപ്പിക്കുന്നവരുടെ ഇടയില്‍ ഇവര്‍ ഒറ്റപെട്ടു പോവുന്നു.

ഒരു കൂട്ടുകാരിയുടെ സഹോദരി, അമ്മയുടെ പ്രസവസമയത്തെ തകരാറിനാല്‍ ചലനശേഷി കുറഞ്ഞ പെങ്കുട്ടിയാണ്‌..പക്ഷെ അതീവ ബുദ്ധിശാലി, ധൈര്യശാലി..ഒരു പാടു നാളത്തെ ഫിസിയോ തെറാപ്പിക്കുശേഷം അല്‍പ്പമെല്ലാം ഭേദപ്പെട്ടു..എന്നാലും ആ ആന്റിയ്ക്കു എന്നും കണ്ണുനീരാണ്‌..അവരുടെ കാലശേഷം ആരു ആ മോളെ നോക്കും എന്ന വ്യഥ.മരിക്കാന്‍ പോലും മടി ആണെന്നാണു ആ ആന്റി പറയാറ്‌ .അപ്പോള്‍ സാമ്പത്തികശേഷി ഇല്ലാത്ത , നിത്യവൃത്തിപോലും പരുങ്ങലിലായ അമ്മമാരുടെ കാര്യം എത്ര ദയനീയമായിരിക്കും..

സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍..
പ്ക്ഷെ മരിക്കാന്‍പോലും മടിക്കുന്നവര്‍..

മാതാവിനു മാത്രമൊ പിതാവിനു വിഷമമില്ലേ എന്നു ചോദിച്ചാല്‍ ,തീര്‍ച്ചയായും ഉണ്ടു ,പക്ഷെ പലപ്പൊഴും ഈ കുട്ടികളെ പ്രസവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം അമ്മയ്ക്കാണു എന്ന രീതിയില്‍ സമൂഹം പെരുമാറാറുണ്ട്‌ ..അമ്മയ്ക്കാണു ഈ കുട്ടികളുടെ കൂടെ നേരം ചെലവഴിക്കേണ്ടവര്‍,ഡോക്ടര്‍ പറയുന്ന ചികില്‍സാരീതികള്‍ പ്രാവര്‍ത്തികമാക്കേണ്ടവര്‍ ..അച്ഛന്മാര്‍ക്കു ജോലിതിരക്കു നടിക്കാം..അവഗണിക്കാം..പക്ഷെ അമ്മയ്ക്കു ഒഴിഞ്ഞുമാറാനാവില്ലല്ലൊ.

‍കുട്ടികളുടെ നേട്ടങ്ങളില്‍ ഒരിക്കലും തൃപ്തിവരാത്ത മാതാപിതാക്കള്‍ (me too?)..അവനെ നോക്കി പഠിക്കു.. അതു പഠിക്കു ഇതു പഠിക്കു..രക്ഷപെടാന്‍ നോക്കു ..ഇതെല്ലാം പതിവു പല്ലവികള്‍..മലയാളികളുടെ കാര്യം പറയാനില്ല ..export quality ആയിട്ടാണു നാട്ടിലെ മിക്ക കുട്ടികളെയും വളര്‍ത്തുന്നുതു...ഉല്‍ക്കര്‍ഷേഛ വേണ്ട എന്നല്ല..
ഒന്നാലോചിച്ചാല്‍ നമ്മളാരൊടെല്ലമോ കടപ്പെട്ടിരികുന്നില്ലെ? നന്ദി പറയേണ്ടതില്ലെ?


ഡിംഗ്‌ ഡോങ്ങ്‌.. ഡിംഗ്‌ ഡോങ്ങ്‌ ..ഡോര്‍ ബെല്ലടിക്കുന്നുശ്ശൊ എഴുതി നേരം പോയതറിഞ്ഞില്ല..മോളു സ്കൂളില്‍ നിന്ന് വന്നെന്നാ തോന്നുന്നേ ..ഇന്നു ടേം എക്സാം മാര്‍ക്ക്‌ അറിഞ്ഞു കാണും ...A* കിട്ടിയില്ലാ എങ്കില്‍ ഞനിന്നവളെ...ശ്ശൊ ഞാനെന്തെങ്കിലും പറഞ്ഞോന്നോ..ഇല്ലല്ലൊ നിങ്ങള്‍ക്കു തോന്നിയതാവും.


വാല്‍കഷണം: നിത്യയുടെ പേരു സാങ്കല്‍പ്പികം..അല്ല ഞാന്‍ തന്നെ സാങ്കല്‍പികമായസ്ഥിതിക്കതു സ്വാഭാവികം

പ്രിയംവദ